Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശരണം വിളികളാൽ അയ്യപ്പന്റെ പൂങ്കാവനം മുഖരിതമായപ്പോൾ പൊന്നമ്പലമേട്ടിൽ തെളിഞ്ഞുയർന്ന് മകരജ്യോതി; പതിവ് തെറ്റിക്കാതെ ഐശ്വര്യത്തിന്റെ സൂചകമായി വട്ടമിട്ട് പറന്ന് ശ്രീകൃഷ്ണപരുന്ത്; കൂടുതൽ ശോഭയോടെ ആകാശത്ത് ജ്വലിച്ച് നിന്നത് മകര നക്ഷത്രം; ആയിരക്കണക്കായ അയ്യപ്പ ഭക്തർക്ക് ഇത് അനുപമമായ ദർശന പുണ്യം

ശരണം വിളികളാൽ അയ്യപ്പന്റെ പൂങ്കാവനം മുഖരിതമായപ്പോൾ പൊന്നമ്പലമേട്ടിൽ തെളിഞ്ഞുയർന്ന് മകരജ്യോതി; പതിവ് തെറ്റിക്കാതെ ഐശ്വര്യത്തിന്റെ സൂചകമായി വട്ടമിട്ട് പറന്ന് ശ്രീകൃഷ്ണപരുന്ത്; കൂടുതൽ ശോഭയോടെ ആകാശത്ത് ജ്വലിച്ച് നിന്നത് മകര നക്ഷത്രം; ആയിരക്കണക്കായ അയ്യപ്പ ഭക്തർക്ക് ഇത് അനുപമമായ ദർശന പുണ്യം

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല: മഞ്ഞണിഞ്ഞ ശബരിമലയിൽ ശരണ കീർത്തനങ്ങളുടെ ആരതികളായിരുന്നു. പൊന്നണിഞ്ഞ കോവിലും പൂങ്കാവനത്തിലുമാകെ തൊഴുകൈകളായിരുന്നു. മകരസംക്രമസന്ധ്യയുടെ പുണ്യമായി തിരുവാഭരണം ചാർത്തി ദീപാരാധന നടന്നപ്പോൾ സന്നിധാനത്തു മാത്രമല്ല പൂങ്കാവനമാകെ ഭക്തി പകർന്ന കുളിരായിരുന്നു. ദീപാരാധനയ്ക്കു ശേഷം 6.50ന് പൊന്നമ്പലമേട്ടിൽ കർപ്പൂര ജ്യോതി തെളിഞ്ഞപ്പോൾ ആയിരങ്ങളുടെ കണ്ഠങ്ങളിൽ നിന്നും ശരണമന്ത്രങ്ങളുയർന്നു. സെക്കൻഡുകളുടെ വ്യത്യാസത്തിൽ മൂന്നു തവണ ജ്യോതി തെളിഞ്ഞു കത്തി. ആകാശത്ത് ശ്രീകൃഷ്ണ പരുന്ത് വട്ടമിട്ട് പറന്നു. മകര നക്ഷത്രം ആകാശത്ത് കൂടുതൽ ശോഭയോടെ തെളിഞ്ഞ് നിന്നു.

ബുധനാഴ്ച ഒരുമണിക്ക് അടച്ച ക്ഷേത്ര നട വൈകീട്ട് അഞ്ചുമണിക്കാണ് തുറന്നത്. മകരജ്യോതി കാണാവുന്ന ഇടങ്ങളിലെല്ലാം തീർത്ഥാടകർ നിറഞ്ഞിരിരുന്നു ശക്തമായ സുരക്ഷയൊരുക്കി പൊലീസും വമ്പിച്ച സജ്ജീകരണങ്ങളുമായി ദേവസ്വം ബോർഡും മകരവിളക്കിന് എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. പന്തളത്തുനിന്ന് തിങ്കളാഴ്ച പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര, ബുധനാഴ്ച വൈകീട്ട് 5.15-ന് ശരംകുത്തിയിലെത്തി.

ദേവസ്വം ബോർഡ് ഭാരവാഹികൾ ഘോഷയാത്രയെ സന്നിധാനത്തേക്ക് സ്വീകരിച്ച് ആനയിച്ചു. ക്ഷേത്രസന്നിധിയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ തിരുവാഭരണ പേടകങ്ങൾ ഏറ്റുവാങ്ങി. തുടർന്ന് 6.30-ന് പൊന്നമ്പലവാസന് തിരുവാഭരണം ചാർത്തി മഹാദീപാരാധന നടത്തി. പിന്നീട് എല്ലാ കണ്ണുകളും പൊന്നമ്പല മേടിലേക്ക്. 6.50ന് പൊന്നമ്പല മേട്ടിൽ ജ്യോതി തെളിഞ്ഞതോടെ മണ്ഡലകാലത്തെ കാത്തിരിപ്പിന് വിരാമമായി.

മകരവിളക്കിനെത്തുന്ന ഭക്തരുടെ സൗകര്യാർഥം സന്നിധാനത്ത് സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. അപകടങ്ങൾ ഒഴിവാക്കാൻ ആവശ്യമായ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ.വാസു സന്നിധാനത്ത് ചേർന്ന ഉന്നതതല അവലോകനയോഗത്തിൽ അറിയിച്ചിരുന്നു.

തിരുമുറ്റത്തും പരിസരപ്രദേശങ്ങളിലും മകരജ്യോതി ദർശനത്തിനെത്തുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തിരുമുറ്റത്തേക്ക് സ്റ്റാഫ് ഗേറ്റ് വഴി മാത്രമാണ് പ്രവേശനം അനുവദിച്ചത്. പാസ് ലഭിച്ചവർക്ക് 5.15 വരെമാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്. കൊടിമരത്തിന് സമീപത്തും സോപാനത്തും നിൽക്കുന്നതിന് നിയോഗിക്കപ്പെട്ടവരുടെ പട്ടിക തയ്യാറാക്കിയിരുന്നു.

സുരക്ഷ

മകരവിളക്ക് കഴിഞ്ഞശേഷം ഭക്തർ തിരിച്ചിറങ്ങുമ്പോൾ ഉണ്ടാകുന്ന തിക്കും തിരക്കും നിയന്ത്രിക്കുന്നതിന് പൊലീസും ദ്രുതകർമസേനയും എൻ.ഡി.ആർ.എഫും യോജിച്ച് പ്രവർത്തിക്കും. പാണ്ടിത്താവളം, ജീപ്പ് റോഡ്, വടക്കേ നട, മാളികപ്പുറത്തെ ഇറക്കം തുടങ്ങി വിവിധ ഇടങ്ങളിലും പർണശാലകൾക്ക് സമീപവും പ്രത്യേക നിരീക്ഷണത്തിലായിരിക്കും. ഫയർഫോഴ്‌സ് വിഭാഗവും ജാഗ്രതയോടെ രംഗത്തുണ്ട്.

മകരവിളക്ക് തൊഴുതിറങ്ങുന്ന പാണ്ടിത്താവളത്തു നിന്നുള്ള തീർത്ഥാടകരെ അന്നദാന മണ്ഡപത്തിന് സമീപത്തുകൂടി ബെയ്‌ലി പാലം വഴിയും 108 പടി ഇറങ്ങുന്നവരെ ദേവസ്വം ഗസ്റ്റ് ഹൗസിന് പിന്നിലൂടെ കൊപ്രാക്കളത്തിന് സമീപത്തെ റോഡിലൂടെയും പമ്പയിലേക്ക് വിടും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP