Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202106Saturday

39 ദിവസത്തെ മണ്ഡലകാലത്ത് ശബരിമലയിൽ ദർശനത്തിന് എത്തിയത് 71,706 ഭക്തർ; വരുമാനമായി ലഭിച്ചത് ഒൻപത് കോടി മാത്രവും; മുൻവർഷം ഇത് 156 കോടിയും; കോവിഡ് കാലത്തെ ദർശനത്തിൽ വൻ സാമ്പത്തിക നഷ്ടം; കൂടുതൽ ഭക്തർക്ക് ദർശനം നൽകുക ഹൈക്കോടതിയുടെയും സർക്കാരിന്റെയും നിർദ്ദേശം പരിഗണിച്ചെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്

39 ദിവസത്തെ മണ്ഡലകാലത്ത് ശബരിമലയിൽ ദർശനത്തിന് എത്തിയത് 71,706 ഭക്തർ; വരുമാനമായി ലഭിച്ചത് ഒൻപത് കോടി മാത്രവും; മുൻവർഷം ഇത് 156 കോടിയും; കോവിഡ് കാലത്തെ ദർശനത്തിൽ വൻ സാമ്പത്തിക നഷ്ടം; കൂടുതൽ ഭക്തർക്ക് ദർശനം നൽകുക ഹൈക്കോടതിയുടെയും സർക്കാരിന്റെയും നിർദ്ദേശം പരിഗണിച്ചെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്

മറുനാടൻ മലയാളി ബ്യൂറോ

സന്നിധാനം: കോവിഡ് കാലത്തെ മണ്ഡലകാലം ശബരിമലയിൽ വരുത്തിവെച്ചത് വൻ വരുമാന നഷ്ടം. മണ്ഡലകാലം ആരംഭിച്ചു 39 ദിവസം പിന്നിടുമ്പോൾ 71,706 ഭക്തരാണ് ക്ഷേത്രത്തിൽ ദർശനം നടത്തിയത്. ഇക്കാലയളവിൽ 9,09,14,893 (ഒൻപത് കോടി ഒൻപത് ലക്ഷത്തി പതിനാലായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി മൂന്ന്) രൂപയാണ് ശബരിമലയിലെ വരുമാനം. മുൻ വർഷമിത് 156,60,19,661 (നൂറ്റി അമ്പത്തിയാറ് കോടി അറുപത് ലക്ഷത്തി പത്തൊൻപതിനായിരത്തി അറുന്നൂറ്റി അറുപത്തിയൊന്ന്) രൂപയായിരുന്നു. മുൻവർഷത്തിനെ അപേക്ഷിച്ച് നോക്കുമ്പോൾ അതിന്റെ അഞ്ച് ശതമാനത്തിൽ താഴെയാളുകൾ മാത്രമേ ഈ വർഷം ദർശനത്തിനായി എത്തിയിട്ടുള്ളൂവെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു അറിയിച്ചു.

ശബരിമല ദർശനത്തിന് എത്തുന്ന ഭക്തരുടെ എണ്ണം സംബന്ധിച്ച കാര്യത്തിൽ ഹൈക്കോടതിയുടെയും സർക്കാരിന്റെയും നിർദ്ദേശങ്ങൾക്കാണ് മുൻഗണനയെന്നും അദ്ദേഹം വാർത്താസമ്മേളനത്തൽ പറഞ്ഞു. മണ്ഡല - മകര വിളക്ക് ഉത്സവങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. തീർത്ഥാടനം മുടക്കുന്നത് ശരിയല്ല എന്ന ദേവസ്വം ബോർഡ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മണ്ഡകാലം ആരംഭിച്ചത്. ഈ തീരുമാനം ദേവസ്വം ബോർഡ് സംസ്ഥാന സർക്കാരിനെ അറിയിച്ചു. വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തോടെ മാത്രമേ ശബരിമല മണ്ഡലകാല പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാവൂ. ദേവസ്വം ബോർഡ് തീരുമാനത്തോട് അനുകൂലമായ നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. ഇതിനായി മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടേയും നേതൃത്വത്തിൽ പ്രത്യേക യോഗം വിളിച്ചു ചേർത്ത് എല്ലാ വകുപ്പുകളുടേയും പങ്കാളിത്തം ഉറപ്പാക്കി.

എന്നാൽ, കോവിഡ് പശ്ചാത്തലത്തിൽ ശബരിമലയിൽ രോഗവ്യാപനം ഉണ്ടാകുമോയെന്ന ആശങ്ക ആരോഗ്യ വകുപ്പ് അധികൃതർ പങ്ക് വച്ചു. ഇത് കണക്കിലെടുത്താണ് തീർത്ഥാടകരുടെ എണ്ണം തുടക്കത്തിൽ ആയിരമെന്ന നിലയിൽ പരിമിതപ്പെടുത്തിയത്. പിന്നീട് ബന്ധപ്പെട്ട കമ്മിറ്റികളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ തീർത്ഥാടകരുടെ എണ്ണം വർധിപ്പിക്കാമെന്ന തീരുമാനത്തിലേക്ക് ദേവസ്വം ബോർഡ് എത്തി. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ടായിരമായും തുടർന്ന് മൂവായിരമായും ഭക്തരുടെ എണ്ണം വർധിപ്പിച്ചു. മണ്ഡല പൂജയ്ക്കും മകരവിളക്കിനും അയ്യായിരവുമാക്കി.

ആളുകളുടെ എണ്ണം വർധിപ്പിച്ചതിനൊപ്പം കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതും ഉറപ്പാക്കി. എന്നാൽ, ശബരിമല സേവനത്തിലേർപ്പെട്ട വിവിധ വിഭാഗം ജീവനക്കാരിൽ കോവിഡ് ബാധിച്ചതായി കണ്ടെത്തി. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി ഡിസംബർ 24 വരെ 390 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 96 ഭക്തരെ നിലയ്ക്കലിൽ നിന്ന് തന്നെ തിരിച്ചയച്ചു. 289 ജീവനക്കാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ദേവസ്വം ബോർഡ്, പൊലീസ്, ആരോഗ്യ വകുപ്പ്, കെഎസ്ഇബി, എക്‌സൈസ് തുടങ്ങി എല്ലാ വിഭാഗത്തിലേയും സ്ഥിരം ജീവനക്കാരും താൽക്കാലിക തൊഴിലാളികളും ഇതിൽ ഉൾപ്പെടും. ജീവനക്കാരിലെ കോവിഡ് രോഗം കണ്ടെത്തുന്നതിനായി സന്നിധാനത്ത് ആന്റിജൻ ടെസ്റ്റ് ക്യാമ്പും നടത്തി.

രോഗം സ്ഥിരീകരിച്ചവരെയും പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരെയും സമയബന്ധിതമായി സന്നിധാനത്ത് നിന്നും നീക്കി. ജീവനക്കാരിൽ രോഗബാധയുണ്ടായെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലാത്തതിനാൽ ബദൽ സംവിധാനം ഏർപ്പെടുത്തി തീർത്ഥാടനം മുന്നോട്ട് കൊണ്ട് പോകാനായി.

ഇത് വരെ ആന്റിജൻ ടെസ്റ്റ് നടത്തിയ ശേഷമാണ് ജീവനക്കാരെയും ഭക്തരെയും സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചിരുന്നത്. ഡിസംബർ 26 മുതൽ ആർടിപിസിആർ ടെസ്റ്റ് നടത്തിയവരെ മാത്രം പ്രവേശിപ്പിച്ചാൽ മതിയെന്നാണ് ഹൈക്കോടതിയുടേയും സർക്കാരിന്റെയും നിർദ്ദേശം. എന്നാൽ, ആർടിപിസിആർ ടെസ്റ്റ് നടത്തി റിപ്പോർട്ട് കിട്ടാനുള്ള കാലതാമസവും ചെലവും പരിഗണിച്ച് വിഷയം ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതേ തുടർന്ന് ആർടിപിസിആർ ടെസ്റ്റിന് പുറമേ ആർടി ലാമ്പ് ടെസ്റ്റ്, എക്സ്‌പ്രസ് നാറ്റ് എന്നീ രണ്ട് ടെസ്റ്റുകളിലേതെങ്കിലും നടത്തി നെഗറ്റീവാകുന്നവരെയും സന്നിധാനത്തേക്ക് പ്രവേശിപ്പിക്കാൻ തീരുമാനമായി. ആർടി ലാമ്പ് ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യം നിലയ്ക്കൽ ഇല്ലെങ്കിലും കോഴഞ്ചേരിയിൽ പരിശോധന നടത്താനുള്ള സംവിധാനമുണ്ട്.

ദർശനത്തിന് പരമാവധി ആളുകൾക്ക് അവസരം നൽകണമെന്നാണ് ദേവസ്വം ബോർഡിന്റെ അഭിപ്രായമെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതിയുടേയും സർക്കാരിന്റെയും നിർദ്ദേശങ്ങൾക്കാണ് മുൻഗണന. ഇതോടൊപ്പം ആരോഗ്യ വകുപ്പിന്റെയും പൊലീസിന്റെയും അഭിപ്രായവും പങ്കാളിത്തവും ദേവസ്വം ബോർഡ് പരിഗണിക്കും.

മകര വിളക്ക് വരെ ദർശനത്തിനുള്ള ഓൺലൈൻ ബുക്കിങ് ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞു. മകരവിളക്ക് വരെ അയ്യായിരം പേർക്ക് വീതം ദർശനത്തിന് അവസരമുണ്ട്. 2011 മുതൽ പൊലീസ് തുടങ്ങിയ വെർച്ച്വൽ ക്യൂ സംവിധാനം കോവിഡിന്റെ പശ്ചാത്തലത്തിൽ ഈ വർഷം ദേവസ്വം ബോർഡ് പ്രയോജനപ്പെടുത്തുകയായിരുന്നു. തിരുപ്പതി, ഗുരുവായൂർ മാതൃകയിൽ വെർച്ച്വൽ ക്യൂ സംവിധാനം പൂർണമായും ഏറ്റെടുത്ത് നടത്തുന്നതിനെ കുറിച്ച് ദേവസ്വം ബോർഡ് ആലോചിക്കുന്നുണ്ട്. ദേവസ്വം ബോർഡിന്റേതായ ഓൺലൈൻ ബുക്കിങ് സംവിധാനമെന്ന നിലയിലാവും ഇത് നടപ്പാക്കുകയെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ.വാസു പറഞ്ഞു. ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ സുധീഷ്, ചീഫ് എൻജിനിയർ കൃഷ്ണകുമാർ, ഡെപ്യൂട്ടി എൻജിനിയർ അജിത്ത് കുമാർ, ഫെസ്റ്റിവെൽ കൺട്രോളർ പത്മകുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP