Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉമ്മയുടെ നിലവിളി എന്റെ കാതുകളിൽ നിന്നൊഴിയുന്നില്ല; സിപിഎം നേതാക്കളെ പോലും പരിചയമുള്ള സഹോദരൻ ഉണ്ടായിരുന്നിട്ടു രക്ഷിക്കാൻ ആയില്ലല്ലോ എന്ന് പൊന്നനിയൻ കരുതിയെന്നോർത്ത് ഇപ്പോഴും വെന്തുരുകുന്നു; പറയൂ സഖാക്കളേ എന്തിനായിരുന്നു നിങ്ങൾ അവനെ കൊന്നു കളഞ്ഞത്? താലിബാൻ മോഡലിൽ സിപിഎമ്മുകാർ വെട്ടിനുറുക്കി കൊന്ന അരിയിൽ ഷുക്കൂറിന്റെ സഹോദരൻ ദാവൂദ് എഴുതുന്നു

ഉമ്മയുടെ നിലവിളി എന്റെ കാതുകളിൽ നിന്നൊഴിയുന്നില്ല; സിപിഎം നേതാക്കളെ പോലും പരിചയമുള്ള സഹോദരൻ ഉണ്ടായിരുന്നിട്ടു രക്ഷിക്കാൻ ആയില്ലല്ലോ എന്ന് പൊന്നനിയൻ കരുതിയെന്നോർത്ത് ഇപ്പോഴും വെന്തുരുകുന്നു; പറയൂ സഖാക്കളേ എന്തിനായിരുന്നു നിങ്ങൾ അവനെ കൊന്നു കളഞ്ഞത്? താലിബാൻ മോഡലിൽ സിപിഎമ്മുകാർ വെട്ടിനുറുക്കി കൊന്ന അരിയിൽ ഷുക്കൂറിന്റെ സഹോദരൻ ദാവൂദ് എഴുതുന്നു

ദാവൂദ് അരിയിൽ

മ്മയുടെ നിലവിളി എന്റെ കാതുകളിൽ നിന്നൊഴിയുന്നില്ല. ഒപ്പം എന്റെ പൊന്നനിയനെ രക്ഷിക്കാനാകാത്തതിന്റെ കഴിവുകേടിൽ ഞാൻ വെന്തുരുകുന്നു ഇപ്പോഴും. എന്റെ അനുജനും ഒരു വേള കരുതിയിരിക്കാം, ചേട്ടൻ പത്രപ്രവർത്തകനല്ലേ, സി പി എമ്മിന്റെ നേതാക്കളെപോലും പരിചയമുണ്ടാകില്ലേ, അങ്ങനെയെങ്കിലും രക്ഷപ്പെടുത്തുമെന്ന്...

കടുത്ത മാനസികസംഘർഷത്തിലൂടെ കടന്നുപോയിട്ടും മനുഷ്യത്വത്തിന്റെ ഒരു തരിമ്പുപോലും അവർ എന്നോടും കുടുംബത്തോടും കാട്ടിയില്ലെന്ന് ഓർക്കുമ്പോൾ.... ഞങ്ങളുടെ ഉപ്പ ഒരു ഉത്തമകമ്മ്യൂണിസ്‌റായി ജീവിച്ച് മരിച്ച ആളായിരുന്ന കാര്യം ഇപ്പോഴുള്ള സിപിഎം കാർക്കറിയാമോ? പാർട്ടിയിലെ പഴയ തലമുറയിലെ ആരെങ്കിലും അതോർമ്മിപ്പിച്ചെങ്കിൽ അവനെ ഇങ്ങനെ ചെയ്യില്ലായിരുന്നു...

പി ജയരാജന്റെ കാറിനുനേരെ അക്രമം നടത്തിയവരാണെന്നും തോണിയിൽ രക്ഷപ്പെടുന്ന ഇവർ അരിയിൽ സ്വദേശികളല്ലെന്നും പറഞ്ഞായിരുന്നു അവരെ തടഞ്ഞുവെച്ചത്. തടഞ്ഞുവെക്കപ്പെട്ട സക്കറിയയും ഹാരിസും എന്നെ വിളിച്ചു. ഏതെങ്കിലും സി പി എം പ്രാദേശിക നേതാക്കളെ വിളിച്ചാൽ ഞങ്ങൾക്ക് രക്ഷപ്പെടാൻ പറ്റുമെന്നും തളിപ്പറമ്പിലെ പ്രശ്‌നത്തിൽ ഉണ്ടെന്ന് കരുതിയാണ് അവർ ഞങ്ങളെ തടഞ്ഞുവെച്ചതെന്നും പറഞ്ഞു.

വീട്ടിലേക്ക് കയറിചെന്നപ്പോൾ ഉച്ചയൂണ് ശരിയാക്കി വെച്ച് ഉമ്മ കാത്തിരിപ്പായിരുന്നു. എവിടെ ഷുക്കൂർ അവനെ കാണാനില്ലല്ലോ എന്ന് ചോദിച്ചപ്പോൾ ഞാൻ ഉമ്മയോട് ചെറുതായി കാര്യം സൂചിപ്പിച്ചു. അപ്പുറത്ത് സി പി എമ്മുകാർ അവനെയും കൂട്ടുകാരെയും തടഞ്ഞുവെച്ചിരിക്കയാണ്. ബേജാറാകേണ്ട. അവർ അവനെ ഒന്നും ചെയ്യില്ല. അവൻ നിരപരാധിയാണെന്ന് മനസ്സിലാ യാൽ പെട്ടെന്ന് വിടും. അതിനുവേണ്ടിയുള്ള ഇടപാടുകളൊക്കെ ചെയ്യുന്നുണ്ട്. ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചെങ്കിലും അതിനു നിൽക്കാതെ വെറും വെള്ളം മാത്രം കുടിച്ച് പുറത്തേക്കിറങ്ങി.

അക്കരെ അഞ്ചു പേരെ ബന്ദിയാക്കിയ സമയത്തുതന്നെ ഇപ്പുറത്ത് ബോംബും പൊട്ടിയത് അത്ര നല്ല ലക്ഷണമല്ലെന്ന് എനിക്ക് തോന്നി. അതോടെ എന്നിൽ അതുവരെയുണ്ടായിരുന്ന ആത്മവിശ്വാസത്തിന് പോറലേൽക്കാൻ തുടങ്ങി. ഇപ്പുറത്ത് ഭീതി പരത്തുന്നെങ്കിൽ അവിടെയുള്ള കുട്ടികൾക്ക് എന്തോ അപകടം വരാൻ സാധ്യതയുണ്ടെന്ന ആശങ്ക ഉയർന്നു. മനസ്സ് വല്ലാതെ പിടഞ്ഞുകൊണ്ട് രാജീവന്റെ നമ്പർ സംഘടിപ്പിക്കാനായി മറ്റു ചിലരെയും കൂട്ടി കടയുടെ ഭാഗത്തേക്ക് നടന്നു.

വൈകീട്ടോടെ ഷുക്കൂറിന്റെ വാർത്തയും എന്റെ ചെവിയിൽ എത്തി. പിന്നെ തലയ്ക്കുള്ളിൽ ഒന്നും പ്രവർത്തിക്കാതായി. വല്ലാത്ത പിടച്ചിൽ നെഞ്ചിനുള്ളിൽ. അതാകട്ടെ പുറത്തുകാണിക്കാനും പറ്റില്ല. വീട്ടിൽ ഉമ്മയുണ്ട്. ഉമ്മ ഇടയ്ക്കിടക്ക് കാര്യങ്ങൾ തിരക്കുന്നു. എന്തൊക്കെയോ കളവ് ഉമ്മയുടെ മുഖത്ത് നോക്കി പറയുമ്പോൾ ഞാൻ കുഴഞ്ഞുവീഴുമോ എന്ന് സംശയിച്ചു. സഹോദരി ഫാത്തിമ രണ്ടു ദിവസം മുമ്പായിരുന്നു ഭർത്താവിന്റെ വീട്ടിലേക്ക് പോയത്. അതിനാൽ ഉമ്മയും രണ്ടാമത്തെ അനുജൻ ഷഫീഖും മാത്രമാണ് വീട്ടിലുള്ളത്. ഉമ്മ വീണ്ടും ചോദിച്ചപ്പോൾ അവന് ചെറിയ പരുക്കുണ്ടെന്നും മംഗലാപുരം ആശുപത്രിയിലാണുള്ളതെന്നും പറഞ്ഞു.

എന്റെ ഉപ്പയും സഹോദരങ്ങളുമൊക്കെ കമ്യൂണിസ്‌റുകാരായിരുന്നു. പള്ളിയിൽ പോലും പോകാതെ കമ്യൂണിസ്‌റ് ശൈലിയിൽ ജീവിച്ചവർ. മത്സ്യബന്ധനം നടത്തി അരിഷ്ടിച്ച് ജീവിച്ച പുതിയ പറമ്പത്ത് മുഹമ്മദിന്റെ മകനെയാണ് ഇവർ കൊന്നതെന്ന് ഓർക്കണം. ഇപ്പോഴത്തെ എത്ര പാർട്ടിക്കാർക്കറിയാം എന്റെ ഉപ്പ മുഹമ്മദിനെ. ഈ ഞാനും എസ് എസ് എസ് എൽസി പഠനം വരെ എസ് എഫ് ഐ ആയിരുന്നു. പിന്നീടാണ് ഞാൻ എം എസ് എഫ് പ്രവർത്തകനായത്. ഇപ്പോൾ ലീഗ് അനുഭാവി എന്നതിലപ്പുറം ഞാനൊരു സജീവരാഷ്ട്രീയപ്രവർത്തകനല്ല.

ഷുക്കൂറാകട്ടെ എം എസ് എഫ് പ്രവർത്തനത്തോടൊപ്പം വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്നവരുടെ ഉന്നമനത്തിനായി ഏറെ പ്രവർത്തിക്കാറുണ്ട്. അവന്റെ പിന്നാലെ കുറെ നല്ല ചെറുപ്പക്കാർ മാന്യമായ നിലയിൽ ഇത്തരം ഇടപെടലിന് കൂട്ടായുണ്ട്. എസ് എസ് എൽ സി തത്തുല്യപരീക്ഷയ്ക്ക് പലരെയും പേര് ചേർത്ത് അവരെ പരീക്ഷ എഴുതിക്കുന്നതിന് അവൻ നേതൃത്വം നൽകി. എസ് എസ് എൽ സിക്ക് പഠിക്കുന്ന നിർദ്ദനരായ 39 കുട്ടികൾക്ക് നൈറ്റ് ക്‌ളാസ് നൽകുന്നതും ഷുക്കൂറിന്റെ നേതൃത്വത്തിലായിരുന്നു. അവരുടെ രക്ഷിതാക്കൾക്കും ക്‌ളാസ് നൽകിയിരുന്നു. ദൂരസ്ഥലത്തുനിന്ന് അതിനായി അദ്ധ്യാപകനെ അവൻ മോട്ടോർബൈക്കിലാണ് കൊണ്ടുവരാറും തിരിച്ച് കൊണ്ടുവിടാറും. എൽ ഡി ക്‌ളാർക്ക് പരീക്ഷ എഴുതിക്കാനായി അഞ്ചെട്ടു കുട്ടികളെ ഇവിടുന്ന് അപേക്ഷ അയപ്പിച്ചിട്ടുണ്ട്.

എം എസ് എഫ് തളിപ്പറമ്പ് മണ്ഡലം ട്രഷറർ ആയതുകൊണ്ടുമല്ല അവൻ കൊല്ലപ്പെട്ടത്( വെറും 12 മണിക്കൂർ മുമ്പ് മാത്രമാണ് അവൻ ആ പദവിയിലെത്തിയത്) അവന്റെ സാമൂഹ്യ ഇടപെടലിനെയാകും അവർ ഭയപ്പെട്ടത്. അവനെ ഇല്ലാതാക്കിയാൽ ഇവിടുത്തെ ലീഗ് പ്രവർത്തനം നിശ്ചലമാക്കാമെന്നായിരിക്കും അവരുടെ ചിന്ത.

അവന്റെ ഡയറിയിലെ ആദ്യഭാഗത്തുതന്നെ എഴുതിയ കുറിപ്പ് മതി അവനെന്താണെന്ന് വ്യക്തമാകാൻ. 'ഇരുട്ടിനെ ശപിക്കുന്നതിനേക്കാൾ നല്ലത് ഒരു മെഴുകുതിരിയെങ്കിലും കത്തിച്ചുവെക്കുന്നതാണ് എന്ന ആംനെസ്‌റിയുടെ വാചകമായിരുന്നു ഡയറിയുടെ ഒന്നാം പേജിലുണ്ടായിരുന്നത്. നന്മ ചെയ്തവനുള്ള പ്രതിഫലം ദൈവം എവിടെവച്ചെങ്കിലും കൊടുക്കുമായിരിക്കും എന്ന മതവിശ്വാസമാണ് ഞങ്ങളെ ഇപ്പോൾ സഹനത്തിലേക്ക് നയിക്കുന്നത്. അല്ലെങ്കിലും ഈ ജീവിതം തന്നെ ഒരു വഴിയമ്പലവും വിശ്രമകേന്ദ്രവുമല്ലേ.

'നിങ്ങൾ മാന്യന്മാരായ കുറേ ആളുകൾ പറഞ്ഞിട്ടും എന്റെ മോനെ രക്ഷിക്കാനായില്ല. ഇതറിഞ്ഞെങ്കിൽ ഞാൻ പോകുമായിരുന്നു അക്കരേയ്ക്ക്. ഞാൻ കേണപേക്ഷിച്ചിരുന്നെങ്കിൽ അവനെ അവർ വെറുതെ വിടില്ലായാരുന്നോ.... മുറവിളി കൂട്ടിക്കൊണ്ടിരിക്കെ ഉമ്മയുടെ ഹൃദയത്തിൽ നിന്ന് ചാടിവീണ ആ വാക്കുകൾ ഇപ്പോഴും ഉറക്കം കെടുത്തുകയും നിരന്തരം മുറിവേൽപ്പിക്കുകയും ചെയ്യുന്നു. ഒരു മാധ്യമപ്രവർത്തകന്റെ എല്ലാ സ്വാതന്ത്യ്‌രവും പിടിപാടും സമൂഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും വച്ചുകൊണ്ട് ഞാൻ പറഞ്ഞിരുന്നു ഉമ്മയോട്. അവനെ അവരൊന്നും ചെയ്യില്ലെന്ന്. ഉമ്മാ അപ്പുറത്തുള്ളവർ, കീഴറയിലുള്ളവർ നല്ല വിവരമുള്ളവരാണ്. ഒരുപാട് വായനശാലകൾ അവിടെയുണ്ട്. അവൻ നിരപരാധിയാണെന്ന് മനസ്സിലായാൽ അവർ അവനെ വെറുതെ വിടും. അതിനുവേണ്ട ആളുകളെയൊക്കെ ഞാൻ വിളിക്കുന്നുണ്ട് എന്നൊക്കെ..

കെഞ്ചിനോക്കിയിട്ടും പൊന്നനിയനെ വിട്ടില്ല

പ്രതീക്ഷകളെയെല്ലാം ചവുട്ടിയെരിച്ചാണ് അവർ അവനെ ഇല്ലാതാക്കിയത്. അന്ന് ഞാൻ പറഞ്ഞ കാര്യങ്ങൾ ഉള്ളിൽ വച്ചായിരുന്നു മൃതദേഹത്തിനു മുന്നിൽ വച്ച് ഉമ്മ പറഞ്ഞത്. ഉമ്മയുടെ നിലവിളി എന്റെ കാതുകളിൽ നിന്നൊഴിയുന്നില്ല. ഒപ്പം എന്റെ പൊന്നനിയനെ രക്ഷിക്കാനാകാത്തതിന്റെ കഴിവുകേടിൽ ഞാൻ വെന്തുരുകുന്നു ഇപ്പോഴും. എന്റെ അനുജനും ഒരു വേള കരുതിയിരിക്കാം, ചേട്ടൻ പത്രപ്രവർത്തകനല്ലേ, സി പി എമ്മിന്റെ നേതാക്കളെപോലും പരിചയമുണ്ടാകില്ലേ, അങ്ങനെയെങ്കിലും രക്ഷപ്പെടുത്തുമെന്ന്... ഒന്നു കൂടി എന്തെങ്കിലും തരത്തിൽ ഞാൻ ഇടപെട്ടിരുന്നെങ്കിൽ അവനെ രക്ഷിക്കാൻ കഴിയുമായിരുന്നോ?

ഇത്രമാത്രം സംസ്‌ക്കാരശൂന്യരായിരുന്നോ സി പി എമ്മുകാർ എന്ന് ഞാൻ കരുതിയിരുന്നില്ല അതുവരെ. പക്ഷെ ഇത്ര വലിയ അനുഭവം എന്റെ മുന്നിലേക്ക് വന്നുപെട്ടതോടെ പല ബോധ്യവും പൊളിഞ്ഞുവീണു. കടുത്ത മാനസികസംഘർഷത്തിലൂടെ കടന്നുപോയിട്ടും മനുഷ്യത്വത്തിന്റെ ഒരു തരിമ്പുപോലും അവർ എന്നോടും കുടുംബത്തോടും കാട്ടിയില്ലെന്ന് ഓർക്കുമ്പോൾ.... ഞങ്ങളുടെ ഉപ്പ ഒരു ഉത്തമകമ്മ്യൂണിസ്‌റായി ജീവിച്ച് മരിച്ച ആളായിരുന്ന കാര്യം ഇപ്പോഴുള്ള സി പി എം കാർക്കറിയാമോ? പാർട്ടിയിലെ പഴയ തലമുറയിലെ ആരെങ്കിലും അതോർമ്മിപ്പിച്ചെങ്കിൽ അവനെ ഇങ്ങനെ ചെയ്യില്ലായിരുന്നു...

ഷുക്കൂറിനെയും മറ്റു നാലുപേരെയും അക്കരെ വള്ളുവൻകടവിൽ ബന്ദിയാക്കിയെന്ന വിവരം അറിഞ്ഞ നിമിഷം മുതൽ ഏകദേശം ഒന്നര മണിക്കൂറോളം ഞാനനുഭവിച്ച വേദന എഴുത്തിലൂടെ പരിഭാഷപ്പെടുത്താൻ ഏറെ പരിമിതിയുണ്ട്. മരണത്തിനും ജീവിതത്തിനും ഇടയിലൂടെ നൂൽപ്പാലം കെട്ടി, അതിലൂടെയുള്ള ഓട്ടത്തിൽ പലരോടും കാലു പിടിക്കുന്ന തരത്തിൽ കെഞ്ചിനോക്കി. ഒരു ഗുണവുമുണ്ടായില്ല.

രാവിലെ 11.30 ഓടെയാണ് ഷുക്കൂർ വീട്ടിൽ നിന്ന് യാത്രയായത്. സുഹൃത്തുക്കൾ ചിലർ കണ്ണപുരത്തേക്ക് തോണിയിൽ പോകുന്നത് കണ്ട് അതിലേക്ക് കയറാൻ പോകുമ്പോഴാണ് ഞാൻ കണ്ടത്. എവിടേക്കാണെന്ന് ചോദിച്ചപ്പോൾ 'സപ്‌ളിമെന്ററി പരീക്ഷയ്ക്ക് അപേക്ഷ കൊടുക്കണം എന്ന് മാത്രമാണ് മറുപടി. അങ്ങനെയാണ് അവന്റെ സംസാരരീതി. എല്ലാം ഷാർപ്പായി പറയും. അമിതമായി പറയുകയുമില്ല. ഞാൻ നിരുത്സാഹപ്പെടുത്തിയില്ല. അവൻ ബി എ അറബിക്ക് പൂർത്തിയാക്കിയതാണ്. എന്നാൽ സെക്കന്റ് ലാഗ്വേജ് കിട്ടിയിരുന്നില്ല. ഒരു തവണ സപ്‌ളിമെന്ററി എഴുതിയെങ്കിലും തോറ്റു. അത് വീണ്ടും എഴുതിയാലേ എന്തെങ്കിലും തരത്തിൽ അവൻ രക്ഷപ്പെടൂ. അപേക്ഷിക്കാനുള്ള അവസാന തിയ്യതി ഫെബ്രുവരി 23 ആയിരുന്നു.

അരിയിൽ പള്ളിക്കുസമീപം അപ്പോൾ പി ജയരാജന്റെ കാറിനുനേരെ ആക്രമണം നടന്നെന്ന വാർത്ത അറിഞ്ഞതിനാലാണ് തളിപ്പറമ്പിലേക്ക് പോകാതെ ചെറുകുന്നിലേക്ക് പോകാൻ തീരുമാനിച്ചത്. വള്ളുവൻകടവിൽ തോണിയിറങ്ങിയാൽ കീഴറയിൽനിന്ന് ചെറുകുന്നിലേക്ക് ബസ്സുണ്ടാകും. സുഹൃത്തുക്കൾ മറ്റെന്തോ ആവശ്യാർത്ഥം ചെറുകുന്നിലേക്ക് പോകുകയാണ്. ഒപ്പമുണ്ടായിരുന്ന അയൂബിന് ചെറുകുന്ന് മിഷൻ ആശുപത്രിയിലും പോകണം. എന്നാൽ മൂന്ന് പേർക്ക് പോകാൻ കഴിയുന്ന തോണിയിൽ അവർ അഞ്ചു പേർ പോകുമ്പോൾ എന്തോ തടസ്സം പറയണമെന്ന് എന്റെ മനസ്സ് ആഗ്രഹിച്ചിരുന്നു. യാത്ര മുടക്കേണ്ടെന്നതിനാൽ അത് പറഞ്ഞില്ല.

പിന്നീട് അര മണിക്കൂറെങ്കിലും കഴിഞ്ഞ് കാണും. അവിടെയുള്ള ഷുക്കൂറിന്റെ സുഹൃത്തുക്കൾ പറഞ്ഞു നമ്മുടെ ഷുക്കൂറിനെയും മറ്റു നാലുപേരെയും അപ്പുറത്ത് സി പി എമ്മുകാർ ഒരു വീട്ടിൽ ബന്ദിയാക്കിയിരിക്കയാണെന്ന്. പി ജയരാജന്റെ കാറിനുനേരെ അക്രമം നടത്തിയവരാണെന്നും തോണിയിൽ രക്ഷപ്പെടുന്ന ഇവർ അരിയിൽ സ്വദേശികളല്ലെന്നും പറഞ്ഞായിരുന്നു അവരെ തടഞ്ഞുവെച്ചത്. തടഞ്ഞുവെക്കപ്പെട്ട സക്കറിയയും ഹാരിസും എന്നെ വിളിച്ചു. ഏതെങ്കിലും സി പി എം പ്രാദേശിക നേതാക്കളെ വിളിച്ചാൽ ഞങ്ങൾക്ക് രക്ഷപ്പെടാൻ പറ്റുമെന്നും തളിപ്പറമ്പിലെ പ്രശ്‌നത്തിൽ ഉണ്ടെന്ന് കരുതിയാണ് അവർ ഞങ്ങളെ തടഞ്ഞുവെച്ചതെന്നും പറഞ്ഞു. മാധ്യമപ്രവർത്തകൻ എന്ന നിലയിൽ ടി വി രാജേഷ് എം എൽ എ യെ പരിചയമുണ്ട്. രാജേഷിനെ വിളിച്ചാലോ എന്ന് ആദ്യം ആലോചിച്ചെങ്കിലും അത് വേണ്ടെന്ന് സ്വയം തീരുമാനമെടുത്തു. പ്രാദേശിക സി പി എമ്മുകാരെ ബന്ധപ്പെടാമെന്ന് കരുതി.

ഉമ്മയോട് കാര്യം പറയാതെ വീട്ടിൽ നിന്ന് ഇറങ്ങി. അടുത്ത വീട്ടിലെത്തി ചില നാട്ടുകാരുമായി കാര്യം ചർച്ച ചെയ്തു. മത്സ്യത്തൊഴിലാളിയായ പവിത്രേട്ടൻ സി പി എം അനുഭാവിയും വള്ളുവൻകടവ് സ്വദേശിയുമാണ്. അവിടത്തുകാരുമായി നല്ല ബന്ധമാണ്. സുഹൃത്തുക്കൾ വഴി അദ്ദേഹവുമായി ബന്ധപ്പെട്ടു. അദ്ദേഹം ശ്രമിക്കാമെന്ന് പറഞ്ഞു. വലിയ പ്രതീക്ഷയാണ് പവിത്രേട്ടന്റെ വാക്കുകളിൽ കണ്ടത്. 15 മിനിട്ടിനു ശേഷം അദ്ദേഹത്തെ ബന്ധപ്പെട്ടു. കാര്യം പറഞ്ഞിട്ടുണ്ടെന്നും വിടുമോ എന്ന് അറിയില്ലെന്നുമുള്ള നിസ്സഹായ മറുപടിയായിരുന്നു പിന്നീട് കിട്ടിയത്. അതോടെ അടുത്ത ഇടപെടലിനെക്കുറിച്ചായി ആലോചന.

ഉച്ചയൂണ് വിളമ്പി ഉമ്മ കാത്തിരുന്നു

വീട്ടിലേക്ക് കയറിചെന്നപ്പോൾ ഉച്ചയൂണ് ശരിയാക്കി വെച്ച് ഉമ്മ കാത്തിരിപ്പായിരുന്നു. എവിടെ ഷുക്കൂർ അവനെ കാണാനില്ലല്ലോ എന്ന് ചോദിച്ചപ്പോൾ ഞാൻ ഉമ്മയോട് ചെറുതായി കാര്യം സൂചിപ്പിച്ചു. അപ്പുറത്ത് സി പി എമ്മുകാർ അവനെയും കൂട്ടുകാരെയും തടഞ്ഞുവെച്ചിരിക്കയാണ്. ബേജാറാകേണ്ട. അവർ അവനെ ഒന്നും ചെയ്യില്ല. അവൻ നിരപരാധിയാണെന്ന് മനസ്സിലായാൽ പെട്ടെന്ന് വിടും. അതിനുവേണ്ടിയുള്ള ഇടപാടുകളൊക്കെ ചെയ്യുന്നുണ്ട്. ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചെങ്കിലും അതിനു നിൽക്കാതെ വെറും വെള്ളം മാത്രം കുടിച്ച് പുറത്തേക്കിറങ്ങി.

അതിനിടയിൽ വിവരമറിഞ്ഞ് ലീഗിന്റെ പ്രാദേശികനേതാവ് വിളിച്ചു. പൊലീസിനെ വിളിക്കണോ എന്ന് അദ്ദേഹം ചോദിച്ചെങ്കിലും രക്ഷപ്പെടാനുള്ള ചില വഴികൾ തേടുന്നുണ്ടെന്ന് ഞാൻ അറിയിച്ചു. അക്കരെയുള്ള പല സി പി എം അനുഭാവികളെയും അതിനകം ബന്ധപ്പെടുന്നുണ്ടായിരുന്നു. അപ്പോഴാണ് ഷുക്കൂറിന്റെ വിളി വരുന്നത്. ഞങ്ങളെ ഇറക്കുന്ന കാര്യം എന്തായെന്നും സി പി എം അനുഭാവിയായ രാജീവേട്ടനെ വിളിക്കണമെന്നുമാണ് അവൻ പറഞ്ഞത്. ചെറുകുന്ന് പഞ്ചായത്ത് വൈസ്പ്രസിഡന്റിന്റെ നമ്പർ അവന് കൊടുത്തു. ദാവൂദിന്റെ സഹോദരനാണെന്ന് പറഞ്ഞ് വിളിച്ചാൽ മതിയെന്നും പറഞ്ഞു. അദ്ദേഹം സി പി എമ്മുകാരനാണ്. (അവൻ അദ്ദേഹത്തെ വിളിച്ചിരുന്നോ, എന്തായിരുന്നു മറുപടി എന്ന് അറിയില്ല) രാജീവൻ ചെമ്മീൻ കെട്ട് നടത്തുന്ന സി പി എം അനുഭാവിയാണ്. ഇന്നാട്ടുകാരുമായി നല്ല ആത്മബന്ധമുള്ളയാളാണ്. അക്കരെയുള്ള സി പി എമ്മുമാകാരുമായും നല്ല ബന്ധമാണയാൾക്ക്. രാജീവന്റെ ഫോൺ നമ്പർ സംഘടിപ്പിക്കലായി അടുത്ത നീക്കം.

അതിനായി ധർമ്മക്കിണറിനു സമീപത്തെ ചാലിൽ ഇബ്രാഹിമിന്റെ വീട്ടിൽ ലാന്റ്‌ഫോണിൽ വിളിച്ചു. അദ്ദേഹത്തിന്റെ ഉമ്മയാണ് ഫോൺ എടുത്തതെങ്കിലും അവർ എറെ ഭീതിയോടെയാണ് സംസാരിച്ചത് പുറത്ത് ബോംബ് പൊട്ടിയിട്ടുണ്ടെന്നും മറ്റും പറഞ്ഞ് അവർ നിലവിളിക്കാൻ തുടങ്ങിയതോടെ ഞാൻ ഫോൺ വച്ചു.

കടവിലേക്ക് മടങ്ങിവരാത്ത രാജീവൻ

അക്കരെ അഞ്ചു പേരെ ബന്ദിയാക്കിയ സമയത്തുതന്നെ ഇപ്പുറത്ത് ബോംബും പൊട്ടിയത് അത്ര നല്ല ലക്ഷണമല്ലെന്ന് എനിക്ക് തോന്നി. അതോടെ എന്നിൽ അതുവരെയുണ്ടായിരുന്ന ആത്മവിശ്വാസത്തിന് പോറലേൽക്കാൻ തുടങ്ങി. ഇപ്പുറത്ത് ഭീതി പരത്തുന്നെങ്കിൽ അവിടെയുള്ള കുട്ടികൾക്ക് എന്തോ അപകടം വരാൻ സാധ്യതയുണ്ടെന്ന ആശങ്ക ഉയർന്നു. മനസ്സ് വല്ലാതെ പിടഞ്ഞുകൊണ്ട് രാജീവന്റെ നമ്പർ സംഘടിപ്പിക്കാനായി മറ്റു ചിലരെയും കൂട്ടി കടയുടെ ഭാഗത്തേക്ക് നടന്നു. അതിനിടയിലാണ് തോണി തുഴഞ്ഞുപോകുന്ന രാജീവനെ ഒരാൾ കണ്ടത്. അതോടെ ഉച്ചത്തിൽ രാജീവേട്ടനെ വിളിച്ചു. ആദ്യമൊക്കെ വലിയ തിരക്ക് അഭിനിയിച്ച് കേൾക്കാൻ നിന്നില്ല. ഒരു കാര്യം പറയാനുണ്ടെന്നും ഫോൺ നമ്പർ വേണമെന്നും പറഞ്ഞപ്പോൾ ഉച്ചത്തിൽ ഫോൺ നമ്പർ പറഞ്ഞുതന്നു. ഫോണിലൂടെ വിളിച്ച് കാര്യം പറഞ്ഞു. എന്തെങ്കിലും സഹായം ചെയ്യണമെന്ന് പറഞ്ഞിട്ടും വിമുഖത കാട്ടുകയായിരുന്നു. കാലു പിടിക്കുന്ന തരത്തിൽ കേണപേക്ഷിച്ചപ്പോൾ ശ്രമിക്കാമെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്യുകയും അയാൾ ധൃതി പിടിച്ച് വീട്ടിലേയ്ക്ക് പോകുകയും ചെയ്തു.

അന്ന് പോയ രാജീവൻ പിന്നീട് ഇതുവരെയും ഇവിടേക്ക് മടങ്ങിവന്നിട്ടില്ല. അതിനാൽ തന്നെ രാജീവന് അന്നത്തെ വിഷയത്തിൽ എന്തോ പങ്കുണ്ടെന്ന സംശം ഉറപ്പാണ്. ഉച്ചയ്ക്ക് അത്തരമൊരു നേരത്ത് ചെമ്മീൻ കെട്ടിന്റെ പലക വലിക്കാൻ വരേണ്ട ആവശ്യമുണ്ടായിരുന്നില്ല. ചെമ്മീൻ കെട്ട് ഉപേക്ഷിക്കാനായി വന്നതാണെന്ന് അതുമായി ബന്ധപ്പെട്ട് പരിചയമുള്ളവർ പറഞ്ഞറിഞ്ഞു. എത്രമാത്രം ആത്മബന്ധമാണ് ഈ നാട്ടുകാരുമായി രാജീവനുണ്ടായിരുന്നത്. പ്രശ്‌നം നടന്നശേഷം ഇപ്പോഴും പല സി പിഎമ്മുകാരും അനുഭാവികളുമൊക്കെയും ഇവിടങ്ങളിൽ ജോലിക്കുവരുന്നു. എത്രപേർ ഇവിടെ ഇപ്പോഴും ജീവിക്കുന്നു. എന്നിട്ടും രാജീവൻ തിരിച്ചുവരാത്തതിൽ വലിയ വിഷമം തോന്നി.

എല്ലാ ശ്രമവും പാളുന്നതുപോലെ. അങ്ങനെ ഭക്ഷണം പോലും കഴിക്കാതിരിക്കുമ്പോഴാണ് അപ്പുറത്തുനിന്ന് അയൂബ് അടക്കം മൂന്നുപേരും മർദ്ദനമേറ്റ പരുക്കുകളോടെ തോണിയിൽ എത്തിയത്. അതോടെയാണ് അക്കരെ എന്തൊക്കെയോ നടന്നതായി അറിവുണ്ടായത്. വൈകീട്ടോടെ ഷുക്കൂറിന്റെ വാർത്തയും എന്റെ ചെവിയിൽ എത്തി. പിന്നെ തലയ്ക്കുള്ളിൽ ഒന്നും പ്രവർത്തിക്കാതായി. വല്ലാത്ത പിടച്ചിൽ നെഞ്ചിനുള്ളിൽ. അതാകട്ടെ പുറത്തുകാണിക്കാനും പറ്റില്ല. വീട്ടിൽ ഉമ്മയുണ്ട്. ഉമ്മ ഇടയ്ക്കിടക്ക് കാര്യങ്ങൾ തിരക്കുന്നു. എന്തൊക്കെയോ കളവ് ഉമ്മയുടെ മുഖത്ത് നോക്കി പറയുമ്പോൾ ഞാൻ കുഴഞ്ഞുവീഴുമോ എന്ന് സംശയിച്ചു. സഹോദരി ഫാത്തിമ രണ്ടു ദിവസം മുമ്പായിരുന്നു ഭർത്താവിന്റെ വീട്ടിലേക്ക് പോയത്. അതിനാൽ ഉമ്മയും രണ്ടാമത്തെ അനുജൻ ഷഫീഖും മാത്രമാണ് വീട്ടിലുള്ളത്. ഉമ്മ വീണ്ടും ചോദിച്ചപ്പോൾ അവന് ചെറിയ പരുക്കുണ്ടെന്നും മംഗലാപുരം ആശുപത്രിയിലാണുള്ളതെന്നും പറഞ്ഞു.

'എന്നാൽ നീ എന്താ ഇവിടെ നിൽക്കുന്നത് അവന്റെ അടുത്തേക്ക് പോകാതെ. പണമില്ലാത്തതാണ് പ്രശ്‌നമെങ്കിൽ നിന്റെ പെങ്ങളുടെ സ്വർണം എടുത്തോ എന്നും പറഞ്ഞു. അതോടെ വീട്ടിൽ നിൽക്കാൻ പറ്റില്ലെന്ന സ്ഥിതിയായി. മംഗലാപുരത്തേക്ക് പോകയാണെന്ന് പറഞ്ഞ് അന്ന് രാത്രി അടുത്ത വീട്ടിലാണ് കഴിഞ്ഞത്. ഉറക്കമില്ലാത്ത രാത്രി പിന്നിട്ട് നേരെ വെളുത്തതോടെ വീട്ടിൽ ദുരന്തവിവരം അറിയിച്ചു.

അത് ഷുക്കൂറായിരുന്നില്ല

എന്റെ കഴിവില്ലായ്മയാണോ അവനെ രക്ഷിക്കാൻ കഴിയാതിരുന്ന തെന്ന കുറ്റബോധം എന്നെ നിരന്തരം പിടികൂടിക്കൊണ്ടിരുന്നു. എന്റെ അനുജൻ ഒരിക്കലും തീവ്രവാദിയായിരുന്നില്ല. മാന്യനും നല്ല സാമൂഹ്യബോധവുമുള്ള ജനാധിപത്യരീതിയിൽ ഇടപെടുന്ന വ്യക്തിയായിരുന്നു. എന്നിട്ടും പി ജയരാജനും മറ്റും അവനെ ക്രിമിനലാക്കി ചിത്രീകരിച്ചപ്പോൾ മറ്റൊരു ആഘാതമായി ഞങ്ങൾക്ക് അത്. ജയരാജന്റെ കാറിനു മുന്നിലൂടെ പോകുന്ന മറ്റേതോ ചെറുപ്പക്കാരന്റെ ഫോട്ടോ കാണിച്ച് അത് ഷൂക്കൂറാണെന്ന് വരുത്തിതീർക്കാൻ നടത്തിയ ശ്രമം പാളി. അരിയിൽ പള്ളിക്കു സമീപം സംഭവം നടക്കുന്ന വേളയിൽ ഷുക്കൂർ വീട്ടിൽ തന്നെയുണ്ടായിരുന്നു. വഴിയെ പോകുന്നയാളല്ല കൊല്ലപ്പെട്ടതെന്നാണ് ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞത്. അവർ പറഞ്ഞത് തെറ്റായിരുന്നു എന്ന് പിന്നീട് വെളിപ്പെട്ടെങ്കിലും അത് തിരുത്താൻ സി പി എം തയ്യാറായില്ല. ഇത്രമാത്രം അധ:പതിച്ചുപോയോ അവർ. സത്യത്തിൽ ഒരു നിരപരാധിയെ കൊന്നു എന്ന കാര്യം മറച്ചുവെക്കാനാണ് അക്കഥ പ്രചരിപ്പിച്ചത്.

എന്റെ ഉപ്പ കമ്മ്യൂണിസ്‌റായിരുന്നു, എന്നിട്ടും...

എന്റെ ഉപ്പയും സഹോദരങ്ങളുമൊക്കെ കമ്യൂണിസ്‌റുകാരായിരുന്നു. പള്ളിയിൽ പോലും പോകാതെ കമ്യൂണിസ്‌റ് ശൈലിയിൽ ജീവിച്ചവർ. മത്സ്യബന്ധനം നടത്തി അരിഷ്ടിച്ച് ജീവിച്ച പുതിയ പറമ്പത്ത് മുഹമ്മദിന്റെ മകനെയാണ് ഇവർ കൊന്നതെന്ന് ഓർക്കണം. ഇപ്പോഴത്തെ എത്ര പാർട്ടിക്കാർക്കറിയാം എന്റെ ഉപ്പ മുഹമ്മദിനെ. ഈ ഞാനും എസ് എസ് എസ് എൽസി പഠനം വരെ എസ് എഫ് ഐ ആയിരുന്നു. പിന്നീടാണ് ഞാൻ എം എസ് എഫ് പ്രവർത്തകനായത്. ഇപ്പോൾ ലീഗ് അനുഭാവി എന്നതിലപ്പുറം ഞാനൊരു സജീവരാഷ്ട്രീയപ്രവർത്തകനല്ല. മാധ്യമപ്രവർത്തകൻ മാത്രമാണ്. എന്നാലും സി പി എം അനുഭാവിയായ എന്റെ ഉപ്പയെ പഴമക്കാർക്ക് അറിയാം. പണ്ട് ഉപ്പയ്ക്ക് തിമിരം ബാധിച്ചപ്പോൾ ഗൾഫിലുള്ള ചില ലീഗ് അനുഭാവികൾ പണം പിരിച്ചു കൊടുത്തു. എന്നാൽ ഉപ്പ അത് വാങ്ങിയില്ല. ചെറിയ പണമായാലും എന്റെ പാർട്ടിക്കാർ തന്നാലേ ഞാൻ സ്വീകരിക്കൂ എന്നായിരുന്നു ഉപ്പയുടെ നിലപാട്. അരിയിലെ ഏറ്റവും ദരിദ്രകുടുംബമായിരുന്നു ഞങ്ങളുടേത്. മക്കളെ ആരെയും മത്സ്യത്തൊഴിലിൽ പിൻതുടർച്ചക്കാരാക്കാതെ കഷ്ടപ്പെട്ട് പണമുണ്ടാക്കി പഠിപ്പിക്കുകയായിരുന്നു. വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന ഉപ്പയുടെയും ഉമ്മയുടെയും വാശിയായരുന്നു അത്. ആയിടയിൽ പെങ്ങളുടെ വിവാഹവും നടത്തി. 2004 ഡിസംബറിൽ തൊണ്ടയ്ക്ക് കാൻസർ വന്ന് മരിക്കുന്നതുവരെ ഉപ്പ കമ്യൂണിസ്‌റായിരുന്നു. ഉമ്മ നല്ല മതവിശ്വാസിയായിരുന്നു. അതിനാൽ ഞങ്ങളും അതേവഴി പിന്തുടർന്നെങ്കിലും ഇല്ലാത്തവനോട് അടങ്ങാത്ത കൂറ് പുലർത്തുന്ന ഉപ്പയുടെ ദർശനവും ഉള്ളിൽ സൂക്ഷിച്ചിരുന്നു. മതവിശ്വാസിയാണെന്ന് വച്ച് ഞങ്ങളാരും തീവ്രവാദികളല്ല.

ഗ്രാമവും ഷുക്കൂറും ഇടപെടലുകളും

നല്ല സാമൂഹ്യബോധ്യം ഉള്ളതിനാൽതന്നെ പല പ്രവർത്തനങ്ങളും ഏറ്റെടുത്തുന്ന നടത്തുന്ന ചെറുപ്പക്കാരനാണ് നാട്ടുകാർക്ക് ഷുക്കൂർ. അതിനാൽ അവനെ ആളു മാറി കൊന്നതാണെന്ന് ഇപ്പോൾ ഞാൻ ധരിക്കുന്നില്ല. അരിയിൽ മുസ്‌ളീം സമുദായത്തിന് ഭൂരിപക്ഷമുള്ള പ്രദേശമാണ്. ഇതിൽ ഏറിയ പേരും ലീഗ് പ്രവത്തകരും അനുഭാവികളുമാണ്. മറ്റ് പാർട്ടികൾക്കുമുണ്ട് സ്വാധീനം. ഷുക്കൂറാകട്ടെ എം എസ് എഫ് പ്രവർത്തനത്തോടൊപ്പം വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്നവരുടെ ഉന്നമനത്തിനായി ഏറെ പ്രവർത്തിക്കാറുണ്ട്. അവന്റെ പിന്നാലെ കുറെ നല്ല ചെറുപ്പക്കാർ മാന്യമായ നിലയിൽ ഇത്തരം ഇടപെടലിന് കൂട്ടായുണ്ട്. എസ് എസ് എൽ സി തത്തുല്യപരീക്ഷയ്ക്ക് പലരെയും പേര് ചേർത്ത് അവരെ പരീക്ഷ എഴുതിക്കുന്നതിന് അവൻ നേതൃത്വം നൽകി. എസ് എസ് എൽ സിക്ക് പഠിക്കുന്ന നിർദ്ദനരായ 39 കുട്ടികൾക്ക് നൈറ്റ് ക്‌ളാസ് നൽകുന്നതും ഷുക്കൂറിന്റെ നേതൃത്വത്തിലായിരുന്നു. അവരുടെ രക്ഷിതാക്കൾക്കും ക്‌ളാസ് നൽകിയിരുന്നു. ദൂരസ്ഥലത്തുനിന്ന് അതിനായി അദ്ധ്യാപകനെ അവൻ മോട്ടോർബൈക്കിലാണ് കൊണ്ടുവരാറും തിരിച്ച് കൊണ്ടുവിടാറും. എൽ ഡി ക്‌ളാർക്ക് പരീക്ഷ എഴുതിക്കാനായി അഞ്ചെട്ടു കുട്ടികളെ ഇവിടുന്ന് അപേക്ഷ അയപ്പിച്ചിട്ടുണ്ട്.

അവരുടെ ബാർകോഡുകൾ പോലും അവന്റെ ഡയറിയിൽ കുറിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഉന്നതിയിലെത്താൻ കഴിയൂ എന്നായിരുന്നു അവന്റെ നിലപാട്. പഠനത്തിനിടയിലും രാത്രിയോ പകലോ ഇല്ലാതെ ഇത്തരം ഇടപെടൽ നടത്തുന്നതിനു പുറമെ ഗ്രാമസഭയിലും അവന്റെ ഇടപെടൽ ശക്തമായിരുന്നു. ഈ ഭാഗത്തെ ചെമ്മൺ റോഡിന്റെ പുരോഗതിക്കും മറ്റു വികസനപ്രവർത്തനങ്ങൾക്കും എം എൽ എ തലത്തിൽ വരെ ഇടപെടുമായിരുന്നു. അവകാശത്തിനു വേണ്ടിയുള്ള ഇത്തരം പ്രവർത്തനത്തിന്റെ പ്രതിഫലമായാണ് അവർ അവന് മരണം നൽകിയത്. എം എസ് എഫ് തളിപ്പറമ്പ് മണ്ഡലം ട്രഷറർ ആയതുകൊണ്ടുമല്ല അവൻ കൊല്ലപ്പെട്ടത്( വെറും 12 മണിക്കൂർ മുമ്പ് മാത്രമാണ് അവൻ ആ പദവിയിലെത്തിയത്) അവന്റെ സാമൂഹ്യ ഇടപെടലിനെയാകും അവർ ഭയപ്പെട്ടത്. അവനെ ഇല്ലാതാക്കിയാൽ ഇവിടുത്തെ ലീഗ് പ്രവർത്തനം നിശ്ചലമാക്കാമെന്നായിരിക്കും അവരുടെ ചിന്ത.

പെങ്ങളുടെ ഭർത്താവിന് വെളിച്ചെണ്ണ വിൽപ്പനയാണ് ജോലി. മരിക്കുന്നതിന്റെ തലേന്നാൾ രാത്രി അരിയിൽ സി പി എം ബ്രാഞ്ച് സെക്രട്ടറി(ഇതേ സെക്രട്ടറിയാണ് ബന്ദിയാക്കപ്പെട്ട കൂട്ടത്തിൽ നിന്ന് അബ്ദുൾസലാം വിളിച്ചപ്പോൾ നിങ്ങൾ അനുഭവിച്ചോ എന്ന് പറഞ്ഞത്)ആവശ്യപ്പെട്ട പ്രകാരം അദ്ദേഹത്തിന്റെ വീട്ടിൽ വെളിച്ചെണ്ണ എത്തിച്ചത് ഷുക്കൂറാണ്. സെക്രട്ടറിയുടെ ഭാര്യയാണ് വീട്ടിലുണ്ടായിരുന്നത്. കയ്യിൽ പണമില്ലല്ലോ എന്ന് ആ സ്ത്രീ പറഞ്ഞപ്പോൾ ഉള്ളപ്പോൾ പിന്നെ തന്നാൽ മതിയെന്നാണ് അന്ന് ഷുക്കൂർ പറഞ്ഞത്.

കാറ്റാടിമരങ്ങളും ബദാംമരങ്ങളും ഷൂക്കൂറിനെ തേടുന്നു

ഇത് കേരളം തന്നെയാണോ എന്ന സന്ദേഹവും അവന്റെ മരണത്തിനുശേഷം എന്നിൽ ശക്തമാകുകയാണ്. അഫ്ഘാനിസ്ഥാനിലും ഗുജറാത്തിമൊക്കെ കണ്ടിരുന്നത് ഇവിടെയും നടന്നിരിക്കുന്നു എന്ന് എത്രപേർ വിശ്വസിക്കും. ഇവർ ബന്ദികളായ ശേഷം മണിക്കൂറുകൾക്കിടയിൽ പൊലീസിനെ പലരും വിളിച്ചിരുന്നു എന്നാണ് അറിവ്. 1.20ന് അവിടെയുണ്ടായിരുന്ന ഒരു കോൺഗ്രസ് നേതാവ് വിളിച്ചിട്ടുണ്ട്. കണ്ണപുരം എസ് ഐ ഉച്ചയ്ക്ക് അവിടെയുണ്ടായിരുന്നില്ലേ? എന്നിട്ടും അവരിൽ നിന്ന് സഹായമെത്താൻ വല്ലാതെ വൈകിയതെന്തേ? പൊലീസിൽനിന്നും മറ്റുമുണ്ടാകുന്ന ഇത്തരം നിസ്സംഗതയാണ് തീവ്രവാദസംഘടനകൾ മുതലെടുക്കുന്നത്. ഞങ്ങളുടെ ആളായിരുന്നെങ്കിൽ ഷുക്കൂർ കൊല്ലപ്പെടില്ലെന്നാണ് തീവ്രദ സംഘടനകൾ ഇപ്പോൾ പ്രചരിപ്പിക്കുന്നത്. എന്നാൽ ഇവിടുത്തെ കുട്ടികളാരും തന്നെ തീവ്രവാദസംഘടനയോട് യോജിപ്പുള്ളവരല്ല. എന്നിട്ടുമെന്തിനാണ് അത്തരമൊരു മുദ്രകുത്തൽ ഉണ്ടാകുന്നത്. ഭരണകൂടത്തിലും പൊലീസിലും മുസ്‌ളീംകൾക്ക് വിശ്വാസം നഷ്ടപ്പെടുന്നു എന്ന് വരുത്തിതീർക്കേണ്ടത് തീവ്രവാദസംഘടനകളുടെ ആവശ്യമാണ്. അതിനുള്ള സാഹചര്യം സി പി എം ഒരുക്കുകയാണോ?

ഷുക്കൂറിന് ഒരിക്കലും ക്രിമിനൽ ആകാനാകില്ല. അവൻ വളർന്ന സാഹചര്യവും കുടുംബവും അത്തരത്തിലല്ല. കാഞ്ഞിരങ്ങാട്ടെ ഒരു സ്ഥാപനത്തിൽ ഡി ടി പി പഠിക്കാൻ പോയപ്പോൾ അവനാ സ്ഥാപനത്തിൽ 27 മരങ്ങൾ നട്ടിരുന്നതായി അവിടുത്തെ അദ്ധ്യാപകൻ പറഞ്ഞറിഞ്ഞു. ഒരു നല്ല പരിസ്ഥിതി സ്‌നേഹിയുമായിരുന്നു അവൻ. ഇവിടെയും ഈ ചെമ്മൺ പാതയോരത്ത് കാറ്റാടി മരങ്ങളും ബദാം മരവും നട്ടിരുന്നു. അതിൽ മൂന്നെണ്ണം ഇപ്പോഴും നന്നായി വളർന്നുമുറ്റിയിട്ടുണ്ട്. അതിലൊന്നിന് ചുറ്റും വേലി കെട്ടി സംരക്ഷിച്ചിട്ടുണ്ട് അവന്റെ സുഹൃത്തുക്കൾ. നല്ല വായനാശീലമുണ്ടായിരുന്നു. വീട്ടിലുള്ള ബുക്കുകളിൽ ഏറെയും അവന്റേതാണ്.

രക്തദാനമാണ് അവന്റെ മറ്റൊരു സാമൂഹ്യ ദൗത്യം. നിരവധി പേർക്ക് രക്തം നൽകിയിട്ടുണ്ട്. രക്തദാനം നൽകിയതിന്റെ പേരിൽ ചില ആശുപത്രിയിൽ നിന്ന് ലഭിച്ച സർട്ടിഫിക്കറ്റും അവൻ സൂക്ഷിച്ചിരുന്നു. തുടർച്ചയായി രക്തദാനം നൽകവെ ഉമ്മ ഇടപെട്ടിരുന്നു. 'അല്ലാഹു തന്ന രക്തമല്ലേ ആവശ്യമുള്ളവർക്ക് കൊടുത്തില്ലെങ്കിൽ അത് ദൈവദോഷമാകും എന്നായിരുന്നു അവന്റെ മറുപടി. അവന്റെ ഡയറിയിലെ ആദ്യഭാഗത്തുതന്നെ എഴുതിയ കുറിപ്പ് മതി അവനെന്താണെന്ന് വ്യക്തമാകാൻ. 'ഇരുട്ടിനെ ശപിക്കുന്നതിനേക്കാൾ നല്ലത് ഒരു മെഴുകുതിരിയെങ്കിലും കത്തിച്ചുവെക്കുന്നതാണ് എന്ന ആംനെസ്‌റിയുടെ വാചകമായിരുന്നു ഡയറിയുടെ ഒന്നാം പേജിലുണ്ടായിരുന്നത്. നന്മ ചെയ്തവനുള്ള പ്രതിഫലം ദൈവം എവിടെവച്ചെങ്കിലും കൊടുക്കുമായിരിക്കും എന്ന മതവിശ്വാസമാണ് ഞങ്ങളെ ഇപ്പോൾ സഹനത്തിലേക്ക് നയിക്കുന്നത്. അല്ലെങ്കിലും ഈ ജീവിതം തന്നെ ഒരു വഴിയമ്പലവും വിശ്രമകേന്ദ്രവുമല്ലേ. ഇനി അവന്റെ ഓർമ്മയെ എങ്കിലും അപമാനിക്കാതെ വിട്ടുകൂടെ എന്ന പ്രാർത്ഥനയാണുള്ളത്.

(2012 ഫെബ്രുവരി 20 നാണ് അരിയിൽ ഷുക്കൂർ കൊല്ലപ്പെടുന്നത്. കണ്ണപുരം കീഴറയിലെ വള്ളുവൻ കടവിനടുത്ത് വെച്ച് രണ്ടര മണിക്കൂറോളം ബന്ദിയാക്കി വെച്ച ശേഷം ഷുക്കൂറിനെ വെട്ടിക്കൊലപ്പെടുത്തുകയാിയരുന്നു. കൂടെയുണ്ടായിരുന്ന സക്കരിയക്ക് ഗുരുതരമായി വെട്ടേറ്റു. ഈ കേസിലാണ് സിപിഎമ്മിലെ മുതിർന്ന നേതാവായ പി ജയരാജനെതിരെ സിബിഐ കോടതി കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ജയരാജനെതിരെ കൊലപാതക കുറ്റവും ഗൂഢാലോചനയുമാണ് ചുമത്തിയിരിക്കുന്നത്).

(ചന്ദ്രിക ദിനപത്രത്തിന്റെ കണ്ണൂർ ലേഖകനാണ്  ഷുക്കൂറിന്റെ സഹോദരനായ ദാവൂദ് അരിയിൽ).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP