Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'സവർണ്ണ സംവരണം റദ്ദാക്കി സുപ്രീം കോടതി വിധി നടപ്പിലാക്കണം': ഇന്ത്യൻ സോഷ്യൽ ഫോറം

'സവർണ്ണ സംവരണം റദ്ദാക്കി സുപ്രീം കോടതി വിധി നടപ്പിലാക്കണം': ഇന്ത്യൻ സോഷ്യൽ ഫോറം

സ്വന്തം ലേഖകൻ

ജിദ്ദ: ഭരണഘടനാപരമായി അനുവദിച്ചിട്ടുള്ള സംവരണ പരിധിക്കു പുറമെ അധിക സംവരണം നടപ്പാക്കാൻ പാടില്ലെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയിട്ടുള്ള സവർണ്ണ സംവരണം റദ്ദാക്കി പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ അർഹമായ അവസരങ്ങൾ സംരക്ഷിക്കണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം സൗദി കോഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു. സവർണ്ണ വിഭാഗങ്ങൾക്ക് പത്തു ശതമാനം അധിക സംവരണം ഏർപ്പെടുത്തണമെന്ന കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം വന്നപാടെ ജനറൽ കാറ്റഗറിക്കു പുറമെ സംസ്ഥാന സർക്കാർ അമിതാവേശത്തോടെ സവർണ്ണ പ്രീണനം ലക്ഷ്യമിട്ടു ഉന്നത വിദ്യാഭ്യാസ രംഗത്തും ഉദ്യോഗ രംഗത്തും പത്തു ശതമാനം അധിക സംവരണം നടപ്പാക്കിയത് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങൾ കൂടുതൽ പിന്നോട്ട് നയിക്കുന്ന തരത്തിലുള്ളതാണ്. അമ്പത് ശതമാനം സംവരണമെന്ന പരിധി മറികടന്നുള്ള സംവരണത്തെ നീതീകരിക്കാൻ കഴിയില്ലെന്ന വിധിയിലൂടെ സുപ്രീംകോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു താക്കീത് നൽകിയിരിക്കുകയാണ്. പരമോന്നത കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ 10 ശതമാനം സവർണ സംവരണം പിൻവലിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തയ്യാറാവണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. .

മഹാരാഷ്ട്ര സർക്കാർ നടപ്പാക്കിയ മറാത്ത സംവരണം 50 ശതമാനം സംവരണ പരിധി മറികടന്നാണെന്ന് സുപ്രീംകോടതി നിരീക്ഷിക്കുകയായിരുന്നു. ജനറൽ കാറ്റഗറിക്കു പുറമെയുള്ള സവർണ സംവരണം സാമൂഹിക നീതി അട്ടിമറിക്കുന്നതാണ്. സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ വിദ്യാഭ്യാസ ഉദ്യോഗ തലങ്ങളിൽ ഉയർത്തിക്കൊണ്ടു വരാൻ ഭരണഘടനാപരമായി വിഭാവനം ചെയ്തിട്ടുള്ള 50 ശതമാനം സംവരണത്തെ മറികടന്ന് മുന്നാക്ക വിഭാഗങ്ങൾക്ക് പത്ത് ശതമാനം സംവരണം നടപ്പാക്കിയതോടെ സംസ്ഥാനത്തും സംവരണ പരിധി 60 ശതമാനമായിരിക്കുകയാണ്. സർക്കാരിന്റെ സവർണ്ണ പ്രീണന നയത്തിനെതിരെയുള്ള വിധിയാണ് സംവരണ നിരക്ക് മറികടക്കാൻ പാടില്ലെന്ന സുപ്രീം കോടതിയുടെ വിധി. സർക്കാർ ഉദ്യോഗത്തിലും വിദ്യാഭ്യാസ രംഗത്തും മുന്നാക്ക വിഭാഗങ്ങൾക്ക് കൂടുതൽ സംവരണം വേണമെന്ന സംസ്ഥാന സർക്കാറിന്റെ വിചിത്ര വാദവും ഇതോടെ അപ്രസക്തമായിരിക്കുകയാണ്.

സ്വതന്ത്ര ഭാരതത്തിൽ ന്യൂനപക്ഷ വിഭാഗങ്ങൾ എല്ലാ മേഖലയിലും ഇപ്പോഴും പിന്നാക്കം നിൽക്കുമ്പോൾ അധികാരത്തിന്റെ സകല മേഖലകളും കയ്യടക്കി വെച്ചിട്ടുള്ള സവർണ്ണ മേധാവിത്വത്തിന് ബാക്കിയുള്ള സ്ഥാനങ്ങളും തീറെഴുതിക്കൊടുക്കാനുള്ള പദ്ധതിയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ കൈക്കൊണ്ടിട്ടുള്ളത്.

അധികമായി നടപ്പിലാക്കിയ സവർണ്ണ സംവരണം സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ റദ്ദാക്കി ജനസംഖ്യാനുപാതിക സംവരണം സംരക്ഷിക്കാൻ സർക്കാർ തയ്യാറാവണമെന്ന് സോഷ്യൽ ഫോറം സൗദി നാഷണൽ പ്രസിഡന്റ് അഷ്റഫ് മൊറയൂർ, വിവിധ റീജിയൻ ഭാരവാഹികളായ, ബഷീർ കാരന്തുർ (റിയാദ്), ഇ. എം. അബ്ദുല്ല (ജിദ്ദ), നമീർ ചെറുവാടി, അബ്ദുൽ നാസർ ഒടുങ്ങാട് (ദമ്മാം), മുഹമ്മദ് കോയ ചേലേമ്പ്ര (അബഹ) എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP