Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊലയല്ല, കലയാണ്, ഏറ്റവും ശക്തമായ രാഷ്ട്രീയ ആയുധം; സിപിഎം ആയാലും ആർ.എസ്.എസ് കോൺഗ്രസ് ആയാലും കൊല്ലപ്പെട്ടവർ മരിക്കുന്നില്ല; അമ്മയുടെ, അനിയന്റെ, അനിയത്തിയുടെ, ഭാര്യയുടെ, മക്കളുടെ, കൊലപാതകത്തിനു സാക്ഷ്യം വഹിച്ച മറ്റു മനുഷ്യരുടെ പേടിസ്വപ്നങ്ങളിൽ അവരുടെ മരണനിലവിളികൾ മുഴങ്ങിക്കൊണ്ടിരിക്കും: കാസർകോട്ട് വെട്ടു കൊണ്ടു മരിച്ചവർക്കും അവരുടെ ഉറ്റവരുടെ എന്നേക്കുമായി മാഞ്ഞുപോയ ഗാഢനിദ്രയ്ക്കും നിത്യശാന്തി: കെ ആർ മീര എഴുതുന്നു

കൊലയല്ല, കലയാണ്, ഏറ്റവും ശക്തമായ രാഷ്ട്രീയ ആയുധം; സിപിഎം ആയാലും ആർ.എസ്.എസ് കോൺഗ്രസ് ആയാലും കൊല്ലപ്പെട്ടവർ മരിക്കുന്നില്ല; അമ്മയുടെ, അനിയന്റെ, അനിയത്തിയുടെ, ഭാര്യയുടെ, മക്കളുടെ, കൊലപാതകത്തിനു സാക്ഷ്യം വഹിച്ച മറ്റു മനുഷ്യരുടെ പേടിസ്വപ്നങ്ങളിൽ അവരുടെ മരണനിലവിളികൾ മുഴങ്ങിക്കൊണ്ടിരിക്കും: കാസർകോട്ട് വെട്ടു കൊണ്ടു മരിച്ചവർക്കും അവരുടെ ഉറ്റവരുടെ എന്നേക്കുമായി മാഞ്ഞുപോയ ഗാഢനിദ്രയ്ക്കും നിത്യശാന്തി: കെ ആർ മീര എഴുതുന്നു

കെ ആർ മീര

പാനൂരിൽ, 1999ൽ, ചലച്ചിത്ര താരങ്ങളുടെ ഉപവാസം നടന്ന ദിവസമാണ് ഞാൻ കെ.ടി. ജയകൃഷ്ണൻ മാസ്റ്ററുടെ വീട്ടിൽ എത്തിയത്. അന്നു ജോലി ചെയ്തിരുന്ന മലയാള മനോരമ പത്രത്തിനുവേണ്ടി കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളെപ്പറ്റി അന്വേഷണ പരമ്പര തയ്യാറാക്കാൻ പോയതായിരുന്നു. ഈസ്റ്റ് മൊകേരി യു.പി. സ്‌കൂളിൽ കുട്ടികളെ പഠിപ്പിച്ചു കൊണ്ടു നിൽക്കുമ്പോൾ മുഖം മൂടിക്കെട്ടി ഇരമ്പിക്കയറി ചെന്ന എട്ടു പേർ വെട്ടിക്കൊന്നതാണു യുവമോർച്ച സംസ്ഥാന വൈസ്പ്രസിഡന്റ് ജയകൃഷ്ണൻ മാസ്റ്ററെ.

മൊകേരി മാക്കൂൽപീടികയിൽ നാട്ടിടവഴിയുടെ ഓരത്ത് ചുറ്റുമതിലില്ലാത്ത ഓടിട്ട രണ്ടു നില വീട് അതിനെ അന്നു ചൂഴ്ന്നു നിന്ന ഭയാനകമായ മൂകതയോടു കൂടി ഇപ്പോഴും മനസ്സിലുണ്ട്. അകത്തെ മുറിയിൽ ഒരു ചെറിയ കട്ടിലിൽ കിടക്കുകയായിരുന്ന ജയകൃഷ്ണൻ മാസ്റ്ററുടെ അമ്മ കൗസല്യയുടെ നീറിപ്പുകയുന്ന ഭാവമുള്ള മുഖം കൺമുമ്പിലുണ്ട്.

പത്രപ്രവർത്തകയുടെ ഗതികേടിൽ ഞാൻ അവരെക്കൊണ്ടു സംസാരിപ്പിക്കാൻ ശ്രമിച്ചു. ''ഇന്റെ കുട്ടി പോയീലോ, കൊത്തീം നുറുക്കീം ഓനെ കൊന്നൂലോ'' എന്നു പറഞ്ഞ് അവർ കരഞ്ഞു. അപ്പോൾ ജയകൃഷ്ണൻ മാസ്റ്ററുടെ സഹോദരൻ കടന്നു വരികയും പോക്കറ്റ് റിക്കോർഡർ തട്ടിപ്പറിച്ച് അതിന്റെ കാസറ്റ് വലിച്ചെടുത്തു നശിപ്പിക്കുകയും ചെയ്തു. ആ ചെറുപ്പക്കാരന്റെ അരക്ഷിതാവസ്ഥ പറയാതെ മനസ്സിലാക്കാവുന്നതായിരുന്നു. ആദ്യം ക്ഷോഭിച്ചെങ്കിലും പിന്നീട് ജയചന്ദ്രൻ ശാന്തനായി. ഞങ്ങൾ സൗഹൃദത്തിലാണു പിരിഞ്ഞത്.

ആ വീട്ടിൽനിന്നു വിളിപ്പാടകലെയായിരുന്നു സിപിഎമ്മുകാരനായ കൃഷ്ണൻ നായർ എന്ന മാഷിന്റെ വീട്. അവിടെ ചെന്നു കയറുമ്പോൾ കേട്ടത് തളർന്ന സ്വരത്തിലുള്ള ''കൃഷ്ണാ നീയെന്താടാ ഇന്റടുത്തു വന്നിരിക്കാത്ത്, ഇന്നോടൊന്നും പറയാത്ത്'' എന്ന ചോദ്യമായിരുന്നു. നൂറു തികയാറായ, കാഴ്ച പാടെ മങ്ങിയ ഒരമ്മ. ''കൃഷ്ണാ, കൃഷ്ണാ നിനക്കെന്താടാ അമ്മോടു പിണക്കം, എന്താടാ നീയെന്റെ അടുത്തു വന്നിരിക്കാത്ത്? ഒന്നു വന്നിരിക്കെടാ, അമ്മോട് എന്തെങ്കിലും മിണ്ടെടാ'' എന്നു ചിലമ്പിയ ശബ്ദത്തിൽ യാചിച്ചു കൊണ്ടു കിടക്കുന്നു.

അന്നു കൃഷ്ണൻനായരുടെ ഭാര്യ പത്മാവതി പറഞ്ഞു : തൊട്ടുമുമ്പിലിട്ടാണ് അമ്മയുടെ കൃഷ്ണനെ അവർ വെട്ടിക്കൊന്നത്. ആരോ വന്നു, എന്തോ സംഭവിച്ചു. അത്രയേ അമ്മയ്ക്ക് അറിയൂ. വന്നവർ അമ്മയെ കട്ടിലിൽനിന്ന് തൂക്കി നിലത്തെറിഞ്ഞു. തടയാൻ ചെന്ന പത്മാവതി ടീച്ചറെയും മകളെയും ആയുധവുമായി പിന്നാലെ ചെന്നു വിരട്ടിയോടിച്ചു. മുറ്റത്തിറങ്ങി വിളിച്ചു കൂവിയിട്ടും ആരും സഹായത്തിനെത്തിയില്ല.

ജയകൃഷ്ണൻ മാസ്റ്ററും കൃഷ്ണൻനായരും അയൽക്കാരായിരുന്നു. കുടുംബസുഹൃത്തുക്കളായിരുന്നു. ഒരു വീട്ടിൽനിന്നാണ് മറ്റേ വീട്ടിലേക്കു പാൽ വാങ്ങിയിരുന്നത്. ജയകൃഷ്ണൻ മാസ്റ്ററുടെ മരണാനന്തര ചടങ്ങുകളിൽ കൃഷ്ണൻ നായർ പങ്കെടുത്തിരുന്നു. അവിടെനിന്നു വന്നു തളർന്നിരിക്കുമ്പോഴാണ് വീടിന്റെ പിൻവശത്തുകൂടി അക്രമികൾ കടന്നു വന്നതും കൊല നടത്തിയതും.

അന്ന്, ഇരുപക്ഷത്തും കൊല്ലപ്പെട്ടവരുടെ വീടുകളിൽ കയറിയിറങ്ങി എന്റെ കാലുകളിൽ നീരുകെട്ടി. ഓരോ കൊലപാതക വർണനയും ഹൃദയത്തെ കൂടുതൽ കൂടുതൽ മരവിപ്പിച്ചു. മറ്റൊരു മനുഷ്യനെ ആലോചിച്ചുറപ്പിച്ചു കൊല്ലാനും കൂട്ടം ചേർന്നു കൊല്ലാനും സാധാരണ മനുഷ്യർക്കു മന:പ്രയാസമില്ലാത്ത ആ നിമിഷത്തെ മനസ്സിലാക്കാൻ ഞാൻ ശ്രമിക്കുകയായിരുന്നു. അങ്ങനെ കൊല്ലുന്നത് വെറുതെ കൊല്ലാൻ വേണ്ടിയല്ല. അത് അധികാര സംസ്ഥാപനത്തിന്റെ അനിവാര്യമായ അനുഷ്ഠാനമാണ്. അതുകൊണ്ടാണ് ഇത്രയേറെ മുറിവുകൾ. ഇത്രയേറെ ക്രൂരത.

അതുകൊണ്ടാണ് രണ്ടു പക്ഷത്തും കൊല്ലപ്പെടുന്നവർ ഒരേ തരക്കാരാകുന്നത് ഒന്നോ രണ്ടോ പേർ ഒഴികെ, എല്ലാവരും ദരിദ്രർ. കൂട്ടം ചേർന്നു നിൽക്കുമ്പോഴൊഴികെ ദുർബലരായവർ. ടി.പി. ചന്ദ്രശേഖരൻ എന്ന പേര് ആദ്യമായി കേട്ടതും ആ ദിവസങ്ങളിലാണ്. ചന്ദ്രശേഖരൻ അന്നു സിപിഎമ്മിന്റെ വിശ്വസ്തനായ പ്രവർത്തകനായിരുന്നു. ഞാൻ പത്രപ്രവർത്തനം ഉപേക്ഷിച്ചപ്പോഴേക്കു ടി.പി. ചന്ദ്രശേഖരനും പാർട്ടിയും തമ്മിൽ പിണങ്ങി. പിൽക്കാലത്ത്, അദ്ദേഹം സിപിഎമ്മുകാരായ പ്രതികളുടെ അമ്പത്തൊന്നു വെട്ടുകളാൽ കൊല്ലപ്പെട്ടു.

രണ്ടായിരത്തിപ്പതിനാറിലെ സാംബശിവൻ സ്മാരക അവാർഡ് ദാനച്ചടങ്ങു കണ്ണൂരിൽ വച്ചു നടത്തുമ്പോൾ ഞാൻ കണ്ണൂരിലേക്കുള്ള ആദ്യ യാത്രകളെ അനുസ്മരിച്ചു. യോഗത്തിൽ സിപിഎം. പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നേതാക്കളായ എം വി ജയരാജനും പി. ജയരാജനും പങ്കെടുത്തിരുന്നു. ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞിരുന്നു.

അവാർഡ് സ്വീകരിച്ചു കൊണ്ടും വി. സാംബശിവനെ അനുസ്മരിച്ചു കൊണ്ടുമുള്ള പ്രസംഗത്തിൽ ഞാൻ പറഞ്ഞു: 'കമ്യൂണിസ്റ്റ് പാർട്ടി ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചത് നാടകവും കഥാപ്രസംഗവും സംഗീതവും ആയുധങ്ങളാക്കിക്കൊണ്ടാണ്. എന്നു മുതൽ നാടകവും കഥാപ്രസംഗവും സംഗീതവുമൊക്കെ ഉപേക്ഷിച്ചു പകരം വടിവാളും ബോംബും കയ്യിലെടുത്തോ അന്നു മുതൽ പാർട്ടിയുടെ അപചയം ആരംഭിച്ചു. വാടിവാൾ താഴെയിട്ടു പകരം നാടകവും സംഗീതവും സിനിമയുമൊക്കെ വീണ്ടും ആയുധങ്ങളാകുന്ന കാലത്തേ പാർട്ടിക്കു രക്ഷയുള്ളൂ.'

കൊലയല്ല, കലയാണ്, ഏറ്റവും ശക്തമായ രാഷ്ട്രീയ ആയുധം. സിപിഎം ആയാലും ആർ.എസ്.എസ്. ആയാലും ലീഗ് ആയാലും ആർ.എംപി. ആയാലും കോൺഗ്രസ് ആയാലും കൊല്ലപ്പെട്ടവർ മരിക്കുന്നില്ല. അമ്മയുടെ, അനിയന്റെ, അനിയത്തിയുടെ, ഭാര്യയുടെ, മക്കളുടെ, കൊലപാതകത്തിനു സാക്ഷ്യം വഹിച്ച മറ്റു മനുഷ്യരുടെ പേടിസ്വപ്നങ്ങളിൽ അവരുടെ മരണനിലവിളികൾ മുഴങ്ങിക്കൊണ്ടിരിക്കും.

ഓരോ നരഹത്യയിലും അവർ ഉയിർത്തെഴുന്നേറ്റു കൊണ്ടിരിക്കും. കാസർകോട്ടെ യൂത്ത് കോൺഗ്രസ് അംഗങ്ങളായ രണ്ടു യുവാക്കളുടെ കൊലപാതകം 1999ൽ കണ്ട കണ്ണുനീർ വറ്റാത്ത മരവിച്ച മുഖങ്ങളെ ഓർമ്മിപ്പിക്കുന്നു. ഒപ്പം, രണ്ടു വർഷം മുമ്പുള്ള ഡിസംബർ ഒന്നിന് കോട്ടയം പട്ടണത്തിൽ ബലിദാന ദിനവുമായി ബന്ധപ്പെട്ടു കണ്ട ഫ്‌ളക്‌സും. ആ ഫ്‌ളക്‌സിൽ രണ്ടു വലിയ മുഖങ്ങളുണ്ടായിരുന്നു ടി.പി. ചന്ദ്രശേഖരന്റെയും കെ.ടി. ജയകൃഷ്ണൻ മാസ്റ്ററുടെയും.

ജീവിച്ചിരുന്ന കാലത്തെ രാഷ്ട്രീയ വൈരം അപ്രസക്തമാക്കി ഒരേ എതിരാളികളുടെ കൈകളാൽ മരണം വരിച്ച കെ.ടി. ജയകൃഷ്ണൻ മാസ്റ്ററും ടി.പി. ചന്ദ്രശേഖരനും ഒരേ ഫ്‌ളക്‌സിലിരുന്ന് ഒരേ നിർവികാരതയോടെ ലോകത്തെ നോക്കുകയായിരുന്നു. രാഷ്ട്രീയ കൊലപാതകങ്ങൾ സംബന്ധിച്ച് ഞാൻ പഠിച്ച ഏറ്റവും വലിയ ഗുണപാഠകഥ ആ ഫ്‌ളക്‌സ് തന്നെയാണ്. രണ്ടാം നവോത്ഥാന കാലത്ത്, സിപിഎമ്മിനെ ഓർമ്മിപ്പിക്കാനുള്ളതും ഈ കഥ തന്നെയാണ്. കാസർകോട്ട് തുരുതുരാ വെട്ടു കൊണ്ടു മരിച്ചവർക്കും അവരുടെ ഉറ്റവരുടെ എന്നേക്കുമായി മാഞ്ഞു പോയ ഗാഢനിദ്രയ്ക്കും നിത്യശാന്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP