Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊട്ടിയൂരിൽ നാളെ നെയ്യാട്ടം; കുറ്റ്യാട്ടൂർ പാതിരിയാട് മഠക്കാരുടെ നെയ്യെഴുന്നള്ളത്തിന് തുടക്കമായി; തമ്മേങ്ങാടൻ മൂത്ത നമ്പ്യാർ വി സി. രാമചന്ദ്രൻ നമ്പ്യാരുടെ നേതൃത്വത്തിലുള്ള നാലംഗസംഘത്തിന്റെ കാൽനട യാത്ര പൂർണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്

കൊട്ടിയൂരിൽ നാളെ നെയ്യാട്ടം; കുറ്റ്യാട്ടൂർ പാതിരിയാട് മഠക്കാരുടെ നെയ്യെഴുന്നള്ളത്തിന് തുടക്കമായി; തമ്മേങ്ങാടൻ മൂത്ത നമ്പ്യാർ വി സി. രാമചന്ദ്രൻ നമ്പ്യാരുടെ നേതൃത്വത്തിലുള്ള നാലംഗസംഘത്തിന്റെ കാൽനട യാത്ര പൂർണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്

മറുനാടൻ മലയാളി ബ്യൂറോ

കുറ്റ്യാട്ടൂർ: കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ ചടങ്ങുകളിലൊന്നായ കുറ്റ്യാട്ടൂർ പാതിരിയാട് മഠക്കാരുടെ നെയ്യെഴുന്നള്ളത്തിന് തുടക്കമായി. ജൂൺ മൂന്നിന് നടക്കുന്ന നെയ്യാട്ടത്തിനായി തമ്മേങ്ങാടൻ മൂത്ത നമ്പ്യാർ വി സി. രാമചന്ദ്രൻ നമ്പ്യാരുടെ നേതൃത്വത്തിലുള്ള നാലംഗസംഘമാണ് കാൽനടയായി യാത്രപുറപ്പെട്ടത്. കോവിഡ്-19 പ്രോട്ടോക്കോൾ പാലിച്ചാണ് യാത്ര. സാധാരണ മുപ്പതോളം പേരാണ് വ്രതമെടുത്ത് മഠത്തിൽ താമസിച്ച് നെയ്യെഴുന്നള്ളത്ത് നടത്താറുള്ളത്. കുറ്റ്യാട്ടൂരിലെ തമ്മേങ്ങാടൻ നമ്പ്യാർ വിഭാഗത്തിലെ താഴെ ഒടവര, മീത്തലെ ഒടവര, വേടിയേര, ചന്ത്രോത്ത്, തമ്മേങ്ങാടൻ തറവാടുകളിലുള്ളവർക്കാണ് നെയ്യെഴുന്നള്ളത്തിനുള്ള പാരമ്പര്യ അവകാശം.

28 ദിവസങ്ങളിലായി നടക്കുന്ന കൊട്ടിയൂർ വൈശാഖോത്സവം ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ഏറെ വ്യത്യസ്ത പുലർത്തുന്നു. ഇടവാ മാസത്തിലെ ചോതി മുതൽ മിഥുന മാസത്തിലെ ചിത്തിര വരെയുള്ള 28 ദിനങ്ങളിലായി നടക്കുന്ന ഈ ഉത്സവം ആചാരങ്ങൾകൊണ്ടും അനുഷ്ടാനങ്ങൾകൊണ്ടും ഏറെ വ്യത്യസ്തത പുലർത്തുന്നു.ബാവലി പുഴയുടെ അക്കരെ സ്ഥിതി ചെയ്യുന്ന അക്കരെ കൊട്ടിയൂരിൽ ആരാധനയ്ക്കായി ഒരു പ്രത്യേക ക്ഷേത്രമില്ല. ഇവിടെ ഉത്സവകാലത്തേക്കു മാത്രമായാണ് പർണ്ണശാലകളും ആരാധന സ്ഥാനങ്ങളും കെട്ടിയുണ്ടാക്കുന്നത്. അക്കരെ കൊട്ടിയൂരിന്റെ പ്രധാന പ്രത്യേകത എന്നത് അവിടെ ഒരു ക്ഷേത്രം ഇല്ല എന്നതാണ്. ബാവലി നദി തീർക്കുന്ന തടാകത്തിന്റെ നടുവിലുള്ള മണിത്തറയിലാണ് സ്വയംഭൂവെന്ന് വിശ്വസിക്കപ്പെടുന്ന ശിവലിംഗമുള്ളത്. അമ്മാറക്കല്ലെന്നു പേരുള്ള മറ്റൊരു തറയിലാണ് പാർവ്വതി ദേവിയെ ആരാധിക്കുന്നത്. ഇവിടെയാണ് തന്റെ പിതാവ് അപമാനിച്ചതിനെ തുടർന്ന് പാർവ്വതി ദേവി ജീവൻ സമർപ്പിച്ചതെന്നാണ് വിശ്വാസം.

വൈശാഖോത്സവം ആകുമ്പോഴേക്കുംഅക്കരെ കൊട്ടിയൂരിൽ പൂജകൾക്കും ആരാധനകൾക്കുമായുള്ള പർണ്ണശാലയും മറ്റും കെട്ടിയൊരുക്കും. പ്രകൃതിയോട് ഏറ്റവും അടുത്തു നിൽക്കുന്ന ആരാധനയാണ് ഇവിടെ കാണാൻ സാധിക്കുക.കഴിയുമ്പോൾ പ്രകൃതിയിൽ നിന്നു ലഭിച്ച വസ്തുക്കൾകൊണ്ടു കെട്ടിയുണ്ടാക്കിയതെല്ലാം പ്രകൃതിക്കു തന്നെ വിട്ടു കൊടുത്തുകൊണ്ടാണ് 28 ദിവസത്തെ ഉത്സവം സമാപിക്കുക. അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലെ നെയ്യാട്ടം മുതലാണ് വൈശാഖോത്സവത്തിന് തുടക്കം കുറിക്കുന്നത്. മറ്റു ക്ഷേത്രങ്ങളിലൊന്നും കാണാത്ത തരത്തിലുള്ള അപൂർവ്വങ്ങളായ ചടങ്ങുകളാണ് ഇവിടെയുള്ളത്. വൈശാഖോത്സവത്തിന്റെ ചിട്ടകളും അളവുകളും ഒക്ക നിശ്ചയിക്കുന്ന ആദ്യത്തെ ചടങ്ങാണ് പ്രക്കൂഴം ഉത്സവം.

പ്രക്കൂഴം കഴിഞ്ഞാൽ പിന്നീടുള്ളത് നീരെഴുന്നള്ളത്ത് ആണ്. നീരെഴുന്നള്ളത്തിനായി ഏൽപ്പിക്കപ്പെട്ടിരിക്കുന്ന സംഘം ഇക്കരെ കൊട്ടിയൂരിൽനിന്ന് പടിഞ്ഞീറ്റ നമ്പൂതിരിയുടെയും സമുദായി ഭട്ടതിരിപ്പാടിന്റെയും ഒറ്റപ്പിലാൻ എന്ന കുറിച്യസ്ഥാനികന്റെയും നേതൃത്വത്തിൽ ബാവലിയിൽ സ്‌നാനം നടത്തി കൂവയിലയിൽ ബാവലിതീർത്ഥം ശേഖരിക്കും. ഈ തീർത്ഥവുമായി അക്കരെ ക്ഷേത്രത്തിലെ ദേവസ്ഥാനത്ത് എത്തും. ബാവലി തീർത്ഥം സ്വയംഭൂവിലും മണിത്തറയിലും തളിച്ച് ശുദ്ധിവരുത്തും. അതോടെ പ്രധാന പൂജകൾക്കും മറ്റും തുടക്കമാവും. ബാവലിയുടെ കരയിൽ സ്വയംഭൂ വിഗ്രഹം കണ്ടെത്തിയതിനെ അനുസ്മരിച്ചു നടത്തുന്ന ചടങ്ങാണിത്. ഇടവ മാസത്തിലെ ചോതി നാളിലാണ് നെയ്യാട്ടം നടക്കുക. നാളം തുറക്കൽ, പാതിവെക്കൽ തുടങ്ങിയവ ഇവിടുത്തെ പ്രധാനപ്പെട്ട ആചാരങ്ങളാണ്.

വയനാട്ടിലെ മുതിരേരിക്കാവിൽ നിന്നും കകൊണ്ടുവരുന്ന വാള് എഴുന്നള്ളിക്കുന്നത് ഏറെ പ്രധാനപ്പെട്ട ചടങ്ങാണ്. ശിവൻ ദക്ഷനെ കൊന്നത് ഈ വാളുകൊണ്ടാണ് എന്നാണ് വിശ്വാസം. കുറ്റ്യാടി മരുതോങ്കരയിലെ ജാതി മഠത്തിൽ നിന്ന് എത്തിക്കുന്ന അഗ്നിയാണ് ഇവിടുത്തെ പൂജകൾക്ക് ഉപയോഗിക്കുന്നത്. മലബാറിലെ തിയ്യസമുദായക്കാർ കൊണ്ടുവരുന്ന ഇളനീരുകൾ ശിവലിംഗത്തിനു മേൽ അഭിഷേകം ചെയ്യുന്നതാണ് ഇളനീരാട്ടം എന്നറിയപ്പെടുന്നത്. ഉത്സവത്തിന്റെ ആദ്യ 11 ദിനങ്ങളിൽ അതീവ കോപാകുലനായിരിക്കുമത്രെ ശിവൻ. ആ കോപം ശമിപ്പിക്കുന്നതിനായാണ് ഇളനീർ അർപ്പിക്കുന്നത്.

സമുദായിക ചിന്തകൾക്കതീതമായി നിലനിൽക്കുന്ന ഒരപൂർവ്വ ക്ഷേത്രമാണിത്. അതുകൊണ്ടുതന്നെ ഇവിടുത്തെ ചടങ്ങുകളിലും വിവിധ വിഭാഗങ്ങളുടെം ഒത്തൊരുമിപ്പ് കാണാം. ഓരോ ജനവിഭാഗങ്ങൾക്കും പ്രത്യേക അധികാരങ്ങളും അവകാശങ്ങളും ഉത്സവത്തിൽ നീക്കി വെച്ചിട്ടുണ്ട്. കുറിച്യ വിഭാഗത്തിലെ സ്ഥാനികനായ ഒറ്റപ്പിലാണ് ഇവിടുത്തെ ആദ്യ അഭിഷേകം നടത്തേണ്ടത്. ഉത്സവകാലത്തേനു മാത്രമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് അളവ് നല്കുന്നത് ആശാരിയാണ്. ഓലക്കുടകൾ നിർമ്മിക്കുന്നത് കണിയാന്മാരും അഭിഷേകത്തിനുള്ള നെയ് കൊണ്ടുവരുന്നത് നായർ വിഭാഗക്കാരുമാണ്. ഇളനീരാട്ടത്തിന്റെ ഇളനീർ എഴുന്നള്ളിക്കേണ്ടത് തീയ്യ വിഭാഗക്കാരും വിളക്കുതിരി കൊണ്ടുവരേണ്ടത് വണ്ണത്താൻകാരുമാണ്.

കേരളത്തിലെ മറ്റൊരു ക്ഷേത്രത്തിലും കാണാത്ത ഒരു ചടങ്ങാണ് ആലിംഗന പുഷ്പാജ്ഞലി അഥവാ രോഹിണി ആരാധന . പാർവ്വതിയെ നഷ്ടപ്പെട്ട ശിവനെ ബ്രഹ്മാവ് ചേർത്തു നിർത്തി ആശ്വസിപ്പിക്കുന്നതിന്റെ അനുസ്മരണമാണ് ആലിംഗന പൂജ. പൂജാരി ഇരുകൈകളാലും വിഗ്രഹത്തെ ചുറ്റിപ്പിടിച്ച് തല വിഗ്രത്തോട് ചേർത്തു പിടിച്ചു നിൽക്കും. പുഷ്പവൃഷ്ടി നടത്തിയാണ് ആലിംഗനം ചെയ്യുന്നത്. കുറുമാത്തൂർ വലിയ നമ്പൂതിരിപ്പാടാണ് ഇതിന് നേതൃത്വം നല്കുന്നത്. വിശാഖം നാളിൽ തിരുവാഭരണങ്ങൾ, സ്വർണ്ണ, വെള്ളിപ്പാത്രങ്ങൾ എന്നിവ സകല വാദ്യാഘോഷത്തോടെയും എഴുന്നെള്ളിച്ച് ക്ഷേത്രത്തിലെത്തിക്കുന്നു. മണത്തലയിലെ ക്ഷേത്രത്തിൽ സൂക്ഷിക്കുന്ന ഭണ്ഡാരമാണിത്. ഇതോടെ പൂജാദികർമ്മങ്ങൾ ആരംഭിക്കുന്നു. ഈ ഭണ്ഡാരമെഴുന്നള്ളത്തു കഴിഞ്ഞതിനു ശേഷം മാത്രമേ സ്ത്രീകൾക്ക് ക്ഷേത്ര സന്നിധിയിൽ പ്രവേശിക്കാൻ അനുവാദമുള്ളൂ.

അക്കരെ കൊട്ടിയൂർ തീർത്ഥാടനം പൂർത്തിയാക്കുന്നതിന് ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. ബാവലി പുഴയിൽ കുളിച്ച് ക്ഷേത്രത്തെ വലംവെച്ചൊഴുകുന്ന തിരുവിഞ്ചറ അരുവിയിലൂടെ സ്വയംഭൂ ശിവലിംഗമുള്ള മണിത്തറയിലെത്തി പ്രതിഷ്ഠകളെ വലംവെച്ച് തൊഴുത് പഴിപാടുകൾ നട്ടി പ്രസാദം വാങ്ങി ഭണ്ഡാരം പെരുകുകയും ചെയ്താൽ മാത്രമേ ഇവിടുത്തെ തീർത്ഥാടനത്തിന് പൂർണ്ണ ഫലം ലഭിക്കുകയുള്ളൂ എന്നാണ് വിശ്വാസം. കൊട്ടിയൂർ ഉത്സവത്തിന്റെ മറ്റൊരു പ്രത്യേകതയാണ് ഇവിടുത്തെ ഓടപ്പൂക്കൾ. ദക്ഷന്റെ വെള്ളത്താടിയുടെ പ്രതീകമാണ് ഈ ഓടപ്പൂക്കൾ. ഓടമുള മുറിച്ചെടുത്ത് വെള്ളത്തിലിട്ട് അടിച്ച് ചോറു ഖളഞ്ഞ് ചീകി മിനുക്കി എടുക്കുന്നതാണ് ഇവിടുത്തെ പ്രസാദമായ ഓടപ്പൂ. വയനാടൻ മലനിരകളിൽ നിന്നാണ് ഇതിനാവശ്യമായ ഓട അഥവാ ഈറ്റ കൊത്തിയെടുക്കുന്നത്. വൈശാഖോത്സവത്തിൽ പങ്കെടുത്തതിന്റെ ഓർമ്മയ്ക്കായാണ് ഭക്തർ ഇതു കൊണ്ടുപോകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP