Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വാഗ്ദത്ത ഭൂമി തേടുന്നവർ..! മുനമ്പം മനുഷ്യക്കടത്തിന്റെ പശ്ചാത്തലത്തിൽ മുരളി തുമ്മാരകുടി എഴുതുന്നു

വാഗ്ദത്ത ഭൂമി തേടുന്നവർ..! മുനമ്പം മനുഷ്യക്കടത്തിന്റെ പശ്ചാത്തലത്തിൽ മുരളി തുമ്മാരകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

പുതുവർഷത്തിൽ നാട്ടിൽനിന്ന് തിരിച്ചുവന്നതിൽപ്പിന്നെ നിന്നുതിരിയാൻ സമയം കിട്ടിയിട്ടില്ല. 2019 അല്പം റിലാക്‌സേഷനുള്ള വർഷമാകുമെന്ന് പ്രതീക്ഷിച്ചു. പക്ഷെ കണ്ടിടത്തോളം അങ്ങനെയല്ല കാര്യങ്ങളുടെ പോക്ക്. അതിനാലാണ് പോസ്റ്റുകളുടെ എണ്ണം കുറഞ്ഞത്. ക്ഷമിക്കുമല്ലോ.

മുനമ്പത്തു നിന്ന് ഒരു ബോട്ട് നിറയെ ആളുകൾ (ശ്രീലങ്കക്കാർ?) കടൽ വഴി ന്യൂസിലാൻഡിലേക്ക് (?) കടന്നു എന്ന വാർത്ത വായിച്ചു. 1970 കളിൽ 'കാലിഫോർണിയക്കുള്ള' 'ഗഫൂർ കാ ദോസ്തുമാരുടെ' ഉരുവിൽ കയറി ഗൾഫിൽ പോകുന്നത് കേരളത്തിൽ നാട്ടുനടപ്പായിരുന്നെങ്കിലും ഇക്കാലത്ത് പാസ്പ്പോർട്ടും വിസയും ഇല്ലാതെ കടൽ കടക്കാൻ മലയാളികൾ ശ്രമിക്കുന്നത് അത്ര സാധാരണമല്ല. മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത ഒരു പരിപാടിയാണിത്.

ലോകത്ത് പലയിടങ്ങളിലും വർഷാവർഷം ദശലക്ഷക്കണക്കിന് ആളുകളെ പണം വാങ്ങി നിയമവിരുദ്ധമായി അതിർത്തി കടത്തിവിടുന്ന സംഘങ്ങളുണ്ട്. മനുഷ്യ കള്ളക്കടത്ത് (human smuggling) എന്നാണ് ഇതിന്റെ പേര്. അതിർത്തി കടക്കുന്നവരും അതിർത്തി കടക്കാൻ സഹായിക്കുന്നവരും തമ്മിലുള്ള ഒരു ഒത്തുകളിയാണ് ഇത്. അതിർത്തി കടന്നുകഴിഞ്ഞാൽ പിന്നെ ഇവർ തമ്മിൽ ബന്ധമില്ല. നമ്മൾ കൂടുതൽ കേൾക്കുന്നത് 'മനുഷ്യക്കടത്തിനെ' (human traficking) പറ്റിയാണ്. അത്തരം സാഹചര്യത്തിൽ ഇരയെ ഏതെങ്കിലും തരത്തിൽ വഞ്ചിച്ച് അതിർത്തി കടത്തുകയും അതിനു ശേഷം അവരെ ലൈംഗികവ്യവസായത്തിനോ മറ്റോ ഉപയോഗിക്കുകയുമാണ് പതിവ്. ഈ രണ്ടുതരം കടത്തിന്റെയും നടുക്ക് ക്രിമിനൽ സംഘങ്ങൾ ഉണ്ട്, ചിലപ്പോൾ അവർ ഒറ്റ സംഘം ആയിരിക്കാം. നാട് കടത്തപ്പെടുന്നവരുടെ സമ്മതം എന്നോരു പ്രധാന വ്യത്യാസം ഇവ തമ്മിൽ ഉണ്ട്. എനിക്ക് മനസ്സിലായിടത്തോളം മുനന്പത്ത് നടന്നു എന്ന് പറയുന്നത് മനുഷ്യ കള്ളക്കടത്താണ്. അതിനെപ്പറ്റി കുറച്ചു വിവരങ്ങൾ പറയാം.

മതിലുകളുടെ ലോകം: ലോകത്ത് ഏകദേശം ഇരുനൂറോളം രാജ്യങ്ങളുണ്ട്. യു എൻ അംഗരാജ്യങ്ങൾ തന്നെയുണ്ട് 193. ഇതിൽ ഒരു രാജ്യത്ത് നിന്നും മറ്റൊന്നിലേക്ക് ഏതാവശ്യത്തിനും സഞ്ചരിക്കുന്നതിന് ചില നിയന്ത്രണങ്ങളും നിബന്ധനകളുമുണ്ട്. വിനോദത്തിനായി പോകാനാണ് ഏറ്റവും എളുപ്പം. വിദ്യാഭ്യാസത്തിനോ ആരോഗ്യ പരിപാലനത്തിനോ ബന്ധുജന സന്ദർശനത്തിനോ ഒക്കെ പോകുന്നത് കൂടുതൽ ബുദ്ധിമുട്ടാണ്. അതേസമയം മറ്റൊരു രാജ്യത്തു പോയി തൊഴിൽ നേടുന്നതിനും സ്ഥിരതാമസമാക്കുന്നതിനും ഇപ്പോൾ ഏറെ കടന്പകളുണ്ട്.

ലോക വ്യാപാര സംഘടന നിലവിൽ വന്ന് വസ്തുക്കളുടെയും സേവനങ്ങളുടെയും അന്താരാഷ്ട്ര വിനിമയം എളുപ്പമായിരിക്കുന്ന ലോകത്തും തൊഴിൽ തേടിയുള്ള അതിർത്തി കടക്കൽ എളുപ്പമല്ല. ലോകരാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രത്തിലെ ഒരു വലിയ കീറാമുട്ടിയാണ് ഈ വിഷയം. അമേരിക്കയിൽ സർക്കാർ പൂട്ടിയിടുന്നതിലേക്ക് നയിച്ച മതിൽപണി വിവാദവും ബ്രിട്ടന്റെ ആഭ്യന്തര രാഷ്ട്രീയത്തെ നെടുകെ പിളർത്തി കുട്ടിച്ചോറാക്കിയ ബ്രെക്‌സിറ്റ് വിവാദവുമൊക്കെ അടിസ്ഥാനപരമായി വിദേശികൾ അവരുടെ മണ്ണിലേക്ക് തൊഴിൽ തേടിയെത്തുന്നതിന് എതിരെയുള്ള വികാരത്തിന്റെ പ്രതിഫലനമാണ്.

അതിർത്തി കടക്കാൻ കാരണങ്ങൾ പലത്:

ലോകത്തുള്ള ഇരുനൂറോളം രാജ്യങ്ങളിലെ സാമ്പത്തിക സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങൾ പലതാണ്. യുദ്ധം, ദുരന്തം, കാലാവസ്ഥാ വ്യതിയാനം, എന്നിങ്ങനെയുള്ള കെടുതികൾ വേറെയും. ജനിച്ച സ്വന്തം നാടുവിട്ട് മറ്റൊരു രാജ്യത്തേക്ക് പോകുവാൻ ആളുകൾ ശ്രമിക്കാൻ കാരണങ്ങൾ പലതുണ്ട്. സ്വന്തം രാഷ്ട്രീയ ചിന്തയുടെയോ മതവിശ്വാസത്തിന്റെയോ വർണ്ണത്തിന്റെയോ ഉപജാതിയുടെയോ ലൈംഗിക താല്പര്യങ്ങളുടെയോ പേരിൽ സ്വരാജ്യത്ത് അക്രമിക്കപ്പെടുന്നവർ, അല്ലെങ്കിൽ ആക്രമണ സാധ്യത ഭയപ്പെടുന്നവർ ലോകത്ത് ഏറെയുണ്ട്. ഇത്തരം ആളുകൾ വിവേചനങ്ങൾ അധികമില്ലാത്ത നാടുകളിലേക്ക് കുടിയേറാൻ ശ്രമിക്കും.

ഇങ്ങനെയുള്ള ആളുകളെ അഭയം നൽകി സ്വീകരിക്കാൻ പല രാജ്യങ്ങളും തയ്യാറാകുകയും ചെയ്യും. അടുത്തിടെ ഒരു സൗദി പൗരക്ക് കാനഡ ഇത്തരത്തിൽ അഭയം നൽകിയ വാർത്ത ഓർക്കുമല്ലോ. രാഷ്ട്രീയമായോ മതപരമായോ പീഡിപ്പിക്കപ്പെട്ടില്ലെങ്കിൽ പോലും സ്വന്തം രാജ്യത്ത് യുദ്ധമോ അക്രമമോ ദുരന്തമോ കാരണം ജീവിതം ദുഃസ്സഹമാകുന്നതിനാൽ നാടുവിടാൻ തീരുമാനിക്കുന്നവരും ലോകത്തുണ്ട്. ഇത്തരത്തിൽ പ്രത്യേകിച്ചും യുദ്ധത്തിന്റെ സാഹചര്യത്തിൽ നാടുകടക്കുന്നവരെ സ്വീകരിക്കാൻ മറ്റു ചില രാജ്യങ്ങൾ ചുരുക്കം സാഹചര്യങ്ങളിൽ സമ്മതിക്കാറുമുണ്ട്.

ബംഗ്ലാദേശ് യുദ്ധക്കാലത്ത് ഒരു കോടിയിലേറെ ആളുകളാണ് അന്നത്തെ കിഴക്കൻ പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിൽ അഭയം തേടിയെത്തിയത്. അഫ്ഘാനിസ്ഥാനിലെ യുദ്ധകാലത്ത് പാക്കിസ്ഥാനും ദക്ഷിണ സുഡാനിലെ യുദ്ധകാലത്ത് യുഗാണ്ടയും ഇത്തരത്തിൽ അനവധി അഭയാർത്ഥികളെ സ്വീകരിച്ചിട്ടുണ്ട്. അടുത്തിടെ സിറിയയിൽ യുദ്ധമുണ്ടായപ്പോൾ ലക്ഷക്കണക്കിന് സിറിയക്കാരാണ് യൂറോപ്പിലേക്കെത്തിയത്. അതിൽ ധാരാളം ആളുകൾക്ക് ജർമ്മനി അഭയം നൽകി.

എന്നാൽ യുദ്ധമോ ഏതെങ്കിലും തരത്തിലുള്ള വിവേചനമോ ഇല്ലാത്ത സാഹചര്യത്തിൽ പോലും സാന്പത്തിക നിലയും ജോലിസാധ്യതയുമുള്ള രാജ്യങ്ങളിലേക്ക് പോകാൻ സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളിലെ ആളുകൾ ശ്രമിക്കാറുണ്ട്. ഇത് കൂടാതെ അതിർത്തികടക്കാൻ വേറൊരു രസകരമായ കാരണം കൂടിയുണ്ട്. അമേരിക്കയിൽ ജനിച്ചു വീഴുന്ന കുട്ടികൾക്ക് സ്വാഭാവികമായി ഒരു അമേരിക്കൻ പൗരത്വം കിട്ടുന്ന നിയമം ഉള്ളതിനാൽ ഗർഭിണികളായ സ്ത്രീകൾ പല രാജ്യങ്ങളിൽ നിന്നും അമേരിക്കയിൽ എത്തിപ്പറ്റാൻ ശ്രമിക്കും. ആശൃവേ ഠീൗൃശാെ എന്നാണ് ഇതിന്റെ പേര്.

അതിർത്തി കടക്കാനുള്ള കാരണം എന്താണെങ്കിലും പലപ്പോഴും നിയമവിധേയമായി ഇത് ചെയ്യുന്നതിന് പരിമിതികൾ ഉണ്ടാകും. നിയമപരമായി സാധിക്കാതെ വരുന്‌പോൾ എങ്ങനെയെങ്കിലും അവിടെ എത്താൻ ആളുകൾ ശ്രമിക്കും. കാരണം പല വികസിത രാജ്യങ്ങളിലും എങ്ങനെയെങ്കിലും എത്തിപ്പറ്റിയാൽ ആളുകൾക്ക് അഭയാർത്ഥിയാകാനുള്ള അപേക്ഷ കൊടുക്കാം. അഭയാർത്ഥി ആയി അംഗീകരിച്ചു കഴിഞ്ഞാൽ ആ രാജ്യത്ത് ജീവിതം തുടങ്ങാനുള്ള സൗകര്യങ്ങൾ ഭരണകൂടം നൽകും. അഭയാർത്ഥിയാകാനുള്ള അപേക്ഷ പ്രോസസ്സ് ചെയ്യാൻ വളരെ സമയമെടുക്കും. ആ സമയത്ത് അവരുടെ സംരക്ഷണം അവിടുത്തെ സർക്കാരിന്റെ ഉത്തരവാദിത്തമാണ്. അപേക്ഷ തള്ളിയാലും വീണ്ടും അപ്പീൽ കൊടുക്കാനും അപേക്ഷ ഫയലിൽ ഉള്ളിടത്തോളം കാലം അവിടെ ജീവിക്കാനുമുള്ള അവകാശം അവർക്കുണ്ട്. ഈ സമയത്ത് ഏതെങ്കിലും ചെറിയ ജോലി ചെയ്ത്

ജീവിക്കാനുള്ള സാഹചര്യവുമുണ്ട്. പാരീസിലും റോമിലും പോയിട്ടുള്ളവർക്ക് ഈഫൽ ടവറിന്റെയും മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും ചുറ്റുവട്ടത്ത് വിവിധ നാട്ടുകാരായ നൂറുകണക്കിന് ആളുകൾ ചെറിയ കച്ചവടം ചെയ്തു ജീവിക്കുന്നത് കാണാം. ഇതിൽ ഭൂരിഭാഗവും ഇത്തരത്തിലുള്ള അഭയാർത്ഥി അപേക്ഷകരാണ്. അതിൽ ഏറെ പേരും സാന്പത്തിക അഭയാർത്ഥികളാണ്. വളരെ ദുരിതപൂർണ്ണമാണ് ഇവരുടെ ജീവിതം. പൊളിഞ്ഞു വീഴാറായതിനാൽ സർക്കാർ ആളുകളെ ഒഴിപ്പിച്ചുവിട്ട പഴയ കെട്ടിടങ്ങളിൽ വെള്ളവും വെളിച്ചവും ഇല്ലാതെ, ചിലപ്പോൾ നഗരത്തിന്റെ അതിർത്തിയിലെ കാടുകളിൽ ടെന്റ് കെട്ടി,

ചിലപ്പോൾ ഇവരെ നിയമവിരുദ്ധമായി ജോലിക്ക് വെക്കുന്നവർ വാടകക്കെടുത്തു കൊടുക്കുന്ന സ്ഥലത്ത് ഒക്കെയാണ് ഇവരുടെ താമസം. പല രാജ്യത്തും അവരുടെ തനതായ സാമൂഹ്യസുരക്ഷ ഒന്നും ഇത്തരം അഭ്യർത്ഥികൾക്കില്ല. എന്തിന് ഭക്ഷ്യസുരക്ഷ പോലുമില്ല. ഇവർ താമസിക്കുന്ന ഇടങ്ങളിൽ ഗുണ്ടാത്തലവന്മാർ മുതൽ ലൈംഗിക അതിക്രമം വരെയുള്ള പ്രശ്‌നങ്ങളുണ്ട്. ഇങ്ങനെയൊക്കെ ഏറെനാൾ ഒരുപക്ഷെ, അഞ്ചോ പത്തോ വർഷക്കാലം കഴിയേണ്ടി വരും. അതിനിടക്ക് സ്വന്തം നാട്ടിൽ പോകാനും പറ്റില്ല. യൂറോപ്പിൽ എന്നും ഞാൻ കാണുന്ന കാഴ്ചയാണിത്.

എന്നാൽ നിയമ വിരുദ്ധമായി ആർക്കെങ്കിലും കുറച്ചു പണം കൊടുത്ത് അതിർത്തി കടന്നുപോയവരുടെ ഗ്രാമങ്ങളിലുള്ളവർ കാണുന്ന കാഴ്‌ച്ച വ്യത്യസ്തമാണ്. 'എങ്ങനെയെങ്കിലും' അതിർത്തി കടന്ന് പോയവർ പണമുണ്ടാക്കുന്നു, അത് വീട്ടിലേക്ക് അയക്കുന്നു, കുറേനാൾ കഴിയുന്‌പോൾ മറ്റു രാജ്യങ്ങളിലെ പൗരത്വം നേടുന്നു, തിരിച്ചുവന്ന് വീട്ടുകാരെ ഒക്കെ കൊണ്ടുപോകുന്നു. ഇത് കാണുന്‌പോൾ എങ്ങനെയും നാട് കടക്കണമെന്ന് അവർക്കും തോന്നുന്നു. ഇവിടെയാണ് മനുഷ്യ കള്ളക്കടത്ത് എന്ന വ്യവസായം ആരംഭിക്കുന്നത്.

ആഗോള ക്രിമിനൽ ശ്രുംഖല: ഓരോ വർഷവും സഹസ്രകോടികളുടെ വരവുള്ള ആഗോള ക്രിമിനൽ വ്യവസായമാണ് മനുഷ്യരെ നിയമവിരുദ്ധമായി അതിർത്തി കടത്തുക എന്നത്. ഇവരെല്ലാം പരസ്പരം ബന്ധിതമല്ലെങ്കിലും ഓരോ നാട്ടിൽ നിന്നും മറ്റൊരു നാട്ടിലേക്ക് ആളുകളെ നിയമവിരുദ്ധമായി എത്തിക്കുന്നതിന് പലതരം ആളുകൾ കൂട്ടായി ശ്രമിച്ചാലേ സാധിക്കൂ.

പ്രാദേശിക ഏജന്റുമാർ: ആളുകളെ വികസിത രാജ്യത്തെ ജോലിയും പൗരത്വവും എന്ന സ്വപ്നം കാട്ടി മയക്കുന്ന ലോക്കൽ ഏജന്റുമാരാണ് ഒന്നാമത്തെ കണ്ണി. നമ്മുടെ നാട്ടിലെ വിവിധ ഏജന്റുമാരെ പോലെത്തന്നെ. ഏതു നാട്ടിലേക്കാണ് പോകേണ്ടത് എന്നതനുസരിച്ച് ആയിരം മുതൽ പതിനായിരം ഡോളർ വരെ ഇവർ ആളുകളിൽ നിന്നും വാങ്ങും. വിദേശത്തേക്കുള്ള യാത്ര എളുപ്പമാണെന്നും അവിടെയെത്തിയാൽ ജോലിയും പൗരത്വവും എളുപ്പത്തിൽ ലഭ്യമാണെന്നും ആളുകളെ പറഞ്ഞ് വിശ്വസിപ്പിക്കുന്നതിലാണ് ഇവരുടെ പ്രധാന സ്‌കിൽ. സരസമായി സംസാരിച്ച് ആളുകളെ വലയിൽ വീഴ്‌ത്താൻ മിടുക്കരാണിവർ.

സുരക്ഷാ ഭവനങ്ങൾ: വിദേശത്തേക്കു കടത്താൻ ഒരു കൂട്ടം ആളുകളോട് പറഞ്ഞ് പണം പിരിച്ചാൽ പിന്നെ അവരെ ഒരുമിച്ചുകൂട്ടി പാർപ്പിക്കുന്ന സ്ഥലങ്ങളാണ് സുരക്ഷാ ഭവനങ്ങൾ അഥവാ 'മെളല വീൗലെ'െ. ഇത് നടത്തുന്നത് ഏജന്റുമാർ നേരിട്ട് ആയിക്കൊള്ളണമെന്നില്ല. എല്ലാത്തരം മനുഷ്യക്കടത്തിനും സേഫ് ഹൗസ് ഉണ്ടായിരിക്കണമെന്നുമില്ല.

വിമാനം മുതൽ പെട്രോൾ ടാങ്ക് വരെ: വിദേശത്ത് തൊഴിലും പൗരത്വവും ലഭ്യമാക്കിക്കൊടുക്കുക എന്ന പ്രലോഭനത്തിൽ വീഴിച്ച് ഒരാളെ അതിർത്തി കടത്തുന്നതിന് പല മാർഗ്ഗങ്ങളുണ്ട്. യഥാർത്ഥ ലക്ഷ്യം കുടിയേറ്റമാണെങ്കിലും സന്ദർശക വിസയിലോ തീർത്ഥാടക വിസയിലോ സ്റ്റുഡന്റ് വിസയിലോ തീർത്തും നിയമവിധേയമായി നാടുകടത്തുക എന്നതാണ് ഒന്നാമത്തെ രീതി. ഇതിന് ചെലവ് വളരെ കൂടുതലായതിനാൽ റിസ്‌ക് കൂടുതലും ചെലവ് കുറഞ്ഞതുമായ മറ്റു മാർഗ്ഗങ്ങളുമുണ്ട്.

ആഫ്രിക്കയിൽ നിന്നും യൂറോപ്പിലേക്ക് പറന്നുയരുന്ന വിമാനങ്ങളുടെ വീൽ കേജിന് ഉള്ളിൽ പോലും ഇരുന്ന് യൂറോപ്പിലെത്താൻ ആളുകൾ ശ്രമിച്ച സാഹചര്യം ഉണ്ട്. ടേക്ക് ഓഫ് കഴിഞ്ഞു വിമാനത്തിന്റെ ചക്രങ്ങൾ അകത്തേക്കെടുക്കുന്‌പോൾ ഇവർ ഞെരിഞ്ഞു മരിക്കും, പിന്നെ വിമാനം ലാൻഡ് ചെയ്യാനായി ചക്രങ്ങൾ പുറത്തു വരുന്‌പോൾ ശവശരീരം പുറത്തു ചാടും. ഇംഗ്ലണ്ടിലേക്ക് വരുന്ന ശീതികരിച്ച ട്രക്കുകൾക്കുള്ളിൽ, ജർമ്മനിയിലേക്ക് വരുന്ന ട്രക്കുകളുടെ ഡമ്മി ഡീസൽ ടാങ്കുകളിൽ ഒക്കെ ആളുകൾ അതിർത്തി കടക്കാൻ ശ്രമിക്കാറുണ്ട്. ശ്രമം വിഫലമായി ആളുകൾ മരിക്കുന്‌പോൾ ആണ് ഈ വിവരങ്ങൾ പുറത്താവുന്നത്. (2000 ൽ ഇംഗ്ലണ്ടിൽ 40 പേരും 2017 ൽ ജർമ്മനിയിൽ 71 പേരും ശീതികരിച്ച ട്രക്കിനകത്ത് അതിർത്തി കടക്കാൻ ശ്രമിക്കവേ മരിച്ചു പോയി).

വായിച്ചതിൽ നിന്നും എനിക്ക് മനസ്സിലായത് മുനന്പത്തു നിന്ന് സംഭവിച്ചു എന്നുപറയുന്നത് ബോട്ടിൽ ആളുകളെ കയറ്റി മറ്റു രാജ്യത്ത് എത്തിക്കുന്ന രീതിയാണ്. കാലാകാലമായി ലോകത്തു സംഭവിക്കുന്നതാണ്. സിറിയയിൽ നിന്നും ലിബിയയിൽ നിന്നും മെഡിറ്ററേനിയൻ വഴി ആയിരക്കണക്കിന് ബോട്ടുകളിൽ ലക്ഷക്കണക്കിന് ആളുകളാണ് ഇങ്ങനെ യൂറോപ്പിൽ എത്തിയത്. വിയറ്റ്‌നാമിൽ നിന്നും ആസ്‌ട്രേലിയയിലേക്കും ക്യൂബയിൽ നിന്നും അമേരിക്കയിലേക്കും ഇത്തരത്തിൽ ആളുകളെ കൊണ്ടുപോയിട്ടുണ്ട്. കണ്ണിൽ ചോരയില്ലാത്ത അന്താരാഷ്ട്ര ക്രിമിനൽ സംഘങ്ങളാണ് ഇത്തരം നിയമവിരുദ്ധമായ മനുഷ്യ കള്ളക്കടത്ത് നടത്തുന്ന ബോട്ടുകൾ നിയന്ത്രിക്കുന്നത്.

യാത്രക്കിടക്ക് എന്തെങ്കിലും അസുഖമുണ്ടായാൽ അതിന് യാതൊരു ചികിത്സയും കിട്ടില്ല എന്നതോ പോകട്ടെ, വേണ്ടത്ര ഭക്ഷണവും വെള്ളവും പോലും ലഭ്യമാകാറില്ല. സാനിട്ടറി സൗകര്യങ്ങൾ പരിമിതമായിരിക്കും. പകർച്ചവ്യാധികൾ ഏറെയുണ്ടാകും. മരിച്ചാലോ മൃതപ്രായരായാലോ ആളുകളെ കടലിലെടുത്തിടാൻ പോലും ഇവർ മടിക്കില്ല. മറ്റു രാജ്യങ്ങളിലെ നാവികസേനകൾ റെയ്ഡ് ചെയ്താൽ ആളുകളെ കടലിൽ ഉപേക്ഷിക്കാനോ ബോട്ട് തന്നെ ഉപേക്ഷിച്ച് സ്വയം രക്ഷപ്പെടാനോ അവർ മടിക്കാറില്ല. ഇത്തരം ബോട്ടുകളിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ ലൈംഗിക ആക്രമണവും അതിനെ എതിർക്കുന്നവർക്കെതിരെ അക്രമവും സർവ്വ സാധാരണമാണ്. ഈ ദുരിതമൊന്നും നാലായിരവും അയ്യായിരവും ഡോളർ വാങ്ങുന്ന ഏജന്റുമാർ യാത്രക്കാരോട് പറഞ്ഞുകൊടുക്കാറില്ല.

മറുകര അടുക്കുന്‌പോൾ: ആസ്ട്രേലിയ, ന്യൂസിലാൻഡ്, പശ്ചിമ യൂറോപ്യൻ രാജ്യങ്ങൾ, അമേരിക്ക, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ എത്തിപ്പറ്റുകയാണ് ഇങ്ങനെ യാത്ര ചെയ്യുന്നവരുടെ ലക്ഷ്യം എന്നു പറഞ്ഞല്ലോ. ഇങ്ങനെ അനവധി ആളുകൾ എത്താൻ ശ്രമിക്കുന്നുണ്ടെന്ന് ഈ രാജ്യങ്ങൾക്കും അറിയാം. ഇങ്ങനെ നിയമവിരുദ്ധമായി അതിർത്തികടക്കാൻ വരുന്നവരെ നിരുത്സാഹപ്പെടുത്തുക, പറ്റുന്‌പോളൊക്കെ കരയിലെത്തിക്കാതെ തിരിച്ചയക്കുക, കരയിൽ എത്തിയാൽ തന്നെ പ്രധാന കരയിൽ നിന്നും രാജ്യങ്ങളിൽ നിന്നും ഏറ്റവും ദൂരെ പാർപ്പിക്കുക, ഇതൊക്കെയാണ് വികസിതരാജ്യങ്ങൾ ഇതിനെതിരെ ചെയ്യാൻ ശ്രമിക്കുന്നത്. ഇതിനുവേണ്ടി മാത്രം ഉപഗ്രഹം തൊട്ട് വിമാനം വരെ ഉപയോഗിച്ചുള്ള നിരീക്ഷണ സംവിധാനം അവർക്കുണ്ട്. ബോട്ട് വഴി നടത്തുന്ന പട്രോളുകളും. എന്നാലും ആയിരങ്ങൾ ഇപ്പോഴും കടൽ കടന്നെത്തുന്നു.

ലോകത്തിലുള്ള എല്ലാവരും ഒരുകാലത്ത് അല്ലെങ്കിൽ മറ്റൊരു കാലത്ത് ഇതുപോലെ അഭയാർത്ഥികളായിരുന്നുവെന്നും അതുകൊണ്ടുതന്നെ പുതിയതായി വരുന്നവരെ മാനുഷിക പരിഗണനയോടെ കാണണമെന്നും ഒരു കൂട്ടർ വാദിക്കുന്‌പോൾ, സാന്പത്തിക അസമത്വങ്ങൾ കാരണം നിയമവിരുദ്ധമായി അതിർത്തി കടന്നെത്തുന്നവരെ രണ്ടുകൈയും നീട്ടി സ്വീകരിക്കുന്നത് വികസിതരാജ്യങ്ങളുടെ സാമൂഹ്യ സുരക്ഷയെയും സാന്പത്തികവ്യവസ്ഥയെയും ബാധിക്കുമെന്ന് മറുകൂട്ടർ വാദിക്കുന്നു. മിക്കവാറും വികസിതരാജ്യങ്ങളിൽ ഒരു വലിയ തിരഞ്ഞെടുപ്പു വിഷയമാണിത്.

എവിടെയാണ് അഭയം ലഭിക്കുന്നത്?: കടൽ കടന്നോ കര കടന്നോ എത്തുന്ന അഭയാർത്ഥികൾ ആദ്യം ഏതു രാജ്യത്ത് എത്തുന്നുവോ അവിടെ അഭയാർത്ഥിയാകാനുള്ള അപേക്ഷ നൽകണം എന്നതാണ് വ്യവസ്ഥ. അതേസമയം അഭയാർത്ഥികളുടെ ലക്ഷ്യം അങ്ങനെ ആയിരിക്കണമെന്നില്ല. സിറിയയിൽ നിന്നും ടർക്കിയിലേക്ക് കടക്കുന്ന അഭയാർത്ഥികളുടെ ലക്ഷ്യം ടർക്കിയിലെ അഭയമല്ല, ജർമ്മനിയിലെയാണ്. ലിബിയയിൽ നിന്നും കടൽകടന്ന് ഇറ്റലിയിൽ എത്തുന്നവരുടെ ലക്ഷ്യം ഫ്രാൻസും ഇംഗ്ലണ്ടുമാണ്.

ശ്രീലങ്കയിൽ നിന്നും കടൽ വഴി പോകുന്നവർ സാധാരണ ലക്ഷ്യം വെക്കുന്നത് ആസ്‌ട്രേലിയയാണ്. ആഫ്രിക്കയിൽ നിന്നും മധ്യേഷ്യയിൽ നിന്നും കിഴക്കൻ ഏഷ്യയിൽ നിന്നും ഒക്കെ ഏറെ ആളുകൾ ഓസ്ട്രേലിയയിലേക്ക് പോകാൻ ശ്രമിക്കുന്നുണ്ട്. ഓരോ വർഷവും ആയിരങ്ങൾ ആണ് ഇത്തരത്തിൽ നിയമവിരുദ്ധമായി കടൽ വഴി ആസ്ട്രേലിയയിൽ എത്തുന്നത് (illegal maritime arrivals). നൂറുകണക്കിന് ആളുകൾ ഈ യാത്രയിൽ മരിക്കുകയും ചെയ്യുന്നു. ഇതെങ്ങനെ കുറക്കാം എന്നതാണ് അവിടുത്തെ വലിയൊരു ചർച്ചാ വിഷയം.

ഇതുപോലൊരു സാഹചര്യമാണ് യൂറോപ്പിലേക്ക് വരുന്നവർ നേരിടുന്നതും. മെഡിറ്ററേനിയൻ സമുദ്രത്തിലെ ഒരു ചെറിയ ദ്വീപാണ് ലംപേഡുസ. ഇറ്റലിയുടെ ഭാഗമാണിത്. വടക്കേ ആഫ്രിക്കയിൽ നിന്നും113 കിലോമീറ്റർ ദൂരമേയുള്ളൂ ഇതിലേക്ക്. എങ്ങനെയെങ്കിലും ഇവിടെയെത്തിക്കഴിഞ്ഞാൽ യൂറോപ്പിൽ എത്തിയതായി കണക്കാക്കും. അതോടെ യൂറോപ്യൻ യൂണിയന്റെ മനുഷ്യാവകാശ സംരക്ഷണങ്ങൾ അഭയാർത്ഥികൾക്ക് ലഭ്യമാകും. അതേസമയം ഇത്രമാത്രം അഭയാർത്ഥികളെ താങ്ങാനുള്ള സാന്പത്തികശേഷി ഇറ്റലിക്കില്ലാത്തതിനാൽ മധ്യധരണ്യാഴിയിൽ യൂറോപ്യൻ യൂണിയനിലെ അനവധി രാജ്യങ്ങൾ ഒരുമിച്ച് നാവിക പെട്രോൾ നടത്തുന്നുണ്ട്. അഭയാർത്ഥി ബോട്ടുകൾ കണ്ടാൽ അവയെ സിറിയയിലേക്കും നോർത്ത് ആഫ്രിക്കയിലേക്കും ഒക്കെ തിരിച്ചയക്കുന്നുണ്ട്. പലപ്പോഴും നാവികസേനയെ കാണുന്‌പോൾ കള്ളക്കടത്തുകാർ ആളുകളോട് കടലിൽ ചാടാൻ പറയും. അങ്ങനെ ആയിരങ്ങളാണ് വർഷാവർഷം മധ്യധരണ്യാഴിയിൽ മുങ്ങിമരിക്കുന്നത്.

ഇത്രയൊക്കെ ദുരിതങ്ങൾ സഹിച്ച് ഓസ്ട്രേലിയയിലും യൂറോപ്പിലുമൊക്കെ എത്തിക്കഴിഞ്ഞാൽ അവരെ സഹായിക്കാൻ പലതരത്തിലുള്ള സംവിധാനങ്ങളുണ്ട്. ഇവർ സാധാരണഗതിയിൽ ക്രിമിനൽ സംഘങ്ങളുടെ ഭാഗമല്ലെന്നു മാത്രമല്ല, ബന്ധുക്കളും മനുഷ്യസ്‌നേഹികളും മനുഷ്യാവകാശ പ്രവർത്തകരും ഒക്കെയാണ്. ഇതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് മുൻകാലത്ത് കടൽ കടന്നു വന്നവർ തന്നെയാണ്. ശ്രീലങ്കയിൽ നിന്നും ഏറെ ആളുകൾ കടൽ കടക്കാനുള്ള കാരണവും ഇതാണ്. 1980 മുതൽ 2008 വരെ ശ്രീലങ്കയിൽ ആഭ്യന്തരയുദ്ധം നിലനിന്ന കാലത്ത് കടലുകടന്ന് വിദേശത്തെത്തി പച്ചപിടിച്ച ധാരാളം ശ്രീലങ്കക്കാർ ഓസ്ട്രേലിയയിലും യൂറോപ്പിലുമുണ്ട്. കടൽ കടക്കാൻ ശ്രമിക്കുന്ന മിക്കവാറും പേരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ അവിടെയുണ്ടാകും. എങ്ങനെയെങ്കിലും കടൽ കടന്ന് അവിടെയെത്തിയാൽ താൽക്കാലിക അഭയവും ഭക്ഷണവും ചെറുതരം ജോലിയും അവർ തരമാക്കിക്കൊടുക്കും.

ജനീവയിൽ വീട് വൃത്തിയാക്കുന്നതിനും ഒരു വീട്ടിൽ നിന്നും മറ്റൊരു വീട്ടിലേക്ക് മാറുന്‌പോൾ സാധനങ്ങൾ കൊണ്ടുപോകാനും നിയമവിധേയമായി ചെയ്യുന്നതിനേക്കാൾ നാലിലൊന്ന് ചെലവിൽ ചെയ്യുന്ന അനധികൃത സംവിധാനങ്ങളുണ്ട്. ഇതിൽ പലരും ശ്രീലങ്കക്കാരാണ്. ഇതേ തരം സംവിധാനങ്ങൾ ഓസ്ട്രേലിയയിലും ഒരു പക്ഷെ ഉണ്ടായിരിക്കും.

കേരളത്തിൽ നിന്നും ഇത്തരത്തിൽ അതിർത്തി കടക്കാൻ ശ്രമിക്കുന്നവർ അധികം ഇല്ല എന്ന് പറഞ്ഞല്ലോ. പക്ഷെ യൂറിപ്പിൽ പലയിടത്തും ഇത്തരത്തിൽ എത്തിപ്പറ്റിയ മലയാളികളെ ഞാൻ കണ്ടിട്ടുണ്ട്. മിക്കവാറും പേർ സ്റ്റുഡന്റ് വിസയിലോ സന്ദർശക വിസയിലോ വന്നതിന് ശേഷം തൊഴിൽ വിസ സന്പാദിക്കാൻ ശ്രമിക്കുന്നവരാണ്. മുൻപ് പറഞ്ഞ പോലെ ഏറെ കഷ്ടമാണ് ഇവരുടെ കാര്യം. 'എങ്ങനെയെങ്കിലും' യൂറോപ്പിലെത്താൻ ശ്രമിക്കുന്നവരെ ഞാൻ നിരുത്സാഹപ്പെടുത്താറുണ്ട്.

എന്നിട്ടും ലോകത്തെന്പാടുനിന്നും ഓരോ ദിവസവും ആയിരങ്ങൾ ഇതിനു ശ്രമിക്കുന്നത് നമ്മൾ ജീവിക്കുന്ന അസമത്വ ലോകത്തിന്റെ പ്രതിഫലനമാണ്. സ്വന്തം നാടുപേക്ഷിച്ച് ട്രക്കിലും കപ്പലിലും മാത്രമല്ല വിമാനത്തിന്റെ വീൽ കേജിലും ഫ്രീസറിനകത്തും ഒക്കെ കയറി വാഗ്ദത്ത ഭൂമിയിലേക്ക് പോകുന്നവരോട് എനിക്ക് അനുകന്പ മാത്രമേ ഉള്ളൂ. ആ ശ്രമത്തിൽ മരിക്കുന്ന ഓരോ ആളുകളുടെ കഥയും എന്നെ വിഷമിപ്പിക്കുന്നു. ഇന്റർനെറ്റ് പോലെ, വാട്‌സ് ആപ്പ് പോലെ, ഊബർ പോലെ മനുഷ്യനും അതിർത്തികളില്ലാതെ പറന്നുനടക്കാൻ പറ്റുന്ന ഒരു ലോകം തന്നെയാണ് ഞാൻ സ്വപ്നം കാണുന്ന കിനാശ്ശേരി.


മുരളി തുമ്മാരുകുടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP