Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സന്നിധാനവും പമ്പയും നിലയ്ക്കലും തീർത്ഥാടകരെ കൊണ്ട് നിറഞ്ഞു; പ്രധാന ഇടത്താവളങ്ങളിൽ കെഎസ്ആർടിസി അടക്കമുള്ള വാഹനങ്ങൾക്ക് കർശന നിയന്ത്രണം; സന്നിധാനത്തെ തിരക്കൊഴിവാക്കാൻ ദർശനം പൂർത്തിയാക്കുന്ന തീർത്ഥാടകരെ വളരെ വേഗം പമ്പയിലേക്ക് മടക്കി അയച്ച് പൊലീസ്; ദർശനം സാധ്യമാവുന്നത് ആറ് മണിക്കൂർ വരെ ക്യൂ നിന്ന ശേഷം

സന്നിധാനവും പമ്പയും നിലയ്ക്കലും തീർത്ഥാടകരെ കൊണ്ട് നിറഞ്ഞു; പ്രധാന ഇടത്താവളങ്ങളിൽ കെഎസ്ആർടിസി അടക്കമുള്ള വാഹനങ്ങൾക്ക് കർശന നിയന്ത്രണം; സന്നിധാനത്തെ തിരക്കൊഴിവാക്കാൻ ദർശനം പൂർത്തിയാക്കുന്ന തീർത്ഥാടകരെ വളരെ വേഗം പമ്പയിലേക്ക് മടക്കി അയച്ച് പൊലീസ്; ദർശനം സാധ്യമാവുന്നത് ആറ് മണിക്കൂർ വരെ ക്യൂ നിന്ന ശേഷം

എസ്.രാജീവ്‌

ശബരിമല: സന്നിധാനവും പമ്പയും നിലയ്ക്കലും തീർത്ഥാടകരെക്കൊണ്ട് തിങ്ങിനിറഞ്ഞതോടെ പ്രധാന ഇടത്താവളങ്ങളിൽ തീർത്ഥാടക വാഹനങ്ങൾക്ക് കർശന നിയന്തണം. മണ്ഡലകാല പൂജയ്ക്ക് നടയടയ്ക്കാൻ നാലു ദിവസം ശേഷിക്കെ തിരക്ക് നിയന്ത്രണാതീതമായതോടെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. എരുമേലി, തുലാപ്പള്ളി, നാറാണംതോട്, പത്തനംതിട്ട, വടശ്ശേരിക്കര, ളാഹ എന്നിവിടങ്ങളിലെ ഇടത്താവളങ്ങളിലാണ് കെഎസ്ആർടിസി അടക്കമുള്ള വാഹനങ്ങൾക്ക് തിങ്കളാഴ്ച രാവിലെ മുതൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

പ്രധാന ഇടത്താവളമായ നിലയ്ക്കലും പരിസരവും വാഹനങ്ങൾകൊണ്ട് തിങ്ങിനിറഞ്ഞതോടെയാണ് മറ്റ് ഇടത്താവളങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം സംജാതമായത്. പത്തനംതിട്ടയിൽ നിന്ന് തിങ്കളാഴ്‌ച്ച രാവിലെ ഏഴിന് പുറപ്പെട്ട കെ എസ് ആർ ടി സി ബസ് മൂന്നു മണിക്കുർ വൈകി ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പമ്പയിൽ എത്തിയത്. തിങ്കളാഴ്ച വൈകിട്ട് നാലു മണിമുതൽ നിലയ്ക്കലിൽ നിന്നുള്ള വാഹനങ്ങൾ എല്ലാം തന്നെ കർശന സമയ നിയന്ത്രണത്തോടെ മാത്രമാണ് പമ്പയിലേക്ക് കടത്തിവിട്ടു കൊണ്ടിരിക്കുന്നത്. മകരവിളക്ക് തീർത്ഥാടനകാലത്ത് മാത്രമായിരുന്നു മുൻകാലങ്ങളിൽ തീർത്ഥാടകരുടെ വാഹനങ്ങൾക്ക് ഇടത്താവളങ്ങളിൽ നിയന്ത്രണമേർപ്പെടുത്തിയിരുന്നത്.

എന്നാൽ കഴിഞ്ഞ ഒരാഴ്ചക്കാലമായി ദിനംപ്രതി ഒന്നരലക്ഷത്തോളം തീർത്ഥാടകർ മലചവിട്ടുന്ന സാഹചര്യമാണുള്ളത്. പമ്പ സന്നിധാനം പാതയിൽ മരക്കൂട്ടത്തു നിന്നും ശരംകുത്തി വഴി വഴിതിരിച്ചുവിടപ്പെടുന്ന തീർത്ഥാടകർ ആറ് മണിക്കൂർ വരെ ക്യൂവിൽ നിന്നാണ് ദർശനം സാധ്യമാക്കുന്നത്. സന്നിധാനത്തെ തിരക്കൊഴിവാക്കുന്നതിന്റെ ഭാഗമായി ദർശനം പൂർത്തിയാക്കിയ തീർത്ഥാടകരെ എത്രയും വേഗം പമ്പയിലേക്ക് മടക്കി അയക്കുന്നതിനുള്ള നടപടികളും പൊലീസ് ആരംഭിച്ചിട്ടുണ്ട്. സൂര്യഗ്രഹണ ദിനമായ 26ന് നാല് മണിക്കൂറിലധികം സമയം നട അടച്ചിടുന്ന സാഹചര്യത്തിൽ കടുത്ത ഗതാഗത നിയന്ത്രണങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.

26 ന് രാവിലെ 5.30മുതൽ വൈകിട്ട് അഞ്ചുവരെ കെഎസ്ആർടിസി ബസ്സുകൾ നിലയ്ക്കലിൽനിന്ന്പമ്പയിലേക്ക് കടത്തിവിടില്ല ഈ സമയം പമ്പയിൽനിന്ന് ദീർഘദൂര സർവ്വീസുകളും റദ്ദു ചെയ്യും. പത്തനംതിട്ട, എരുമേലി എന്നിവിടങ്ങളിലേക്ക് മാത്രമാകും സർവ്വീസ് നടത്തുക. നിയന്ത്രണങ്ങളുടെ ഭാഗമായി ഇടത്താവളങ്ങളിൽ തടയപ്പെടുന്ന വാഹനങ്ങളിലെത്തുന്ന തീർത്ഥാടകർക്ക് കുടിവെള്ളം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു. 26 ന് രാത്രിയോടെ മാത്രമാകും നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കുവെന്ന് പൊലീസ് വൃത്തങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP