Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

11 ഇരട്ടി പ്രഹരശേഷിയുള്ള കാലിഫോർണിയൻ വകഭേദത്തെ ഭയന്ന് ലോകം; പിടിപെട്ടാൽ മരണം ഉറപ്പാക്കുന്ന കൊറോണ അമേരിക്കയിൽ കത്തിപ്പടരുന്നു; ഇടവേളയ്ക്ക് ശേഷം ദിവസ മരണം വീണ്ടും 3000കടന്നതോടെ കൊറോണാ യുദ്ധത്തിൽ പരാജയപ്പെട്ട പേടിയിൽ ലോക രാജ്യങ്ങൾ

11 ഇരട്ടി പ്രഹരശേഷിയുള്ള കാലിഫോർണിയൻ വകഭേദത്തെ ഭയന്ന് ലോകം; പിടിപെട്ടാൽ മരണം ഉറപ്പാക്കുന്ന കൊറോണ അമേരിക്കയിൽ കത്തിപ്പടരുന്നു; ഇടവേളയ്ക്ക് ശേഷം ദിവസ മരണം വീണ്ടും 3000കടന്നതോടെ കൊറോണാ യുദ്ധത്തിൽ പരാജയപ്പെട്ട പേടിയിൽ ലോക രാജ്യങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

2019-ൽ ചൈനയിലെ വുഹാനിൽ ആദ്യത്തെ കൊറോണ വൈറസിനെ കണ്ടെത്തിയതിൽ പിന്നെ അതിന്റെ പല വകഭേദങ്ങളേയും നാം കണ്ടു. ജനിതകമാറ്റം സംഭവിച്ച് പുതിയ രൂപത്തിലും ഭാവത്തിലുമെത്തിയ ഈ ഇനങ്ങളിൽ ബ്രിട്ടനിലെ കെന്റിൽ കണ്ടെത്തിയ വകഭേദവും, ദക്ഷിണാഫ്രിക്കൻ വകഭേദവും ബ്രസീലിൽ കണ്ടെത്തിയ ഇനവുമെല്ലാം അധിക വ്യാപനശേഷിമൂലവും അധിക പ്രഹരശേഷിമൂലവും ഏറെ ചർച്ചചെയ്യപ്പെട്ടു. എന്നാൽ, അതിനേക്കാൾ എല്ലാം കൊടുംഭീകരനാണ് ഇപ്പോൾ അമേരിക്കയിൽ കണ്ടെത്തിയിരിക്കുന്ന വകഭേദമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

കാലിഫോർണിയയിൽ കണ്ടെത്തിയ, ബി 1.427/ബി. 1. 429 എന്ന വകഭേദമാണ് ഇപ്പോൾ ശാസ്ത്രലോകത്തെ മുൾമുനയിൽ നിർത്തുന്നത്. ഈ ഇനം വൈറസ് ബാധയുണ്ടായാൽ, മറ്റിനങ്ങൾ ബാധിച്ചാൽ ഉണ്ടാകുന്നതിനെക്കാൾ ഏറെ വൈറൽ ലോഡ് ഉണ്ടാകും എന്നാണ് പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നത്. മനുഷ്യ ശരീരത്തിൽ, ഒരു നിശ്ചിതവ്യാപ്തം സ്രവത്തിൽ കാണപ്പെടുന്ന വൈറസിന്റെ അളവിനെയാണ് വൈറൽ ലോഡ് എന്നു പറയുന്നത്. മാത്രമല്ല, ഇതിന് കെന്റ്-സൗത്ത് ആഫ്രിക്കൻ-ബ്രസീൽ ഇനങ്ങളെ പോലെ തന്നെ അതിവേഗം സംക്രമിക്കുവാനുള്ള കഴിവുമുണ്ട്. ഇതിലൊക്കെ ഭയാനകമായ കാര്യം, ബാധയേറ്റയാളുടേ മരണത്തിന് മറ്റിനങ്ങൾ ബാധിച്ചാലുള്ളതിനേക്കാളേറെ 11 ഇരട്ടി സാധ്യതയുണ്ട് എന്നതാണ്.

2020 മെയ്‌ മാസത്തിലാണ് ഈ ഇനം വൈറസിനെ ആദ്യമായി കണ്ടെത്തുന്നത്. എന്നാൽ ഒക്ടോബർ മാസം വരെ അത് വ്യാപകമല്ലായിരുന്നു. അടുത്തകാലത്ത്, യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, സാൻഫ്രാൻസിസ്‌കോ, 2020 സെപ്റ്റംബറിനും 2021 ജനുവരിക്കും ഇടയിലായി ശേഖരിച്ച സാമ്പിളുകളിൽ നടത്തിയ പഠനത്തിൽ വെളിപ്പെട്ടത് 50 ശതമാനത്തിലധികം സാമ്പിളുകളിൽ ഈ വൈറസിന്റെ സാന്നിദ്ധ്യമുണ്ടെന്നാണ്. ചുരുക്കത്തിൽ, കാലിഫോർണിയയിൽ ഇപ്പോൾ ഏറ്റവും അധികം പകരുന്നത് ഈ ഇനത്തിൽ പെട്ട വൈറസാണ്. മാർച്ച് മാസം അവസാനത്തോടെ കാലിഫോർണിയയിലെ കോവിഡ് രോഗികളിൽ 90 ശതമാനം പേരിലും ഈ വൈറസിന്റെ സാന്നിദ്ധ്യമായിരിക്കും കാണാനാകുക.

മറ്റിനം കൊറോണ വൈറസ്സുകളേക്കാൾ 19 മുതൽ 24 ഇരട്ടി അധിക വ്യാപനശേഷിയുള്ള ഈ ഇനത്തിന് മനുഷ്യശരീരത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ അതിവേഗം പെറ്റുപെരുകാനും കഴിയും. അതുകൊണ്ടുതന്നെ മറ്റിനങ്ങളേക്കാൽ ഇരട്ടിയിലധികം വൈറൽ ലോഡ് ഇത് ബാധിച്ചാൽ ഉണ്ടാകും. അതിനൊപ്പം തന്നെ വൈറസിനെ നേരിടാൻ ശരീരം സ്വാഭാവികമായി രൂപപ്പെടുത്തുന്നതോ വാക്സിന്റെ സഹായത്താൽ രൂപപ്പെടുന്നതോ ആയ ആന്റിബോഡികളെ പ്രതിരോധിക്കാനും ഇതിന് കഴിവുണ്ട്. ഇതിനെ പ്രതിരോധിക്കാനായി രൂപപ്പെടുത്തിയ ആന്റിബോഡികളുടെ എണ്ണം രണ്ടിരട്ടിയോളം കുറവായിരുന്നു.

കാലിഫോർണിയയിൽ ഈ പുതിയ ഇനം വ്യാപകമാകാൻ തുടങ്ങിയതോടെ രോഗികളുടെ എണ്ണം ഓരോ ഒമ്പത് ദിവസങ്ങളിലും ഇരട്ടിയാകാൻ തുടങ്ങിയിട്ടുണ്ട്. മാത്രമല്ല, പ്രതിദിന മരണനിരക്കിലും വർദ്ധനവ് ദൃശ്യമായി. ഇന്നലെ 3000 ൽ അധികം മരണങ്ങളാണ് അമേരിക്കയിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ 10 ദിവസങ്ങളിൽ ഇതാദ്യമായാണ് പ്രതിദിന മരണസംഖ്യ 3000 കടക്കുന്നത്. ഇത് അമേരിക്കയുടെ മാത്രം കാര്യമല്ല, ഒരു ചെറിയ ഇടവേളയിൽ രോഗവ്യാപനം കുറഞ്ഞതിനുശേഷം, പൊതുവേ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും രോഗവ്യാപനം ശക്തിപ്രാപിക്കാൻ തുടങ്ങിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ലോകത്താകമാനമായി ഇന്നലെ 3,78,250 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്‌ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 5 ശതമാനം വർദ്ധനയാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. ഏറെനാൾ കാത്തിരിപ്പിനു ശേഷം കോവിഡിന് വാക്സിൻ കണ്ടുപിടിച്ചു. പല വികസിത രാജ്യങ്ങളിലും വാക്സിൻ പദ്ധതി അതിവേഗം നടക്കുന്നുണ്ട്. ഗിനിയ പോലുള്ള മൂന്നാം ലോക രാഷ്ട്രങ്ങളിലും വാക്സിൻ നൽകിത്തുടങ്ങി. ജനസാന്ദ്രത ഏറെയുള്ള ഇന്ത്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളെല്ലാം അതിവേഗം സമൂഹപ്രതിരോധശേഷി (ഹേർഡ് ഇമ്മ്യുണിറ്റി) യിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു.

ഇത് രണ്ടും പരിഗണിച്ചാൽ പുതിയ രോഗബാധിതരുടെ എണ്ണം കുറയേണ്ടതാണ്. എന്നാൽ ലോകത്തിന്റെ എല്ലാഭാഗങ്ങളിലും ഇത് ഒരുപോലെ സംഭവിക്കുന്നില്ല. ഇതിനർത്ഥം ആർജ്ജിത പ്രതിരോധശേഷിയേയും സ്വാഭാവിക പ്രതിരോധ ശേഷിയേയും വെല്ലുവിളിക്കാൻ പുതിയ ഇനം കൊറോണ വൈറസുകൾക്ക് കഴിയുന്നുണ്ട് എന്നുതന്നെയാണ്. ഇവയുടെ വ്യാപനശേഷി കണക്കിലെടുത്താൽ, ലോകം മുഴുവൻ പടരുന്നതിന് അധികകാലം വേണ്ടിവരില്ല എന്നാണ് ശാസ്ത്രലോകം പറയുന്നത്. അങ്ങനെ സംഭവിച്ചാൽ, കഴിഞ്ഞ മാർച്ച് -ഏപ്രിൽ മാസങ്ങളിൽ സംഭവിച്ചതുപോലെ ലോകം മുഴുവൻ വിറങ്ങലിച്ചു നിൽക്കുന്ന ഒരു അവസ്ഥ വീണ്ടും ഉണ്ടായേക്കാം എന്നും മുന്നറിയിപ്പുകൾ വരുന്നുണ്ട്.

അതേസമയം ജോൺസൺ ആൻഡ് ജോൺസന്റെ സിംഗിൾ ഷോട്ട് വാക്സിനേഷൻ എല്ലാ പുതിയ ഇനങ്ങളെയും നേരിടാൻ കഴിവുള്ളതാണെന്നാണ് എഫ് ഡി എ പുറത്തിറക്കിയ ഒരു വിശകലന കുറിപ്പിൽ പറയുന്നത്. ബ്രസീൽ ഇനത്തിനെതിരെ 68 ശതമാനം പ്രതിരോധം ഉറപ്പുവരുത്തുമ്പോൾ, ദക്ഷിണാഫ്രിക്കൻ ഇനത്തിനെതിരെ 64 ശതമാനം പ്രതിരോധം ഉറപ്പു വരുത്തുന്നുണ്ട്. അതായത്, കോവിഡ് വൈറസുകളെ പ്രതിരോധിക്കുന്നതിൽ ഈ വാക്സിൻ ശരാശരി 66 ശതമാനം വരെ കാര്യക്ഷമത പുലർത്തുന്നു. മാത്രമല്ല, ഈ വാക്സിന്റെ ഒരു ഡോസ് മാത്രം മതി എന്നതിനാൽ വാക്സിൻ പദ്ധതിക്ക് വേഗത വർദ്ധിപ്പിക്കാനും സാധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP