Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202023Monday

ഏഴുമാസത്തിന് ശേഷം നടതുറന്നിട്ടും മലചവിട്ടാൻ എത്തുന്ന ഭക്തജനങ്ങളുടെ എണ്ണത്തിൽ കുറവ്; 250 പേരെ അനുവദിക്കും എങ്കിലും ആ​ദ്യദിനം എത്തിയത് 144 പേർ

ഏഴുമാസത്തിന് ശേഷം നടതുറന്നിട്ടും മലചവിട്ടാൻ എത്തുന്ന ഭക്തജനങ്ങളുടെ എണ്ണത്തിൽ കുറവ്; 250 പേരെ അനുവദിക്കും എങ്കിലും ആ​ദ്യദിനം എത്തിയത് 144 പേർ

മറുനാടൻ ഡെസ്‌ക്‌

ശബരിമല: ഏഴുമാസത്തിന് ശേഷം ശബരിമല നടതുറന്നിട്ടും തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രതി​ദിനം 250 പേർക്ക് പ്രവേശനം അനുവദിക്കും എങ്കിലും ആദ്യദിവസമായ കഴിഞ്ഞ ദിവസം സന്നിധാനത്തിൽ എത്തിയത് വെറും 144 പേർ മാത്രമാണ്. പൂജകൾ തൊഴാൻ പൊലീസുകാരും സർക്കാർ ജീവനക്കാരും ഏതാനും ദേവസ്വം ഉദ്യോഗസ്ഥരും മാത്രമാണ് ഉണ്ടായിരുന്നത്. പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ഭക്തർക്ക് പ്രവേശനം വൈകിട്ട് ആറുമണിവരെ മാത്രമാണ്.

നിലയ്ക്കലിൽ ആന്റിജൻ പരിശോധനയും പമ്പയിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധനയും കഴിഞ്ഞാണ് തീർത്ഥാടകരെ കടത്തിവിട്ടത്. പമ്പയിലും ആന്റിജൻ പരിശോധനാ സംവിധാനം ഒരുക്കിയിട്ടുണ്ട്. തീർത്ഥാടകരുടെ വാഹനങ്ങൾ പമ്പ വരെ പോകാൻ അനുവദിച്ചെങ്കിലും അവിടെ പാർക്ക് ചെയ്യാൻ സമ്മതിച്ചില്ല. അയ്യപ്പന്മാരെ പമ്പയിൽ ഇറക്കിയ ശേഷം വാഹനം പാർക്ക് ചെയ്യാൻ 22 കിലോമീറ്റർ അകലെ നിലയ്ക്കൽ വരെ പോകണം. ഡ്രൈവർമാർ ഇല്ലാതെ സ്വന്തമായി വാഹനം ഓടിച്ച് വന്നവരാണ് കഷ്ടത്തിലായത്. ഇവർ പാർക്കു ചെയ്യാൻ തിരിച്ച് നിലയ്ക്കലിലേക്കു പോയാൽ അവിടെ നിന്ന് പമ്പയിൽ എത്താൻ കെഎസ്ആർടിസി ബസ് ഇല്ല. ബദൽ സംവിധാനമായി ദേവസ്വം ബോർഡും വാഹനം ക്രമീകരിച്ചില്ല.

പ്ലന്തോട് ഭാഗത്ത് റോഡ് ഇടിഞ്ഞു താണ സ്ഥലത്ത് ചെറിയ ക്രമീകരണം ഒരുക്കി ഒറ്റവരി ഗതാഗതം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ നിന്ന് പമ്പ വരെ ഒരു കെഎസ്ആർടിസി ബസ് ഓടിച്ചു. 7 മാസത്തെ ഇടവേളയ്ക്കു ശേഷം സന്നിധാനത്ത് ഇന്നലെ വൈകിട്ട് ദീപാരാധനയ്ക്കു പടി പൂജ നടന്നു. 21 വരെ പൂജകൾ ഉണ്ടാകും.

ആദ്യം പടികയറി വിജയകുമാർ ഐപിഎസ്

ഏഴുമാസത്തിന് ശേഷം തീർത്ഥാടകരെ അനുവദിച്ചപ്പോൾ ആദ്യം പടികയറി ദർശനം നടത്താനുള്ള ഭാഗ്യം ലഭിച്ചത് എസ്എസ്ബി എസ്‌പി വിജയകുമാർ ഐപിഎസിനാണ്. അനുഗ്രഹ വർഷത്തിന് അയ്യപ്പ സ്വാമിയോടുള്ള തീരാത്ത കടപ്പാടുമായാണ് വിജയകുമാർ നാരായണൻ ഇരുമുടിക്കെട്ടുമായി അർധരാത്രി മലചവിട്ടിയത്. ഒറ്റയ്ക്കായിരുന്നു സന്നിധാനത്തേക്കുള്ള യാത്ര. തനിക്ക് ഐപിഎസ് ലഭിച്ചാൽ പൊലീസ് യൂണിഫോമിട്ട് സന്നിധാനത്തെത്തി ദർശനം നടത്താമെന്ന് വിജയകുമാർ നാരായണന്റെ വഴിപാടായിരുന്നു. 2017 മുതൽ ഐപിഎസ് ശുപാർശ ചെയ്ത പട്ടികയിലുണ്ട്. ഗ്രേഡ് കിട്ടിയെങ്കിലും ഐപിഎസ് ലഭിച്ചില്ല. 2018 ജൂലൈ 31ന് സർവീസിൽ നിന്നു വിരമിച്ചെങ്കിലും ഓഗസ്റ്റ് 30ന് ഐപിഎസ് ലഭിച്ചു. എറണാകുളത്ത് എസ്എസ്ബി എസ്‌പിയായി കഴിഞ്ഞ 9ന് ചുമതലയേറ്റു.

കർശന നിബന്ധനകൾ

48 മണിക്കൂറിനകത്ത് നടത്തിയ കോവിഡ് ടെസ്റ്റ് നെ​ഗറ്റീവാണെന്ന സർട്ടിഫിക്കറ്റുണ്ടെങ്കിൽ മാത്രമേ ദർശനത്തിന് അനുവാദമുണ്ടാകൂ. മലകയാറാൻ പ്രാപ്തരാണെന്ന മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കണം. വെർച്വൽ ക്യൂ സംവിധാനം വഴി രജിസ്റ്റർ ചെയ്ത 250 ഭക്തർക്കാണ് ഒരു ദിവസം ദർശനം നൽകുക. ദർശനത്തിന് എത്തുന്നതിന് തൊട്ടുമുൻപുള്ള 48 മണിക്കൂറിനകം ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റാണ് ഭക്തർ ഹാജരാക്കേണ്ടത്. 10വയസിനും 60 വയസിനും ഇടയിലുള്ളവർക്കാണ് ദർശനത്തിന് അനുമതി.

അപ്പം, അരവണ കൗണ്ടറുകൾ പ്രവർത്തിക്കും. അന്നദാനം ചെറിയ തോതിൽ ഉണ്ടാകും. ഭക്തർക്കു കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഭക്തർക്കായി ശബരിമലയിൽ താമസ സൗകര്യം ഉണ്ടാവില്ല. പതിവ് പൂജകൾക്കു പുറമെ ഉദയാസ്തമന പൂജ, പടിപൂജ എന്നിവ ഉണ്ടാകും. തുലാമാസ പൂജകൾ പൂർത്തിയാക്കി 21നു രാത്രി ഹരിവരാസനം പാടി നട അടയ്ക്കും.

കോവിഡ് രോഗം വന്നു പോയവർ മലകയറുമ്പോൾ ആരോഗ്യപ്രശ്നങ്ങളുണ്ടാകാനിടയുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. രോഗം ഇല്ലാത്തവർക്കും ഏറെനാൾ വീട്ടിൽ കഴിഞ്ഞതിനാൽ പെട്ടെന്നു മലയകറുമ്പോൾ ആരോഗ്യപ്രശ്നം ഉണ്ടാകാനിടയുണ്ട്. മല കയറുന്നവരുടെ സംരക്ഷണത്തിനാണ് ഈ നിബന്ധന വയ്ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വെർച്വൽ ക്യൂവഴി രജിസ്റ്റർ ചെയ്ത സമയത്തിനു ദർശനം നടത്താൻ ഭക്തർ ശ്രദ്ധിക്കണം. സാനിറ്റൈസർ, മാസ്ക്, കൈയുറ എന്നിവ കയ്യിൽ കരുതണം. ഭക്തർ കൂട്ടം ചേർന്ന് എത്താൻ പാടില്ല. വടശേരിക്കര, എരുമേലി എന്നിവിടങ്ങളിലൂടെയാണ് പ്രവേശനം. മലകയറുമ്പോൾ ഒഴികെ എല്ലായ്പോഴും മാസ്ക് ധരിക്കണം.

നിലയ്ക്കലിൽ കോവിഡ് പരിശോധനാ സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. പമ്പയിൽ അയ്യപ്പഭക്തർക്കു കുളിക്കാൻ അനുമതി ഉണ്ടാവില്ല. സ്നാനം നടത്താനായി പ്രത്യേകം ഷവറുകൾ ക്രമീകരിച്ചിട്ടുണ്ട്. ടോയിലറ്റ്, ബാത്ത് റൂം സൗകര്യങ്ങൾ പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്. സാനിറ്റൈസർ, സോപ്പ്, വെള്ളം എന്നിവ വിവിധ പോയിന്റുകളിൽ ക്രമീകരിച്ചിട്ടുണ്ട്.

സ്വാമി അയ്യപ്പൻ റോഡിലൂടെയാണ് അയ്യപ്പഭക്തന്മാരുടെ മലകയറ്റവും മല ഇറക്കവും. ഇരുമുടിയുമായി പതിനെട്ടാംപടി കയറി വരുന്ന ഭക്തർ കൊടിമരത്തിനു വലതു വശത്തുകൂടെ ദർശനത്തിനായി പോകണം. അയ്യപ്പന്മാർക്കു കോവിഡ് മാനദണ്ഡം പാലിച്ച് ദർശനം നടത്താനായി പ്രത്യേക മാർക്കുകൾ നടപ്പന്തൽ മുതൽ രേഖപ്പെടുത്തിയിട്ടുണ്ട്. ശ്രീകോവിലിനു മുന്നിലൂടെയുള്ള ആദ്യത്തെയും അവസാനത്തെയും നിര വഴി ആണ് ഭക്തർ ദർശനം നടത്തി നീങ്ങേണ്ടത്. തുടർന്നു മാളികപ്പുറം ക്ഷേത്രത്തിലേക്കുള്ള വഴിയിലൂടെ അവിടെയും ദർശനം നടത്തി പ്രസാദവും വാങ്ങി മലയിറങ്ങാം.

ശബരിമല ദർശനത്തിന് എത്തുന്ന ഭക്തർ ആചാരപ്രകാരമുള്ള സാധനങ്ങൾ കൂടാതെ പരമാവധി കുറച്ച് സാധനങ്ങൾ മാത്രമേ കൊണ്ടുവരാവൂ എന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അഭ്യർത്ഥിച്ചു. സാനിറ്റൈസർ, കൈയുറകൾ എന്നിവ നിർബന്ധമായും കൊണ്ടുവരികയും ഉപയോഗിക്കുകയും വേണം. നല്ല ഗുണനിലവാരമുള്ളതും വീണ്ടും ഉപയോഗിക്കാവുന്നതുമായ മാസ്‌ക്കുകൾ കരുതണം. ഭക്തർ സാമൂഹിക അകലം പാലിക്കണം. കൂട്ടമായി നടക്കാനോ മല കയറാനോ പാടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP