Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അദാനിയുടെ തകർച്ചയും മലയാളികളുടെ വിജയാഘോഷങ്ങളും! അദാനി വീണാൽ ഇന്ത്യയും വീഴുമോ? പി ബി ഹരിദാസൻ എഴുതുന്നു

അദാനിയുടെ തകർച്ചയും മലയാളികളുടെ വിജയാഘോഷങ്ങളും! അദാനി വീണാൽ ഇന്ത്യയും വീഴുമോ? പി ബി ഹരിദാസൻ എഴുതുന്നു

പി ബി ഹരിദാസൻ

ദാനിയുടെ ഷെയർ വില മാർക്കെറ്റിൽ ഇടിഞ്ഞതുമായി ബന്ധപ്പെട്ട് കേരളത്തിൽ കാണുന്ന ഇറേഷണൽ ആഘോഴങ്ങളാണ് ഈ ലേഖനത്തിന് ആധാരം. 'കമ്പോള കേന്ദ്രീകൃത ചൂതാട്ട കേന്ദ്രo' എന്നൊക്കെ പറഞ്ഞിരുന്നവർക്ക് പെട്ടെന്ന് മാർക്കെറ്റിനോട് ഒരു പ്രതിപത്തി. ഒരു തരത്തിൽ നല്ലതു തന്നെ. എന്താണ് സ്റ്റോക്ക് മാർക്കെറ്റ് അതെങ്ങനെ രാജ്യപുരോഗതിയിൽ പ്രവർത്തിക്കുന്നു എന്ന കാര്യങ്ങളൊക്കെ പൊതുമണ്ഡലത്തിൽ വരുമല്ലോ.

ചിലർ ഇന്ത്യൻ ബാങ്കിങ് സെക്ടർ ആകെ അവതാളത്തിൽ ആകാൻ പോകുന്നു എന്ന രീതിയിൽ സംസാരിക്കുന്നു. ചിലർ LIC വലിയ പ്രതിസന്ധിയിൽ പെട്ടിരിക്കുന്നു എന്നവിധത്തിൽ സംസാരിക്കുന്നു. ചിലർ രാജ്യം മുഴുവൻ ഏതോ അപകടാവസ്ഥയിലാണ് 'അദാനി വീണാൽ ഇന്ത്യയും വീഴുമോ?'. തകരാൻ പോകുന്ന കമ്പനിക്ക് എങ്ങനെ ഇത്ര ഇൻവെസ്റ്റ്മെന്റ് കിട്ടി? എന്നിങ്ങനെ പോകുന്നു 'വിദഗ്ദാഭിപ്രായങ്ങൾ'. പിന്നെ കുറെ കോൺസ്പിറസി തിയറികളും. ബുദ്ധിജീവികളാകെ കൺഫ്യൂഷനിലാണ്. വിഷയം തൊടാതെ മാറിനിൽക്കുന്നതാണ് നല്ലതെന്ന് അവർ കരുതുന്നുണ്ടാകണം. ശ്രീ മന്മോഹൻ സിങ് കൊണ്ടുവന്ന 'ഉദാരീകരണമാണ് ആഗോളവൽക്കരണമാണ് എല്ലാ വിലക്കയറ്റങ്ങൾക്കും കാരണം'' എന്ന അറിവ് പ്രദർശിപ്പിക്കുന്ന 'ഓട്ടോ ചേട്ടന്മാരുടെ' തലത്തിലുള്ള ദേശാഭിമാനി സ്‌കൂൾ ഓഫ് സാമ്പത്തിക ശാസ്ത്രം 'വിദഗ്ധന്മാരുടെ' നിരീക്ഷണങ്ങളാണ് എവിടെയും.

ഞങ്ങൾ പാലക്കാട്ടുകാരന്റെ അഭിമാനമായ SEBI ചെയർമാനായിരുന്ന ശ്രീ എം ദാമോദരന്റെ ഒരു വരി ഉദ്ധരിച്ചു തുടങ്ങാം. ' the markets are fortified with supervision and regulation and that he need not her about the daily tantrums of rs'. M. Damodaran. അതിവിടെ വളരെ പ്രസക്തമാണ്. ശ്രീ ദാമോദരൻ പറയുന്നത് ഒരുക്കൽ കൂടി വായിക്കുക 'markets are fortified with supervision and regulation' ഇന്ത്യൻ ക്യാപിറ്റൽ മാർക്കെറ്റ് വളരെ ഏറെ മേൽനോട്ടമുള്ളതാണ്. അത് നിയന്ത്രണങ്ങളാൽ കോട്ടകെട്ടി ബലപ്പെടുത്തപെട്ടതാണ്. ഇന്ത്യ വളരെയേറെ ടാലന്റ് പൂൾ ഉള്ള രാജ്യമാണ്. സാമ്പത്തിക വിദഗ്ധൻ മാരാൽ നിറഞ്ഞിരിക്കുന്ന രാജ്യമാണ്. സെബി ഇടക്കിടക്ക് വന്ന് ചപ്രാസികളെ പോലെ ഏതെങ്കിലും മാർക്കെറ്റ് മാനിപ്പുലേറ്റർ വന്ന് വിലയിടിയുമ്പോഴൊക്കെ വന്ന് അന്വേഷണം നടത്തുന്നു എന്ന് പ്രഖ്യാപിക്കേണ്ടതില്ല. അവർ നിരന്തരം മാർക്കറ്റ് നിരീക്ഷിക്കുന്നുണ്ട്. കേരളത്തിലെ റിപ്പോർട്ടേജ് നിങ്ങൾ മുഖവിലക്കെടുക്കരുത്. ഇപ്പോൾ മാർക്കെറ്റിൽ നടക്കുന്നത് മാർക്കെറ്റ് സെന്റിമെന്റ ഇടിഞ്ഞപ്പോൾ ഉണ്ടായ ഹേർഡ് മെന്റാലിറ്റിയിൽ നടന്ന ഒരു വിലയിടിവാണ്. പ്രധാനമായും. ഒരു രാകേഷ് ജുൻജുൻ വാലയുടെ അഭാവം എല്ലായിടത്തും കാണാം.

അദാനി ഗ്രൂപ്പ് കമ്പനികളിൽ ഷെൽ കമ്പനികൾ നിക്ഷേപം നടത്തുമ്പോൾ ഈ മേൽനോട്ടമൊക്കെ എവിടെപ്പോയി എന്നായിരിക്കും ഇപ്പോൾ ചിലർ ചിന്തിക്കുന്നത്. പാർട്ടിസിപ്പേറ്ററി നോട്ട്‌സ് എന്നുവിളിക്കുന്ന P-notes കളിലൂടെയാണ് മൗറീഷ്യസ് മുതലായ രാജ്യങ്ങളിലെ ഓഫ് ഷോർ കമ്പനികൾ ഇന്ത്യൻ ക്യാപിറ്റൽ മാർക്കെറ്റിൽ നിക്ഷേപങ്ങൾ നടത്തുന്നത്. എന്താണ് പി നോട്ട്‌സ് എന്ന് താഴെ വിശദീകരിക്കാം.

പാർട്ടിസിപ്പേറ്ററി നോട്ട് എന്നത് ഒരു ഇന്ത്യൻ ഇൻവെൻഷനാണ്. ഇവിടെ ഇനിയൊരു പ്രധാന കാര്യം പാർട്ടിസിപ്പേറ്ററി നോട്ടുകളിലൂടെ ഇന്ത്യൻ കമ്പനികളിൽ നിക്ഷേപങ്ങളുള്ളത് അദാനി ഗ്രൂപ്പ് കമ്പനികളിൽ മാത്രമല്ല. പല ലിസ്റ്റെഡ് കമ്പനികളിലും ഈ റൂട്ടിലൂടെ നിക്ഷേപങ്ങളുണ്ട്. ഇന്ത്യൻ സ്റ്റോക്ക് മാർക്കെറ്റിൽ ഈ റൂട്ടിലൂടെ ഏകദേശം 90000 കോടി രൂപയുടെ നിക്ഷേപം ഇപ്പോൾ നിലനിൽക്കുന്നു. ഒരു തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനും ഇത് നിരോധിക്കാൻ ധൈര്യം വരില്ല. അത് നിരോധിച്ചാൽ അന്ന് ഇന്ത്യൻ ഷെയർ മാർക്കെറ്റ് താഴെക്ക് വലിയ തോതിൽ പതിക്കും. അതുകൊണ്ടാണ് അതിങ്ങനെ തുടർന്നുകൊണ്ടുപോകാൻ ഒരു കാരണം. 2005-2007 കാലത്ത് പാർട്ടിസിപ്പേറ്ററി നോട്ടുകളുടെ നിയന്ത്രണത്തിന് അക്കാലത്തെ SEBI ചെയർമാനായിരുന്ന ശ്രീ ദാമോദരൻ ഒരു ഡ്രാഫ്റ്റ് പേപ്പർ കൊണ്ടുവന്നിരുന്നു. അന്നത്തെ ഷെയർ മാർക്കറ്റ് ഒരു ദിവസം 8 ശതമാനം താഴോട്ടുപോയി. എങ്കിലും അതുമായി അദ്ദേഹം മുന്നോട്ടുപോകാനിരുന്നതാണ്. പല കാരണങ്ങൾ കൊണ്ടും നടന്നില്ല . പിന്നീട് ശ്രീ ചിദമ്പരം ആ പ്ലാൻ അപ്പാടെ ഉപേക്ഷിക്കുകയാണ് ഉണ്ടായത്. ഇത് 2007-2008ലായതുകൊണ്ട് അദ്ദേഹത്തിന് തക്കതായ കാരണങ്ങൾ ഉണ്ടായിരുന്നിരിക്കും.

ഇനി എന്താണ് ഈ പാർട്ടിസിപ്പേറ്ററി നോട്ട് എന്ന് നോക്കാം. 1992 ലാണ് ശ്രീ മന്മോഹൻ ആദ്യമായി ഇന്ത്യൻ സ്റ്റോക്ക് മാർക്കെറ്റ് വിദേശ നിക്ഷേപകർക്കായി തുറന്നു കൊടുക്കുന്നത്. അന്ന് പലർക്കും ആകാoക്ഷയായിരുന്നു. വിദേശ മൂലധനം വരും ഇന്ത്യൻ കമ്പനികൾ മുഴുവൻ അവരുടെ കൈകളിലാകും ഇന്ത്യൻ ഇൻഡസ്ട്രി ഇല്ലാതാകും എന്നിങ്ങനെ പല ഫിയർ മോoഗറിങ് അന്ന് നടന്നിരുന്നു. എന്നാൽ ഇന്ത്യൻ ബിസിനസ്സ് അവരുടെ കഴിവ് തെളിയിക്കുകയും ആ അവസരം ഉപയോഗിച്ചു് പിന്നീടുള്ള വർഷങ്ങളിൽ ഇന്ത്യൻ ഇൻഡസ്ട്രി വളരെ വികസിക്കുകയും ചെയ്തു. ആ മന്മോഹൻ സിങ് തീരുമാനത്തിലൂടെ ഇന്ത്യയിലേക്ക് വിദേശ നാണയം വളരെ വന്നു എങ്കിലും വിദേശ നിക്ഷേപകർക്ക് ഇന്ത്യയിലേക്ക് വരാൻ നൂലാമാലകൾ ഉണ്ടായിരുന്നു. സെബി യിൽ രജിസ്റ്റർ ചെയ്ത FII (Foreign Institutional Investor) കൾ മാത്രമാണ് ഇന്ത്യൻ ഷെയർ മാർക്കെറ്റിൽ നിക്ഷേപം നടത്താൻ കഴിയുമായിരുന്നുള്ളൂ. അവർ SEBI യിൽ രജിസ്റ്റർ ചെയ്യുന്നതോടുകൂടി അവർക്ക് പല കടമ്പകൾ ഉണ്ടാകുകയാണ്. ഇന്ത്യയിൽ സ്റ്റാഫ് നിലനിർത്തണം, ഷോപ്സ് ആൻഡ് എസ്ടാബ്ലിനിഷ്‌മെന്റ് പാലിക്കണം അങ്ങനെ അങ്ങനെ. പലരും ഇന്ത്യൻ സ്റ്റോക്ക് മാർക്കെറ്റിലേക്ക് വരാൻ മടിക്കുകയായിരുന്നു. ഇന്നത്തെപോലെ അന്നത്തെ ഇന്ത്യൻ സ്റ്റോക്ക് മാർക്കെറ്റ് അവർക്ക് ആകര്ഷകമായിരുന്നില്ല. അങ്ങനെയാണ് 2000 ത്തിൽ പാർട്ടിസിപ്പേറ്ററി നോട്ട് എന്ന ഇന്ത്യൻ ഇൻവെൻഷൻ ഉണ്ടാകുന്നത്.

പാർട്ടിസിപ്പേറ്ററി നോട്ട് വർക്ക് ചെയ്യുന്ന രീതി ഇങ്ങനെയാണ്. സെബിയുമായി രജിസ്റ്റർ ചെയ്ത, ഇന്ത്യൻ മാർക്കെറ്റിൽ വിക്കലും വാങ്ങലും നടത്താൻ ലൈസെൻസ് കിട്ടിയ, ഒരു എഫ്‌ഐഐക്ക് ഇന്ത്യൻ സ്റ്റോക്ക് മാർക്കെറ്റിൽ നിക്ഷേപങ്ങൾ നടത്താൻ കഴിയുന്നു (ഷെയറുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യാം ). സെബിയിൽ രജിസ്റ്റർ ചെയ്യാതെ തന്നെ ഇന്ത്യയിൽ നിക്ഷേപം നടത്താനാഗ്രഹിക്കുന്ന വ്യക്തികൾ ഈ എഫ്‌ഐഐ കളിലൂടെ പണം മുടക്കുന്നു. വിദേശികൾ, വിദേശ കമ്പനികൾ, (ചിലത് ഷെൽ കമ്പനികളാവാം), അവരുടെ ബാങ്കുകളിലൂടെ ഇത്തരം എഫ്‌ഐഐ ലേക്ക് ഫണ്ട് അയക്കുന്നു. ആ തുകക്കുള്ള ഒരു P-note ( പാർട്ടിസിപ്പേറ്ററി നോട്ട് ) എഫ്‌ഐഐ നിക്ഷേപകർക്ക് കൊടുക്കുന്നു . ആ തുക എഫ്‌ഐഐ ഇന്ത്യൻ മാർക്കെറ്റിൽ നിക്ഷേപിക്കുന്നു. അവർക്ക് കമ്മീഷൻ മാത്രം. ലാഭവും നഷ്ടവും നിക്ഷേപകന്. എല്ലാ മാസവും ഇത്തരം എത്ര തുകകൾ കിട്ടിയെന്ന് എഫ്‌ഐഐ സെബിയെ അറിയിക്കുന്നുണ്ട്. പക്ഷെ ആരുടെ തുകയാണിതെന്ന് എഫ്‌ഐഐ കൾക്ക് സെബിയെ അറിയിക്കേണ്ടതില്ല. ഈ പി-നോട്ടുകൾ, പ്രോമിസറി നോട്ടുകൾ പോലെ, വിദേശത്ത് പരസ്പരം കൈമാറ്റവും നടക്കുന്നുണ്ട്. (endorse and deliver, ഉടമസ്ഥൻ മാറിക്കൊണ്ടിരിക്കുന്നു). ഇന്ത്യൻ ഷെയർ മാർക്കെറ്റിൽ മുതൽ മുടക്കാനാഗ്രഹിക്കുന്ന നിക്ഷേപകന് സെബിയുമായി രജിസ്റ്റർ ചെയ്യണം മുതലായ നൂലാമാലകൾ ഇല്ല. ഇവിടെ പ്രശ്‌നമെന്തെന്നാൽ അജ്ഞതയിൽ ഇരുന്നുകൊണ്ട് ഇന്ത്യൻ ഷെയർ മാർക്കെറ്റിൽ പൊസിഷനുകൾ എടുക്കാൻ അവർക്ക് കഴിയുന്നു. പല ഇന്ത്യൻ ബിസിനസ്സ് കാരും അവർ ഉണ്ടാക്കിയ കള്ളപ്പണം റൗണ്ട് ട്രിപ്പിങ് നടത്തി, വിദേശത്തേക്ക് കടത്തി തിരിച്ചു് ഇത്തരം പി-നോട്ടുകളിലൂടെ ഇന്ത്യൻ ഷെയർ മാർക്കെറ്റിൽ എത്തിക്കുന്നു. എന്തിനാണ് ഷെയർ മാർക്കെറ്റിൽ എത്തിക്കുന്നത്. വിദേശത്ത് ബാങ്കിലിട്ട് വെറുതെ ഇരുന്നാൽ പോരെ. കള്ള പണമാണെങ്കിലും മണി വെറുതെ ഇരുന്നാൽ മെലിയും. അത് സെർക്കുലേറ്റ് കൊണ്ടേയിരിക്കണം. ഇതൊരു കള്ളപ്പണം വെളുപ്പിക്കലിനോടൊപ്പം ടാക്‌സ് കൊടുക്കാതെ രക്ഷപെടലും കൂടിയാകുന്നു. ഇന്ത്യൻ ഏജൻസികൾക്കു ആരുടെ പണമാണ് എത്രയാണ് എന്നൊന്നും കണ്ടുപിടിക്കാൻ പറ്റുന്നില്ല.. മാത്രമല്ല ഇന്ത്യൻ ഷെയർ മാർക്കെറ്റ് മാനിപ്പുലേറ്റ് ചെയ്യാനും എഫ്‌ഐഐ കൾക്ക് കഴിയുന്നു. ഏതുകാര്യത്തിലും അജ്ഞാതമായി, KYC പാലിക്കാതെ, വിനിമയങ്ങൾ നടത്തുന്നത് ഒരു ജനാധിപത്യ സിസ്റ്റത്തിന്, ഏത് സമൂഹത്തിനും, ദൂഷ്യങ്ങൾ ഉണ്ടാക്കും. ഇത്തരം പി നോട്ടുകൾക്കെതിരെ 2007 മുതൽക്കെങ്കിലും പലരും നിരോധന ആവശ്യവുമായി ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. നിരോധന ചർച്ചകൾ നടക്കാറുണ്ട്. ഇതുവരെ ആർക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല ( ശ്രീ ദാമോദരൻ ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ അദ്ദേഹം അത് മാനേജ് ചെയ്‌തേനെ, നിരോധിച്ചേനെ).

ഇവിടെ രണ്ടു പ്രധാന പോയിന്റുകൾ കണക്കിലെടുക്കേണ്ടതുണ്ട്. ഒന്ന് മൗറീഷ്യസിലൂടെ വിദേശ കമ്പനികൾ ഇന്ത്യൻ സ്റ്റോക്ക് മാർക്കെറ്റിൽ നിക്ഷേപിക്കുന്നത് നിയമവിധേയമാണ്. അത് ഇന്ത്യ അനുവദിച്ച ഒരു നിക്ഷേപമാർഗ്ഗമാണ്. പാർട്ടിസിപ്പേറ്ററി നോട്ട് എന്ന ഇൻസ്ട്രുമെന്റുകളിലൂടെയാണ് അവർ ഇന്ത്യൻ കമ്പനി ഷെയറുകളിൽ നിക്ഷേപങ്ങൾ നടത്തുന്നത്. രണ്ട്, പാർട്ടിസിപ്പേറ്ററി നോട്ട് എന്നത് ഒരു ഇന്ത്യൻ ഇൻവെൻഷനാണ്. അമേരിക്കയിലോ പ്രധാന പെട്ട പാശ്ചാത്യരാജ്യങ്ങളിലോ ഇങ്ങനെയൊരു പരിപാടിയില്ല. ഇവിടെ പ്രസ ക്തമായ കാര്യം ഈ ഹിൻഡൻബെർഗ്, നേരത്തെ വേറെ ചിലരും, ഇതൊരു ഇല്ലീഗൽ നിക്ഷേപ മാർഗ്ഗ മായിട്ടാണ് കാണുന്നത്, വായിക്കുന്നത്. അതിനെയാവാം അവർ അദാനി ഷെൽ കമ്പനികളിലൂടെ ഇന്ത്യയിൽ നിക്ഷേപം നടത്തിയെന്ന് പറയുന്നത്. മൗറീഷ്യസിലൂടെ അദാനിയിൽ നിക്ഷേപം നടത്താൻ ഉദ്ദേശിക്കുന്ന കമ്പനി അവരുടെ 97 ശതമാനവും അദാനിയിൽ നിക്ഷേപിച്ചു എന്ന് പറയുന്നതിൽ എന്തുകാര്യം . അവർ പോപ്പ് കോൺ കമ്പനിയിൽ നിക്ഷേപിക്കണമായിരുന്നോ. ഇവിടെ കാര്യങ്ങൽ ഇല്ലീഗൽ ആകണമെങ്കിൽ ആ മൗറീഷ്യസിലെ കമ്പനിയിലേക്ക് ഫണ്ടുകൾ എങ്ങനെ വന്നു എന്നതിലാണ്. അത് ശ്രീ അദാനി ആണ് ഫണ്ട് ചെയ്തിരുന്നെങ്കിൽ മാത്രമാണ് അദാനി ആരോപണ വിധേയനാകേണ്ട കാര്യമുള്ളൂ. ഇപ്പോൾ, തെളിവുകൾ വരാത്തിടത്തോളം, അങ്ങനെ പറയുന്നത് ഒരു കോൺസ്പിറസി തിയറി മാത്രമാണ്. അദാനിയുടെ ഏതോ വല്യച്ഛന്റെ നാത്തൂന്റെ ചെറിയച്ഛന്റെ മകൻ അതിൽ നിക്ഷേപിച്ചിരിക്കുന്നു എന്നത് ഇല്ലീഗൽ ആകുന്നില്ല. അവർ തമ്മിൽ പരസ്പരം ഫണ്ട് ട്രാൻസ്ഫർ നടന്നിട്ടുണ്ടെങ്കിൽ മാത്രമാണ് അത് ഇല്ലീഗൽ ആകുന്നത്. അതിൽ ഒരു അദാനി, Vinod Shantilal Adani, സ്വന്തം നിലക്ക് തന്നെ, ഗൗതം അദാനി വിജയിക്കുന്നതിനുമുമ്പ് തന്നെ വലിയ ബിസിനസ്സ് കാരനാണ്. ഷെയർ മാർക്കെറ്റിൽ നിക്ഷേപിക്കാൻ മോറൽ സർട്ടിഫിക്കറ്റ് ഒരു രാജ്യത്തും ആവശ്യപ്പെടാറില്ല. ഇനി, അദാനിയിലേക്ക് വന്നിരിക്കാവുന്നതടക്കം, എല്ലാ ഇന്ത്യൻ കമ്പനികളിലേക്കും കൂടി ഇന്ത്യയിലേക്ക് വന്നിരിക്കുന്ന പി നോട്ടുകളുടെ ആകെത്തുക 90000 കോടി മാത്രമാണെത് വേറൊരു പോയിന്റ്. ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് ക്യാപിറ്റലൈസേഷൻ USD 3.2 ട്രില്യൺ ആണെന്ന് ഇവിടെ ഓർക്കണം. അദാനി ഗ്രൂപ്പ് മാത്രമെടുത്താൽ പോലും അവരുടെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ മാത്രം 19 .20 ട്രില്യൺ (Jan 23 ) ഉണ്ടായിരുന്നു എന്നും ചേർത്ത് ചിന്തിക്കുക.

ഇന്ത്യൻ ബാങ്കിങ് സെക്ടർ അവതാളത്തിൽ ആകാൻ പോകുന്നു എന്ന രീതിയിലുള്ള പറച്ചിൽ ബാലിശമാണ്. ഇന്ത്യൻ ബാങ്കുകളാരും അദാനി ഗ്രൂപ്പ് ഷെയർ വാങ്ങിവെച്ചവരല്ല. ഇന്ത്യൻ ബാങ്കുകൾ ലോണുകൾ കൊടുക്കുന്നത് ഷെയർ വിലക്ക് മുകളിലല്ല. അത് പ്രോജക്ട് വയബിലിറ്റി വിലയിരുത്തിയിട്ടാണ്. ഷെയറുകൾ കൊളാറ്ററൽ മാത്രമായി മാത്രമേ എടുക്കാറുള്ളു. അതിനൊക്കെ കഴിവുള്ള മാനേജേരിയൽ എക്‌സ്‌പെർട്ടൈസ് ഇന്ത്യൻ ബാങ്കുകൾക്കുണ്ട്. ബാങ്കുകളിൽ അദാനി ഷെയറുകൾ കൊളാറ്ററൽ ആയി കൊടുത്തിട്ടുണ്ടല്ലോ അതിന്റെ വില ഇടിഞ്ഞില്ലേ എന്നാണെങ്കിൽ, അദാനി പ്രോജക്ട്കൾ മിക്കവയും കംപ്ലീറ്റ് ആയവയാണ്. അവ സ്വയം ക്യാഷ് ഫ്‌ളോ നടത്തുന്ന കമ്പനികളാണ്. ഇനിയെന്തിനു കൊളാറ്ററൽ. ആ പ്രോജെക്റ്റുകൾ തന്നെ അസ്സറ്റുകളായി കഴിഞ്ഞു. അംബുജ സിമന്റ് ACC സിമെന്റ് എന്നീ രണ്ട് കമ്പനികൾ കൈ ഒഴിഞ്ഞാൽ മാത്രം, വാദത്തിനുവേണ്ടി പറഞ്ഞാൽ, അദാനിക്ക് മുഴുവൻ ബാധ്യതകളും സെറ്റിൽ ചെയ്യാവുന്നതേയുള്ളൂ. കഴിഞ്ഞ ദിവസങ്ങളിലെ അദാനി ഗ്രൂപ്പ് ഷെയറുകളിലെ വൻ പതനത്തിനുശേഷവും അംബുജ സിമെന്റ് മാർക്കെറ്റ് ക്യാപിറ്റലൈസേഷൻ 742 ബില്യൺ ആണ് . ACC യുടേത് 360 ബില്യണും (03/ 02 /2023). ഇവയിൽ അദാനിക്ക് 70 ശതമാനത്തിലധികം ഓഹരികളുണ്ട്. പോരാതെ ലോകത്തെ ഏറ്റവും വലിയ കൽക്കരി ഉത്പാദന വിതരണക്കാരൻ അദാനിയാണ്.

ഏകദേശം പത്തു വർഷത്തോളം ലോകത്തെ വിവിധ ഏജെന്‌സികളോട് പടപൊരുതിയാണ് ഇത് നേടിയത്. ലോണെടുത്തിട്ടുങ്കിൽ അതുകൊണ്ട് ആസ്‌ട്രേലിയയിലെ കൽക്കരി പാഠങ്ങൾ വാങ്ങികൂട്ടിയിട്ടുണ്ട്. അവയുടെ ഉത്പാദന വിതരണത്തിനായി സ്വന്തമായി റെയിൽവേ ലൈനും കപ്പലുകളും വിദേശ പോർട്ടുകളും അദാനിക്കായി ഉണ്ട്. ലോക കൽക്കരി വിതരണത്തിന്റെ ഏകദേശ മൊണോപൊളി അദാനിയുടെ കൈവശമാണ്. ഇവയുടെ 73 ശതമാനം ഷെയറും അംബാനിയുടെ സ്വന്തം കൈവശമാണ്. ഇവയൊക്കെ വളരെ ക്യാഷ് ഫ്‌ളോ ഉണ്ടാക്കുന്ന കമ്പനികളാണ്. സിമെൻട് കമ്പനികളാണെങ്കിൽ ലോകത്തെ ഏറ്റവും നല്ല സിമന്റ് കമ്പനി കളാണ് അംബുജ സിമെൻഡും ,ACC യും. ഈ കമ്പനികൾക്ക് കയറ്റുമതി പോലും ആശ്രയിക്കേണ്ടതില്ല. ഇന്ത്യ എന്ന കൺസ്ട്രക്ഷൻ മേഖല നാൾക്കുനാൾ മുന്നോട്ടുപോകുന്ന ഒരു എക്കണോമിയിൽ ഈ കമ്പനികൾ മാത്രം മതി അദാനിയുടെ ബാധ്യതകൾ ഇല്ലാതാകാൻ. അദ്ദേഹത്തിന്റെ കടബാധ്യതകൾ മിക്കവയും ബോണ്ട് കളിലൂടെയുള്ള വിദേശ കടങ്ങളാണ്. അതൊന്നും അടുത്തകാലത്തൊന്നും സെറ്റിൽ ചെയ്യേണ്ട കാര്യമില്ല. പല ബോണ്ടുകളും മെച്വർ ആകുന്നതു 2030 ലാണ്. ചിലവ 2040 ലും. ഇന്ത്യൻ ബാങ്കിങ് വർക്ക് ചെയ്യുന്ന രീതി, വളരെ സുദൃഢമാണ് സാറന്മാരെ. ഇന്ത്യയിൽ, RBI ബാങ്കിൽ നിന്ന് സ്റ്റോക്ക് മാർക്കെറ്റിലേക്കു മണി ഒഴുകുന്നത് തടഞ്ഞിട്ടുണ്ട്. കാലങ്ങളായി നിരന്തരം നിരീക്ഷിക്കുന്നുണ്ട് . ഏതെങ്കിലും ഒരു അദാനി പൊളിഞ്ഞാലൊന്നും നിങ്ങളുടെ ബാങ്കിങ്‌ലെ ഡെപോസിറ്റിനെ ബാധിക്കാനൊന്നും പോകുന്നില്ല. അതുകൊണ്ട് ഇന്ത്യൻ ബാങ്കിങ് മേഖല അവതാളത്തിലാകും എന്ന രീതിയിലുള്ള പറച്ചിൽ കുപ്പുവച്ചൻ പറച്ചിലാണ്. ഒരു 'ഓട്ടോ ചേട്ടൻ' പറച്ചിലാണ്.

ചില മാധ്യമ വീരന്മാർക്ക് എപ്പോഴും പറയാണിഷ്ടം ലോക അതി സമ്പന്നരുടെ പട്ടിക അദാനിക്ക് നഷ്ട പെട്ടു എന്ന സന്തോഷമാണ്/വേവലാതിയാണ് . ലോക അതി സമ്പന്നരുടെ ലിസ്റ്റ് അതിൽ ഉൾപ്പെട്ടവർക്ക് വലിയ താല്പര്യമില്ലാത്ത കാര്യമാണെന്ന് ആദ്യം അറിയുക. അവരതിനെ ഒരു അമ്യൂസ്ഡ് ചിരിയോടെയാണ് കാണുന്നത്. (ഇക്കാര്യം ചർച്ചയിൽ വരുമ്പോൾ അവരിൽ ചിലരുടെ ഇന്റർവ്യൂ കാണുക ചിരി കാണുക ). അവർ അവരുടെ കമ്പനിയുടെ മൂല്യം, വിശ്വാസ്യത, ഗുഡ് വിൽ, ഉൽപാദനം എന്നിവ നിലനിർത്താൻ ശ്രമിക്കുന്നു. അവർക്കറിയാം മാർക്കെറ്റിൽ വിശ്വാസ്യതക്കാണ് കാര്യം. ബാക്കിയൊക്കെ തന്നെ വന്നോളും. ഇന്ത്യയിലെ ബിഗ് ഗൺസിലാരും ലോകത്തെ സമ്പന്നരുടെ ലിസ്റ്റിൽ പേരുവരാനായി ലക്ഷ്യം വെച്ച് ബിസിനസ്സ് ശ്രമിക്കുന്നവരല്ല. കോടികൾ' എന്നൊക്കെ വായിച്ചു് അസൂയ പെടുന്നവർക്കായുള്ള ഒരു സെൻസേഷണൽ ന്യൂസ് ഐറ്റം മാത്രമാണ് ഈ സമ്പന്നരുടെ ലിസ്റ്റ്. ഷെയർ മാർക്കെറ്റ് വിലയല്ല അവരുടെ അസ്സെറ്റ്. അവരുടെ അസ്സെറ്റ് അവരുടെ കമ്പനി ബാലൻസ് ഷീറ്റ് ആണ്. ബാക്കിയൊക്കെ തന്നെ വന്നോളും.

പിന്നെ ചില മഹാന്മാരുടെ കണ്ടു പിടുത്തം അദാനിയുടെ പേര് ഇന്ത്യയിലെ ടാക്‌സ് അടക്കുന്നവരുടെ ലിസ്റ്റിൽ കാണുന്നില്ലാലോ എന്നാണു. സുഹൃത്തേ അദാനിയുടെ ബിസിനസ്സ് ഇൻഫ്രാസ്ട്രക്ച്ചർ മേഖലയിലാണ്. വിഴിഞ്ഞം പോർട്ടിൽ കരിങ്കല്ല് കൊണ്ടിടുമ്പോൾ എവിടെയാണ് ടാക്‌സ് വരുന്നത്. അവിടെ ഉണ്ടാക്കപ്പെടുന്ന തൊഴിൽ അവസരങ്ങളെ വിലയിരുത്തുക. മാത്രമല്ല ഈ തൊഴിൽ പതിറ്റാണ്ടുകളോളം ജെനെറേഷനുകളോളം നിലനിൽക്കാൻ പോകുന്നവയാണ്. ബയാസ് കൾകൊണ്ടു അന്ധരാകരുത്.

വേറൊരു ആരോപണം അദാനി ഗ്രൂപ്പ് ഷെയർ വില ശര വേഗത്തിൽ മുന്നോട്ട് പോകുന്നു എന്നതാണ്. അതിലെന്തോ ഉണ്ട് ! ഇവിടെ കുറച്ചു ഡാറ്റകൾ തരാം. നിങ്ങളുടെ പറച്ചിലൊക്കെ ബായാ സ് ഡ് ആയിരുന്നുവോ എന്ന് നിങ്ങൾ സ്വയം വിലയിരുത്തുക. നിങ്ങളുടെ അണ്ടർ ഗാർമെന്റ്, ജെട്ടി, ഉണ്ടാക്കി വിൽക്കുന്ന Jockey യുടെ ഷെയർ വില 39000 രൂപയാണ്. ഇന്റർനെറ്റ്‌ലൂടെ ഡിജിറ്റൽ ബാങ്കിങ് സൗകര്യം ഒരുക്കുന്ന Paytm ഷെയർ ഇറക്കിയത് 2100 രൂപക്കാണ്. മസാല ദോശ ഡെലിവറി നടത്തുന്ന zomato യുടെ മാർക്കറ്റ് കാപിറ്റലൈസേഷൻ ഒരു ട്രില്യൺ ആയിരുന്നു. (The sharp decline in the stock price dragged its market capitalisation (m-cap) to below the Rs 1-trillion mark to Rs 89,537 crore on Friday) . പക്ഷെ നിങ്ങൾ പറയുന്നു ലോകത്തെ ഏറ്റവും വലിയ കൽക്കരി ഖനി ഉടമ അദാനിയുടെ ഷെയർ വില 3100 രൂപ വളരെ കൂടുതലാണെന്ന്. ലോകത്തെ സിമെന്റ് ഉത്പാദന മേഖലയിലെ ഏറ്റവും വലിയ കമ്പനികളിൽ പെടുന്നവയാണ് അംബുജ സിമെന്റ്o, ACC സിമെന്റ്o. ഇന്ത്യയിലെ സിമെന്റ് ഉൽപാദനത്തിന്റെ ഏറിയ പങ്കും അദാനിയുടെ കൈവശമാണ്. പക്ഷെ നിങ്ങൾ പറയുന്നു അദാനി കമ്പനികളുടെ ഷെയർ വില ശരവേഗത്തിലാണ് മുന്നോട്ടു കയറിയത്. സുഹൃത്തേ Mar 2020 ൽ Sensex 30000 ത്തിൽ താഴെ ആയിരുന്നു. ഇന്നത് 60000 ത്തിനടുത്താണ്. അതായത് അദാനി അടുപ്പിൻ ചോട്ടിൽ കിടന്നുറങ്ങിയിരുന്നു എങ്കിൽ പോലും അദ്ദേഹത്തിന്റെ കമ്പനികളുടെ വില ഇരട്ടി ആകുമായിരുന്നു. അദാനിയുടെ ഷെയറുകളുടെ വില ഇങ്ങനെ കുതിച്ചു പൊങ്ങാൻ കാരണം അദാനി ഗ്രൂപ്പ് കളുടെ ഫ്ളോട്ടിങ് ഷെയറുകൾ വളരെ കുറവാണ് എന്നതാണ് ഒരു പ്രധാന കാരണം.

ആകെ ഷെയറുകളുടെ 73 ശതമാനവും അദാനിയുടെ കൈവശമാണ്. ബാക്കിയുള്ള 27 ശതമാനത്തിൽ മ്യൂച്വൽ ഫണ്ടുകളും LIC മുതലായ സ്ഥാപനങ്ങളും ഹൈ നെറ്റ് വേർത്ത് ഇന്ഡിവിജ്വൽസ് സും വാങ്ങി സൂക്ഷിച്ചുവെച്ചിരിക്കുന്നു. ഇതൊക്കെ കഴിഞ്ഞാൽ വളരെ കുറവ് ഫ്ളോട്ടിങ് സ്റ്റോക്കുകൾ മാത്രമേ മാർക്കെറ്റിൽ എത്തുന്നുള്ളു. എപ്പോഴും ഇത്തരം കമ്പനികളുടെ ഷെയറുകൾ പെട്ടന്ന് തന്നെ മുകളിലേക്ക് മുകളിലേക്ക് പോകും. ഓരോ ത്രൈമാസിക റിസൾട്ട് വന്നു കഴിയുമ്പോഴും ഷെയർ വില മുകളിലേക്ക് പോകുന്നു. 75 ശതമാനത്തിനടുത്ത് ഷെയറുകൾ പ്രൊമോട്ടർ കൈവശം വെച്ചിരിക്കുന്നത് അദാനി ഗ്രൂപ്പ് മാത്രമൊന്നുമല്ല. റെപ്യൂട്ടഡ് കമ്പനികളുടെ പേര് വലിച്ചിഴക്കാൻ ആഗ്രഹമില്ലാത്തതുകൊണ്ട് ഇവിടെ പറയുന്നില്ല. നിങ്ങൾ ഒന്ന് സെർച്ച് ചെയ്യുക. ഇവിടെ അദാനിയുടെ പ്രശ്‌നവും ഫ്ളോട്ടിങ് ഷെയറുകൾ കുറവാണ് എന്നുള്ളതാണ്. അത്തരം കമ്പനികളെ ഇതുപോലുള്ള ക്രൂക്‌സ് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. ഫ്ളോട്ടിങ് ഷെയറുകൾ കുറവാകുമ്പോൽ അവർക്ക് മാർക്കെറ്റ് മാനിപുലേറ്റ് ചെയ്യൽ എളുപ്പമാകുന്നു. സത്യത്തിൽ എനിക്ക് തോന്നുന്നത് ഹിൻഡൻബെർഗ് കാരൻ ഈ വൾനെറബിലിറ്റി, ഫ്ളോട്ടിങ് ഷെയറുകൾ കുറവാണ് എന്ന വൾനെറബിലിറ്റി, ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. '88' ചോദ്യങ്ങൾ എന്നതൊക്കെ ഒരടവ് മാത്രം. മാർക്കെറ്റ് ദുരുപയോഗം/മാനിപുലേറ്റ് ചെയ്താൽ അമേരിക്കയിൽ ജയിലിൽ പോകും. അതിനുള്ള ഒരു മുൻകൂർ ജാമ്യമാകാം ഈ ചോദ്യങ്ങൾ. നേരത്തെ പറഞ്ഞതുപോലെ 88 അല്ല ഒരു ചാർട്ടേർഡ് അക്കൗണ്ടന്റിന് വേണമെങ്കിൽ ഒരു 150 ചോദ്യങ്ങൾ ചോദിക്കാൻ കഴിയും. ഇന്ത്യക്കാരെ മണ്ടൻ മാരാക്കികൊണ്ട് ഒരു Nathan Anderson ബില്യൺസ് പോക്കെറ്റിലാക്കി. പക്ഷെ എന്ത് ചെയ്യാം Nathan Anderson ന്റേതാണ് മലയാളി വിദഗ്ധൻ മാർക്ക് ആപ്തവാക്യം.

ഇപ്പോൾ കാണുന്ന ഷെയർ മാർക്കെറ്റ് പതനമാണെങ്കിൽ അത് ഹേർഡ് മെന്റാലിറ്റി കൊണ്ടാണ്. അല്ലാതെ ഹിൻഡൻബെർഗ് കാരന്റെ വെളിപ്പെടുത്തലിന്റെതു കൊണ്ട് മാത്രമല്ല. വിദേശ മാർക്കെറ്റ് ശക്തികൾ ഒരു പക്ഷെ കൂട്ടം ചേർന്ന് പ്രവർത്തിച്ചിരിക്കാം. അവസാനം കാര്യങ്ങൾ തീരുമാനിക്കപ്പെടാൻ പോകുന്നത് അദാനി ഗ്രൂപ്പ് ന്റെ പ്രോജക്ടുകളുടെ ബലത്തിലും ആ കമ്പനികൾ ഉണ്ടാക്കുന്ന ലാഭത്തിന്റെ തോതിന്റെ അടിസ്ഥാനത്തിലുമായിരിക്കും. ഇന്ത്യൻ ഷെയർ മാർക്കെറ്റ് വിദേശ മാർക്കെറ്റ് ശക്തികളുടെ വരുതിയിൽ നിന്ന് വെളിയിൽ വന്നിട്ട് കാലങ്ങളായി. 10 കോടി ഡി-മാറ്റ് അക്കൗണ്ടുകളാണ് ഒരു വർഷം ഇന്ത്യയിൽ ഓപ്പൻ ചെയ്യപ്പെട്ടിരിക്കുന്നത്. ഓരോ മാസവും ഇന്ത്യൻ മ്യൂച്വൽ ഫണ്ട് മാർക്കെട്ടിലേക്ക് ഒഴുകുന്ന തുക 14000 കോടിയാണ്. According to AMFI data, inflows in the overall mutual funds market stood at ?14,046.98 crore in October 2022. Meanwhile, Net assets under management (AUM) came in at around ?39,50,323.28 crore as of October 31, 2022. ആത്യന്തികമായി ഇന്ത്യൻ നിക്ഷേപകരുടെ ഇന്ത്യൻ ഷെയർ മാർക്കെറ്റ് ശക്തിയാണ് ഇവിടെ നിലനിൽക്കാൻ പോകുന്നത്. വിദേശ മാർക്കെറ്റ് ശക്തികളുടെ ഇന്ത്യൻ മാർക്കെറ്റ് ഗെയിമിങ് ഒരു പഴയ കഥയാണ്. ആ അവസ്ഥയിൽ നിന്ന് ഇന്ത്യ ഒരു പാട് കാതം വളർന്നിരിക്കുന്നു. എന്നാലും കുറെ സമയവും സമ്പത്തും നഷ്ടപ്പെട്ടു. അദാനിക്ക് ഇനി കുറെ മാസങ്ങളും ചിലപ്പോൾ വർഷങ്ങളും എടുത്താലേ പഴയ അദാനി ഗ്രൂപ്പ് ആകാൻ കഴിയുകയുള്ളു.

ചിലരുടെ ഭീതിപരത്തൽ, ക്രെഡിറ്റ് സൂയിസ് , സിറ്റി ബാങ്ക് എന്നിവ അദാനി കമ്പനികളുടെ ഷെയറുകൾ കൊളാറ്ററലായി ഇനി എടുക്കില്ല എന്ന് 'പ്രഖ്യാപിച്ചു' എന്നതാണ്. സൊ വാട്ട് ? പ്രായോഗികമായി അതിനർത്ഥം ഇപ്പോൾ ഇത്രയേ ഉള്ളു . മുകളിൽ വിശദീകരിച്ച പി നോട്ടുകൾ വാങ്ങിക്കാൻ പോകുന്നവർക്ക് ഈ വഴിയുള്ള ഫണ്ട് ലഭ്യമല്ല എന്ന് മാത്രം. അദാനി ഗ്രൂപ്പിനെ അത് ബാധിക്കുന്നില്ല. ഒരു ക്രെഡിറ്റ് സൂയിസ് മുടക്കിയാൽ ഇപ്പുറത്തൊരു ബാങ്ക് ഓഫ് ടോക്കിയോ മിത്‌സുബിഷി ഉണ്ടാകും. ഇനി ചിലർക്ക് RBI SEBI ഇവരൊക്കെ അദാനി ഗ്രൂപ്പിനുള്ള 'ബാങ്കിങ് സിസ്റ്റം എക്‌സ്‌പോഷർ' എന്തുകൊണ്ട് അന്വേഷിക്കുന്നില്ല എന്നതാണ്. അവർ ഇതുവരെ അതൊന്നും പരിശോധിച്ചിട്ടില്ല എന്നൊന്നും അതിനര്ഥമില്ല. പ്രത്യേകിച്ച് അദാനി ഗ്രൂപ്പ്‌നെ പോലെ ഇത്രയും റെഗുലേറ്ററുകൾ നിയന്ത്രിക്കുന്ന കമ്പനികൾ വേറെ ഉണ്ടോ എന്നതാണ്. RBI, SEBI, എന്നിവക്ക് പുറമെ എയർ പോർട്‌സ് അഥോറിറ്റിയുടെ നിയന്ത്രണങ്ങൾക്ക് വിധേയമായി ആണ് അദാനിക്ക് പ്രവർത്തിക്കേണ്ടത്, പോർട്‌സ് അഥോറിറ്റി യുടെ നിയന്ത്രണങ്ങൾക്ക് വിധേയമായി ആണ് അദാനിക്ക് പ്രവർത്തിക്കേണ്ടത്, കൽക്കരി റെഗുലേഷന് വിധേയമാണ് അദാനിക്ക് പ്രവർത്തിക്കേണ്ടത്, പലതരം ഓഡിറ്റിങ് ഉണ്ട്, ഇന്ന് ഇന്ത്യയുടെ സുപ്രീം കോടതിയിലെ ഏറ്റവും കൂടുതൽ കേസുകൾക്ക് വിധേയനായ, കേസുകൾ നടന്നു കൊണ്ടിരിക്കുന്നത് ഗവണ്മെന്റ് ഓഫ് ഇന്ത്യ കഴിഞ്ഞാൽ, അദാനി ആണെന്ന് മുൻ സോളിസിറ്റർ ജനറൽ മുഗൾ രസ്‌തോഗി പറയുന്നു. അദാനിയുമായി ബന്ധപ്പെട്ട നൂറിലധികം കേസുകളാണത്രെ സുപ്രീം കോടതിയിൽ ഇപ്പോൾ നടക്കുന്നത്. ഇവിടെയൊന്നും വെളിവാകാത്തതാണ് ഹിൻഡൻബെർഗ് കാരൻ കൊണ്ടുവന്നിരിക്കുന്നത്. നിങ്ങളുടെ മുന്നിലുള്ള ചോദ്യം ഷെയർ മാർക്കെറ്റിൽ പണമുണ്ടാക്കാനിറങ്ങിയ ഏതോ അമേരിക്കക്കാരനെ വിശ്വസിക്കണമോ അതോ ഇന്ത്യൻ നിയമങ്ങൾ പാലിച്ചു് ഇന്ത്യയിൽ സിറ്റിസൺഷിപ് നിലനിർത്തികൊണ്ട് ജീവിക്കുന്ന അദാനിയുടെ കൂടെ നിൽക്കണോ എന്നതാണ്. മുൻകാലങ്ങളിൽ ഇന്ത്യയിൽ നിന്ന് ബിസിനസ്സ് ചെയ്ത് വികസിച്ചപ്പോൾ ലണ്ടനിലൊക്കെ പോയി ബിസിനസ് നടത്തുന്നവരെ ഓർക്കുക.

അദാനിയും മോദി ഭരണകൂടവുമായി എന്തോ ഉണ്ട് ! ഇന്ത്യയിൽ ഒരു ബിസിനസ്സ് എമ്പയറിനും അധികാരത്തിലുള്ള ഭരണകൂടവുമായി ചങ്ങാത്തത്തിലാകാതെ, ഒരു പക്ഷെ ആർക്കും, മുന്നോട്ടുപോകാൻ കഴിയില്ല. ഇന്നത് മോദിയാണെങ്കിൽ നാളെ കൊണ്‌ഗ്രെസ്സ് ആയിരിക്കും. അമേരിക്കയിൽ എലോൺ മസ്‌കിനെ പോലെ ഭരണകൂടത്തെ അവഗണിച്ചുകൊണ്ടൊന്നും ഇവിടെ ഒരു ബിസിനസ്സ്‌ന് മുന്നോട്ടു പോകാനാവില്ല. ഇന്ത്യക്ക് വെളിയിൽ ശ്രീ അദാനി കൈക്കലാക്കിയ തുറമുഖങ്ങളുടെ ലിസ്റ്റ് നോക്കുക.
1 ) A consortium led by India's Adani Group has completed the purchase of Haifa Port in northern Israel
2 )APSEZ is building a large container terminal in Yangon on land leased from the MEC..Myanmar
3 ) As per the 35 year-long BOT agreement, the Adani Group will have majority, 51%, stakes, ... to jointly develop the Colombo West International Container Terminal (CWICT) at the strategically advantaged Colombo Port, located amidst one of the busiest shipping routes in the world. (The Hindu ).
4 ) India's Adani buys Australian port operator from Glencore (Reuters ..2016 )
ഇതൊന്നും ഇന്ത്യൻ ഭരണകൂടങ്ങളുടെ സൗകര്യപ്പെടുത്തൽ ഇല്ലാതെ നടക്കുന്നവയല്ല സാറന്മാരെ. ഇതൊന്നും ഒരു പക്ഷെ നിങ്ങൾ വിളിക്കുന്ന ഷെൽ കമ്പനികൾ ഇല്ലാതെയും നടക്കില്ല. Myanmar ലൊക്കെ നിങ്ങൾ ആക്ഷേപിക്കുന്ന ഷെൽ കമ്പനികളില്ലാതെ പ്രവർത്തിക്കാൻ ഒക്കുമെന്നാണോ. ഏതെങ്കിലും ഒരു ഹിൻഡൻബെർഗ് നെ നിങ്ങളുടെ ഗുരുവായി കൊണ്ടുനടക്കുന്നതിന് മുൻപ് കാര്യങ്ങൾ സ്വയം അതിന്റെ പരപ്പിൽ മനസ്സിലാക്കുക.

മലയാളി സാമ്പത്തിക വിദഗ്ദ്ധർ ഇപ്പോൾ ചെയ്യുന്നത്, 'അദാനി എന്ന ടൈംബോംബ് പൊട്ടൻ പോകുന്നു' എന്നിങ്ങനെയുള്ള അവരുടെ 'വിദഗ്ധ' നിരീക്ഷണങ്ങളിലൂടെ ചെയ്യുന്നത്, 'ഓട്ടോ ചേട്ടന്മാരെ' സൃഷ്ടിക്കലാണ്. ചിലർ ഓട്ടോ ചേട്ടന്മാരുടെ തലത്തിലുള്ള അഭിപ്രായങ്ങൾ സംസാരിക്കുകയും ചെയ്യുന്നു. പലർക്കും Nathan Anderson ആണ് അവരുടെ പുതിയ വിശ്വസ്ഥ ഗുരു. പക്ഷെ ഇന്ത്യൻ കാപിറ്റൽ മാർക്കെറ്റ് വൈകാതെ അവരെ ഓടയിലേക്ക് തട്ടിയിടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP