Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എരുമേലി വഴി കല്ലും മുള്ളും നിറഞ്ഞ പരമ്പരാഗത കാനനപാത താണ്ടിയെത്തുന്നത് 36 കിലോമീറ്ററിലേറെ കാൽനടയായി; സീസണിൽ തിരക്കേറുമ്പോൾ മരക്കൂട്ടത്ത് വടം കെട്ടി തടയുമ്പോൾ മണിക്കൂറുകൾ ക്യൂ നിന്ന് തളരുന്നു; ക്ഷീണിച്ചെത്തുന്ന തീർത്ഥാടകർക്ക് ശബരീശ ദർശനത്തിന് പ്രത്യേക സൗകര്യമെന്ന ആവശ്യത്തോട് മുഖം തിരിച്ച് ദേവസ്വം ബോർഡ്

എരുമേലി വഴി കല്ലും മുള്ളും നിറഞ്ഞ പരമ്പരാഗത കാനനപാത താണ്ടിയെത്തുന്നത് 36 കിലോമീറ്ററിലേറെ കാൽനടയായി; സീസണിൽ തിരക്കേറുമ്പോൾ മരക്കൂട്ടത്ത് വടം കെട്ടി തടയുമ്പോൾ മണിക്കൂറുകൾ ക്യൂ നിന്ന് തളരുന്നു; ക്ഷീണിച്ചെത്തുന്ന തീർത്ഥാടകർക്ക് ശബരീശ ദർശനത്തിന് പ്രത്യേക സൗകര്യമെന്ന ആവശ്യത്തോട് മുഖം തിരിച്ച് ദേവസ്വം ബോർഡ്

എസ്.രാജീവ്‌

ശബരിമല : കല്ലും മുള്ളും നിറഞ്ഞതും അതികഠിനവുമായ എരുമേലി വഴിയുള്ള പരമ്പരാഗത കാനന പാത താണ്ടിയെത്തുന്ന തീർത്ഥാടകർക്ക് നേരെ ദേവസ്വം ബോർഡ് കാട്ടുന്നത് കടുത്ത അവഗണനയെന്ന് പരാതി. എരുമേലിയിൽ നിന്നും കരിമല വഴി കല്ലും മുള്ളും നിറഞ്ഞ കിലോമീറ്ററുകൾ നീളുന്ന കാനന പാത താണ്ടി ക്ഷീണിച്ചവശരായെത്തുന്ന തീർത്ഥാടകർക്ക് ശബരീശ ദർശനത്തിനായി പ്രത്യേക സൗകര്യമൊരുക്കണമെന്ന കാലങ്ങളായുള്ള ആവശ്യത്തോട് മുഖം തിരിക്കുന്ന ബോർഡിന്റെ നിലപാടാണ് പരാതികൾക്ക് വഴിതെളിച്ചിരിക്കുന്നത്.

പരമ്പരാഗത കാനനപാത വഴിയെത്തുന്ന തീർത്ഥാടകർക്ക് പ്രത്യേക പരിഗണന നൽകണമെന്ന ആവശ്യവുമായി ഭക്തജന സംഘടനകളും രംഗത്ത്. എരുമേലിയിൽ നിന്നുള്ള 36 കിലോമീറ്ററോളം ദൂരം താണ്ടി പമ്പയിലെത്തുന്ന തീർത്ഥാടകർക്ക് സന്നിധാനത്തേക്കുള്ള പാതയിൽ പ്രത്യേക പരിഗണന നൽകണമെന്ന ആവശ്യമാണ് വിവിധ കോണുകളിൽ നിന്നും ഇപ്പോൾ ശക്തമായിരിക്കുന്നത്. സംസ്ഥാനത്തിനകത്തും പുറത്തും നിന്ന് കാൽനടയായും വാഹനങ്ങളിലുമായി എരുമേലിയിലെത്തി പരമ്പരാഗത കാനനപാതവഴി ആയിരക്കണക്കിന് തീർത്ഥാടക സംഘങ്ങളാണ് ഓരോ സീസണുകളിലും ശബരിമലയിലേക്കെത്തുന്നത്.

അവരവരുടെ ദേശങ്ങളിൽ നിന്നും കാൽനടയായി കാനനപാതയിലൂടെ എത്തുന്ന സംഘങ്ങളും നിരവധിയാണ്. ഇത്തരത്തിൽ എത്തുന്ന തീർത്ഥാടകർക്കെല്ലാം തന്നെ പരിഗണനകൾ ഒന്നും തന്നെയില്ലാതെ മറ്റ് ഭക്തർക്കൊപ്പം പമ്പയിൽ നിന്ന് മല ചവിട്ടേണ്ട സ്ഥിതിയാണുള്ളത്. സന്നിധാനത്ത് തിരക്കേറുന്ന വേളകളിൽ മരക്കൂട്ടം മുതൽ തീർത്ഥാടരെ വടം കെട്ടി തടഞ്ഞു നിർത്തുന്ന സാഹചര്യങ്ങൾ മണ്ഡല - മകരവിളക്ക് തീർത്ഥാടന കാലത്ത് പതിവാണ്. ഇത്തരം ഘട്ടങ്ങളിൽ പലപ്പോഴും ആറും ഏഴും മണിക്കൂറുകൾ നീളാറുള്ള ക്യൂവിൽ അകപ്പെടുന്ന കാനന യാത്രികരായ തീർത്ഥാടകർ ശബരീശ സന്നിധിയിൽ എത്തുമ്പോഴേക്ക് തീർത്തും അവശരാകും.

കേവലം 10 കിലോമീറ്റർ മാത്രം ദൈർഘ്യമുള്ള പുല്ലുമേട് പാത വഴിയെത്തുന്ന തീർത്ഥാടകർക്ക് പാണ്ടിത്താവളത്തെ പൊലീസ് എയ്ഡ് പോസ്റ്റിൽ നിന്നും പ്രത്യേക ദർശനത്തിനുള്ള കൂപ്പൺ ലഭ്യമാക്കുന്നുണ്ട്, പുല്ലുമേട് വഴിയെത്തുന്ന ഭക്തർക്കായി വാവർ നടയ്ക്ക് സമീപത്ത് പ്രത്യേക പ്രവേശന കവാടവും സജ്ജീകരിച്ചിട്ടുണ്ട്. പുല്ലുമേട് പാതയിലൂടെ എത്തുന്ന തീർത്ഥാടകരെക്കാൾ പതിന്മടങ്ങ് ഭക്തരാണ് മണ്ഡല - മകരവിളക്ക് കലയളവിൽ എരുമേലി വഴിയുള്ള കാനനപാതയിലൂടെ എത്തുന്നത്. എന്നാൽ ഇവർക്ക് പമ്പയിൽ നിന്നും സന്നിധാനത്തേക്ക് സുഗമമായ യാത്രയൊരുക്കുന്നതടക്കമുള്ള സൗകര്യങ്ങളൊരുക്കാൻ ബോർഡ് ഇക്കാലമത്രയും തയാറായിട്ടില്ല. കാനനപാത വഴിയെത്തുന്ന തീർത്ഥാടകർക്ക് സുഗമമായ ദർശന സൗകര്യമൊരുക്കാൻ ദേവസ്വം ബോർഡ് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് അഖില ഭാരതീയ അയ്യപ്പസേവാ സമാജം അടക്കമുള്ള സംഘടനകളും തീർത്ഥാടകരും ഉയർത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP