Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ക്രിസ്തീയ വിശ്വാസികൾക്ക് ആത്മീയതയുടെ അനുഗ്രഹ പ്രഭയുമായി ധന്യ ജീവിതങ്ങളുടെ നാമകരണം; മോൺ. ജോസഫ് കണ്ടത്തിൽ, ഫാ. വർഗീസ് കാട്ടറാത്ത് എന്നിവരുടേയും വരാപ്പുഴ അതിരൂപതയുടെ തദ്ദേശീയ മെത്രാപ്പൊലീത്ത ഡോ. ജോസഫ് അട്ടിപ്പേറ്റിയുടേയും നാമകരണ നടപടികൾക്ക് അനുമതി

ക്രിസ്തീയ വിശ്വാസികൾക്ക് ആത്മീയതയുടെ അനുഗ്രഹ പ്രഭയുമായി ധന്യ ജീവിതങ്ങളുടെ നാമകരണം; മോൺ. ജോസഫ് കണ്ടത്തിൽ, ഫാ. വർഗീസ് കാട്ടറാത്ത് എന്നിവരുടേയും വരാപ്പുഴ അതിരൂപതയുടെ തദ്ദേശീയ മെത്രാപ്പൊലീത്ത ഡോ. ജോസഫ് അട്ടിപ്പേറ്റിയുടേയും നാമകരണ നടപടികൾക്ക് അനുമതി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ക്രിസ്തീയ വിശ്വാസികൾക്ക് ആത്മീയയുടെ പൊൻപ്രഭയാണ് ഈ ധന്യ ജീവിതങ്ങളുടെ നാമകരണത്തിലൂടെ നടക്കാൻ പോകുന്നത്. മോൺ. ജോസഫ് കണ്ടത്തിൽ, ഫാ. വർക്കി കാട്ടറാത്ത് വരാപ്പുഴ അതിരൂപതാ തദ്ദേശീയ മെത്രാപ്പൊലീത്ത ഡോ. ജോസഫ് അട്ടിപ്പേറ്റി എന്നിവരുടെ നാമകരണ നടപടികൾക്കാണ് ഇപ്പോൾ തുടക്കമായിരിക്കുന്നത്. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (എഎസ്എംഐ) സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനാണ് മോൺ. ജോസഫ് കണ്ടത്തിൽ. വിൻസെൻഷ്യൻ കോൺഗ്രിഗേഷനു (വിസി) തുടക്കമിട്ട പുരോഹതൻ എന്ന നിലയിലാണ് ഫാ. വർക്കി കാട്ടറാത്ത് വിശ്വാസികൾക്കിടയിൽ അറിയപ്പെട്ടത്.

കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടക്കുന്ന സിറോ മലബാർ സഭാ സിനഡാണ് ഇവരുടെ നാമകരണത്തിനായുള്ള അനുമതി നൽകിയത്. കുഷ്ഠരോഗികൾക്കുവേണ്ടി ജീവിതം സമർപ്പിച്ച മോൺ. ജോസഫ് കണ്ടത്തിൽ 'കേരള ഡാമിയൻ' എന്ന പേരിലും അറിയപ്പെട്ടിരുന്നു. 1904 ഒക്ടോബർ 27നു വൈക്കം ചെമ്പിൽ ജനിച്ചു. 1933 ഡിസംബർ 17നു പൗരോഹിത്യം സ്വീകരിച്ചു. 1942ൽ ചേർത്തലയിൽ കുഷ്ഠരോഗാശുപത്രി സ്ഥാപിച്ചു. രോഗികളുടെ ശുശ്രൂഷ ലക്ഷ്യമാക്കി 1949 ഏപ്രിൽ രണ്ടിനു എഎസ്എംഐ സന്യാസിനി സമൂഹത്തിനു രൂപം നൽകി.

1991 ഡിസംബർ 12നു ദിവംഗതനായി. ചേർത്തല മതിലകം എഎസ്എംഐ നിത്യാരാധന ചാപ്പലിലാണു കബറിടം. എറണാകുളം മെത്രാപ്പൊലീത്തയായിരുന്ന മാർ അഗസ്റ്റിൻ കണ്ടത്തിലിന്റെ ജ്യേഷ്ഠ സഹോദരപുത്രനാണ് മോൺ. കണ്ടത്തിൽ. 1851 ഒക്ടോബർ 13നു പാലാ രൂപതയിലെ പൂഞ്ഞാറിൽ ജനിച്ച ഫാ.വർക്കി കാട്ടറാത്ത് 22 -ാം വയസ്സിൽ പൗരോഹിത്യം സ്വീകരിച്ചു. ഇടമറ്റം, തത്തംപിള്ളി, കാഞ്ഞിരപ്പള്ളി, വിളക്കുമാടം, അങ്കമാലി, ഒല്ലൂർ, എഴുപുന്ന ഇടവകകളിലെ ശുശ്രൂഷയ്ക്കു പുറമേ വിവിധ മഠങ്ങളുടെ ചാപ്ലയിനായും സേവനം ചെയ്തിട്ടുണ്ട്.

വൈക്കം പള്ളി വികാരിയായിരിക്കെ എറണാകുളം അതിരൂപത മെത്രാപ്പൊലീത്ത മാർ ളൂയിസ് പഴേപറമ്പിലിന്റെ അനുമതിയോടെ 1904 നവംബർ 20നു തോട്ടകത്തു കൊവേന്ത സ്ഥാപിച്ചുകൊണ്ടാണ് വിൻസെൻഷ്യൻ സഭയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 1931 ഒക്ടോബർ 24നു ദിവംഗതനായ ഫാ. കാട്ടറാത്തിന്റെ കബറിടം തോട്ടകം സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിലാണ്.

നിരാലംബരുടെ മധ്യസ്ഥൻ ഡോ. ജോസഫ് അട്ടിപ്പേറ്റി

വരാപ്പുഴ അതിരൂപതയുടെ ആദ്യ തദ്ദേശീയ മെത്രാപ്പൊലീത്ത ഡോ. ജോസഫ് അട്ടിപ്പേറ്റിയുടെ നാമകരണ നടപടികൾക്ക് അതിരൂപതാ തലത്തിൽ 21നു തുടക്കമാവും. വൈപ്പിൻകരയിലെ ഓച്ചന്തുരുത്ത് ക്രൂസ് മിലാഗ്രിസ് ഇടവകാംഗമായ ഡോ. ജോസഫ് അട്ടിപ്പേറ്റി 1970 ജനുവരി 21 നാണ് അന്തരിച്ചത്. ബ്രോഡ്വേ സെന്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിലെ അദ്ദേഹത്തിന്റെ കല്ലറയിലെത്തി പ്രാർത്ഥിക്കുന്ന ഒട്ടേറെ വിശ്വാസികൾക്കു അനുഗ്രഹം ലഭിക്കുന്നുവെന്ന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ഡോ. അട്ടിപ്പേറ്റിയുടെ നാമകരണ നടപടികൾ ആരംഭിക്കണമെന്ന് വരാപ്പുഴ അതിരൂപത വത്തിക്കാനിൽ അപേക്ഷ നൽകിയിരുന്നു.

ജോസഫ് അട്ടിപ്പേറ്റിയുടെ 49ാം ചരമ ദിനമായ 21നു വൈകിട്ട് 5.30നു കത്തീഡ്രലിൽ അനുസ്മരണ ദിവ്യബലിയോടെ നാമകരണ നടപടികളുടെ പ്രാഥമികാന്വേഷണത്തിനു തുടക്കമാവും. ഡോ. അട്ടിപ്പേറ്റിയെക്കുറിച്ചുള്ള രേഖകളും വിവരങ്ങളും ആധികാരികമായി സമർപ്പിക്കാൻ ഹിസ്റ്റോറിക്കൽ കമ്മിഷൻ രൂപീകരിച്ചു. ഫാ. അഗസ്റ്റിൻ ലൈജു കണ്ടനാട്ടുതറ, ഫാ. ഫ്രാൻസിസ് മരോട്ടിക്കാപ്പറമ്പിൽ, ഫാ. ജോസഫ് തട്ടകം എന്നിവരാണു കമ്മിഷൻ അംഗങ്ങൾ. ഫാ. ആൻഡ്രൂസ് അലക്‌സാണ്ടർ പോസ്റ്റുലേറ്റർ ആയിരിക്കും.

1920 ഡിസംബർ 10നു വൈദികപട്ടം സ്വീകരിച്ച ജോസഫ് അട്ടിപ്പേറ്റി 1932ൽ ഇന്നത്തെ കോട്ടപ്പുറം രൂപതകൂടി ഉൾപ്പെടുന്ന വരാപ്പുഴ അതിരൂപതയുടെ പ്രഥമ തദ്ദേശിയ മെത്രാപ്പൊലീത്തയായി. ലൂർദ് ആശുപത്രി, സെന്റ് ആൽബർട്‌സ് കോളജ്, കളമശേരി സെന്റ് പോൾസ് കോളജ്, ലിറ്റിൽ ഫ്‌ളവർ എൻജിനീയറിങ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങൾ അദ്ദേഹത്തിന്റെ കാലത്തു നിർമ്മിച്ചവയാണ്.

ഡോ. ജോസഫ് അട്ടിപ്പേറ്റിയുമായി ബന്ധപ്പെട്ട രേഖകൾ, വിവരങ്ങൾ ഉള്ളവർ കമ്മിഷനു കൈമാറണമെന്ന് വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ , കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി എന്നിവർ അഭ്യർത്ഥിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP