Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അത്രയേറെ സ്‌നേഹിച്ചിട്ടും, ആരാധിച്ചിട്ടും ഒരിക്കൽ പോലും കാണാൻ കഴിയാതെ പോയല്ലോ ആ എഴുത്തുകാരനെ; ജീവിതത്തിൽ ഒന്നും നാളേക്ക് മാറ്റിവയ്ക്കരുത്; ഡെന്നീസ് ജോസഫിന് ആദരാഞ്ജലികൾ അർപ്പിച്ച് മാധ്യമ പ്രവർത്തകൻ കെസി ബിപിന്റെ കുറിപ്പ്

അത്രയേറെ സ്‌നേഹിച്ചിട്ടും, ആരാധിച്ചിട്ടും ഒരിക്കൽ പോലും കാണാൻ കഴിയാതെ പോയല്ലോ ആ എഴുത്തുകാരനെ; ജീവിതത്തിൽ ഒന്നും നാളേക്ക് മാറ്റിവയ്ക്കരുത്; ഡെന്നീസ് ജോസഫിന് ആദരാഞ്ജലികൾ അർപ്പിച്ച് മാധ്യമ പ്രവർത്തകൻ കെസി ബിപിന്റെ കുറിപ്പ്

കെ സി ബിപിൻ

 വല്ലാത്ത നിരാശ തോന്നുന്നൊരു രാത്രിയാണ്...ജീവിതത്തിൽ ഒന്നും നാളേക്ക് മാറ്റിവയ്ക്കരുത് എന്ന് വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്ന രാത്രി. അത്രയേറെ സ്‌നേഹിച്ചിട്ടും, ആരാധിച്ചിട്ടും ഒരിക്കൽപോലും കാണാൻ കഴിയാതെ പോയല്ലോ ആ എഴുത്തുകാരനെ എന്ന കടുത്ത നിരാശ. സിനിമാചർച്ചകളിൽ എന്റെ അടുത്ത സുഹൃത്തുക്കളോട് ഞാനെന്നും വാചാലനാകുന്നൊരു പേരാണ് ശ്രീ. ഡെന്നിസ് ജോസഫിന്റേത്. അദ്ദേഹത്തിന്റെ മരണവാർത്ത ഈ നിമിഷം അറിയിച്ചതും എന്റെ അടുത്ത സുഹൃത്തായ Syam Kumar ആണ്

പാലാ ഉപതിരഞ്ഞെടുപ്പ് സമയത്ത് ഡ്യൂട്ടിക്ക് ചെന്നപ്പോൾ അവിടെ ബ്യൂറോയിൽ ശ്യാം ഉണ്ടായിരുന്നു. എന്നോട് ശ്യാം പറഞ്ഞു 'കെ.സി ഞാൻ നിങ്ങളോട് ഒരു കാര്യംപറയട്ടെ, അത് നിങ്ങളെ സന്തോഷിപ്പിക്കും'..... ഞാൻ ചെവികൊടുത്തു. അപ്പോൾ അയാൾ പറഞ്ഞു 'ഞാൻ ഇന്നലെ ഡെന്നീസ് ജോസഫിന്റെ വീട്ടിൽപോയി, അദ്ദേഹത്തെ കണ്ടു, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു വാർത്ത എടുത്തു, ഞാൻ നിങ്ങളെ ഓർത്തു, ഒരു സെൽഫി എടുത്തിട്ടുണ്ട്... നിങ്ങളും കൂടെ വന്നിട്ട് നമുക്ക് ഒരുമിച്ച് ഒരെണ്ണം കൂടി എടുക്കാം എന്ന് മനസ്സു പറഞ്ഞു'...അവസാനവാക്ക് എന്നെ അശ്വസിപ്പിക്കാൻ പറഞ്ഞതാണ് ശ്യാം എന്നു മനസിലായെങ്കിലും ഞാനാകെ കുളിർത്തു. ശരിയാണല്ലോ ഡെന്നീസ് ജോസഫ് ഉണ്ടല്ലോ ഈ നാട്ടിൽ.

ഒരു അവസരം ഉണ്ടല്ലോ കാണാൻ...'നമുക്ക് ഒന്നിച്ചുപോകണം ശ്യാമേ, നാളെയോ മറ്റന്നാളോ എപ്പോഴേലും' എന്നു ഞാൻ മറുപടി പറഞ്ഞു. എനിക്ക് ആ വിരലുകൾ ഒന്ന് കാണണമായിരുന്നു. ശബ്ദം കേൾക്കണമായിരുന്നു. ആരാധനയുടെ ഉടുപ്പുരിയാതെ ഒന്നുചേർന്നു നിന്ന് സന്തോഷം നിറയ്ക്കണമായിരുന്നു.

അങ്ങനെ പറഞ്ഞു പറഞ്ഞ് വോട്ടെടുപ്പും വോട്ടെണ്ണലും കഴിഞ്ഞെങ്കിലും ആ യാത്രമാത്രം സാധ്യമായില്ല. പാലായും ഏറ്റുമാനൂരും പിന്നിട്ട് ആലപ്പുഴ വന്നപ്പോഴും എന്നെങ്കിലും ഒരുനാൾ ആ എഴുത്തച്ഛന്റെ മുന്നിൽ ചെന്നുനിൽക്കണമെന്ന് ആഗ്രഹം ബാക്കിവച്ചിരുന്നു, ഉറപ്പിച്ചിരുന്നു..
രണ്ടുനാൾ മുൻപ് എന്തോ ഫോണിൽ സംസാരിച്ചു അവസാനം ഞാനും ശ്യാമും വീണ്ടും ഡെന്നീസ് ജോസഫിൽ എത്തിയിരുന്നു. സഫാരി ടി.വിയിലെ അദ്ദേഹത്തിന്റെ സുദീർഘമായ അഭിമുഖം കണ്ട ഓർമകളാണ് എന്നും പറഞ്ഞവസാനിപ്പിക്കുന്നത്.

മദ്യപാനത്തിന് അടിമപ്പെട്ട എത്രയോ നാളുകൾക്ക് ശേഷം ഒരുനാൾ എഴുതാൻ ഇരുന്നപ്പോൾ അക്ഷരങ്ങൾ മറന്നുപോയെന്ന സങ്കടം കേട്ടിരുന്ന് കണ്ണ് നിറഞ്ഞിട്ടുണ്ട്... രാജാവിന്റെ മകൻ, ന്യൂ ഡൽഹി, ആകാശദൂത്, കോട്ടയം കുഞ്ഞച്ചൻ...മറ്റൊരാൾക്കും എഴുതാൻ കഴിയാത്ത, നാലു തലങ്ങളിൽനിന്ന് മലയാളത്തിന് സമ്മാനിച്ച സമാനതകളില്ലാത്ത ചലച്ചിത്രങ്ങളുടെ എഴുത്തുകാരൻ... ആരാധന എന്നാൽ അതിന്റെ പർവ്വതം കയറിനിൽക്കുന്നുണ്ട് ശ്രീ ഡെന്നിസ് ജോസഫ് താങ്കളോട്....

അന്ത്യാഞ്ജലിയർപ്പിക്കാൻ ഒന്നുവന്നു കാണാൻ പോലും ഈ കാലം അനുവദിക്കുന്നില്ല. ഞാൻ അങ്ങയെ തിരക്കില്ലാത്ത ഒരു നേരം നോക്കി വിളിച്ചോളാം.. എനിക്കറിയാം അങ്ങയുടെ ഫോൺ നമ്പർ...അത് എന്റെ മനസിന്റെ മുറിയിലെ കലണ്ടറിൽ ഞാനും കുറിച്ചിട്ടുണ്ട്..ഡബിൾ റ്റു ഡബിൾ ഫൈവ് അന്ത്യചുംബനങ്ങൾ, അത്രമേൽ ആരാധിച്ച, സ്വാധീനിച്ച പ്രിയ എഴുത്തുകാരാ.. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP