Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ക്യാമറ വാങ്ങാൻ ഫണ്ട് ഉടൻ കിട്ടാൻ നിവൃത്തിയില്ല; ' പൂവാലന്മാർ സൂക്ഷിക്കുക, ക്യാമറകൾ ഒളിപ്പിച്ചിട്ടുണ്ട് ' എന്ന പത്രവാർത്ത ഏർപ്പാടാക്കിയ ഓണക്കാലം; കാശ്മീരിന് മാത്രം സ്വന്തമായിരുന്ന ഹൗസ് ബോട്ടും കേരളത്തിൽ എത്തി; നർമ്മത്തിന്റെ മർമ്മം അറിഞ്ഞ ബ്യൂറോക്രാറ്റ്; ഡി ബാബുപോളിന് ഓർമ്മകൾക്ക് നാലു വയസ്സ്; എബി ആന്റണി എഴുതുന്നു

ക്യാമറ വാങ്ങാൻ ഫണ്ട് ഉടൻ കിട്ടാൻ നിവൃത്തിയില്ല; ' പൂവാലന്മാർ സൂക്ഷിക്കുക, ക്യാമറകൾ ഒളിപ്പിച്ചിട്ടുണ്ട് ' എന്ന പത്രവാർത്ത ഏർപ്പാടാക്കിയ ഓണക്കാലം; കാശ്മീരിന് മാത്രം സ്വന്തമായിരുന്ന ഹൗസ് ബോട്ടും കേരളത്തിൽ എത്തി; നർമ്മത്തിന്റെ മർമ്മം അറിഞ്ഞ ബ്യൂറോക്രാറ്റ്; ഡി ബാബുപോളിന് ഓർമ്മകൾക്ക് നാലു വയസ്സ്; എബി ആന്റണി എഴുതുന്നു

എബി ആന്റണി

'എനിക്ക് ഒരു സ്വപ്നമുണ്ട്. ഒരു ചങ്ങാടം . അതിന്മേലോരു പർണകുടിരം . അകത്ത് പഞ്ചനക്ഷത്ര സൗകര്യങ്ങൾ. ആ നൗകയിൽ ടൂറിസ്റ്റുകൾ പൗർണമി രാത്രികളിൽ നമ്മുടെ കായൽ പരപ്പുകളിലൂടെ മന്ദം മന്ദം ഒഴുകി നീങ്ങും ' പല്ലനയിൽ നടന്ന ചടങ്ങിൽ ടൂറിസം സെക്രട്ടറിയായ ബാബുപോൾ സ്വാഗതപ്രസംഗം അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു. ഉദ്ഘാടകനായിരുന്ന മുഖ്യമന്ത്രി നായനാർ ' ഓനല്ലെങ്കിലും കവിയാ' എന്ന് അദ്ധ്യക്ഷനായ ടൂറിസം മന്ത്രി പി.എസ്. ശ്രീനിവാസനോട് പറഞ്ഞു. കേരളത്തിന്റെ കായൽ പരപ്പുകളിൽ ഹൗസ് ബോട്ടുകൾ ഒഴുകി നീങ്ങാൻ ആ സ്വാഗത പ്രസംഗത്തിന് സാധിച്ചു എന്നത് പിന്നിട് ചരിത്രം.

ഹൗസ് ബോട്ടുകൾ എന്ന ആശയം എൺപതുകളിൽ ചില ചർച്ചകളിൽ ബാബു പോൾ അവതരിപ്പിച്ചപ്പോൾ അത് കാശ്മിരിന് സ്വന്തം എന്നായിരുന്നു പ്രമുഖരുടെ പ്രതികരണം. കൊച്ചിയിലെ യോട്ടുകളിൽ വന്ന് പാർത്ത് പോകുന്നവരെ കണ്ടിട്ടാണ് കൊച്ചിയിലും കോട്ടപ്പുറം കായലിലും ഹൗസ് ബോട്ടുകൾ ഏർപ്പെടുത്താം എന്ന ആശയം ബാബു പോളിന് തോന്നിയത്. അത് നായനാരുടെ സാന്നിദ്ധ്യത്തിൽ നാടകീയമായി സ്വാഗത പ്രസംഗത്തിൽ സന്നിവേശിപ്പിക്കുകയായിരുന്നു സംസ്ഥാനത്തെ ആദ്യ ടൂറിസം സെക്രട്ടറി കൂടിയായ ബാബുപോൾ . അതുവരെ പൊതുഭരണത്തിന്റെ ഭാഗമായിരുന്നു ടൂറിസം. അക്കാലത്ത് കോവളത്ത് നടന്ന നവവൽ സര ആഘോഷത്തിൽ ഒരു മദാമ്മ വെള്ളത്തിൽ ചാടി. മുങ്ങി പോയ മദാമ്മയെ ദൈവാനുഗ്രഹത്താൽ രക്ഷപ്പെട്ടു. മദാമ്മ മുങ്ങിയത് വിവാദമായതോടെ ഭാവിയിൽ എന്ത് ചെയ്യണം എന്ന് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ബാബു പോളിനെ ഏകാംഗ കമ്മീഷനാക്കി.

ടൂറിസ്റ്റ് പൊലീസ് എന്ന നിർദ്ദേശം ബാബുപോൾ നിർദ്ദേശിച്ചു. അടുത്ത വർഷം നവവൽസരം വീക്ഷിക്കാൻ കളക്‌റായിരുന്ന നളിനി നെറ്റോയെ ബാബു പോൾ പറഞ്ഞ് വിട്ടു മദാമ്മ മുങ്ങിയില്ല. ടൂറിസ്റ്റ് പൊലീസ് എന്ന ആശയം ചുവപ്പ് നാടയിൽ കുരുങ്ങി. വളരെ കാലം കഴിഞ്ഞാണ് ടൂറിസ്റ്റ് പൊലീസ് എന്ന ആശയം നടപ്പിലായത്. ഓണക്കാലത്ത് പൂവാല ശല്യം നിയന്ത്രിക്കാൻ ക്യാമറ വയ്ക്കണമെന്നൊരു നിർദ്ദേശം അന്ന് പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ ആയിരുന്ന ബെഹ്‌റ ബാബു പോളിന് സമർപ്പിച്ചു. ക്യാമറ വാങ്ങാൻ ഫണ്ട് ഉടൻ കിട്ടാൻ നിവൃത്തിയില്ല. ' പൂവാലന്മാർ സൂക്ഷിക്കുക, ക്യാമറകൾ ഒളിപ്പിച്ചിട്ടുണ്ട് ' എന്ന പത്രവാർത്ത ഏർപ്പാടാക്കി ബാബുപോൾ. പത്രം വായിച്ച് ആദ്യം ഓടിയെത്തിയത് ബെഹ്‌റയായിരുന്നു. ക്യാമറയില്ല സർ എന്ന് ബെഹ്‌റ. ബാബു പോൾ ചിരിച്ചു.

പൂവാല ശല്യം കുറവായിരുന്നു എന്ന് പിറ്റേ ആഴ്ച ബാബു പോളിനെ കണ്ടപ്പോൾ ബെഹ്‌റ പറഞ്ഞു. അനന്തരം ബാബു പോൾ പ്രതിവചിച്ചു ' കാണുന്ന ക്യാമറയെക്കാൾ ശക്തമാണ് കാണാത്ത ക്യാമറ ' . അക്കാലത്ത് ടൂറിസത്തിന്റെ ലഘുലേഖകൾ അടിച്ചിരുന്നത് ഗസറ്റടിക്കുന്ന കടലാസിലായിരുന്നു. പരസ്യത്തിന് കൊള്ളാവുന്ന ഏജൻസിയെ ഏർപ്പെടുത്തി. ' ദൈവത്തിന്റെ സ്വന്തം നാട്' എന്ന പരസ്യ വാചകം ബാബു പോൾ തെരഞ്ഞെടുത്തു. മുദ്ര എന്ന പരസ്യ കമ്പനിയിലെ മെൻഡസ് എന്ന കോപ്പിറൈറ്ററാണ് അത് സൃഷ്ടിച്ചത്. പിൻ കാലത്ത് പലരും ആ പേരിന്റെ പിതൃത്വം ഏറ്റെടുക്കാൻ മുന്നിട്ട് വന്നപ്പോൾ ബാബു പോൾ പറഞ്ഞു ' മെൻഡസിനുള്ളത് മെൻഡസിന് കൊടുക്കുക ' .

സ്വകാര്യ മേഖലയുടെ പങ്കാളിത്തം,ഗജമേള, പ്രിപെയ്ഡ് ടാക്‌സി, ചാർട്ടർ വിമാനങ്ങൾ, കേറ്ററിങ് കോളേജ്, അന്തർദേശീയ ഫെയറിലെ സാന്നിദ്ധ്യം തുടങ്ങി ടൂറിസം രംഗത്തെ കേരളത്തിന്റെ വളർച്ചയുടെ അടിസ്ഥാനമിട്ടത് അക്കാലത്തായിരുന്നു.സാംസ്‌കാരിക രംഗത്ത് ഇന്ന് കാണുന്ന നിരവധി പുരസ്‌കാരങ്ങൾ ആരംഭിച്ചത് ബാബു പോൾ സാംസ്‌കാരിക വകുപ്പിന്റെ തലപ്പത്ത് വന്നപ്പോഴാണ്.എഴുത്തച്ഛൻ പുരസ്‌കാരത്തിന്റെ മാതൃകയിലായിരുന്നു സ്വാതി പുരസ്‌കാരം. ശെമ്മാങ്കുടിക്ക് ആയിരുന്നു ആദ്യ സ്വാതി പുരസ്‌കാരം. 50,000 രൂപയായിരുന്നു പുരസ്‌കാരം. സംഗീത വിശാരദൻ പ്രൊഫ. ഗോപാലരാമൻ സരസ്വതി ശ്ലോകം ഉദ്ധരിച്ച് ബാബു പോളിനെ ശകാരിച്ചു.

തെറ്റ് മനസിലായ ബാബുപോൾ എഴുത്തച്ഛൻ പുരസ്‌കാരത്തിന് കൊടുക്കുന്നതു പോലെ സ്വാതി പുരസ്‌കാരത്തിനും 1 ലക്ഷം ആക്കാൻ തീരുമാനിച്ചു. ഫയൽ എഴുതി മുഖ്യമന്ത്രിയായിരുന്ന നായനാർക്ക് സമർപ്പിച്ചു. ബിസ്മില്ലാഖാന് കൊടുക്കാൻ തീരുമാനിച്ചപ്പോഴാണോ ബുദ്ധി ഉദിച്ചത് എന്ന കൊറിയുമായി നായനാർ ഫയൽ മടക്കി . സംഗീതവും സാഹിത്യവും തമ്മിൽ സരസ്വതിക്ക് ഭേദമില്ല. രണ്ടും ഒരേ സ്ഥൂലത പുലർത്തുന്നതാണ് നയനാഭിരാമവും എന്നെഴുതി ബാബു പോൾ ഫയൽ വീണ്ടും മുഖ്യമന്ത്രിക്ക് നൽകി. നായനാർ വിട്ടില്ല. ' സംഗീതമപി സാഹിത്യം സരസ്വത്യാ : സ്തനദ്വയ ഏകമാപാതമധുരം അന്യദാലോചനാമൃതം ' എന്ന പ്രമാണമൊക്കെ എനിക്കും അറിവുള്ളതാണ്. കഴിഞ്ഞ കൊല്ലം തോന്നാത്ത ബുദ്ധി ഇക്കൊല്ലം വന്നതെങ്ങനെ എന്നാണ് എനിക്കറിയേണ്ടത് '.

സഹൃദയം പ്രതികരണം മാത്രമാണ് കാരണം എന്നും ശെമ്മാങ്കുടിക്കും അരലക്ഷം കൂടെ കൊടുക്കുമെന്നും ബാബു പോൾ എഴുതിയതോടെ നായനാർ അംഗീകാരം നൽകി.ബാബു പോൾ കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർമാനായിരുന്നപ്പോൾ കൊച്ചി സന്ദർശിച്ച മദർ തെരേസ ബാബു പോളിന്റെ വീട്ടിൽ വന്നു. എറണാകുളത്തെ മഠത്തിൽ എത്തി ചെയർമാന്റെ ഡെറോത്തി എന്ന ബോട്ടിൽ മദറിനെ ബാബു പോൾ വീട്ടിൽ കൊണ്ടുവന്നു. മദറിനെ കുറിച്ച് ബാബു പോൾ എഴുതിയത് ഇങ്ങനെ ' അന്ന് മദർ ഇരുന്ന കസേര ഞാൻ മാറ്റിയിട്ടു. എനിക്കറിയാമായിരുന്നു അവർ വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുമെന്ന്. തിരുവനന്തപുരത്തെ വസതിയിൽ ഇന്ന് അത് ഒരു പ്രതിഷ്ടയാണ്. കസേരയിൽ മദറിന്റെ ചിത്രവും പാത്രിയർക്കീസ് ബാവ തന്ന ഒരു കുരിശും മുന്നിൽ നിലവിളക്ക്. എന്നും വെളുപ്പിന് ബ്രാഹ്‌മമുഹൂർത്തത്തിൽ ഉണരുന്ന ഞാൻ മൂന്നര മണിക്ക് ആ അൾത്താരയുടെ മുന്നിൽ കൈ കൂപ്പുന്നു. ദൈവത്തിന്റെ ആ മണവാട്ടി അപേക്ഷകൾ ഉപേക്ഷിക്കാത്തവളാണ് എന്ന് ഞാൻ സാക്ഷ്യപ്പെടുത്തുന്നു. ഇത് അനുഭവിച്ചവന്റെ സാക്ഷ്യമാണ്. ഈ സാക്ഷ്യം വിശ്വാസ്യമാണ് ' .

നർമ്മത്തിന്റെ മർമ്മം അറിഞ്ഞ ബ്യൂറോക്രാറ്റ് , ഫയലുകളിൽ കാൽപനികതയുടെ ചാരുതകൾ നിറച്ച എഴുത്ത്, മികച്ച വാഗ്മി വിശേഷണങ്ങൾ നിരവധിയാണ് ബാബുപോളിന് . ആ മഹാപ്രതിഭാശാലി വിട വാങ്ങിയിട്ട് ഇന്ന് (ഏപ്രിൽ 12 ) നാല് വർഷം . മലയാളി ഏറെ സ്‌നേഹിച്ച പ്രിയപ്പെട്ട ബാബു പോൾ സാറിന്റെ ഓർമ്മക്കൾക്ക് മുന്നിൽ ഞാൻ ദണ്ഡനമസ്‌കാരം ചെയ്യുന്നു. ശുഭമസ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP