Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202116Wednesday

ഭക്തിയുടെ പാരമ്യതയിൽ മകര ജ്യോതി ദർശിച്ച് ഭക്തർ; പൊന്നമ്പലമേട്ടിലെ മകര വിളക്ക് തെളിഞ്ഞത് മകരസംക്രമ സന്ധ്യയിൽ; ഇക്കുറി ദർശന ഭാ​ഗ്യം ലഭിച്ചത് 5000 തീർത്ഥാടകർക്ക്

ഭക്തിയുടെ പാരമ്യതയിൽ മകര ജ്യോതി ദർശിച്ച് ഭക്തർ; പൊന്നമ്പലമേട്ടിലെ മകര വിളക്ക് തെളിഞ്ഞത് മകരസംക്രമ സന്ധ്യയിൽ; ഇക്കുറി ദർശന ഭാ​ഗ്യം ലഭിച്ചത് 5000 തീർത്ഥാടകർക്ക്

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട: പൊന്നമ്പല മേട്ടിലെ മകരജ്യോതി ദർശിച്ച് സായൂജ്യം നേടി അയ്യപ്പ ഭക്തർ. അയ്യപ്പന് തിരുവാഭരണം ചാർത്തിയുള്ള മഹാ ദീപാരാധനയ്ക്ക് ശേഷമാണ് സന്നിധാനത്ത് തടിച്ചുകൂടിയ അയ്യപ്പഭക്തന്മാർ മകരസംക്രമ സന്ധ്യയിൽ പൊന്നമ്പലമേട്ടിലെ മകര വിളക്ക് ദർശിച്ച് മടങ്ങിയത്. ശബരീപീഠത്തിൽ നിന്നും ശരംകുത്തിയിലെത്തിയ തിരുവാഭരണ ഘോഷയാത്ര 6.15നാണ് സന്നിധാനത്തെത്തിയത്.

വൈകീട്ട് ദേവസ്വം പ്രതിനിധികൾ തിരുവാഭരണ ഘോഷയാത്രയെ ശരംകുത്തിയിൽ സ്വീകരിച്ചു. തുടർന്ന് സന്നിധാനത്തേക്ക് കൊണ്ടു വന്ന തിരുവാഭരണ പേടകത്തിന് പതിനെട്ടാംപടിക്ക് മുകളിൽ കൊടിമരത്തിന് ചുവട്ടിൽ വെച്ച് ആചാരപ്രകാരം സ്വീകരണം നൽകി. ഇതിന് ശേഷം തന്ത്രിയും മേൽശാന്തിയും ചേർന്ന് തിരുവാഭരണ പേടകം ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങുകയായിരുന്നു.ശേഷം 6.30 ന് മകരസംക്രമ സന്ധ്യയിലാണ് തിരുവാഭരണം ചാർത്തിയുള്ള മഹാ ദീപാരാധന നടന്നത്. ദീപാരാധനയ്ക്ക് തൊട്ടുപിന്നാലെയാണ് പൊന്നമ്പലമേട്ടിൽ തെളിഞ്ഞ മകര വിളക്ക് ഭക്തർ ദർശിച്ചത്.

കോവിഡ് മാനദണ്ഡം പാലിച്ച് 5000 പേർക്കാണ് മകര വിളക്ക് ദർശിക്കാനുള്ള അവസരം ഒരുക്കിയത്. നേരത്തേ വെർച്വൽ ക്യൂവഴി ബുക്ക് ചെയ്തവരെയാണ് ഇതിന് അനുവദിച്ചത്. മുൻവർഷങ്ങളിൽ ലക്ഷങ്ങൾ ക്യാമ്പ് ചെയ്‌ത് മകരവിളക്ക് ദർശനം നടത്തിയിരുന്നെങ്കിൽ ഇത്തവണ 5000പേർക്ക് മാത്രമാണ് ദർശനത്തിന് അനുമതിയുണ്ടായിരുന്നത്. പൊന്നമ്പല മേട്ടിൽ മകരവിളക്ക് ദർശിക്കാൻ ഭക്തർ ക്യാമ്പ് ചെയ്യാറുള‌ള പുല്ലുമേട്ടിലും ഇടുക്കി ജില്ലയിലെ മ‌റ്റിടങ്ങളിലും ഇത്തവണ പ്രവേശനമുണ്ടായിരുന്നില്ല.

അതേസമയം ശബരിമലയിൽ ഇത്തവണ കോവിഡ് നിയന്ത്രങ്ങൾ ഒരുക്കുന്നത് വെല്ലുവിളിയായിരുന്നതായി തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് എൻ.വാസു അറിയിച്ചു. എന്നാൽ സുഗമ ദർശനമാണ് സന്നിധാനത്ത് ഭക്തർക്ക് ലഭിച്ചതെന്നും ശബരിമലയിൽ തീർത്ഥാടന ദിവസങ്ങൾ കൂട്ടുക എന്നത് തന്ത്രി ഉൾപ്പടെയുള‌ളവരുമായി ചർച്ച ചെയ്യേണ്ട കാര്യമാണെന്നും എൻ.വാസു അഭിപ്രായപ്പെട്ടു. ഭക്തർ അകമഴിഞ്ഞ് സംഭാവന ചെയ്യണം എന്ന ദേവസ്വം മന്ത്രി കടകംപള‌ളി സുരേന്ദ്രന്റെ അഭിപ്രായം ബോർഡിന്റെ സാമ്പത്തിക സ്ഥിതി മനസിലാക്കിയാണ്. സർക്കാരിന് മാത്രമായി എത്ര സഹായിക്കാൻ കഴിയും? എല്ലാകാലവും സർക്കാർ സഹായത്തോടെ ബോർഡിന് നിലനിൽക്കാനാകില്ലെന്നും ആചാര, നിർമ്മാണ കാര്യങ്ങളിൽ ക്ഷേത്രങ്ങളെ സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്യാൻ കഴിയുന്നവരുടെ സഹായം പ്രതീക്ഷിക്കുന്നതായും ദേവസ്വംബോർഡ് പ്രസി‌ഡന്റ് അറിയിച്ചു.

14 ന് രാത്രി മണ്ഡപത്തിൽ കളമെഴുത്തും പാട്ടും പൂജയും നടക്കും. 15,16,17,18 തീയതികളിൽ എഴുന്നള്ളത്ത് നടക്കും. 19 നാണ് ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത്. 19 ന് വരെ മാത്രമേ ഭക്തർക്ക് ദർശനത്തിന് അവസരമുള്ളൂ. 20 ന് ശബരിമല നട അടയ്ക്കുന്നതോടെ മകരവിളക്ക് മഹോൽസവത്തിന് പരിസമാപ്തിയാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP