Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭക്തസഹസ്രങ്ങൾക്ക് പുണ്യമുഹൂർത്തമാവാൻ എരുമേലി പേട്ടതുള്ളൽ ഇന്ന്

ഭക്തസഹസ്രങ്ങൾക്ക് പുണ്യമുഹൂർത്തമാവാൻ എരുമേലി പേട്ടതുള്ളൽ ഇന്ന്

മറുനാടൻ മലയാളി ബ്യൂറോ

എരുമേലി: ശബരിമല തീർത്ഥാടനത്തിന്റെ ആചാരാനുഷ്ഠാന പെരുമയിൽ കൊണ്ടാടുന്ന അമ്പലപ്പുഴ- ആലങ്ങാട് ദേശക്കാരുടെ ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ഇന്ന്. മണികണ്ഠനായ അയ്യപ്പ സ്വാമിയുടെ അവതാര ലക്ഷ്യമായ മഹിഷീ നിഗ്രഹത്തിന്റെ സ്മരണ പുതുക്കലാണ് എരുമേലി പേട്ടതുള്ളൽ. പാണനിലകളും വിവിധതരം ചായങ്ങളും വാരിപ്പൂശി കന്നി സ്വാമിമാർ ശരക്കോലും കച്ചയും കെട്ടി, മഹിഷിയുടെ ചേതനയറ്റ ശരീരമെന്ന സങ്കല്പത്തിൽ തുണിയിൽ പച്ചക്കറി കെട്ടി കമ്പിൽ തൂക്കി തോളിലേറ്റി ആനന്ദനൃത്തമാടുന്ന ഭക്തിയുടെ നേർക്കാഴ്ചയാണ് പേട്ടതുള്ളൽ.

ഐതിഹ്യസ്മരണകളിൽ അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങൾ ചുവടുവെക്കുമ്പോൾ ഭക്തസഹസ്രങ്ങൾക്ക് പുണ്യമുഹൂർത്തമാവുകയാണ്. അയ്യപ്പന്റെ തിടമ്പേറ്റി ആനകളും ആളുകളും വാവരുപള്ളിയിൽ കയറുമ്പോൾ പുഷ്പങ്ങൾ വിതറി, കളഭം ചാർത്തി ജമാഅത്ത് കമ്മിറ്റിയുടെ ആദരം. അമ്പലപ്പുഴ സംഘത്തിനൊപ്പം മസ്ജിദിൽനിന്നെത്തുന്ന വാവരുസ്വാമിയുടെ പ്രതിനിധിക്ക് ധർമശാസ്താ ക്ഷേത്രത്തിൽ സ്വീകരണം. എല്ലാം സൗഹൃദം വിടരുന്ന കാഴ്ചകൾ.

ഞായറാഴ്ച രാവിലെ അയ്യപ്പന്റെ സ്വർണത്തിടമ്പിനുമുമ്പിൽ പേട്ടപ്പണം സമർപ്പിച്ചാണ് അമ്പലപ്പുഴ സംഘം പേട്ടതുള്ളലിന് തയ്യാറെടുക്കുന്നത്. പേട്ട ശാസ്താ ക്ഷേത്രത്തിൽ തിടമ്പുപൂജ. ഉച്ചയ്ക്ക് 12 കഴിയുന്നതോടെ മാനത്ത് പരുെന്തത്തുമ്പോൾ സമൂഹപെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായരുടെ നേതൃത്വത്തിൽ പേട്ടതുള്ളൽ തുടങ്ങും. നെറ്റിപ്പട്ടം കെട്ടിയ മൂന്ന് ആനകൾ അകമ്പടിയേകും.

അമ്പലപ്പുഴ പേട്ടതുള്ളൽ ധർമശാസ്താ ക്ഷേത്രത്തിൽ എത്തുമ്പോഴേക്കും മൂന്നുമണിയോടെ ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളൽ പേട്ട ശാസ്താ ക്ഷേത്രമുറ്റത്ത് തുടങ്ങും. അമ്പാടത്ത് വിജയകുമാറാണ് സമൂഹപെരിയോൻ. ഞായറാഴ്ച രാവിലെ പേട്ടയൊരുക്കവും പേട്ടസദ്യയും ഉണ്ട്. അയ്യപ്പന്റെ തിടമ്പും കൊടിയും ഗോളകയും പേട്ട ശാസ്താ ക്ഷേത്രത്തിൽ പൂജിച്ചശേഷമാണ് ഇവരുടെ പേട്ടതുള്ളൽ. മസ്ജിദിൽ കയറാതെ വാവരുസ്വാമി അമ്പലപ്പുഴ സംഘത്തോടൊപ്പം നീങ്ങിയെന്ന സങ്കല്പത്തിൽ പള്ളിയിൽ കയറാതെയാണ് ആലങ്ങാട് സംഘം ധർമശാസ്താ ക്ഷേത്രത്തിലേക്ക് നീങ്ങുന്നത്. ആലങ്ങാട് സംഘത്തിന്റെ ഗോളക ചാർത്തിയാണ് ധർമശാസ്താ ക്ഷേത്രത്തിൽ ദീപാരാധന.


പേട്ടതുള്ളൽ നടക്കുന്ന ഞായറാഴ്ച രാവിലെ ഒമ്പതുമുതൽ രാത്രി ഏഴുവരെ എരുമേലിയിൽ ഗതാഗതക്രമീകരണം ഏർപ്പെടുത്തി. കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്ന്‌ മുക്കൂട്ടുതറ, പമ്പ ഭാഗത്തേക്കുള്ള വലിയ വാഹനങ്ങൾ (കെ.എസ്.ആർ.ടി.സി. ബസ് ഒഴികെ) കൊരട്ടി പാലം ജങ്ഷനിൽനിന്ന് കണ്ണിമല, പ്രപ്പോസ് വഴി പോകണം. കെ.എസ്.ആർ.ടി.സി., മറ്റ് ചെറുവാഹനങ്ങൾ കുറുവാമൂഴി പെട്രോൾ പമ്പ് ജങ്ഷനിൽനിന്ന് വലത്തോട്ട് ഓരുങ്കൽകടവുവഴി പോകണം.

കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്ന്‌ റാന്നി ഭാഗത്തേക്കുള്ളവ എരുമേലി ടൗൺ പെട്രോൾ പമ്പ് ജങ്ഷനിൽനിന്ന് ടി.ബി. റോഡുവഴി ധർമശാസ്താ ക്ഷേത്രത്തിനുപിന്നിൽ കരിമ്പിൻതോട് പാതയിലൂടെ പോകണം.

റാന്നി ഭാഗത്തുനിന്ന്‌ വന്ന് മുണ്ടക്കയം ഭാഗത്തേക്കുള്ള വാഹനങ്ങൾ കരിങ്കല്ലുംമൂഴിയിൽനിന്ന് വലത്തേക്ക് തിരിഞ്ഞ് എം.ഇ.എസ്., പ്രപ്പോസ് റോഡുവഴി കണ്ണിമല-പുലിക്കുന്നുവഴി പോകണം. എരുമേലിയിൽനിന്ന്‌ കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങൾ വാഴക്കാല, ഓരുങ്കൽകടവുവഴി പോകണം. ബസുൾപ്പെടെയുള്ള ഭാരവാഹനങ്ങൾ വാഴക്കാല, കാരിത്തോട്, ചേനപ്പാടിവഴി പോകണം.

റാന്നി ഭാഗത്തുനിന്ന്‌ കാഞ്ഞിരപ്പള്ളി ഭാഗത്തേക്കുള്ള എല്ലാ വഹനങ്ങളും കരിമ്പിൻതോട് ജങ്ഷനിൽനിന്ന് കാരിത്തോട്, ചേനപ്പാടിവഴി പോകണം. പ്ലാച്ചേരി-മണിമലവഴിയും മുക്കട-ചേനപ്പാടിവഴിയും കാഞ്ഞിരപ്പള്ളിയിലെത്താം. പ്രപ്പോസ് ഭാഗത്തുനിന്ന്‌ ഒരു വാഹനവും എരുമേലി ടൗണിലേക്ക് പ്രവേശിക്കാൻ പാടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP