Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

സുനിൽ സുകുമാരൻ ഉദ്ഘാടകനായി; ചില്ല ലെറ്റ്‌ബെയ്റ്റ് സംഭാഷണങ്ങൾ റിയാദിൽ സംഘടിപ്പിച്ചു

സുനിൽ സുകുമാരൻ ഉദ്ഘാടകനായി; ചില്ല ലെറ്റ്‌ബെയ്റ്റ് സംഭാഷണങ്ങൾ റിയാദിൽ സംഘടിപ്പിച്ചു

റിയാദ്: ജനാധിപത്യപരമായ സംവാദങ്ങൾക്ക് ഇടം നൽകുന്ന ചില്ല ലെറ്റ്‌ബെയ്റ്റ് സംഭാഷണങ്ങൾ റിയാദിലെ അപോളൊ ഡിമോറ കോൺഫറൻസ് ഹാളിൽ ആരംഭിച്ചു. സുനിൽ സുകുമാരൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ചില്ല കോഡിനേറ്റർ നൗഷാദ് കോർമത് ലെറ്റ്‌ബെയ്റ്റ് എന്ന പുതിയ സംഭാഷണപരമ്പരയെ വിശദീകരിച്ചു. തുടർന്ന് 'കേരളം എന്ന ചരിത്രനിർമ്മിതി' എന്ന മുഖ്യ വിഷയത്തിൽ മൂന്ന് ഉപസംവാദങ്ങൾ നടന്നു. ഒന്നാമത്തെ അവതരണം 'കേരളം നടന്ന വഴികൾ: നവോത്ഥാനവും സംസ്‌കാരവും' എന്ന ശീർഷകത്തിൽ ഇഖ്ബാൽ കൊടുങ്ങല്ലൂർ നടത്തി.

കേരളത്തിന്റെ നവോത്ഥാനചരിത്രത്തെ വർത്തമാനകാലപ്രസക്തിയുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള അവതരണത്തിന്റെ മോഡറേറ്റർ ബീന ആയിരുന്നു. ഉച്ചക്കുശേഷം ടി ആർ സുബ്രഹ്മണ്യൻ നടത്തിയ 'രാഷ്ട്രീയമുന്നേറ്റങ്ങളിലൂടെ രൂപം കൊണ്ട കേരളം' എന്ന ഉപവിഷയം ആധുനിക കേരളത്തിന്റെ ജനാധിപത്യവൽക്കരണത്തിലേക്കു നയിച്ച നിരവധി രാഷ്ട്രീയസാമൂഹ്യ സമരങ്ങളെ വിശദീകരിച്ചു. ജയചന്ദ്രൻ നെരുവമ്പ്രമാണ് സംവാദങ്ങളുടെ മോഡറേറ്ററായത്. മൂന്നാം അവതരണം 'ഉദ്പാദനബന്ധങ്ങളും കേരളചരിത്രഗതിയും' എന്ന ഉപവിഷയത്തിൽ എം ഫൈസൽ നിർവഹിച്ചു. ഉദ്പാദനവും വിതരണവും മറ്റു സാമ്പത്തികബന്ധങ്ങളും പ്രാചീന കാലം മുതൽ ആധുനിക മനുഷ്യമൂലധ ഒഴുക്കിന്റെ കാലം വരെ എങ്ങനെ വികസിച്ചു എന്നതായിരുന്നു അവതരണം വരച്ചുകാട്ടിയത്. നജീം കൊച്ചുകലുങ്ക് മോഡറേറ്ററായിരുന്നു.

Stories you may Like

മൂന്ന് അവതരണങ്ങളിലും സജീവമായ ജനപങ്കാളിത്തവും ആരോഗ്യകരമായ സംവാദങ്ങളും ഉണ്ടായി. അവതാരകന്റെ വിശദീകരണത്തോട് ചോദ്യരൂപത്തിൽ ഇടപെടുന്നതിനുപകരം എല്ലാവർക്കും അവരുടെ അഭിപ്രായവും നിരീക്ഷണവും നിഗമനവും അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യമാണ് സംഭാഷണങ്ങളിൽ ഉടനീളം സംഘാടകർ പുലർത്തിയത്. സീബ, സബീന എം സാലി, ഷൈജു ചെമ്പൂർ, അഷ്റഫ് തങ്ങൾ, ഫൈസൽ കൊണ്ടോട്ടി, കെ പി ഹരികൃഷ്ണൻ,ഫിറോസ് പുതുക്കോട്, മുനീർ വട്ടേക്കാട്ടുകര, മഹേഷ് കൊടിയത്ത്, ഡാർലി തോമസ്, വിപിൻ, കൊമ്പൻ മൂസ, തോമസ് ജോയ്, മനോഹരൻ, സുരേഷ്ലാൽ, നാസർ, നൗഫൽ പൂവക്കുറിശ്ശി, അനിൽ കേശവപുരം, ഫൈസൽ മടവൂർ, അബ്ദുൽ ബഷീർ എന്നിവർ സംവാദം സജീവമാക്കി.

പ്രതിമാസ വായനാനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് 2014 ഡിസംബറിൽ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ഉദ്ഘാടനം ചെയ്ത ചില്ല ഒരു മാസം പോലും മുടങ്ങാതെ ഇപ്പോൾ അഞ്ചാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. ചില്ലയുടെ വാർഷികങ്ങൾ മലയാളത്തിലെയും അറബിയിലേയും എഴുത്തുകാരുടെ സാന്നിധ്യംകൊണ്ട് ശ്രദ്ദേയമായിരുന്നു. ചില്ല പിന്നീട് തുടങ്ങിയ ബുക്ക്വിസ് എന്ന പ്രതിവാര സാഹിത്യപ്രശ്‌നോത്തരിയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മലയാളികൾ താല്പര്യത്തോടെ പങ്കെടുന്നു. നിലമ്പൂരിൽ നിന്നുള്ള പെൻഡുലം ബുക്‌സാണ് വിജയികൾക്ക് പുസ്തകങ്ങൾ സമ്മാനമായി എത്തിച്ചുകൊടുക്കുന്നത്. റിയാദിലെ ബുക്ക്വിസ് വിജയികൾക്കുള്ള പുസ്തകസമ്മാനങ്ങൾ റഫീഖ്, മഹേഷ്, ലീന, സീബ, ശ്രീഷ, ബിന്ദ്യ, സജീന, ജസീല, ശംസാദ് എന്നിവർ ലെറ്റ്‌ബെയ്റ്റിനു ശേഷം വിതരണം ചെയ്തു. റഫീഖ് പന്നിയങ്കര പരിപാടിയിൽ പങ്കെടുത്തവരോടുള്ള സ്‌നേഹപ്രകടനം നടത്തി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP