Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇരു കാലിൽ നിന്ന് നാലു കാലിലേക്കുള്ള പരിണാമത്തിന് മലയാളികൾക്ക് ഒരു തുള്ളി മദ്യമോ അൽപം ലഹരിയോ മതി; വീര്യമേറിയ പോപ്പിസ്ട്രോകായയും കേരളത്തിൽ; കുട്ടികൾക്കിടയിൽ ഉപയോഗം ആശങ്കയുണർത്തുന്നു; കേരളത്തെ വരിഞ്ഞുമുറുക്കുന്ന മയക്കുമരുന്നു വലകൾ: ടോണി ചിറ്റിലപ്പിള്ളി എഴുതുന്നു

ഇരു കാലിൽ നിന്ന് നാലു കാലിലേക്കുള്ള പരിണാമത്തിന് മലയാളികൾക്ക് ഒരു തുള്ളി മദ്യമോ അൽപം ലഹരിയോ മതി; വീര്യമേറിയ പോപ്പിസ്ട്രോകായയും കേരളത്തിൽ; കുട്ടികൾക്കിടയിൽ ഉപയോഗം ആശങ്കയുണർത്തുന്നു; കേരളത്തെ വരിഞ്ഞുമുറുക്കുന്ന മയക്കുമരുന്നു വലകൾ: ടോണി ചിറ്റിലപ്പിള്ളി എഴുതുന്നു

ടോണി ചിറ്റിലപ്പിള്ളി

ജൂൺ 26... വീണ്ടുമൊരു ലോക ലഹരിവിരുദ്ധദിനം. കോവിഡ് വൈറസിക്കാൾ ഭീകരമാണ് ഇപ്പോൾ കേരളത്തിൽ മയക്കുമരുന്നുകളുടെ വലകൾ. 1987 മുതലാണ് ഐക്യരാഷ്ട്ര സഭ ലോക ലഹരി വിരുദ്ധ ദിനം ആചരിക്കാൻ തുടങ്ങിയത്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും,ദുരന്ത വശങ്ങൾ തെളിവുകൾ നിരത്തി വിവരിക്കേണ്ട ആവശ്യമേ ഇന്നില്ല.ദിവസം പ്രതി നാം നമ്മുടെ മക്കളിലൂടെയും,ബന്ധുക്കളിലൂടെയും ഇക്കാര്യങ്ങൾ അനുഭവിച്ചറിയുകയല്ലേ?..ഇരു കാലിൽ നിന്ന് നാലു കാലിലേക്കുള്ള പരിണാമത്തിന് മലയാളികൾക്ക് ഒരു തുള്ളി മദ്യമോ അൽപം ലഹരിയോ മതി.

ഒരു വർഷം ഏകദേശം 321 ബില്യൺ ഡോളറിന്റെ മയക്കുമരുന്ന് കച്ചവടം ഈ ലോകത്ത് നടക്കുന്നുണ്ട്.ലോകത്താകെ 27 കോടി മനുഷ്യർ ലഹരിക്ക് അടിമപ്പെട്ടിട്ടുണ്ടെന്നാണ് ഐക്യരാഷട്രസഭയുടെ കണ്ടെത്തൽ. 35 ദശലക്ഷത്തിലധികം ആളുകൾക്ക് മയക്കുമരുന്ന് ഉപയോഗ സംബന്ധമായ അസുഖങ്ങൾ ബാധിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ സംബന്ധിച്ച സംഘടന പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നത്.

ലോകത്തിലെ ഏറ്റവും വിലപ്പിടിപ്പുള്ള ഉയർന്ന നിലവാരത്തിലെ മയക്കുമരുന്നാണ് എം.ഡി.എം.എ എന്നറിയപ്പെടുന്ന 'മാക്‌സ് ജെല്ലി എക്സ്റ്റസി'.ഈ മാരകമായ മയക്കു മരുന്ന് പോലും കേരളത്തിലുണ്ട്.മിക്ക രാജ്യങ്ങളിലും എം.ഡി.എം.എക്ക് നിരോധനമുണ്ട്.ഈ കൊച്ചു കേരളത്തിൽ 10 വർഷത്തിനുള്ളിൽ മയക്കുമരുന്നുപയോഗം 15 മടങ്ങിലധികം വർധിച്ചതായാണ് റിപ്പോർട്ട്. 98.4 ലക്ഷം പേർ കേരളത്തിൽ മദ്യ/മയക്കുമരുന്നുകൾ ഉപയോഗിക്കുന്നുണ്ട്. എറണാകുളം കേന്ദ്രീകരിച്ച് നടത്തിയ ഒരു പഠനത്തിൽ പറയുന്നത് ശരാശരി പതിമൂന്നര വയസ്സിൽ തന്നെ കുട്ടികൾ ലഹരി ഉപയോഗിച്ചുതുടങ്ങുന്നു എന്നാണ്.

നിശാ പാർട്ടികളുടെയും,ബർത്ത് ഡേ പാർട്ടികളുടേയുമൊക്കെ പേരിൽ മയക്ക് മരുന്ന് വിപണനം കേരളത്തിൽ സജീവമാണ്.ന്യൂജെൻ ലഹരികൾ അരങ്ങു വാഴുകയാണ്.സിന്തറ്റിക് ലഹരി മരുന്നുകളാണ് ഇപ്പോഴത്തെ ട്രെൻഡ്.3000 കോടി രൂപ വിലമതിക്കുന്ന 300 കിലോ ഹെറോയിൻ ഉൾപ്പെടെയുള്ള മയക്കുമരുന്നുമായി മത്സ്യബന്ധന ബോട്ട് കഴിഞ്ഞ ഏപ്രിലിൽ അറബിക്കടൽ ഭാഗത്തു നിന്നും നാവികസേന പിടികൂടിയ സംഭവം ലഹരിമരുന്ന് കടത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കുന്നു 'ടെലഗ്രാം 'എന്ന ന്യൂജെൻ ആപ് വഴി മയക്കുമരുന്ന് വില്പന കേരളത്തിൽ വ്യപകമാണ്.

കുട്ടികൾക്കിടയിൽ ഉപയോഗം ആശങ്കയുണർത്തുന്നു.സംസ്ഥാനത്ത് പിടിയിലായ നൂറോളം മയക്കുമരുന്ന് കച്ചവടക്കാരിൽ 90 പേരും വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തിയവരാണ്. വിദ്യാർത്ഥികളാണ് മയക്കുമരുന്ന് വിപണനത്തിലും ഉപയോഗത്തിലും മുൻപന്തിയിൽ. കുട്ടികൾ ആകസ്മികമായി ലഹരിയുടെ മാരക വലയത്തിലെത്തുകയല്ല. മനഃപൂർവം അവരെ ഈ മരണവലയത്തിൽ കുടുക്കുകയാണ്. വഴിതെറ്റി നടക്കുന്നവരെയും ഒറ്റപ്പെട്ടവരെയും മാത്രമല്ല,ഏത് പശ്ചാത്തലത്തിൽനിന്ന് വരുന്ന കുട്ടികളെയും കറക്കിയെടുക്കുന്നവരുണ്ട്.

മയക്കുമരുന്നുകളുടെ ഉപയോഗം മൂലം സംഭവിക്കുന്ന നൈതികമായ പതനം തലമുറകളിൽനിന്നു തലമുറകളിലേക്കു നീണ്ടു പോകുന്ന ഒന്നാണ്.
സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരിയുപയോഗം കേരളം നേടിയെടുത്തിട്ടുള്ള വികസനത്തിനും പുരോഗതിക്കും സാംസ്‌കാരിക മൂല്യങ്ങൾക്കും കടുത്തവെല്ലുവിളിയാണ് ഉയർത്തുന്നത്.

ലഹരി വസ്തുക്കൾ യഥേഷ്ടം ലഭ്യമാവുകുയും അവയുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന സാമൂഹികാന്തരീക്ഷം കേരളത്തിൽ നിലനിൽക്കുന്നുവെന്നത് ഒരു ദുരന്താവസ്ഥ തന്നെയാണ്.സ്‌കൂൾ കുട്ടികളിൽ 28.7ശതമാനം പേർ ഒരിക്കലെങ്കിലും ലഹരിവസ്തുക്കൾ ഉപയോഗിച്ചവരെന്ന് ചില പഠന റിപ്പോർട്ടുകൾ തെളിയിക്കുന്നു.33 ശതമാനം വിദ്യാർത്ഥികളും മുതിർന്ന ക്ലാസുകളിൽ പഠിക്കുന്നവരിൽ നിന്നാണ് ലഹരിയുടെ ആദ്യപാഠങ്ങൾ പഠിച്ചെടുത്തതെന്നതാണ് കൗതുകകരം.

മനുഷ്യന്റെ അന്തകനായ വീര്യമേറിയ പോപ്പിസ്ട്രോ കായ നമ്മുടെ കേരളത്തിലും എത്തിയിട്ടുണ്ട് .കേരളത്തിലെ നിശാക്ലബ്ബുകൾ, ഡിജെ പാർട്ടികൾ എന്നിവിടങ്ങളിൽ വിതരണം ചെയ്യുന്ന ലഹരിമരുന്നുകൾ നിർമ്മിക്കുന്നതിനാണ് പോപ്പി സ്ട്രോ കേരളത്തിലെത്തിക്കുന്നത്.പോപ്പിസ്ട്രോ കായ കഴിക്കാനുള്ളതല്ല, മറിച്ച് കഴിപ്പിക്കാനുള്ളതാണ്. ബ്രൗൺ ഷുഗർ, ഹെറോയിൻ, കറുപ്പ് ഉൾപ്പെടെ 26 ൽ പരം വീര്യം കൂടിയ ലഹരിമരുന്നുകൾ നിർമ്മിക്കുന്നത് പോപ്പിസ്ട്രോ കായ കൊണ്ടാണ്.

ഇന്ത്യയിൽ മയക്കുമരുന്ന് ഉപഭോക്താക്കളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നുവെന്നാണ് യു.എൻ റിപ്പോർട്ട്. ദക്ഷിണേഷ്യയിൽ തന്നെ ഏറ്റവും കൂടുതൽ ഹെറോയിൻ ഉപയോഗം ഇന്ത്യയിലാണ്. ഇതിന് രാജ്യത്ത് മൂന്ന് ദശലക്ഷം ഉപഭോക്താക്കളുണ്ടെന്നും ഇതിലേറെയും വിദ്യാർത്ഥികളാണെന്നും യു.എന്നിന്റെ നാർക്കോട്ടിക് കൺട്രോൾ ബോർഡിന്റെ വാർഷിക റിപ്പോർട്ടിലുണ്ട്. ജാതി, മത, പായഭേദമന്യെ മയക്കുമരുന്നിന്റെ അപകടച്ചുഴികളിൽ പതിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവാകും വരും കാലത്ത് മാനവരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്നത് സുവ്യക്തം.ലഹരിവസ്തുക്കളെ സംബന്ധിച്ചുള്ള കുറ്റകൃത്യങ്ങളിൽ ഇന്ത്യയിൽ രണ്ടാം സ്ഥാനത്താണു കേരളം.

വീണ്ടും ഒരിക്കൽക്കൂടി ലഹരി വിരുദ്ധദിനം കടന്നു വരുമ്പോൾ നാം നമ്മുടെ പുതിയ തലമുറയെ ഓർക്കണം.ഈ വർഷത്തെ ലോക ലഹരിവിരുദ്ധദിനത്തിന്റെ മുദ്രാവാക്യം''മയക്കുമരുന്നിനെക്കുറിച്ചുള്ള വസ്തുതകൾ പങ്കിടുക,ജീവൻ രക്ഷിക്കുക''എന്നതാണ്.കുട്ടികൾക്ക് സ്നേഹവും വാത്സല്യവും പരിഗണനയും വേണ്ടുവോളം നൽകണം.എന്തും എപ്പോഴും പരസ്പരം തുറന്നുപറയാൻ കഴിയുന്ന വിധം സുഹൃത്തുക്കളായി മാറണം രക്ഷിതാക്കളും മക്കളും.

നമ്മുടെ സമൂഹത്തെ മയക്കുമരുന്നുകളുടെ ഈ നീരാളിപ്പിടിത്തത്തിൽ നിന്ന് രക്ഷിക്കാൻ സർക്കാരിന്റെ ലഹരി വിമുക്തി സെന്റർ ഉൾപ്പെടെ സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കി വരുന്നുണ്ട്.ഇത് സ്വാഗതാർഹമാണ്. ഇത്തരം പദ്ധതികൾ പാതിവഴിയിൽ നിലച്ചു പോകാതെ തുടർച്ച ഉറപ്പ് വരുത്തുകയും മത, സന്നദ്ധ സംഘടനകൾ ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള സഹകരണം തേടുകയും ചെയ്യേണ്ടതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP