Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എന്താണ് ഉമ്മൻ ചാണ്ടിയെ വ്യത്യസ്തനാക്കുന്നത്? 50 വർഷം നിയമസഭയിൽ തികച്ച് ഉമ്മൻ ചാണ്ടി ചരിത്രത്തിലേക്ക് നടന്നു കയറുമ്പോൾ: ജെ.എസ്.അടൂർ എഴുതുന്നു

എന്താണ് ഉമ്മൻ ചാണ്ടിയെ വ്യത്യസ്തനാക്കുന്നത്? 50 വർഷം നിയമസഭയിൽ തികച്ച് ഉമ്മൻ ചാണ്ടി ചരിത്രത്തിലേക്ക് നടന്നു കയറുമ്പോൾ: ജെ.എസ്.അടൂർ എഴുതുന്നു

ജെ.എസ്.അടൂർ

സെപ്റ്റംബർ 17ാം തീയതി ശ്രീ ഉമ്മൻ ചാണ്ടി ചരിത്രത്തിലേക്ക് നടന്നു കയറുകയാണ്. കോൺഗ്രസ്സ് പാർട്ടിയുടെ ചരിത്രത്തിലും കേരള ചരിത്രത്തിലും എല്ലാ തിരഞ്ഞെടുപ്പിലും വിജയിച്ചു അമ്പതുകൊല്ലം അസംബ്ലിയിൽ തികച്ചു മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ധനകാര്യ മന്ത്രി, തൊഴിൽ മന്ത്രി ഒക്കെയായ ആരും കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല. ഇത്ര മാത്രം അനുഭവ പരിചയവും ജനകീയതയം ഉള്ള നേതാക്കൾ അധികമില്ല.

നേതൃത്വ നിപുണ വിശകലനത്തിൽ ഉമ്മൻ ചാണ്ടി എന്ന നേതാവിന്റെ നേതൃത്വ ഗുണങ്ങളാണ് വിലയിരുത്തുന്നത്. പതിവ്‌പോലെ പോസിറ്റീവ് നേതൃത്വ ഗുണങ്ങളാണ് ഗണിക്കുന്നത്. പതിവ് പോലെ രാഷ്ട്രീയ പാർട്ടി ലെൻസിലൂടെയല്ല കാണുന്നത്. നേതൃത്വ വിശകലനത്തിന്റെ ഭാഗമായി ലോകത്തു പല രാജ്യങ്ങളിലുമുള്ള നേതാക്കളെ ഇന്റർവ്യൂ ചെയ്തിട്ടുണ്ട്. ഉമ്മൻ ചാണ്ടിയെ ഇന്റർവ്യൂ ചെയ്യുന്നത് 2003 ലാണ്. ഏതാണ്ട് 25 കൊല്ലമായുള്ള പരിചയം. അതിൽ തന്നെ പതിനഞ്ചു കൊല്ലം വളരെ അടുത്തുള്ള വ്യക്തി പരിചയം. വളരെ അടുത്തു നിന്ന് വീക്ഷിക്കാൻ അവസരം കിട്ടിയ നേതാവ്. സ്‌നേഹാദരങ്ങൾ ഉള്ളയൊരാൾ.

ഉമ്മൻ ചാണ്ടിക്കു സമാനമായ നിയമ സഭ അനുഭവങ്ങൾ ഉള്ള ഒരു നേതാവ് കോൺഗ്രസ് പാർട്ടിയിലോ മറ്റുഏതെങ്കിലും പാർട്ടികളിലോ ഇന്ന് ജീവിച്ചിരിപ്പുണ്ടോ എന്ന് സംശയമാണ്. ഒരു തിരഞ്ഞെടുപ്പിൽ പോലും തോൽക്കാതെ, ഒരേ നിയമസഭാ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു, നിയമ സഭാ സാമാജികനായി അമ്പതുകൊല്ലം തികച്ചു, രണ്ടു പ്രാവശ്യം മുഖ്യ മന്ത്രിയായവർ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ ഇപ്പോൾ. ഉണ്ടോയെന്നു സംശയം. ചിലർ പല പ്രാവശ്യം മുഖ്യമന്ത്രി ആയിട്ടുണ്ട്. പക്ഷേ അമ്പതുകൊല്ലം ഒരേ മണ്ഡലത്തിൽ നിന്നും ജയിച്ചു രണ്ടു പ്രാവശ്യം മുഖ്യ മന്ത്രി ആയവർ ഉണ്ടോയെന്ന് സംശയമാണ്. ശ്രീ കെ എം മാണി അമ്പതുകൊല്ലം തികച്ചു. ഏറ്റവും കൂടുതൽ വർഷം മന്ത്രിയായി. പക്ഷേ മുഖ്യ മന്ത്രി ആയില്ല. ആ റിക്കാർഡ് ശ്രീ ഉമ്മൻ ചാണ്ടിക്കാണ്.

അദ്ദേഹത്തിൽ കാണുന്ന പോസിറ്റീവ് നേതൃത്വ ഗുണങ്ങൾ എന്തൊക്കെയാണ്?

1)ഏറ്റവും കൂടുതൽ എമ്പതിയും സഹാനുഭൂതിയും പ്രവർത്തനത്തിലുടെനീളമുള്ള നേതാവാണ്. സാധാരണ ഗതിയിൽ. ഏറ്റവും പ്രയാസവും സങ്കടം ഉള്ളവരെയായിരിക്കും ഏറ്റവും കൂടുതൽ സഹായിക്കാൻ പരിഗണിക്കുക. പലപ്പോഴും കാണാൻ നൂറോ ഇരുന്നൂറോ പേരുണ്ടെങ്കിൽ ഏറ്റവും പുറകിൽ നിൽക്കുന്ന ഏറ്റവും പ്രയാസമുണ്ടെന്നു തോന്നുന്നവരെ ആയിരിക്കും ആദ്യം കാണുക. മുഖ്യമന്ത്രി ആകുന്നതിന് മുമ്പേ അങ്ങനെ ചെയ്യുന്ന നേതാവിനെയാണ് കണ്ടിട്ടുള്ളത്.

2)കൂടുതൽ ക്ഷമയും സഹിഷ്ണുതയും. മുഖത്ത് നോക്കി വിമർശിച്ചാലും അതു ക്ഷമയോട് കേട്ട് ചിരിക്കാനുള്ള മനോഭാവമുള്ളവർ കുറവാണ്. വിയോജിപ്പുകളോട് അസഹിഷ്ണുത പുലർത്താറില്ല എന്നാണ് അനുഭവങ്ങൾ. പലപ്പോഴും നേരിട്ട് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷേ അതു സഹിഷ്ണുതയോടെ കേൾക്കും. ചിലത് ഉൾക്കൊള്ളും. ചിലതിനോട് 'അതു ചെയ്യാൻ പ്രയാസമാണ് എന്ന് പറയും. പക്ഷേ വിയോജിപ്പുകളോട് ഒരിക്കലും അലോസരം കാണിക്കുന്നത് വിരളം.

3)സമവായ തീരുമാന നേതൃത്വ ശൈലിയാണ്. പലർ പറയുന്നത് കേട്ട്, എല്ലാവരെയും വിശ്വാസത്തിൽ എടുത്തു തീരുമാനിക്കുന്ന രീതിയാണ് . അതു കാരണം പലപ്പോഴും തീരുമാങ്ങൾ വൈകും.

4) വളരെ perceptive ആണ് ഒരു കാര്യം മൂന്ന് മിനിറ്റ് പറഞ്ഞാൽ പെട്ടന്ന് ബാക്കിയുള്ളത് ഗ്രഹിക്കുവാനുള്ള കഴിവ് വളരെ ഉയർന്ന തലത്തിലാണ്. അതു അറുപതുകൊല്ലത്തെ നേതൃത്വ അനുഭവത്തിൽ നിന്നുള്ളതാണ് എന്നതാണ് തോന്നിയിട്ടുള്ളത്. തൊഴിൽ മന്ത്രി, ആഭ്യന്തര മന്ത്രി, ധനമന്ത്രി പിന്നെ മുഖ്യ ന്ത്രി, പ്രതിപക്ഷ നേതാവ്, അമ്പതുകൊല്ലം നിയമ സാമാജികൻ എന്ന നിലയിൽ വിപുലമായ പരിചയവും നേതൃത്വ പാടവും ജനകീയ അംഗീകാരവുമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.

5) നേതൃത്വ ശൈലിയിലെ ഒരു പ്രധാന ഘടകം റെസലിയൻസാണ്. എത്ര വിമർശനം നേരിട്ടാലും അക്രമം നേരിട്ടാലും അക്ഷോഭ്യനായി നിന്ന് വാക്കുകൾകൊണ്ട് അക്രമിക്കാതെ പിടിച്ചു നിന്ന് അതിജീവിക്കുവാനുള്ള കഴിവ് അധികം പേർക്കില്ല. അത് അടിസ്ഥാനതലത്തിൽ ആഴത്തിൽ വേരോടി വളർന്ന കാതലുള്ള മരം പോലെയൊന്നാണ്. മഴയേയും കാറ്റിനെയും അതിജീവിക്കുവാനുള്ള കഴിവ്. Resilience വളരെ വലിയ തോതിലുള്ള നേതാവാണ്.

6) അടിമുടി ജനകീയനാണ്. അതു ഗ്രാസ്‌റൂട്‌സ് രാഷ്ട്രീയത്തിന്റ ഭാഗമാണ്. ജനങ്ങളുടെ ഇടയിൽ അക്ഷരർത്ഥത്തിൽ അഭിരമിക്കുന്ന ഒരാൾ. ആദ്യം എങ്ങനെയാണ് വിവരങ്ങൾ അറിയുന്നത് എന്ന് ചോദിച്ചു. അദ്ദേഹം അന്ന് എന്നോട് പറഞ്ഞ വാചകമാണ് ' ജനങ്ങളാണ് എന്റെ പുസ്തകം ' എന്നാണ്. അതിന് പറഞ്ഞ കാരണം സാധാരണ ജനങ്ങളോടും വിദ്യാഭ്യാസവും വിവരവും ഉള്ളവരോടുമുള്ള നിരന്തര സമ്പർക്കത്തിൽ നിന്നാണ് ആശയങ്ങളും പുതിയ അറിവുകളും സ്വരൂപിക്കുന്നത് എന്നാണ്.

7)വ്യക്തി ബന്ധങ്ങൾക്ക് വലിയ സ്ഥാനം ജീവിതത്തിൽ നൽകുന്നയാളാണ്. എത്ര തിരക്കിനിടയിലും വ്യക്തി ബന്ധങ്ങളെ കാത്തു സൂക്ഷിക്കണം എന്ന് വലിയ നിർബന്ധമുള്ളയാളാണ്. വ്യക്തി ബന്ധമുള്ളവരോട് വളരെ സ്‌നേഹാദരങ്ങളോടെ പെരുമാറുന്നത്. ഒരുപക്ഷെ അതായിരിക്കാം വെയിലത്തു മഴയത്തു അദ്ദേഹത്തോട് പ്രതി ബദ്ധതയുള്ള ഒരു വലിയ നെറ്റ് വർക്ക് അദ്ദേഹത്തിന് ഉണ്ട്. അത് പഞ്ചായത്ത് തലം മുതൽ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ വിവിധ മേഖലയുമായുള്ളവരുമായുള്ള നെറ്റ് വർക്കാണ്. അവരുടെ ഓരോരുത്തരുടെയും വീട്ടുകാര്യങ്ങളും അവരുടെ ഗുണ ദോഷങ്ങൾ എല്ലാം മറക്കാതെ അറിയാവുന്ന നേതാക്കളിൽ ഒരാൾ. ഒരുപക്ഷെ അങ്ങനെ ഓരോരുത്തരുമായൂള്ള ഹൃദയംഗ ബന്ധമുള്ളതുകൊണ്ടായിരിക്കും എല്ലാ തിരഞ്ഞെടുപ്പിലും പുതുപ്പള്ളിയിൽ ഉള്ളവർ എന്നും തിരഞ്ഞെടുത്തത്.

8)ഭരണ തീരുമാനങ്ങൾ എടുക്കുവാൻ പ്രാപ്തിയും അനുഭവ പരിചയവുമുള്ള നേതാവാണ്. അമ്പത് വർഷത്തെ നിയമ സഭാ സാമാജികനും പല പ്രാവശ്യം മന്ത്രിയുമായതു കൊണ്ട് സർക്കാർ സംവിധാങ്ങളെ അടിമുടി അറിയാവുന്ന ഒരാൾ. പുതിയ ആശയങ്ങളോട് ആഭിമുഖ്യമുള്ളയോരാളെയാണ് അറിയാവുന്നത്.

9).എല്ലാം കാര്യങ്ങളിലും ഒരു പ്രോബ്ലം സോൾവിങ് സമീപനമുള്ളയൊരാൾ. ഒരു പ്രശ്‌നമുണ്ടെങ്കിൽ അതിന് വിവിധ ആശയങ്ങൾ പലരോടും തേടി പ്രശ്‌ന പരിഹാരം തേടാൻ ശ്രമിക്കുന്ന നേതാവാണ്. ആരോട് എന്ത് വിദഗ്ദ്ധ അഭിപ്രായം ചോദിക്കണം എന്ന ടാലെന്റ്‌റ് പൂൾ നെറ്റ്‌വർക്കിങ് ഉപയോഗിക്കുന്നയൊരാൾ.

10).അദ്ദേഹത്തിന്റെത് ഒരു മൾട്ടി -ടാസ്‌ക് മാനേജ്മെന്റ് ശൈലിയാണ്. അതു പോലെ ഡയറക്റ്റ് ഹാൻഡ്സ് ഓൺ പ്രവർത്തന രീതിയാണ്. അങ്ങനെയുള്ള ശൈലി ഫോക്കസ്ഡ് ടാസ്‌ക് മാസ്റ്റർ സമീപനത്തിൽ നിന്ന് വ്യത്യസ്തമാണ് സാമാന്യ ബുദ്ധിയും പ്രായോഗിക രാഷ്ട്രീയ ഭരണ സമീപനവും കൊണ്ട് പല പ്രശ്‌നങ്ങൾക്കും പരിഹാരം കാണുന്നയാൾ. ഉമ്മൻ ചാണ്ടിയെ എത്രയൊക്കെ പ്രകോപിച്ചാലും വളരെ സഭ്യമായ ഭാഷയിൽ മാന്യമായി പ്രതികരിക്കുന്ന ഒരാളെളെയാണ് കണ്ടിട്ടുള്ളത്. തികഞ്ഞ രാഷ്ട്രീയ എതിരാളികളോട് പോലും സഭ്യമായ ഭാഷയിലാണ് വിയോജിപ്പ് പ്രകടിപ്പിക്കുന്നത്. രാഷ്ട്രീയമായും വ്യക്തിപരമായും എത്ര അക്രമിച്ചാലും തിരിച്ചു അക്ഷോഭ്യനായി പ്രതികരിക്കുന്നവർ കുറവാണ്
ഒരു തരത്തിൽ വളരെ സോഫ്റ്റ് എന്ന് തോന്നുന്ന ഉമ്മൻ ചാണ്ടി ഉള്ളിൽ വളരെ നിശ്ചയ ദാർഢ്യമുള്ളയാളാണ്.. ഒരു കാര്യം മനസ്സിൽ തീരുമാനിച്ചു ഉറപ്പിച്ചാൽ അതു ചെയ്യുവാനുള്ള ഇച്ഛ ശക്തിയുള്ളയാളാണ്.

കൂടെ നിൽക്കുന്നവരോട് കരുതലുള്ളയുള്ളയാൾ. ജയത്തിലും പരാജയത്തിലും സന്തോഷത്തിലും സങ്കടത്തിലും കൂടെ നിൽക്കുന്നയൊരാൾ. അതു കൊണ്ടു തന്നെ ഒരുപാടു പേർ പാർട്ടി വെത്യാസമേന്യ സ്‌നേഹാദാരാങ്ങളോട് കൂടെ നിൽക്കുന്ന ചുരുക്കം നേതാക്കളിൽ ഒരാളാണ്. ദൈവ വിശ്വാസി ആയിരിക്കുമ്പോൾ തന്നെ തികച്ചും സെക്യു്‌ലർ മനസ്ഥിതിയുള്ള നേതാവാണ്. ഉമ്മൻ ചാണ്ടിയുടെത് അക്കോമഡേറ്റിവ് നേതൃത്വ ശൈലിയാണ്.അതുപോലെ രാവിലെ ആറുമുതൽ രാത്രി പന്ത്രണ്ടു വരെ പതിനെട്ടു മണിക്കൂർ വിശ്രമമില്ലാതെ ജോലിചെയ്യാൻ പ്രാപ്തിയുള്ളയൊരാൾ. നേരത്തെ പറഞ്ഞത് പോലെ പല നല്ല നേതൃത്വ ഗുണങ്ങളും ഒരു പരിധിയിൽ കവിഞ്ഞാൽ വിപരീത ഫലങ്ങൾ ഉളവാക്കും.

മിക്കവാറും നല്ല നേതാക്കളിൽ ഉള്ള മൂന്നു ഗുണങ്ങൾ. IQ+EQ+NQ ആണ്. കൂർമ്മ ബുദ്ധി, സാമൂഹിക വൈകാരിക പ്രാപ്തി, നെറ്റ്‌വർക്ക് മാനേജ്മെന്റ് എന്നിവയാണ്. അതു മൂന്നും കൂടെയുള്ളവരാണ് മിക്കവാറും നേതൃത്വ റോളുകളിൽ വിജയിക്കുന്നത്.

ജനകീയതയും ക്ഷമയും സഹാനുഭൂതിയും കാരുണ്യ മനസ്ഥിതിയും ഭരണ പരിചയവുമെല്ലാമാണ് ഉമ്മൻ ചാണ്ടിയെ ഇന്ത്യൻ രാഷ്ട്രീയത്തിൽ വളരെ വ്യത്യസ്തനായ നേതാവാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP