Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

അപ്പം-അരവണ വില്പന പമ്പയിലും: ബോർഡ് തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി പന്തളം കൊട്ടാരവും തന്ത്രി സമാജവും ഹൈന്ദവ സംഘടനകളും; ആചാര ലംഘനമെന്ന് പന്തളം കൊട്ടാരം; കച്ചവട താൽപര്യമെന്ന് ഹിന്ദു ഐക്യവേദി; നിയമനടപടി ആലോചിക്കുമെന്ന് തന്ത്രിസമാജം

അപ്പം-അരവണ വില്പന പമ്പയിലും: ബോർഡ് തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി പന്തളം കൊട്ടാരവും തന്ത്രി സമാജവും ഹൈന്ദവ സംഘടനകളും; ആചാര ലംഘനമെന്ന് പന്തളം കൊട്ടാരം; കച്ചവട താൽപര്യമെന്ന് ഹിന്ദു ഐക്യവേദി; നിയമനടപടി ആലോചിക്കുമെന്ന് തന്ത്രിസമാജം

എസ്.രാജീവ്

ശബരിമല: തിരുവിതാംകൂർ ദേവസ്വം ബോർഡ് ശബരിമല പ്രസാദമായ അപ്പം-അരവണ വില്പനക്കായി പമ്പയിൽ കൗണ്ടറുകൾ തുറന്നു. പമ്പ ഗണപതി ക്ഷേത്രത്തോട് ചേർന്ന് മൂന്ന് കൗണ്ടറുകളാണ് പ്രവർത്തനം തുടങ്ങിയത്. രണ്ട് കൗണ്ടറുകളിൽ പണം നൽകിയും ഒരു കൗണ്ടറിൽ കാർഡുപയോഗിച്ചും അരവണ വാങ്ങാം. തിരക്ക് കൂടുന്നതനുസരിച്ച് കൂടുതൽ കൗണ്ടറുകൾ തുറക്കുമെന്നും ശബരിമല എക്സിക്യുട്ടിവ് ഓഫീസർ അറിയിച്ചു.

അടുത്ത ഘട്ടത്തിൽ ഓൺലൈൻ വഴി മുൻകൂട്ടി ബുക്ക് ചെയ്യുന്ന അയ്യപ്പന്മാർക്ക് അപ്പവും അരവണയും ലഭ്യമാക്കാനുള്ള സൗകര്യവും ഒരുക്കും. സന്നിധാനത്ത് നിലവിലുള്ള കൗണ്ടറുകളുടെ എണ്ണത്തിൽ കുറവ് വരുത്തിയിട്ടില്ല. സന്നിധാനത്ത് ലഭിക്കുന്ന അതേ വിലക്കാണ് പമ്പയിലും പ്രസാദം വിൽക്കുന്നത്. അപ്പം പായ്ക്കറ്റിന് 35 രൂപയും അരവണ 80 രൂപയുമാണ് വില. പത്ത് ടിൻ അരവണയടങ്ങുന്ന പാക്കറ്റിന് 810 രൂപ നൽകണം. കൂടുതൽ അപ്പവും അരവണയും വാങ്ങി മടങ്ങാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് ഭാരമില്ലാതെ മലയിറങ്ങാനാവും എന്നതും ഇതിന്റെ പ്രധാന നേട്ടമെന്നാണ് ദേവസ്വം ബോർഡിന്റെ കണ്ടെത്തൽ.കരുതൽ ശേകരമായി അമ്പതിനായിരം ടിൻ അരവണയും അമ്പതിനായിരം പായ്ക്കറ്റ് അപ്പവും വിൽപ്പനയ്ക്കായി ഇവിടെ എത്തിച്ചിട്ടുണ്ട്.എന്നാൽ ദേവസ്വം ബോർഡിന്റെ തീരുമാനത്തിനെതിരെ പന്തളം കൊട്ടാരവും തന്ത്രി സമാജവും വിവിധ ഹൈന്ദവ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി.

Stories you may Like

ബോർഡ് തീരുമാനത്തിന് പിന്നിൽ കച്ചവട താത്പര്യം മാത്രമാണ് ഉള്ളതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചർ പറഞ്ഞു. ദക്ഷിണേന്ത്യയിലെ തന്നെ പ്രധാന ക്ഷേത്രങ്ങളായ ഗുരുവായൂർ, തിരുപ്പതി, എന്നിവടങ്ങളിൽ ഒന്നുംതന്നെ ക്ഷേത്രത്തിന് പുറത്ത് പ്രസാദം വിൽക്കുന്ന സംവിധാനമില്ല. ഏത് ക്ഷേത്രത്തിലെ മാതൃകയാണ് ഇവിടെ നടപ്പാക്കിയതെന്ന് ബോർഡിന് വിശദീകരിക്കണം. പമ്പാ ഗണപതി ക്ഷേത്രത്തിൽ അവൽ നിവേദ്യം മോദകം ഉൾപ്പെടെയുള്ള പ്രധാന വഴിപാടുകൾ ഉണ്ടായിരിക്കെ ശബരിമല ക്ഷേത്രത്തിലെ വഴിപാടുകൾ ഇവിടെ എത്തിച്ച് വിതരണം ചെയ്യുന്നത് ശരിയല്ല. ഒരു ക്ഷേത്രത്തിലെ വഴിപാട് മറ്റൊരു ക്ഷേത്രത്തിൽവെച്ച് വിതരണം ചെയ്യുന്നത് ആചാരലംഘനമാണ്. ഈ നിലയ്ക്ക് ശബരിമല പ്രസാദം നിലക്കലിലും ദേവസ്വം ബോർഡിന്റെ മറ്റ് ക്ഷേത്രങ്ങളിലുമൊക്കെ എത്തിച്ച് വിതരണം ചെയ്യുന്ന സ്ഥിതിയിലേക്ക് മാറും. ബോർഡ് തീരുമാനത്തെ നിയമപരമായി നേരിടുമെന്നും കെ.പി.ശശികല ടീച്ചർ പറഞ്ഞു.

ശബരിമല പ്രസാദം പമ്പയിലെത്തിച്ച് വിതരണം ചെയ്യുന്നത് ആചാരപരമായി തെറ്റാണെന്നും നിയമനടപടി സ്വീകരിക്കുന്നതിനെകുറിച്ച് ആലോചിക്കുമെന്നും തന്ത്രവിദ്യാപീഠം രക്ഷാധികാരി അക്കീരമൺ കാളിദാസഭട്ടതിരി പറഞ്ഞു. ഇപ്പോൾപമ്പയിൽ നൽകുന്ന പ്രസാദം എന്തുകൊണ്ട് കർണ്ണാടകയിൽ കൊണ്ടുവന്ന് വിതരണം ചെയ്തുകൂടായെന്ന് നാളെ ജനങ്ങൾ ചോദിക്കുന്ന സ്ഥിതിയുണ്ടാകും. സ്വാർത്ഥ താത്പര്യമാണ് ഇതിന് പിന്നിലെന്നും അക്കീരമൺ കാളിദാസഭട്ടതിരി പറഞ്ഞു.

ബോർഡിന്റെ ഈ നീക്കത്തെ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനും എതിർത്തു. മിൽമ്മാ ബൂത്ത് ആരംഭിച്ച് കച്ചവടം നടത്തുന്നതുപോലെ അപ്പവും അരവണയും കൗണ്ടറിലൂടെ വിൽക്കുന്നത് പ്രസാദത്തിന്റെ ശൈലി ഇല്ലാതാക്കുമെന്ന് പ്രയാർ പറഞ്ഞു. പമ്പയിൽ മോദകം പൂജിക്കുന്നതിന് മുമ്പ് വില്പന നടത്തിയത് അന്ന് പ്രസിഡന്റായിരുന്ന താൻ എതിർക്കുകയും പൂജചെയ്ത് കൗണ്ടറിൽ എത്തിക്കാൻ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP