Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പതിനെട്ടാം പടി ചവിട്ടേണ്ടത് മിനിറ്റിൽ 90മുതൽ 105 വരെ തീർത്ഥാടകരെന്ന നിലയിൽ; പൊലീസിന്റെ പരിചയ കുറവിൽ കയറുന്നത് പരമാവധി 65 പേരും; ശബരിമലയിലെ തിരക്കിന് കാരണം തീർത്ഥാടകർക്ക് സുഖദർശനം നൽകി പമ്പയിലേക്ക് മടക്കി അയക്കുന്നതിൽ സംഭവിക്കുന്ന വീഴ്ച; മകരവിളക്കിൽ കാര്യങ്ങൾ കൈവിട്ടു പോകുമോ എന്ന ആശങ്ക ശക്തം; ഇടത്താവളങ്ങളിൽ തിരിക്ക് നിയന്ത്രണാതീതം; ശബരിമലയിൽ തിരക്ക് കൂടുമ്പോൾ

പതിനെട്ടാം പടി ചവിട്ടേണ്ടത് മിനിറ്റിൽ 90മുതൽ 105 വരെ തീർത്ഥാടകരെന്ന നിലയിൽ; പൊലീസിന്റെ പരിചയ കുറവിൽ കയറുന്നത് പരമാവധി 65 പേരും; ശബരിമലയിലെ തിരക്കിന് കാരണം തീർത്ഥാടകർക്ക് സുഖദർശനം നൽകി പമ്പയിലേക്ക് മടക്കി അയക്കുന്നതിൽ സംഭവിക്കുന്ന വീഴ്ച; മകരവിളക്കിൽ കാര്യങ്ങൾ കൈവിട്ടു പോകുമോ എന്ന ആശങ്ക ശക്തം; ഇടത്താവളങ്ങളിൽ തിരിക്ക് നിയന്ത്രണാതീതം; ശബരിമലയിൽ തിരക്ക് കൂടുമ്പോൾ

എസ് രാജീവ്‌

ശബരിമല : സന്നിധാനത്തെ ഭക്തജന തിരക്ക് നിയന്ത്രണ വിധേയമാക്കുന്നതിൽ സംഭവിക്കുന്ന വീഴ്ച മകരവിളക്ക് ദിനത്തിലടക്കം കാര്യങ്ങൾ കൈവിട്ടു പോകുന്നതിന് ഇടയാക്കുമെന്ന ആശങ്ക ശക്തമാക്കുന്നു. മകര ജ്യോതി ഉത്സവത്തിന് ദിനങ്ങൾ മാത്രം ബാക്കി നിൽക്കേ ദർശനം സാധ്യമാക്കുന്നതിന് തീർത്ഥാടകർക്ക് മണിക്കൂറുകൾ വേണ്ടിവരുന്ന സാഹചര്യത്തിലാണ് ആശങ്ക ശക്തമാകുന്നത്.

സന്നിധാനത്തേക്ക് പ്രതിദിനമെത്തുന്ന ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം തീർത്ഥാടകരിൽ എൺപതിനായിരത്തിൽ താഴെ പേർ മാത്രമാണ് ദർശനം പൂർത്തിയാക്കി മലയിറങ്ങുന്നതെന്നാണ് പൊലീസിന്റെ കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. ഭക്തജനത്തിരക്കിന്റെ പേരിൽ പമ്പ മുതലുള്ള ശരണ പാതകളിൽ കടുത്ത നിയന്ത്രണങ്ങളാണ് പൊലീസ് ഓരോ ദിവസവും ഏർപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇക്കാരണങ്ങൾ കൊണ്ടു തന്നെ പതിനായിരക്കണക്കിന് തീർത്ഥാടകർ നിലയ്ക്കൽ അടക്കമുള്ള ഇടത്താവളങ്ങളിൽ ദർശനം കാത്ത് ദിവസങ്ങളായി വിരിവെച്ച് കിടക്കുന്നുമുണ്ട്.

കൂടാതെ വരും ദിവസങ്ങളിലായി സന്നിധാനത്തെത്തുന്ന ഇതര സംസ്ഥാന തീർത്ഥാടകരിൽ ഏറിയ പങ്കും മകരവിളക്ക് ദർശനത്തിനായി ശബരിമലയുടെ വിവിധ ഭാഗങ്ങളിലായി തമ്പടിക്കും. ഇതും വരും ദിവസങ്ങളിൽ സന്നിധാനത്തടക്കം വലിയ തോതിലുള്ള തിക്കിനും തിരക്കിനും കാരണമാകും. മരക്കൂട്ടം മുതൽ നടപ്പന്തൽ വരെയുള്ള ദൂരം താണ്ടാൻ അഞ്ച് മണിക്കൂറിലേറെ ക്യൂ നിൽക്കേണ്ട സാഹചര്യമാണുള്ളത്. നടപ്പന്തലിൽ എത്തുന്ന തീർത്ഥാടകർക്ക് ദർശനം സാധ്യമാകണമെങ്കിൽ പിന്നെയും മണിക്കൂറുകൾ കാത്തു നിൽക്കണം. മണിക്കൂറുകൾ നീളുന്ന ക്യൂവിൽ അകപ്പെട്ട് വാവിട്ട് കരയുന്ന കൊച്ചയ്യപ്പന്മാരും കുഞ്ഞു മാളികപ്പുറങ്ങളും പതിവ് കാഴ്ചയായി മാറിയിട്ടുണ്ട്.

സന്നിധാനത്ത് എത്തുന്ന തീർത്ഥാടകർക്ക് സുഖദർശനം നൽകി പമ്പയിലേക്ക് മടക്കി അയക്കുന്നതിൽ സംഭവിക്കുന്ന വീഴ്ചയാണ് തിരിക്ക് വർദ്ധിക്കുന്നതിന്ന് പ്രധാന കാരണം. പതിനെട്ടാം പടിയിൽ ജോലി ചെയ്യുന്ന പൊലീസുകാരുടെ പരിചയക്കുറവ് തിരക്ക് വർദ്ധിക്കാൻ പ്രധാന കാരണമാകുന്നുണ്ട്. 55 മുതൽ 65 വരെ തീർത്ഥാടകർ മാത്രമാണ് നിലവിലെ സ്ഥിതിയിൽ ഓരോ മിനിട്ടിലും പടി ചവിട്ടുന്നത്. പരിചയ സമ്പന്നരായ പൊലീസുകാർ പടി ഡ്യൂട്ടി ചെയ്തിരുന്ന കാലയളവിൽ തിരക്കേറുന്ന വേളകളിൽ 90 മുതൽ 105 വരെ തീർത്ഥാടകർ ഓരോ മിനിട്ടിലും പടി ചവിട്ടിയിരുന്നു. ഇതു കൊണ്ടു തന്നെ ശരണ പാതയിലെയും വലിയ നടപ്പന്തലിലെയും തിക്കും തിരക്കും ഒരു പരിധി വരെ ഒഴിവാക്കാൻ പൊലീസിന് കഴിയുകയും ചെയ്തിരുന്നു.

എന്നാൽ നിലവിലെ സ്ഥിതി ഏറെ വ്യത്യസ്തമാണ്. പല സമയത്തും സോപാനത്തടക്കം തീർത്ഥാടകരുടെ തിരക്ക് പൊലീസിന് നിയന്ത്രിക്കാൻ കഴിയാത്ത വിധം ഏറുന്ന അവസ്ഥയാണുള്ളത്. മുൻ വർഷങ്ങളിലെന്ന പോലെയുള്ള തിരക്ക് മാത്രമാണ് സന്നിധാനത്തടക്കം ഇപ്പോഴും അനുഭവപ്പെടുന്നത്. എന്നാൽ തിരക്കൊഴിവാക്കാൻ പ്രായോഗികമായ നടപടി സ്വീകരിക്കുന്നതിൽ വൻ പാളിച്ചയാണ് പൊലീസിന് ഇക്കുറി സംഭവിച്ചിരിക്കുന്നത്. വരുന്ന മൂന്ന് നാല് ദിനങ്ങൾക്കുള്ളിൽ സന്നിധാനവും ജ്യോതി ദർശനം സാധ്യമാകുന്ന പാണ്ടിത്താവളം അടക്കമുള്ള ഇടങ്ങളും തീർത്ഥാടകരെക്കൊണ്ട് നിറയും.

ഇതോടൊപ്പം ദർശനം നടത്തി മടങ്ങാൻ എത്തുന്ന തീർത്ഥാടകർ കൂടി ദർശനം സാധ്യമാക്കാനാകാതെ മലയിൽ തങ്ങുന്ന സ്ഥിതിവിശേഷമുണ്ടായാൽ പ്രശ്‌നം ഏറെ സങ്കീർണമാകാനാണ് സാധ്യത. ഇങ്ങനെയൊരു സ്ഥിതി ഉണ്ടായാൽ പൊലീസിന്റെ നിയന്ത്രണങ്ങൾക്കും അപ്പുറത്തേക്ക് കാര്യങ്ങൾ മാറിമറിയുന്ന അവസ്ഥയും സംജാതമായേക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP