Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങൾ കണ്ട് തൊഴാൻ ഭക്തജനസാഗരം: മകരവിളക്കിനൊരുങ്ങി സന്നിധാനം; ശബരിമല തിരുവാഭരണഘോഷയാത്ര ഇന്ന്

പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങൾ കണ്ട് തൊഴാൻ ഭക്തജനസാഗരം: മകരവിളക്കിനൊരുങ്ങി സന്നിധാനം; ശബരിമല തിരുവാഭരണഘോഷയാത്ര ഇന്ന്

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: അയ്യപ്പസ്വാമിക്ക് മകര സംക്രമദിനത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങൾ വഹിച്ചുള്ള ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്നു പുറപ്പെടും. കനത്ത സുരക്ഷയിലാണ് ശബരിമല തിരുവാഭരണ ഘോഷയാത്ര ഇന്ന് പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെടുന്നത്. ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘ ഘോഷയാത്ര ഉച്ചക്ക് ഒരുമണിയോടെയാണ് പുറപ്പെടുക.

പരമ്പരാഗത പാതയിലൂടെ സഞ്ചരിക്കുന്ന ഘോഷയാത്രക്ക് വിവിധ ക്ഷേത്രങ്ങളിലും വീടുകളിലും സ്വീകരണമൊരുക്കും. മകരവിളക്ക് ദിവസം വൈകിട്ട് സന്നിധാനത്തെന്നുന്ന തിരുവാഭരണ ഘോഷയാത്രയെ തന്ത്രിയും മേൽശാന്തിയും ദേവസ്വം അധികൃതരും വരവേൽക്കും. തുടർന്ന് തിരുവാഭരണം ചാർത്തി ദീപാരാധനയും പൂജയും നടക്കും.

മകരവിളക്കിനോടനുബന്ധിച്ച് കൂടുതൽ പൊലീസ് സേനാംഗങ്ങളെ ശബരിമലയിൽ വിന്യസിച്ചിട്ടുണ്ട്. പമ്പ ഹിൽട്ടോപ്പിൽ മണ്ണിടിയാൻ സാധ്യത ഉള്ളതിനാൽ വിളക്ക് ദർശിക്കാൻ തീർത്ഥാടകർ പ്രവേശിക്കുന്നത് വിലക്കി കലക്ടർ പി ബി നൂഹ് ഉത്തരവിറക്കി. മകരവിളക്ക് സമയത്തെ തിരക്ക് കണക്കിലെടുത്ത് കൂടുതൽ പാർക്കിങ് സൗകര്യം ഏർപ്പടുത്തിയിട്ടുണ്ട്.

ജനുവരി 15നാണ് മകരവിളക്ക്. മകരവിളക്ക് തീർത്ഥാടനം കഴിഞ്ഞ് അയ്യപ്പ ക്ഷേത്രനട അടയ്ക്കുന്നത് 21നായിരിക്കും. ദേവസ്വം ബോർഡ് ആദ്യം ഇറക്കിയ ഉത്തരവ് അനുസരിച്ച് 20നു രാവിലെ അടയ്ക്കുമെന്നായിരുന്നു. മകരവിളക്കിന് മാളികപ്പുറത്തു നിന്ന് അഞ്ച് ദിവസത്തെ എഴുന്നള്ളിപ്പാണു വേണ്ടത്. മകരവിളക്ക് 15നായതിനാൽ ഗുരുതി ദിവസം എഴുന്നള്ളിപ്പ് ഉണ്ടാകില്ല. 20ന് നട അടച്ചാൽ നാല് എഴുന്നള്ളിപ്പു മാത്രമേ നടക്കൂ.

20ന് നടയടച്ചാൽ അത് ആചാരലംഘനമാകുമെന്നതിനാൽ അത് പാടില്ലെന്നു കാണിച്ചു തന്ത്രി കണ്ഠര് മഹേഷ് മോഹനര് ദേവസ്വത്തിനു കത്ത് നൽകിയതിനെത്തുടർന്നാണു നീട്ടിയത്. ഇതനുസരിച്ചു 19 വരെ നെയ്യഭിഷേകം ഉണ്ട്. പന്തളം രാജപ്രതിനിധിയുടെ സാന്നിധ്യത്തിൽ അന്നു കളഭാഭിഷേകവും നടക്കും. തീർത്ഥാടനത്തിനു സമാപനം കുറിച്ചുള്ള ഗുരുതി 20നു നടക്കും. അന്നു വരെ മാത്രമേ തീർത്ഥാടകർക്കു ദർശനമുള്ളൂ. 21നു രാവിലെ ഏഴിനു നട അടയ്ക്കും.

തിരുവാഭരണ ഘോഷയാത്ര പുറപ്പെടുന്ന 13-ന് പന്തളത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഘോഷയാത്ര പുറപ്പെടുന്ന സമയമായ ഉച്ചയ്ക്ക് 12-നും ഒന്നിനും ഇടയിലാണു ഗതാഗത നിയന്ത്രണം. കുളനട ഭാഗത്തുനിന്നു പന്തളത്തേക്കു വരുന്ന വാഹനങ്ങൾ കുളനടയിൽനിന്നുതിരിഞ്ഞ് അമ്പലക്കടവ്, തുമ്പമൺ വഴി പന്തളം ടൗണിൽ എത്തണമെന്ന് അടൂർ ഡിവൈ.എസ്‌പി. ജവഹർ ജനാർദ് അറിയിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP