Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

ജോലിക്കിടെ ഷോക്കേറ്റ് നഷ്ടമായത് വലതുകാൽ; കെഎസ്ഇബിയുടെ അവഗണന തുടരുമ്പോഴും അനിൽകുമാർ ശബരീശ സന്നിധിയിൽ തീർത്ഥാടകർക്ക് ദാഹജലം പകർന്ന് നൽകാൻ തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ട്

ജോലിക്കിടെ ഷോക്കേറ്റ് നഷ്ടമായത് വലതുകാൽ; കെഎസ്ഇബിയുടെ അവഗണന തുടരുമ്പോഴും അനിൽകുമാർ ശബരീശ സന്നിധിയിൽ തീർത്ഥാടകർക്ക് ദാഹജലം പകർന്ന് നൽകാൻ തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ട്

എസ് രാജീവ്

ശബരിമല: അധികൃതരുടെ കടുത്ത അവഗണനയിലും ശബരീശ സന്നിധിയിലെത്തുന്ന തീർത്ഥാടകർക്ക് ദാഹജലം പകർന്നു നൽകാൻ പൊയ്ക്കാലുമായി അനിൽ കുമാർ. തിരുവനന്തപുരം ദേവീനഗർ പുത്തൻവീട്ടിൽ അനിൽകുമാറെന്ന മധ്യവയസ്‌ക്കനാണ് ശാരീരിക അവശതകൾ മറന്ന് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി അയ്യപ്പസേവയുമായി സന്നിധാനത്ത് എത്തുന്നത്. ഓരോ വർഷവും അയ്യപ്പ സന്നിധിയിൽ എത്തുമ്പോൾ മനസ്സിൽ ഒരു ആഗ്രഹം ബാക്കിയുണ്ട്. ജോലിക്കിടെ നഷ്ടപ്പെട്ട വലതുകാലിന് നഷ്ടപരിഹാരം ലഭിക്കണം. അതിനു വേണ്ടിയുള്ള പോരാട്ടം തുടങ്ങിയിട്ട് 25 വർഷമായി.

തന്റെയും കുടുംബത്തിന്റെയും വയർ നിറക്കാൻ കഴിഞ്ഞ 20 കൊല്ലമായി കുടിവെള്ള വിതരണ ജീവനക്കാരനായി ശബരിമലയിൽ എത്തുന്ന അനിൽകുമാറിന് അയ്യപ്പൻ കനിയുമെന്ന ഉറച്ച വിശ്വാസമുണ്ട്. അമ്പതുകാരനായ ഇദ്ദേഹം 1989 ലാണ് കെഎസ്ഇബി കിളിമാനൂർ സബ് ഡിവിഷനിൽ താൽക്കാലിക ജീവനക്കാരനായി പ്രവേശിച്ചത്. 1992-ൽ ജോലിക്കിടെ ഇലക്ട്രിക് പോസ്റ്റിൽ വച്ച് ഷോക്കേറ്റു. പൊള്ളി കരിഞ്ഞ കാൽ ജീവനുതന്നെ ഭീഷണിയാകുമെന്നു വന്നപ്പോൾ മുറിച്ചുമാറ്റി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ അടക്കമുള്ള ചികിത്സകൾക്ക് അന്ന് ഒരു ലക്ഷം രൂപയാണ് ചെലവായത്.

ജോലിക്കിടെ ഉണ്ടായ അപകടമായതിനാൽ അർഹമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. മൂന്നു ലക്ഷത്തി എൺപതിനായിരം രൂപയായിരുന്നു ആവശ്യപ്പെട്ടത്. അനിൽകുമാറിന് നാലു ലക്ഷം രൂപ അനുവദിച്ച് 2001 ൽ കോടതി ഉത്തരവിട്ടു. എന്നാൽ ഇതിനെതിരെ കെഎസ്ഇബി അപ്പീൽ നൽകി. ഇതോടെ കേസ് തീരുമാനമാകാതെ അനന്തമായി നീണ്ടു. ലയൺസ് ക്ലബ്ബിന്റെയും മറ്റും സഹായത്താലാണ് വെപ്പുകാൽ ഘടിപ്പിച്ചത്. ഇതിനിടെ ജീവിത മാർഗം തേടുകയും വേണമായിരുന്നു അനിൽകുമാറിന്.

നാട്ടിൽ ലോട്ടറി വിൽപ്പനയും മറ്റും തുടങ്ങി. മണ്ഡലകാലത്ത് ദേവസ്വം ബോർഡിന്റെ താൽക്കാലിക ജീവനക്കാരനായി ആദ്യം സന്നിധിയിൽ എത്തിയത് 20 വർഷം മുമ്പ്. അയ്യപ്പ വിശ്വാസിയായ അനിൽകുമാറിന് ഈ ജോലി ഒരു പുണ്യപ്രവർത്തി കൂടിയാണ്. അധികൃതരുടെ ദുർവാശിയിൽ അർഹമായ നഷ്ടപരിഹാരം ലഭിക്കാതെ ജീവിതത്തിൽ നല്ല പങ്ക് ചെലവിട്ടു അനിൽകുമാർ. വൈകിയായാലും അത് നേടുമെന്ന ഉറച്ചവിശ്വാസമാണ് മുടങ്ങാതെ അനിൽകുമാറിനെ അയ്യന്റെ സന്നിധിയിൽ എത്തിക്കുന്നത്. വീട്ടിൽ ഭാര്യ ശൈലജക്ക് പുറമെ അനീഷ, അനീഷ് എന്നിങ്ങനെ രണ്ടു മക്കളുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP