Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോവിഡ്19: വിഷുവിനും ശബരിമലയിൽ ഭക്തജനങ്ങൾക്ക് ദർശനം അനുവദിക്കില്ല; വിരമിച്ച ക്ഷേത്ര ജീവനക്കാരുടെ പെൻഷൻ എടിഎം വഴി; സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജീവനക്കാർ ഒരുമാസത്തെ ശമ്പളം ടെമ്പിൾ റിനവേഷൻ ഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ്

കോവിഡ്19: വിഷുവിനും ശബരിമലയിൽ ഭക്തജനങ്ങൾക്ക് ദർശനം അനുവദിക്കില്ല; വിരമിച്ച ക്ഷേത്ര ജീവനക്കാരുടെ പെൻഷൻ എടിഎം വഴി; സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജീവനക്കാർ ഒരുമാസത്തെ ശമ്പളം ടെമ്പിൾ റിനവേഷൻ ഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ്

മറുനാടൻ മലയാളി ബ്യൂറോ

സന്നിധാനം: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് നിലനിൽക്കുന്ന ലോക്ഡൗൺ കണക്കിലെടുത്ത് ഈ വർഷത്തെ വിഷു പ്രമാണിച്ച് ശബരിമലയിൽ ഭക്തജനങ്ങൾക്ക് ദർശനം അനുവദിക്കേണ്ടതില്ലെന്ന് ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചു. കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ക്ഷേത്രങ്ങളിൽ ഭക്തജനങ്ങൾക്ക് പ്രവേശനം വിലക്കിക്കൊണ്ടും ക്ഷേത്രങ്ങളിലെ പൂജാസമയം ക്രമീകരിച്ചുകൊണ്ടും നേരത്തെ ബോർഡ് ഉത്തരവായിട്ടുള്ളതാണ്. എന്നാൽ പ്രസ്തുത ഉത്തരവുകളുടെ കാലാവധി 31.3.2020 ന് അവസാനിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് നിലനിൽക്കുന്ന ലോക്ക്ഡൗണിന്റെ പശ്ചാത്തലം കൂടി പരിഗണിച്ച് ഉത്തരവുകളുടെ കാലാവധി 14.4.2020 വരെ ദീർഘിപ്പിച്ച് ഉത്തരവിറക്കാനും തീരുമാനമായി.

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിന്നും വിരമിച്ച ക്ഷേത്രജീവനക്കാരുടെ പെൻഷൻ നിലവിൽ ബാങ്കുകളിൽ അവർ നേരിട്ടുപോയാണ് കൈപ്പറ്റിവരുന്നത്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ 2020 ഏപ്രിൽ മാസം മുതലുള്ള, വിരമിച്ച ക്ഷേത്രജീവനക്കാരുടെ പെൻഷൻ അവരവരുടെ അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്ത് , എറ്റിഎം വഴി എടുക്കുന്നതിനുള്ള സൗകര്യം ഒരുക്കാൻ ധനലക്ഷ്മി ബാങ്ക് അധികൃതരോട് ആവശ്യപ്പെടുന്നതിനും ഇന്ന് ചേർന്ന ബോർഡ് യോഗത്തിൽ തീരുമാനിച്ചുവെന്ന് ദേവസ്വം ബോർഡ്
പ്രസിഡന്റ് അഡ്വ.എൻ.വാസു വാർത്താകുറിപ്പിൽ അറിയിച്ചു

കോവിഡ്-19 എന്ന മഹാമാരിമൂലം സമ്പദ്ഘടനയാകെ താറുമാറായിരിക്കുകയാണ്. ഇതിന്റെ പ്രത്യാഘാതം ഏറ്റവും കൂടുതൽ ബാധിക്കുന്ന ഒരു സ്ഥാപനമായി തിരുവിതാകൂർ ദേവസ്വം ബോർഡ് മാറിയിരിക്കുകയാണ്. ക്ഷേത്രങ്ങളിലെ കാണിക്കയിനത്തിലും വഴിപാടിനത്തിലും ലഭിക്കുന്ന വരുമാനമാണ് തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ സാമ്പത്തിക സ്രോതസ്സ്.കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ശബരിമലയടക്കമുള്ള തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ മുഴുവൻ ക്ഷേത്രങ്ങളിലും ഭക്തജനങ്ങളെ പ്രവേശിപ്പിക്കുവാൻ കഴിയാത്ത സ്ഥിതി സംജാതമായിരിക്കുകയാണ്. ഈ അവസ്ഥ എത്രദിവസം തുടരുമെന്ന് പറയുവാൻ കഴിയില്ല. അപ്രതീക്ഷിതമായുണ്ടായ ഈ സംഭവവികാസം ഇപ്പോൾ തന്നെ ബോർഡിന്റെ സാമ്പത്തികാടിത്തറയെ പിടിച്ചുലച്ചിരിക്കുന്നു എന്ന വസ്തുത മുഴുവൻ ജീവനക്കാർക്കും അറിവുള്ളതാണ്. പ്രതിസന്ധി ഘട്ടത്തിൽ ബോർഡിനെ സഹായിക്കേണ്ട ബാദ്ധ്യത മറ്റാരെക്കാളുമുള്ളത് ദേവസ്വം ബോർഡിലെ ജീവനക്കാർക്കാണെന്നുള്ള കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഇത്തരം സാഹചര്യത്തിൽ ബോർഡിലെ ദിവസവേതനക്കാരൊഴികെയുള്ള മുഴുവൻ ജീവനക്കാരും അവരവരുടെ ഒരു മാസത്തെ ശമ്പളത്തിൽ കുറയാത്ത തുക തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ടെമ്പിൾ റിനവേഷൻ ഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നതിനും ബോർഡ് യോഗം തീരുമാനിച്ചു. പ്രസ്തുത തുക ഒന്നായോ 6 ൽ കൂടാത്ത തവണകളായോ ജീവനക്കാർക്ക് നൽകാവുന്നതാണെന്നും തീരുമാനമായതായി പ്രസിഡന്റ് അഡ്വ.എൻ.വാസു വാർത്താകുറിപ്പിൽ പറഞ്ഞു.ഫണ്ടിലേക്കുള്ള തുക ജീവനക്കാരുടെ സമ്മതത്തോടുകൂടി ബില്ലിൽ കുറവ് ചെയ്യുന്നതിനും ടെമ്പിൾ റിനവേഷൻ ഫണ്ടിൽ ഒടുക്കുവരുത്തുന്നതിനും എല്ലാ ഓഫീസ് മേധാവികളെയും ചുമതലപ്പെടുത്തുന്നതായും ബോർഡ് വാർത്താ കുറിപ്പിൽ അറിയിച്ചു..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP