Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

ചാരിതാർഥ്യരായി ഇന്ത്യൻ സോഷ്യൽ ഫോറം; രോഗ ബാധിതനായ തിരുവനന്തപുരം സ്വദേശി നാടണഞ്ഞു

ചാരിതാർഥ്യരായി ഇന്ത്യൻ സോഷ്യൽ ഫോറം; രോഗ ബാധിതനായ തിരുവനന്തപുരം സ്വദേശി നാടണഞ്ഞു

സ്വന്തം ലേഖകൻ

ജിദ്ദ: ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെ സമയോചിതമായ ഇടപെടൽ രോഗാവസ്ഥയിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം സദേശി അൻവർഷായ്ക്ക് നാടണയാൻ സഹായകമായി.

കഴിഞ്ഞ മൂന്നു വർഷമായി യാമ്പുവിൽ സെപ്കോ കമ്പനിയുടെ കോൺട്രാക്ടിൽ ട്രൈലർ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. കുറച്ചു ദിവസങ്ങൾക്കു മുമ്പ് വയറിനു അസുഖം തോന്നിയതിനാൽ യാമ്പുവിലെ സഫ ഹോസ്പിറ്റലിലും തുടർന്ന് കൂടുതൽ പരിശോധനക്കും ചികിത്സക്കുമായി യാമ്പൂവിലെ തന്നെ അൽ അൻസാരി ഹോസ്പിറ്റലിലും പ്രവേശിപ്പിക്കുകയായിരുന്നു. അതേ സമയം കോവിഡ്-19 മൂലമുണ്ടായ കർഫ്യു കാരണം പാസ്‌പോർട്ട് പുതുക്കാൻ കഴിയാതെ വരികയും ജോലിയില്ലാതാവുകയും അതോടെ ഇഖാമ കാലാവധി കഴിയുകയും ചെയ്തു. 22 വർഷം ദുബായിൽ ജോലി ചെയ്ത അൻവർഷായുടെ മാതാപിതാക്കളും ഭാര്യയും മൂന്നു പെണ്മക്കളുമടങ്ങുന്ന കുടുംബം തിരുവനന്തപുരത്തു പള്ളിക്കലിലാണ് താമസം.

ടെസ്റ്റുകൾക്കും തുടർ ചികിത്സക്കും ഭീമമായ തുക വരുമെന്നറിഞ്ഞതിനാൽ അൻവർ ഷായുടെ അസുഖ വിവരമറിഞ്ഞ മസ്‌ക്കറ്റിലെ ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരായ യഹിയ, ഷൈജൽ, ഷാഫി എന്നിവർ സൗദിയിലെ സോഷ്യൽ ഫോറം ഭാരവാഹികളെ ബന്ധപ്പെടുകയും യാമ്പുവിലെ ഇന്ത്യൻ സോഷ്യൽ ഫോറം വെൽഫെയർ വളണ്ടിയർമാരായ എഞ്ചിനീയർ അബൂബക്കർ, ഷബീർ ബാവ എന്നിവർ മുഖേന അൻവർ ഷായെ ജിദ്ദയിലെത്തിച്ചു തുടർ ചികിത്സക്കുള്ള വഴി തേടുകയും ചെയ്യുകയായിരുന്നു.

വിദഗ്ധ ചികിത്സ ആവശ്യമാണെന്നുള്ള ഡോക്ടറുടെ നിർദ്ദേശപ്രകാരം നാട്ടിലെത്തിച്ചു ചികിത്സ തുടരാൻ തീരുമാനിക്കുകയായിരുന്നു. ശാരീരിക അവശത നേരിട്ടിരുന്ന അൻവർഷാക്ക് ജിദ്ദയിൽ സോഷ്യൽ ഫോറം വളണ്ടിയർമാരായ റിയാസ് താനൂർ, നാസർ ബിഷ തുടങ്ങിയവർ കൂടെ താമസ സൗകര്യമൊരുക്കി പരിചരിക്കുകയായിരുന്നു. പാസ്‌പോർട്ടും ഇഖാമയും പുതുക്കിക്കിട്ടുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.

കോൺസുലാർ ജനറലിന്റെയും സെക്ഷൻ ഉദ്യോഗസ്ഥരുടെയും പ്രത്യേക പരിഗണനയിൽ പാസ്‌പോർട്ട് പുതുക്കിക്കിട്ടിയതോടെ മറ്റു രേഖകളും ശരിയായി. തുടർ നടപടികൾക്ക് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റീജിയണൽ പ്രസിഡന്റ് ഫയാസുദ്ദീൻ ചെന്നൈ, സോഷ്യൽ ഫോറം നാഷണൽ കോഓർഡിനേറ്റർ അഷ്‌റഫ് മൊറയൂർ, ജലീൽ കണ്ണമംഗലം എന്നിവരുടെ ഇടപെടലും എളുപ്പമാക്കി.

കഴിഞ്ഞ ദിവസം ജിദ്ദയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ എയർഇന്ത്യ വിമാനത്തിൽ അൻവർഷാ യാത്രയാവുകയായിരുന്നു. കാലാവധി കഴിഞ്ഞ രേഖകൾ വളരെ വേഗത്തിൽ പുതുക്കി ലഭ്യമാക്കുകയും റീ എൻട്രിയും വിമാന ടിക്കറ്റും തരപ്പെടുത്തി തന്റെ ചികിത്സക്കായുള്ള യാത്രക്ക് വേണ്ടി വിശ്രമമില്ലാതെ പ്രവർത്തിച്ച ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഇ.എം അബ്ദുല്ല സാഹിബിനോടും വെൽഫെയർ വളണ്ടിയർമാരോടും തനിക്കും കുടുംബത്തിനും ഏറെ നന്ദിയുണ്ടെന്ന് അൻവർഷാ പറഞ്ഞു. സോഷ്യൽ ഫോറം വളണ്ടിയർമാരായ ഷിബു ഗുഡല്ലൂർ, നാസർബിഷ എന്നിവർ അൻവർഷായെ യാത്രയയക്കാനെത്തിയിരുന്നു.

തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ അൻവർഷാ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയയിൽ വിദഗ്ധ ചികിത്സക്കായുള്ള സംവിധാനങ്ങൾ തേടുകയും ചെയ്തു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചുള്ള നടപടികൾക്ക് ശേഷം ചികിത്സ ആരംഭിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP