Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആധുനിക സമൂഹത്തിൽ പുരുഷനോടൊപ്പം തോളോട് തോൾ ചേർന്ന് രാഷ്ട്രനിർമ്മാണ പ്രക്രിയയിൽ ഏർപ്പെടുന്നവരാണ് സ്ത്രീകളും; എല്ലാ കാര്യങ്ങളിലും സ്ത്രീകൾക്ക് തുല്യനീതി ഉറപ്പാക്കാതെ ഒരിക്കലും നമ്മുടെ രാജ്യം വികസിക്കാൻ പോകുന്നില്ല; ആ തുല്യനീതിയുടെ ഭാഗം തന്നെയാണ് വിവാഹപ്രായം പതിനെട്ടിൽ നിന്ന് ഇരുപത്തി ഒന്നിലേക്ക് ഉയർത്തിയത്; വെള്ളാശേരി ജോസഫ് എഴുതുന്നു

ആധുനിക സമൂഹത്തിൽ പുരുഷനോടൊപ്പം തോളോട് തോൾ ചേർന്ന് രാഷ്ട്രനിർമ്മാണ പ്രക്രിയയിൽ ഏർപ്പെടുന്നവരാണ് സ്ത്രീകളും; എല്ലാ കാര്യങ്ങളിലും സ്ത്രീകൾക്ക് തുല്യനീതി ഉറപ്പാക്കാതെ ഒരിക്കലും നമ്മുടെ രാജ്യം വികസിക്കാൻ പോകുന്നില്ല; ആ തുല്യനീതിയുടെ ഭാഗം തന്നെയാണ് വിവാഹപ്രായം പതിനെട്ടിൽ നിന്ന് ഇരുപത്തി ഒന്നിലേക്ക് ഉയർത്തിയത്; വെള്ളാശേരി ജോസഫ് എഴുതുന്നു

വെള്ളാശേരി ജോസഫ്

ഇന്ത്യയുടെ ആത്മീയ പൈതൃകത്തേയും, യോഗയേയും, രമണ മഹർഷിയേയും ലോകത്തിന് പരിചയപെടുത്തികൊടുത്തത് പോൾ ബ്രണ്ടൻറ്റെ പത്തൊമ്പതാം നൂറ്റാണ്ടിലിറങ്ങിയ വിഖ്യാതമായ ‘A Search in Secret India’ എന്ന പുസ്തകത്തിൽ കൂടിയായിരുന്നു. പോൾ ബ്രണ്ടൻ ഇന്ത്യയിലെ ദാരിദ്ര്യത്തെ കുറിച്ചും, ഇന്ത്യയിൽ നടമാടുന്ന അക്രമത്തെ കുറിച്ചും, ജാതീയമായ അടിച്ചമർത്തലിനെ കുറിച്ചും ഒരു ഉന്നതനായ യോഗിയോട് ചോദിച്ചപ്പോൾ അദ്ദേഹം ശാന്തമായി പറഞ്ഞത് “A degenerated society has to suffer till it finds its inner strength” - എന്നാണ്. ഉന്നതനായ യോഗിയുടെ അഭിപ്രായത്തിൽ പോലും ഭാരതീയ സമൂഹം മധ്യ കാല ഖട്ടത്തിൽ ഒരു 'Degenerated Society' അല്ലെങ്കിൽ ജീർണിച്ച സമൂഹം ആയിരുന്നു. അതായിരുന്നു പുറത്തു നിന്നുള്ള ആക്രമണത്തെ ഇന്ത്യാകാർക്ക് പ്രതിരോധിക്കാൻ സാധിക്കാതെ വന്നത്. ഇന്ന് പലരും ചെയ്യുന്നത് പോലെ തീവ്ര ദേശീയബോധം പ്രകടിപ്പിക്കുന്നതും, ബ്രാഹ്മണ്യത്തെ പുകഴ്‌ത്തുന്നതും ഒന്നും ഇന്ത്യൻ ചരിത്രത്തെയോ, സംസ്കാരത്തെയോ മനസിലാക്കാൻ ഉതകില്ല. 'Apprenticed to a Himalayan Master - A yogi's Autobiography' എഴുതിയ ശ്രി എം - ന്റെ ഗുരുവും, ഹിമാലയൻ യോഗിയുമായ മഹേശ്വർനാഥ് ആ ആത്മകഥയിലെ 'Yoga, Vedanta, and the Nath Pant’ എന്ന അധ്യായത്തിൽ ബ്രാഹ്മണരെ വിമർശിക്കുന്നത് കേട്ടാൽ ആരും ഞെട്ടിപോകും. ബ്രാഹ്മണരാണ് ഇന്ത്യയുടെ ആത്മീയ സംസ്കാരത്തെ തകർത്തതെന്ന് അദ്ദേഹം അസന്നിഗ്ധമായി പറയുന്നുണ്ട്. ഉന്നതനായ ആ ഹിമാലയൻ യോഗിയെ ഹിന്ദു ധർമം ഒന്നും പഠിപ്പിക്കേണ്ട ഒരു കാര്യവും എന്തായാലും മറ്റുള്ളവർക്ക് ഇല്ലല്ലോ.

മധ്യകാല ഖട്ടത്തിൽ ഇന്ത്യയിലേയും, കേരളത്തിലേയും ഹിന്ദുക്കൾ നാട്ടിലെ വലിയൊരു ശതമാനത്തോളം ജനങ്ങളെ ജാതിവ്യവസ്ഥയുടെ പേരിൽ മൃഗങ്ങളെപോലെ കണക്കാക്കി; അവർക്ക് നരക തുല്യമായ ജീവിതം വിധിച്ചു. അതാണ് ഇന്ത്യക്ക് നിത്യശാപമായിത്തീർന്നത്. വിദേശാധിപത്യം ക്ഷണിച്ചു വരുത്തിയതും അതു തന്നെയായിരുന്നു. മധ്യ കാലഖട്ടത്തിൽ ഒരു വശത്ത് ആത്മീയതയും, ഭക്തിയും ഉള്ളപ്പോൾ തന്നെ മറുവശത്ത് നാട്ടു രാജാക്കന്മാരുടെ ധൂർത്തും, ഭൂ പ്രഭുക്കളുടെയും, മാടംബിമാരുടേയും അക്രമവും, ജാതീയമായ അടിച്ചമർത്തലും ഇന്ത്യയിൽ ധാരാളമായി നടന്നിട്ടുണ്ട്. അതുകൊണ്ടാണ് സ്വന്തം തൊഴുത്ത് വൃത്തിയാക്കുന്നതിൽ പിൽകാലത്ത് സാമൂഹ്യ പരിഷ്കർത്താക്കൾ മുൻഗണന നല്കിയത്. സ്വന്തം തൊഴുത്ത് മോശമായതിന് മറ്റു മനുഷ്യരെ, അല്ലെങ്കിൽ വിദേശീയരെ കുറ്റം പറയുന്നതിൽ ഒരു കാര്യവുമില്ല.

ജാതിയെ പോലെ തന്നെ മധ്യകാല ഇന്ത്യയിൽ നിലനിന്നിരുന്ന ഒന്നാണ്‌ സ്ത്രീ വിരുദ്ധതയും. വേദ കാലഘട്ടത്തിൽ സ്ത്രീകൾക്ക് ഉന്നതമായ പദവി ഉണ്ടായിരുന്നതായി ചരിത്രപുസ്തകങ്ങളിൽ കാണാം. സ്ത്രീകളേയും ലൈംഗികതയേയും സംബന്ധിച്ചുള്ള മൂല്യബോധം പണ്ട് ഇന്നത്തേതിൽ നിന്ന് വിഭിന്നമായിരുന്നു. ലൈംഗികതയെ സംബന്ധിച്ചുള്ള പാപബോധം ഇന്ത്യയിൽ വന്നിട്ട് അധികകാലം ഒന്നുമായിട്ടില്ല. പുരോഹിതവർഗം അവരുടെ അധികാരം സ്ഥാപിക്കുന്നതിനുവേണ്ടി സ്ത്രീകളെ അടിച്ചമർത്താൻ തുടങ്ങിയപ്പോൾ മുതലാണ് ഇന്ത്യയിൽ സ്ത്രീകൾക്ക് ലൈംഗിക സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടത്. നമ്മുടെ ഇന്നുള്ള ലൈംഗികതയെ കുറിച്ചുള്ള മൂല്യങ്ങളൊക്ക രൂപപ്പെട്ടിരിക്കുന്നത് പുരോഹിതവർഗം പ്രചരിപ്പിച്ചിരിക്കുന്ന ആ പാപബോധം ഉൾക്കൊണ്ടുകൊണ്ട് തന്നെയാണ്. പൗരാണിക ഭാരതത്തിൽ അങ്ങനെയൊരു പാപബോധം നിലനിന്നിരുന്നതായി സൂചനകൾ ഇല്ലാ. ഗാർഗി, മൈത്രേയി, ലോപമുദ്ര - ഇങ്ങനെയുള്ള പൗരാണിക ഭാരതത്തിലെ കൊണ്ടാടപ്പെട്ട അനേകം സ്ത്രീകൾ പിന്നീടുണ്ടായ പാരമ്പര്യ സമൂഹത്തിൽ നിന്ന് വിഭിന്നമായി ഒട്ടേറെ സ്വാതന്ത്ര്യം അനുഭവിച്ചിരുന്നതായി കാണാവുന്നതാണ്.

ബ്രഹ്മചര്യം എന്നാൽ സ്ത്രീകളിൽ നിന്നോ സെക്സിൽ നിന്നോ വിട്ടുനിക്കൽ എന്നല്ല അർത്ഥം. ബ്രഹ്മത്തിൽ അല്ലെങ്കിൽ ഈശ്വരനിൽ ചരിക്കുക എന്നാണ് ആ വാക്കിൻറ്റെ ശരിയായ അർത്ഥം. ഈശ്വര സാക്ഷാത്കാരം സാധ്യമാക്കുന്ന രീതിയിൽ മനസിന് ആത്മനിയന്ത്രണം ഉണ്ടാക്കുന്ന പ്രക്രിയയെയാണ് ബ്രഹ്മചര്യം കൊണ്ട് ഉദ്ദേശിക്കുന്നത്. എതിർ ലിംഗത്തെ കുറിച്ചുള്ള ചിന്തകളിൽ മാത്രം കുടുങ്ങിക്കിടക്കാതെ മനസിന് ആത്മനിയന്ത്രണം കൊണ്ടുവരുന്ന ബ്രഹ്മചര്യത്തെ സ്ത്രീവിരുദ്ധമായ ഒന്നായി ഇന്ന് പലരും വ്യാഖ്യാനിക്കുന്നു. ശബരിമല അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണ്; അതുകൊണ്ട് അയ്യപ്പന് 10-നും, 50-നും ഇടക്കു പ്രായമുള്ള സ്ത്രീകളെ കണ്ടാൽ ബ്രഹ്മചര്യം നഷ്ടപ്പെട്ടുപോകും എന്നൊക്കെ പറയുമ്പോൾ അതിൽ വല്ലാത്ത സ്ത്രീവിരുദ്ധത അടങ്ങിയിട്ടുണ്ട് എന്നുള്ള കാര്യം പകൽ പോലെ വ്യക്തമാണ്. ഈ സ്ത്രീ വിരുദ്ധത ഹിന്ദു മതത്തിൽ മാത്രമല്ല; മറ്റെല്ലാ മതങ്ങളിലുമുണ്ട്.

പുരാതന ഭാരതത്തിൽ ഉണ്ടായിരുന്ന പല ഋഷിമാരും കല്യാണം കഴിച്ചവരായിരുന്നു; ദാമ്പത്യ ജീവിതം നയിച്ചവരായിരുന്നു. വിശ്വാമിത്രൻ, വസിഷ്ഠൻ, അഗസ്ത്യ മുനി, കപില മഹർഷി - ഇവരൊക്കെ കുടുംബ ജീവിതം നയിച്ചവരാണെന്നാണ് പറയപ്പെടുന്നത്. ഇവരുടെ ഒക്കെ ദാമ്പത്യ ജീവിതം ഇവരുടെ ഈശ്വര സാക്ഷാത്കാരത്തിന് ഒരു തടസവും ആയില്ല. അവതാര പുരുഷന്മാർ ആയുള്ള ശ്രീരാമനും, ശ്രീകൃഷ്ണനും ഒക്കെ വിവാഹിതരായിരുന്നു. രാമായണത്തിൽ വാൽമീകി സീതയെ അവതരിപ്പിക്കുന്നത് തന്നെ പുരുഷൻറ്റെ പൂർണത സ്ത്രീയെ ആശ്രയിച്ചാണിരിക്കുന്നതെന്നുള്ള സങ്കൽപ്പത്തിൽ നിന്നായിരുന്നു എന്നാണ് പ്രൊഫെസ്സർ സുകുമാർ അഴീക്കോട് തൻറ്റെ വളരെ പ്രസിദ്ധമായ 'രാമായണത്തിലെ നായികാ നായകന്മാർ' എന്ന ലേഖനത്തിൽ പറയുന്നത്. അർത്ഥ നാരീശ്വര സങ്കൽപം ആണ് ഈശ്വരൻറ്റേതായി പണ്ട് മുതലേ ഉള്ള ശിവസങ്കൽപം. മീര, ഗാർഗി, മൈത്രേയി - ഇങ്ങനെ ഒള്ള അനേകം സ്ത്രീകൾ പുരാതന ഭാരതത്തിൽ ഉന്നതമായ ദൈവികാനുഭവം സിദ്ധിച്ചവരായി പറയപ്പെടുന്നു. ജനക മഹാരാജാവിൻറ്റെ രാജസദസിൽ യാജ്ഞവൽക്യനോട്‌ കടുത്ത ചോദ്യങ്ങൾ ഉന്നയിക്കുന്നത് ഗാർഗിയാണ്. കഴിഞ്ഞ നൂറ്റാണ്ടിലെ ഇന്ത്യയിൽ ഉന്നതമായ ദൈവാനുഭവം സിദ്ധിച്ച സ്ത്രീകളായിരുന്നു ബംഗാളിലെ ശ്രീ ആനന്ദമയി മായും, മൂകാംബികയിലെ താരാമയി അവധൂതയും. മാതൃ ദേവതാ സങ്കൽപ്പങ്ങൾ ഇന്ത്യയിൽ ഇഷ്ടം പോലെ പണ്ടുമുതലേ ഉണ്ടായിരുന്നു.

നമ്മുടെ ശിൽപകലയിലോ, നാട്യകലയിലോ സ്ത്രീയെ വിലക്കുന്നതായി ഒന്നുമില്ല. സ്ത്രീയുടെ രതിഭാവങ്ങളൊക്കെ പല ക്ഷേത്രങ്ങളിലും കാണാം. രാമേശ്വരം ക്ഷേത്രത്തിലൊക്കെ ശിൽപങ്ങളിൽ അത് നന്നായി ഉണ്ട്. ശരിക്കും കല്ലിലെ കവിത പോലെ തോന്നും. രാമേശ്വരം ക്ഷേത്രത്തിലെ സ്ത്രീശിൽപങ്ങൾ കണ്ട ഇതെഴുതുന്നയാൾക്ക് അത് തോന്നിയിട്ടുമുണ്ട്. സ്ത്രീശിൽപങ്ങൾ നമ്മുടെ ക്ഷേത്രങ്ങളിൽ സ്ഥാപിക്കപ്പെട്ടത് ഐശ്യര്യത്തിൻറ്റേയും സൗഭാഗ്യത്തിൻറ്റേയും പ്രതീകമായിട്ടാണ്. അതുകൊണ്ട് സുരസുന്ദരിമാരുടേയും, സാലഭഞ്ചികരുടേയും ശിൽപങ്ങൾ നമ്മുടെ ക്ഷേത്രങ്ങളിൽ വിളങ്ങുന്നു. ഗൃഹലക്ഷ്മിയായും അന്നപൂർണശ്വരിയുമായി സ്ത്രീകൾ ഇന്ത്യയിൽ പ്രകീർത്തിക്കപ്പെടുന്നു.

സ്ത്രീകളുടെ രതിശിൽപങ്ങൾ കൊണാർക്കിലും, ഖജുരാഹോയിലും മാത്രമല്ല ഉള്ളത്. മധ്യപ്രദേശിലെ ഖജുരാഹോയിൽ മാത്രമല്ല; മൺമറഞ്ഞുപോയ അവിടുത്തെ പല ക്ഷേത്രങ്ങളിലും രതിശിൽപങ്ങളുണ്ടായിരുന്നു എന്ന് കാണിക്കുന്ന 'നാഷണൽ ജ്യോഗ്രാഫിക്കിൻറ്റെ' ഒരു ഡോക്കുമെൻറ്ററി ഇക്കാര്യത്തിൽ ഇതെഴുതുന്നയാൾ കണ്ടിട്ടുണ്ട്. ഇന്നും ആസാമിലെ കാമാഖ്യ ക്ഷേത്രത്തിലൊക്കെ ദേവിയുടെ ആർത്തവം വളരെ വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കാറുണ്ട്.

ദൈവങ്ങളുടെ കാര്യത്തിൽ ഇവിടെ ശിവനോടോപ്പം പാർവതി ദേവിയും ഉണ്ട്. വിഷ്ണുവിനോടൊപ്പം ലക്ഷ്മിയുണ്ട്. ബ്രഹ്‌മാവിനോടൊപ്പം സരസ്വതിയുമുണ്ട്. ചുരുക്കത്തിൽ പ്രൊഫെസ്സർ സുകുമാർ അഴീക്കോട് തൻറ്റെ 'രാമായണത്തിലെ നായികാ നായകന്മാർ' എന്ന ലേഖനത്തിൽ പറയുന്നത് പോലെ പുരുഷൻറ്റെ പൂർണത സ്ത്രീയെ ആശ്രയിച്ചാണിരിക്കുന്നതെന്നുള്ള സങ്കൽപ്പമാണ് ഇവിടെ ദൈവങ്ങളുടെ കാര്യത്തിൽ പോലും ഉള്ളത്. അപ്പോൾ സ്ത്രീയെ ഒരു കാര്യത്തിലും അകറ്റി നിറുത്തേണ്ട ആവശ്യമേയില്ലാ.

ധാർമികവും ആത്മീയവുമായി എന്തൊക്കെ പറഞ്ഞാലും മധ്യകാല ഇന്ത്യയിൽ അനേകം സ്ത്രീകൾ ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ട് എന്ന കാര്യം വിസ്മരിച്ചുകൂടാ. ശൈശവ വിവാഹം മൂലം അനവധി കൊച്ചുപെൺകുട്ടികൾ ദാരുണമായി കൊല്ലപ്പെടുന്ന സാമൂഹ്യപരിതസ്ഥിതി പതിനെട്ടാം നൂറ്റാണ്ടിലേയും പത്തൊമ്പതാം നൂറ്റാണ്ടിലേയും ഇന്ത്യയിൽ ഉണ്ടായിരുന്നു. കന്യാചർമ്മം പൊട്ടി രക്തം വരാത്തവരെ ഉപക്ഷേിക്കുന്ന രീതിയും, ബലാത്‌സംഗം ചെയ്യപ്പെടുന്ന സ്ത്രീകളെ പുറന്തള്ളുന്ന രീതിയും ഇന്ത്യയിൽ ഉണ്ടായിരുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പോലും ബലാത്സംഗത്തിന് വിധേയമാകുന്ന പെൺകുട്ടികളെ ദുരഭിമാന ബോധത്താൽ ഇന്ത്യയിലെ കുടുംബങ്ങളിൽ നിന്ന് പുറത്താക്കാറുണ്ട്. അത്തരത്തിൽ ബലാത്സംഗത്തിന് വിധേയമായി കുടുംബത്തിൽ നിന്ന് പുറന്തള്ളപ്പെട്ട ഒരു യുവതിയെ പൂണെയിലെ മദർ തെരെസയുടെ അഗതി മന്ദിരത്തിൽ കണ്ടുമുട്ടിയ കഥ ഇതെഴുതുന്ന ആളോട് ഒരു സുഹൃത്ത് വിവരിച്ചിട്ടുണ്ട്. 1947-ലെ ഇന്ത്യാ-പാക്കിസ്ഥാൻ വിഭജന കാലത്ത് ഡൽഹിയിലും ബോംബെയിലും കൊൽക്കത്തെയിലുമൊക്കെയുള്ള ചുവന്ന തെരുവുകളിൽ സ്ത്രീകൾ നിറഞ്ഞത് ഇന്ത്യയിൽ നിലനിന്നിരുന്ന ദുരഭിമാന ബോധത്താലായിരുന്നു.

ബ്രിട്ടീഷുകാർ 1829-ൽ കൊണ്ടുവന്ന സതി നിരോധന നിയമം, 1840-ലെ അടിമത്ത നിരോധന നിയമം, 1856-ലെ വിധവാ വിവാഹ നിയമം, 1891-ലെ 'ഏജ് ഓഫ് കൺസെൻറ്റ് ബിൽ', 1929-ലെ 'ദ ചൈൽഡ് മാര്യേജ് റിസ്റ്റെയിൻഡ് ആക്റ്റ്' - എന്നിവയൊക്കെ ഇന്ത്യയിൽ സ്ത്രീകളുടെ സാമൂഹ്യനില പത്തൊമ്പത്, ഇരുപതാം നൂറ്റാണ്ടുകളിൽ വളരെയധികം ഉയർത്തി. എല്ലാ മതങ്ങളിലുമുള്ള മതമൗലികവാദികളോട് പടപൊരുതിക്കൊണ്ടാണ് ഈ നിയമങ്ങൾ ബ്രിട്ടീഷുകാർ ഇന്ത്യയിൽ നടപ്പാക്കിയതെന്ന് പ്രത്യേകം ഓർമിക്കണം. ഇന്ത്യയിൽ എല്ലാ മതങ്ങളും ഒന്നിനൊന്ന് മെച്ചമായി സ്ത്രീ വിരുദ്ധത പ്രചരിപ്പിക്കുന്നുണ്ട്.

മാധവിക്കുട്ടി ഒരു ഇൻറ്റെർവ്യുവിൽ തന്റെ ഭർത്താവാണ് ആദ്യം പുള്ളിക്കാരിയെ ബലാത്സംഗം ചെയ്തതെന്ന് പറഞ്ഞിട്ടുണ്ട്. "രാവിലെ മൂത്രം പോവില്ല, അപ്പോൾ അമ്മമ്മ വന്ന് കാലിൽ വെള്ളമൊഴിച്ചു തരും" - എന്നും പറഞ്ഞിട്ടുണ്ട്. പാരമ്പര്യ സമൂഹത്തിൻറ്റെ മൂല്യ വ്യവസ്ഥിതിയിൽ ഊറ്റം കൊള്ളുന്നവർക്ക് കമലാ ദാസിൻറ്റെ ഈ വിവരണത്തോട് എന്ത് മറുപടിയാണുള്ളത്? "എന്റെ ഭർത്താവ് എന്നെ അദ്ദേഹത്തിന്റെ മേലധികാരികളുടെ അടുത്തേക്കയക്കാറുണ്ടായിരുന്നു. ഒരു ഉദ്യോഗകയറ്റം ലഭ്യമാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം" എന്നും കമലാ ദാസ് 'പ്രണയത്തിന്റെ രാജകുമാരി' എന്ന പുസ്തകത്തിൽ വെളിപ്പെടുത്തുന്നുണ്ട് (പ്രണയത്തിന്റെ രാജകുമാരി, ഗ്രീൻ ബുക്സ്, 2015 എഡിഷൻ, പേജ് 188). ഈ പുസ്തകത്തിൻറ്റെ തന്നെ തുടർന്നുള്ള പേജുകളിൽ മദ്യപിച്ചു വന്ന ഭർത്താവ് തന്നെ അഞ്ചു തവണ ബലാത്‌സംഗം ചെയ്തതും, ബലാത്സംഗത്തെ തുടർന്ന് തനിക്ക് ഭ്രാന്ത് പിടിച്ചതും കമലാ ദാസ് വിവരിക്കുന്നുണ്ട്. ക്യാനഡയിലെ എഴുത്തുകാരിയും, ഡോക്കുമെൻറ്ററി സിനിമാ നിർമ്മാതവുമായ മെറിലി വെയ്സ്ബോഡുമായി നടത്തിയ അഭിമുഖത്തിലാണ് കമലാ ദാസ് ഇതൊക്കെ വെളിപ്പെടുത്തിയത്. ഇത്രയൊക്കെയായിട്ടും കമലാ ദാസിന് ഭർത്താവ് മാധവദാസുമൊത്തുള്ള വിവാഹം തുടരുകയല്ലാതെ വേറെ നിവൃത്തിയില്ലായിരുന്നു എന്നും പുസ്തകം വെളിവാക്കുന്നുണ്ട്. വരേണ്യ വർഗത്തിൽ ജനിക്കുകയും ജീവിക്കുകയും ചെയ്ത കമലാ ദാസിൻറ്റെ ദുർവിധി ഇതാകുമ്പോൾ, ഇന്ത്യയുടെ കുടുംബവ്യവസ്ഥിതിയിൽ സാധാരണക്കാരായ സ്ത്രീയുടെ അവസ്‌ഥ വിശദീകരിക്കേണ്ട ആവശ്യമില്ലല്ലോ.

ആധുനിക സമൂഹത്തിൽ പുരുഷനോടൊപ്പം തോളോട് തോൾ ചേർന്ന് രാഷ്ട്രനിർമ്മാണപ്രക്രിയയിൽ ഏർപ്പെടുന്നവരാണ് സ്ത്രീകളും. എല്ലാ കാര്യങ്ങളിലും സ്ത്രീകൾക്ക് തുല്യനീതി ഉറപ്പാക്കാതെ ഒരിക്കലും നമ്മുടെ രാജ്യം വികസിക്കാൻ പോകുന്നില്ല. ആ തുല്യനീതിയുടെ ഭാഗം തന്നെയാണ് സ്ത്രീകൾ വിവാഹത്തിന് ശാരീരികവും മാനസികവുമായ പക്വത നേടുന്നതുവരെ പുരുഷൻ കാത്തിരിക്കണം എന്നു പറയുന്നത്. സെക്സിനെ ശാസ്ത്രീയമായി വിശകലനം ചെയ്തിട്ടുള്ള ആരും സ്ത്രീയുടെ അനുമതി ഇല്ലാതെ അവളെ പ്രാപിക്കണമെന്ന് പറഞ്ഞിട്ടില്ല. "Women are gentle by nature; so they must be approached gently" എന്നാണ് കാമസൂത്രാചാര്യനായ വാത്സ്യായനൻ പറയുന്നത്. "Against her will and consent" എന്നതാണല്ലോ ബലാത്സംഗത്തെ കുറിച്ച് ഇന്ത്യൻ ഭരണഘടന തന്നെ നൽകുന്ന നിർവചനം. ശൈശവ വിവാഹങ്ങൾ നടന്നിരുന്നപ്പോൾ പോലും ആരോഗ്യകരമായ ദാമ്പത്യബന്ധത്തിന് ഇന്ത്യയിൽ അനേകം കടമ്പകൾ കടക്കണമായിരുന്നു. അപ്പോൾ ആധുനിക ഇന്ത്യയിൽ വിവാഹപ്രായം ഉയർത്തുന്നതിനോട് എന്തിനിത്ര വേവലാതിപ്പെടണം?

ആധുനിക സമൂഹത്തിലെ സ്ത്രീകളുടെ അവകാശങ്ങളെ ഉൾക്കൊണ്ടുകൊണ്ട് വേണം കേന്ദ്ര സർക്കാർ ഇപ്പോൾ സ്ത്രീകളുടെ വിവാഹപ്രായം 18-ൽ നിന്ന് 21 ആക്കിയതിനെ കാണാൻ. ഉദ്ദേശം വർഗീയ ചേരി തിരിവാണെങ്കിലും മോദി സർക്കാർ കൊണ്ടുവന്ന രണ്ടു നല്ല നടപടികളാണ് മുത്തലാക് നിരോധനവും, ഇപ്പോൾ എടുത്തിരിക്കുന്ന പെൺകുട്ടികളുടെ വിവാഹപ്രായം കൂട്ടുന്ന നടപടിയും. ബിജെപി. രാജ്യത്തു സൃഷ്ടിച്ചിരിക്കുന്ന സാമൂഹ്യ ഭിന്നിപ്പ് ഒരു രീതിയിലും അംഗീകരിക്കുന്നില്ലെങ്കിലും മുത്തലാഖിനെതിരെ കേന്ദ്ര സർക്കാർ നിയമം കൊണ്ടുവന്നതും, സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കിയതും പുരോഗമനകാരികൾ സ്വാഗതം ചെയ്യേണ്ട ഒന്നാണ്. വിവാഹത്തിന് വേണ്ടി വെറുതെ കുത്തിയിരിക്കുന്ന ഇന്ത്യയിലെ 18 വയസു കഴിഞ്ഞ പെൺകുട്ടികളിൽ കുറേപേരെ തൊഴിലെടുക്കാൻ പ്രാപ്തരാക്കുന്ന വഴിയാണ്‌ ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നത്. 18 വയസു കഴിഞ്ഞ പെൺകുട്ടികൾ നല്ല ഡിഗ്രി സമ്പാദിക്കണം അതല്ലെങ്കിൽ തൊഴിലധിഷ്ഠിത കോഴ്സുകളിൽ ചേരണം. ഇതൊന്നും സാധ്യമാകാതെ കല്യാണം കഴിക്കാതെ 21 വയസ്സ്‌ വരെ ഇരിക്കണമെന്നോർക്കുമ്പോൾ തന്നെ എന്തെങ്കിലും തൊഴിൽ കണ്ടെത്താൻ പെൺകുട്ടികൾ താല്പര്യം പ്രകടിപ്പിക്കും. പെൺകുട്ടികൾക്ക്‌ സ്വന്തമായി നിലനിൽപ്പുണ്ടാക്കാൻ ചെറിയൊരളവിലെങ്കിലും സഹായിക്കുന്ന വഴിയാണ്‌ വിവാഹപ്രായം കൂട്ടൽ. അത്‌ വഴി ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ വികസിപ്പിക്കുന്നതിൽ പങ്കാളികളാകാൻ അവർക്ക് കഴിയുന്നു. ഇന്ത്യ സാമൂഹ്യമായും സാമ്പത്തികമായും വികസിക്കട്ടേയെന്ന് ലൈംഗികത മാത്രം മനസിലുള്ളവർ ചിന്തിക്കില്ല. മുത്തലാഖും, സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കിയതും സ്ത്രികൾക്ക്‌ ഗുണം ചെയ്യുന്ന രണ്ട്‌ കാര്യങ്ങളാണ്‌. മോദിയുടെ ഭരണത്തിൽ മോദി ചെയ്ത ആകെയുള്ള നല്ല കാര്യം ഇത്‌ രണ്ടുമാണെന്ന് തോന്നുന്നു.

സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കിയതിനെതിരേ സോഷ്യൽ മീഡിയയിൽ ചിലർ പ്രതികരിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലെ ചില മതമൗലികവാദികളുടെ കമൻറ്റുകൾ വായിച്ചാൽ ഒരാൾക്ക് എത്രവരെ 'റിഗ്രസീവ്' ആകാം എന്ന് തോന്നിപ്പോകും. ലൈംഗികതക്ക് അപ്പുറം ഒന്നും ഇല്ല എന്നാണ് സോഷ്യൽ മീഡിയയിലെ ചിലരുടെ കമൻറ്റുകൾ പറയുന്നത്. ഇല്ല; അതിനപ്പുറത്തേക്ക് ഒന്നും ഇല്ല എന്ന് മാക്സിമം ഇത്തരക്കാർ ആവർത്തിക്കുന്നു. ലൈംഗിക മോഹങ്ങൾ ആണ് പലരുടേയും നിരുത്തരവാദപരമായ കമൻറ്റുകളിൽ മാക്സിമം നിറയുന്നത്. ചിലർ അവരുടെ എഴുത്തിലൂടെ അർത്ഥമാക്കുന്നത് ലൈംഗികദാഹം തീർക്കാനാണ് വിവാഹം കഴിക്കുന്നതെന്നാണ്. അത് ശുദ്ധ വിവരക്കേടു മാത്രമല്ല; സ്ത്രീ വിരുദ്ധവും കുടുംബമെന്ന സങ്കൽപ്പത്തിനു തന്നെ വിരുദ്ധവുമാണ്. ഇത്തരക്കാർക്ക് ശരിയായ മനഃശാസ്ത്ര ചികിൽസയാണ് വേണ്ടത്.

1985 - ൽ 'ഷാ ബാനൂ' കേസ് വിധി വന്നപ്പോൾ ഭരണ പരിചയമില്ലാതിരുന്ന രാജീവ് ഗാന്ധിയെ ഉത്തർ പ്രദേശിലെ ഉപ തിരഞ്ഞെടുപ്പുകളിൽ ശക്തമായ തിരിച്ചടികൾ നൽകിക്കൊണ്ട് മുസ്‌ലീം യാഥാസ്ഥിതിക വാദികൾ കടുത്ത സമ്മർദ്ദത്തിലാക്കി. മുസ്ലിം യാഥാസ്ഥികരും, മത മേലധ്യക്ഷന്മാരും രാജീവ് ഗാന്ധിയെ സ്വാധീനിച്ച് മുസ്ലിം വ്യക്തിഗത നിയമം മാറ്റി എഴുതി. പിന്നീട് ഇതിനെതിരെ വിമർശനം ഉയർന്നപ്പോൾ രാജീവ് ഗാന്ധി ഹിന്ദു വർഗീയതെക്കെതിരേയും മൃദു സമീപനം എടുത്തു. അയോധ്യയിലെ തർക്ക ഭൂമിയിൽ ശിലാ സ്ഥാപനം നടത്തുവാൻ അനുമതി നൽകി. ഇതിനു ശേഷമുള്ള ചരിത്രം നമുക്കറിയാവുന്നതാണ്. 1984 -ൽ ലോക്സഭയിൽ രണ്ട് സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപി. ഇന്ത്യയിൽ വ്യാപകമായ വർഗീയവൽക്കരണം നടത്തി. പക്ഷെ ഇവിടെ ഓർമിക്കേണ്ടത് 1947-ലെ വിഭജനത്തിൻറ്റെ കാര്യമായാലും, 1985 - ൽ 'ഷാ ബാനൂ' കേസിൻറ്റെ കാര്യമായാലും മതത്തിൽ അധിഷ്ഠിതമായ രാഷ്ട്രീയ ഇടപെടലിൻറ്റെ തുടക്കം പുരുഷ കേന്ദ്രീകൃതവും, അവസര വാദപരവുമായ മുസ്ലിം യാഥാസ്ഥികരുടെ ഭാഗത്തു നിന്നായിരുന്നു എന്ന വസ്തുതയാണ്. സാധാരണക്കാരായ മുസ്ലീങ്ങൾക്കോ, മുസ്‌ലീം സ്ത്രീകൾക്കോ ഇത്തരം രാഷ്ട്രീയ നിലപാടുകൾ ഒരു പ്രയോജനവും ചെയ്തിട്ടില്ല.

ഹിന്ദു വ്യക്തി നിയമം പരിഷ്കരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനുമുള്ള ശ്രമം ബ്രിട്ടീഷ് ഭരണകാലത്തുതന്നെ ആരംഭിച്ചിരുന്നു. 1947- ൽ തന്നെ രൂപീകരിച്ചിരുന്ന അനേകം കമ്മിറ്റികളുടെ റിപ്പോർട്ടുകൾ പ്രകാരം കൂട്ടുകുടുംബ വ്യവസ്ഥിതി ഇല്ലാതാക്കുക, ആൺ-പെൺ ഭേദമന്യേ മക്കൾക്ക് സ്വത്തിൽ തുല്യാവകാശം നൽകുക, അന്യ മതത്തിലും, ജാതിയിലുമുള്ള വിവാഹവും വിവാഹ മോചനവും അനുവദിക്കുക, ബഹുഭാര്യാത്വം നിരോധിക്കുക എന്നൊക്കെയായിരുന്നു കമ്മിറ്റി റിപ്പോർട്ടുകളുടെ പ്രധാന ശുപാർശകൾ. സ്വാതന്ത്ര്യ പ്രാപ്തിക്ക് ശേഷം 1948-ൽ നിയമമന്ത്രി ഡോക്റ്റർ അംബേദ്കർ ആ ശുപാർശകൾ അൽപസ്വൽപം വ്യത്യാസങ്ങളോടെ 'ഹിന്ദു കോഡ് ബില്ലായി' അവതരിപ്പിച്ചു. പക്ഷെ ഹിന്ദുക്കൾക്ക് മാത്രമായി എന്തിനു നിയമം വേണം എന്ന നിർണായക ച്യോദ്യത്തിന് ഉത്തരം പറയാൻ ഡോക്റ്റർ അംബേദ്കർക്ക് പാർലമെൻറ്റിൽ സാധിച്ചില്ല. ഡോക്റ്റർ അംബേദ്കർ ബിൽ പാസാകാത്തതിൻറ്റെ പേരിൽ 1951 സെപ്റ്റംബർ 27-ന് കേന്ദ്രമന്ത്രി സഭയിൽ നിന്ന് രാജിവെക്കുകയും ചെയ്തു.

'ഹിന്ദു കോഡ് ബിൽ' ഡോക്റ്റർ അംബേദ്കറുടെ രാജിയിൽ കലാശിച്ചതിനെ ചൊല്ലി ഹിന്ദു സമൂഹത്തിലെ യാഥാസ്ഥിതിക വാദികൾക്കെതിരേ വ്യാപകമായ വിമർശനം വന്നിട്ടുണ്ട്. ഹിന്ദു സ്ത്രീകളുടെ സ്വത്തവകാശം പിന്നീട് അംഗീകരിക്കപ്പെട്ടു. മേരി റോയ് നടത്തിയ നിയമ പോരാട്ടത്തിലൂടെ ക്രിസ്ത്യൻ സ്ത്രീകളുടേയും സ്വത്തവകാശം സുപ്രീം കോടതി അംഗീകരിച്ചു. വിവാഹമോചനം തേടുന്നവർ സ്ത്രീകളുടെയും, കുഞ്ഞുങ്ങളുടെയും ചെലവ് വഹിക്കണം എന്ന് സുപ്രീം കോടതി പല ഉത്തരവുകളിലൂടെയും കൃത്യമായി പറഞ്ഞിട്ടുണ്ട്.

ഹിന്ദു സമൂഹത്തിലെ ജാതീയമായ വിവേചനത്തിനെതിരേ ഡോക്റ്റർ അംബേദ്കറുടെ വിമർശനം പിന്നീട് ഹിന്ദു സമൂഹത്തിലെ പുരോഗമനകാരികൾ പലരും അംഗീകരിച്ചു. ഡോക്റ്റർ അംബേദ്കറുടെ പക്ഷം പിടിക്കുന്ന മറ്റു പലരും മുസ്‌ലീം സമൂഹത്തിലെ യാഥാസ്ഥികത്ത്വത്തിനും, പുരുഷ കേന്ദ്രീകരണത്തിനും എതിരേ ഡോക്റ്റർ അംബേദ്കർ ശക്തമായ വിമർശനം നടത്തിയിട്ടുണ്ട് എന്ന വസ്തുത അംഗീകരിക്കുവാൻ മടിക്കുന്നു. 'മുസ്ലിം ബ്രദർഹുഡ്' എന്ന് പറയുന്നത് വിശാലമായ അർത്ഥത്തിലുള്ള സാഹോദര്യം അല്ല; മറിച്ച് മുസ്ലീങ്ങൾക്കിടയിൽ മാത്രമുള്ള സാഹോദര്യം ആണെന്നാണ് ഡോക്റ്റർ ബി.ആർ. അംബേദ്കർ ചൂണ്ടിക്കാണിക്കുന്നത്. ഇത്തരത്തിലുള്ള സങ്കുചിതമായ മത ബോധം ആധുനികമായ മൂല്യങ്ങൾക്ക് എതിരാണെന്ന് ഡോക്റ്റർ ബി. ആർ. അംബേദ്കർ 'Pakistan Or The Partition Of India' എന്ന പുസ്തകത്തിൽ വളരെ വ്യക്തമായി പറയുന്നുമുണ്ട്.

ഒരു മർദ്ദിത സമൂഹം എന്ന രീതിയിൽ മുസ്ലീങ്ങളെ പിന്തുണയ്ക്കുമ്പോഴും മുസ്ലിം മതമൗലിക വാദങ്ങളും, പുരുഷ കേന്ദ്രീകരണവും, ഭീകര പ്രവർത്തനങ്ങളുമൊക്കെ ഉയർത്തുന്ന ഗുരുതരമായ പ്രശ്നങ്ങൾ മനസിലാക്കുവാൻ നമ്മുടെ ലിബറലുകൾക്കും, ദളിത് ബുദ്ധിജീവികൾക്കും, ഇടതു പക്ഷത്തിനും ഇന്നും സാധിക്കുന്നില്ല. അവരിൽ ചിലരൊക്കെ പരോക്ഷമായി ഇസ്ലാമിക സമൂഹത്തിലുള്ള സ്ത്രീ വിരുദ്ധതയെ ഇന്നും അനുകൂലിക്കുന്നതും അതുകൊണ്ടാണ്. ഇവരുടെ ഇത്തരം നിലപാടുകൾ സംഘ പരിവാർ ഇന്ത്യയിൽ ശക്തിയാർജിക്കാൻ ഒരു പ്രധാന കാരണവുമാണ്. ഇന്ത്യയിലെ ലിബറലുകളുടേയും, ഇടതു പക്ഷത്തിൻറ്റേയും അംബേദ്കറിസ്റ്റുകളുടേയും സ്ത്രീകളുടെ അവകാശങ്ങളെ സംബംന്ധിച്ചുള്ള ഈ ഇരട്ടത്താപ്പ് ബിജെപി. - യും, സംഘ പരിവാർ സംഘടനകളും സമർത്ഥമായി മുതലാക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ സ്ത്രീകളുടെ അവകാശങ്ങൾ അംഗീകരിക്കുന്നതാണ് ഇപ്പോൾ വിവാഹപ്രായം 18-ൽ നിന്ന് 21 ആക്കിയ നടപടി. അതിനോട് പുറം തിരിഞ്ഞുനിൽക്കുന്നത് ആരായാലും അവരെ ഭാവിഭാരതം ഉൾക്കൊള്ളുമെന്ന് കരുതാൻ വയ്യാ.

(ലേഖകന്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റെ ജോലിയുമായി ഒരു ബന്ധവുമില്ല.)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP