Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202028Wednesday

ഗെറ്റ് റെഡി ഫോർ ദ മിഷൻ അഡ്വെൻചർ! മിഷൻ ആഫ്രിക്ക ജൂലൈ 25 മുതൽ; കാണാം, ആഫ്രിക്കൻ മണ്ണിലൂടെ 'ശാലോം വേൾഡ്' നടത്തുന്ന സംഭവബഹുലമായ മിഷൻ യാത്ര

ഗെറ്റ് റെഡി ഫോർ ദ മിഷൻ അഡ്വെൻചർ! മിഷൻ ആഫ്രിക്ക ജൂലൈ 25 മുതൽ; കാണാം, ആഫ്രിക്കൻ മണ്ണിലൂടെ 'ശാലോം വേൾഡ്' നടത്തുന്ന സംഭവബഹുലമായ മിഷൻ യാത്ര

സ്വന്തം ലേഖകൻ

ടെക്സസ്: ഇരുണ്ട ഭൂഖണ്ഡം കണ്ടുമടങ്ങാനുള്ള യാത്ര സാഹസമാണെങ്കിൽ, അവിടെ പ്രകാശം പരത്താനുള്ള ഇവരുടെ യാത്രയെ അതിസാഹസമെന്ന് വിശേഷിപ്പിക്കാം. ചേരികളും ഘോരവനവും മരുഭൂമിയും താണ്ടിയുള്ള പ്രയാണത്തിൽ എപ്പോൾ എവിടെനിന്നും അപകടം ചാടി വീഴാം- വന്യമൃഗങ്ങളുടെയോ കവർച്ചക്കാരുടെയോ രൂപത്തിൽ, അല്ലെങ്കിൽ കണ്ണിൽ പതിയാത്ത രോഗാണുവിന്റെ രൂപത്തിൽ. ചിലപ്പോൾ മരണംവരെ സംഭവിക്കാം.

സാഹസികരെപ്പോലും വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കുന്ന ഈ വെല്ലുവിളികളൊന്നും പക്ഷേ, ഇവരെ ബാധിക്കുന്നേയില്ല. സാഹസികത എന്ന പ്രകടത്തിനപ്പുറം നിയോഗം എന്ന ബോധ്യവും ധൈര്യമെന്ന വികാരത്തിനപ്പുറം ക്രിസ്തു എന്ന വിചാരവുംതന്നെ കാരണം. ഇവർ ആഫ്രിക്കയിൽ സുവിശേഷ വെളിച്ചം പകരുന്ന മിഷണറിമാർ. ഇവരുടെ പ്രചോദനാത്മകമായ ശുശ്രൂഷകൾ തീക്ഷ്ണത ഒട്ടും ചോരാതെ ജൂലൈ 25മുതൽ നിങ്ങളുടെ മുന്നിൽ എത്തുന്നു- മിഷൻ ആഫ്രിക്ക!

ആഫ്രിക്കയുടെ സുവിശേഷീകരണത്തിന് അഹോരാത്രം അധ്വാനിക്കുന്ന മിഷണറി ദൗത്യങ്ങളും അതിന്റെ സത്ഫലങ്ങളും പ്രഘോഷിക്കാൻ ശാലോം വേൾഡ് തയാറാക്കുന്ന പ്രോഗ്രാമുകളുടെ സമാഹാരമാണ് 'മിഷൻ ആഫ്രിക്ക'. അഫ്രിക്കൻ സഭയുടെ വിശ്വാസവും ജീവിതവും സംസ്‌ക്കാരവും തേടി ഈസ്റ്റ് ആഫ്രിക്കയിലെ കെനിയയിലും ഉഗാണ്ടയിലുമായി ശാലോം വേൾഡ് നടത്തിയ സുദീർഘമായ മിഷണറിയാത്രയുടെ ആകെത്തുകയാണിത്. 50ൽപ്പരം രാജ്യങ്ങളുള്ള ഭൂഖണ്ഡത്തിൽ ശാലോം വേൾഡ് നടത്തിയ മിഷണറി യാത്ര ചെറുതായിരിക്കാം.

എന്നാൽ, 'മിഷൻ ആഫ്രിക്ക' പ്രോഗ്രാമുകൾ ആഫ്രിക്കയിൽ കത്തോലിക്കാ സഭ നിർവഹിക്കുന്ന മിഷണറി ദൗത്യത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കുന്നു എന്നാണ് പ്രിവ്യൂ ദർശിച്ച ആഫ്രിക്കൻ മിഷണറിമാരുടെ അഭിപ്രായം. ആഫ്രിക്കയിലെ മാത്രമല്ല, ലോകമെമ്പാടുമുള്ള മിഷണറിമാരോടുള്ള സ്നേഹാദരവുകൾ വർദ്ധിപ്പിക്കാൻ കാരണമാകുന്നതിനൊപ്പം മിഷണറി ശുശ്രൂഷ എന്നാൽ മിഷൻ ഞായറിൽമാത്രം ഒതുങ്ങേണ്ടതല്ലെന്ന ബോധ്യം പകരാനും 'മിഷൻ ആഫ്രിക്ക' സഹായമാകുമെന്നാണ് പ്രതീക്ഷ.

ആഫ്രിക്കയിലൂടെ സഞ്ചരിച്ച് മിഷനുമായി ബന്ധപ്പെട്ട് ഇത്രയേറെ പ്രോഗ്രാമുകൾ തയാറാക്കുന്ന ആദ്യത്തെ ടെലിവിഷൻ ചാനലും ഒരുപക്ഷേ ശാലോം വേൾഡ് ആയിരിക്കും. ഡോക്യുമെന്ററികളും ഡോക്യുഫിക്ഷനും സ്പെഷൽ ഇന്റ്വ്യൂസും ഉൾപ്പെടെ 25 പ്രോഗ്രാമുകളാണ് 'മിഷൻ ആഫ്രിക്ക'യിലുള്ളത്. ചാരിത്രശുദ്ധി കാത്തുസൂക്ഷിക്കാൻ 13-ാം വയസിൽ രക്തസാക്ഷിത്വം വരിച്ച എയ്ഞ്ചലീനാ ലിയാക്കയുടെ ജീവിതം പ്രതിപാദിക്കുന്ന 'ഗ്ലോറിയസ് ലൈവ്സാ'ണ് ഏറ്റവും ശ്രദ്ധേയം.

'ആഫ്രിക്കയിലെ മരിയ ഗൊരേത്തി' എന്ന് വിശേഷിപ്പിക്കപ്പെടുന്ന, ആഫ്രിക്കയ്ക്ക് പുറത്ത് അധികമാരും അറിയാത്ത ആ കുഞ്ഞു രക്തസാക്ഷിയുടെ ജീവിതം ലോകം മുഴുവൻ അറിയാൻ വഴിയൊരുക്കും 'ഗ്ലോറിയസ് ലൈവ്സ്- എയ്ഞ്ചലീനാ ലിയാക്ക' എന്ന പ്രോഗ്രാം. ആരും കുറിച്ചുവെക്കാൻ ഇടയില്ലാത്ത മിഷണിമാരുടെ ജീവിതവഴികൾ ചിത്രീകരിക്കുന്ന 'ഹിയർ അയാം' പരമ്പര ആരുടെയും ഹൃദയം തൊടും, കണ്ണുകളെ ഈറനണിയിക്കും.

ആറ് എപ്പിസോഡുകളിലായി ഭാരതീയർ ഉൾപ്പെടെ ഏഴ് മിഷണറിമാരുടെ ജീവിതമാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. അക്രമങ്ങളോടും മയക്കുമരുനോടും ചങ്ങാത്തംകൂടിയ തെരുവ് മക്കളെ ക്രിസ്തുവിലേക്ക് നയിക്കാൻ ജീവിതം ഉഴിഞ്ഞുവെച്ച ഫാ. കർട്ടിസ് കണ്ണിങ്ഹാമിനെ കുറിച്ചുള്ള എപ്പിസോഡ് പാപികളെ തേടിയിറങ്ങിയ ക്രിസ്തുവിനെ അനുസ്മരിപ്പിക്കുമെങ്കിൽ, സ്ത്രീശക്തീകരണത്തിന്റെ നേർക്കാഴ്ചയാകും ഇന്ത്യൻ സിസ്റ്റേഴ്സായ അനീഷ ഫെർണാണ്ടസിനെയും ശശികലയെയും കുറിച്ചുള്ള എപ്പിസോഡ്.

ആഫ്രിക്കയിൽ പതിവായ 'ഗോത്ര യുദ്ധങ്ങൾ'ക്കിടയിൽ സമാധാനം പുനഃസ്ഥാപിക്കാൻ കഠിനപരിശ്രമം നടത്തുന്ന ഫാ. തിമോത്തി ഒഗുത്ത്, ദൈവവചനം ജീവിതംകൊണ്ട് സാക്ഷിക്കുന്ന ഫാ. ബിജു മൂഞ്ഞേലി, ഇടവകകേന്ദ്രീകൃത ജീവിതം ആഫ്രിക്കൻ ജനതയെ പരിശീലിപ്പിക്കുന്നതിൽ വ്യാപൃതനായ ഫാ. ജോയ് ജോസഫ് മാമ്പിള്ളിക്കുന്നേൽ, രോഗംമൂലം തെരുവിലേക്ക് വലിച്ചെറിയപ്പെട്ടവരെ ശുശ്രൂഷിക്കുന്ന ഫാ. ഇവാൻസ് ഡൂറിസ് എന്നിവരെക്കുറിച്ചുള്ള എപ്പിസോഡുകളും മിഷണറി ജീവിതത്തിന്റെ വൈവിധ്യങ്ങൾ തുറന്നുകാട്ടുന്നതാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഏഴ് സമർപ്പിത സമൂഹങ്ങളുടെ ശുശ്രൂഷകൾ അക്കമിട്ട് നിരത്തുന്ന 'വെൽ സ്പ്രിങ്' ഡോക്യുമെന്ററി പരമ്പരയും 'മിഷൻ ആഫ്രിക്ക'യെ സവിശേഷമാക്കും. വിവിധ ശുശ്രൂഷാദൗത്യങ്ങൾ കാരിസമായി സ്വീകരിച്ച സമർപ്പിതസമൂഹങ്ങളെ ആഫ്രിക്കയുടെ സമഗ്രവളർച്ചയ്ക്കായി ഒരുമിച്ചു ചേർത്ത ദൈവപദ്ധതി വെളിപ്പെടുത്തുന്ന 'വെൽ സ്പ്രിങ്' പരമ്പര, ആഫ്രിക്കൻ മിഷൻദൗത്യത്തിൽ കേരളസഭാ തനയർ നിറവേറ്റുന്ന ശുശ്രൂഷകളുടെ നേർസാക്ഷ്യംകൂടിയാണ്.

മിഷണറിമാരിലൂടെ ക്രിസ്തുവിനെ അടുത്തറിഞ്ഞ് സഭയ്ക്കും സമൂഹത്തിനും അനുഗ്രഹമായി മാറിയവർ മാനസാന്തരാനുഭവം പങ്കുവെക്കുന്ന 'ജീസസ് മൈ സേവ്യർ' പരമ്പരയും തദ്ദേശീയ മിഷണറിമാരെക്കുറിച്ചുള്ള 'ചോസൺ' പരമ്പരയും മിഷൺ പ്രവർത്തനങ്ങളുടെ സത്ഫലങ്ങൾക്ക് തെളിവാകും. ജീവിതത്തിന്റെ സുവർണകാലം മുഴുവൻ ആഫ്രിക്കയ്ക്കുവേണ്ടി സമർപ്പിച്ച് ജീവിത സായന്തനത്തിലെത്തിയ ആദ്യകാല മിഷണറിമാരുടെ ഓർമക്കുറിപ്പുകൾ രേഖപ്പെടുത്തുന്ന 'ഇൻ പേഴ്സോണാ ക്രിസ്റ്റി' പ്രോഗ്രാമാണ് മറ്റൊരു ആകർഷണം.

സംഭവബഹുലമായ മിഷണറി ചരിത്രത്തിന്റെ ഏടുകൾ പങ്കുവെക്കുന്ന പ്രസ്തുത പ്രോഗ്രാം അനേകരിൽ മിഷൻ തീക്ഷ്ണത പകരാൻ സഹായകമാകും. ഏതാണ്ട് രണ്ട് മാസം നീണ്ടുനിൽക്കുന്ന ഷെഡ്യൂളുകളിലായി സംപ്രേഷണം ചെയ്യുന്ന 'മിഷൻ ആഫ്രിക്ക'യ്ക്ക്, കെനിയയിലെ മൊംബാസ ആർച്ച്ബിഷപ്പ് മാർട്ടിൻ കിവൂവയുടെ സ്പെഷൽ ഇന്റർവ്യൂവോടെ സെപ്റ്റംബർ 24ന് തിരശീല വീഴും. അതെ, പ്രേക്ഷകരുടെ കണ്ണും കാതും ഹൃദയവും തൊടാൻ ആഫ്രിക്കൻ സഭയുടെ നെടുംതൂണുകളായ അവർ വരുന്നൂ; ഇല്ലായ്മകളെ പ്രതി പരാതിപറയാതെയും വെല്ലുവിളികളിൽ നിരാശരാകാതെയും ക്രിസ്തുവിനുവേണ്ടി പോരാടുന്ന അതിസാഹസികർ- ഗെറ്റ് റെഡി ഫോർ ദ മിഷൻ അഡ്വെൻചർ!

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP