Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ നടതുറപ്പ് ഉത്സവം അവസാനിക്കാൻ ഇനി മൂന്നുനാളുകൾ ബാക്കി; ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങളുടെ ഒഴുക്ക്; സർവാഭരണഭൂഷിതയായ പാർവതി ദേവിയെ കണ്ട് സായുജ്യമണിഞ്ഞ് ഭക്തർ  

മറുനാടൻ മലയാളി ബ്യൂറോ

കാലടി. തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ നടതുറപ്പ് ഉത്സവം സമാപിക്കുന്നതിനു മൂന്നു ദിനങ്ങൾ മാത്രം അവശേഷിക്കേ ശ്രീപാർവ്വതീദേവിയെ ഒരുനോക്കു കാണുവാനും വർഷം മുഴുവൻ ചേർത്തുവച്ച ദുഃഖങ്ങളും അർച്ചനകളും വഴിപാടുകളും സമർപ്പിക്കുവാനും ഭക്തർ ഒഴുകി എത്തുകയാണ്. ദർശനമാത്രയിൽ തന്നെ ഭക്തർക്ക് സായൂജ്യം ലഭിക്കും വിധമുള്ള ദൃശ്യ സൗന്ദര്യം തിരുവൈരാണിക്കുളത്തെ അവിശേഷതമാണ്.

നിറദീപങ്ങളുടെയും അലങ്കാരങ്ങളുടെയും പശ്ചാത്തലത്തിൽ സർവ്വാഭരണ വിഭൂഷിതയായ ശ്രീപാർവ്വതീദേവിയുടെ മാസ്മരിക ഭംഗിയാണ് ഭക്തരെ വീണ്ടും ഇവിടേയ്ക്ക് വലിച്ചടുപ്പിക്കുന്നത്.

പന്ത്രണ്ട് ദിനവും വ്യത്യസ്ത നിറങ്ങളോടുകൂടിയ വെവ്വേറെ പട്ടുടയാടയാണ് ദേവിക്കു ചാർത്തുന്നത്. ഒരിക്കൽ ചാർത്തിയ ഉടയാട വീണ്ടും അണിയികില്ല. ഇത് ഭക്തർ മുൻകൂട്ടി വഴിപാടായി അർപ്പിക്കുന്നതാണ്. 5000 രൂപയാണ് ദേവിയുടെ ഉടയാട നേരുന്നതിനുള്ള നിരക്ക്. 2035 വരെയുള്ള നടതുറപ്പ് ഉത്സവ നാളുകളിലേക്കുള്ള ഉടയാടകൾ മുൻകൂട്ടി ബുക്ക് ചെയ്തിട്ടുണ്ട്. ഇതുകൂടാതെ ദേവിക്കു പട്ട്, പുടവകളായി സമർപ്പിക്കുന്ന വസ്ത്രങ്ങൾ വേറെയുമുണ്ട്. ഇത്തരത്തിൽ ദേവിക്കു ചാർത്തുന്ന വസ്ത്രങ്ങളെല്ലാം ഉത്സവ നാളുകളിൽ തന്നെ മിതമായ നിരക്കിൽ തീർത്ഥാടകർക്കു വാങ്ങാൻ ലഭിക്കും.

ഭക്തരെ വിസ്മയിപ്പിക്കുന്ന മറ്റൊന്ന് പാർവ്വതീദേവിയെ അണിയിച്ചിട്ടുള്ള പൗരാണികമായ ആഭരണങ്ങളാണ്. അഭയവരദ രൂപത്തിലുള്ള ദാരുശിൽപ പ്രതിഷ്ഠയിൽ തങ്ക ഗോളകയിലുള്ള തിരുമുഖം പതിച്ചിരിക്കുന്നു. ആഭരണങ്ങളായി വലിയ വട്ടത്താലി, ഏഴിഴതാലിക്കൂട്ടം, കാശാലി, നാഗപടത്താലി, കിങ്ങിണി മാല, പാലയ്ക്കമാല എന്നിവക്കു പുറമേ കല്ലുപതിച്ച പുലിനഖ നെക്ലേസുകളും മറ്റുമായി തങ്കപ്രഭയിൽ നിറഞ്ഞു വിളങ്ങുകയാണ് ദേവീരൂപം. ദശപുഷ്പം ചൂടിയ തിരുമുടിയും പുഷ്പാലങ്കാരങ്ങളും ശോഭ കൂട്ടുന്നു.

മംഗല്യവരദായിനി സങ്കൽപ്പത്തോടുകൂടിയ ശ്രീപാർവ്വതീ ദേവിക്കു താലിയാണ് പ്രധാന വഴിപാടായി സമർപ്പിക്കുന്നത്. വിശേഷ വഴിപാടായി കൂട്ടത്താലിയും സമർപ്പിക്കുന്നുണ്ട്. വിവാഹ സംബന്ധമായ തടസങ്ങൾങ്ങൾ നീങ്ങുന്നതിനും ദീർഘമംഗല്യത്തിനുമാണ് കൂട്ടത്താലി സമർപ്പിക്കുന്നത്.

5000 രൂപയാണ് കൂട്ടത്താലി വഴിപാടിന്. നടതുറപ്പിന്റെ അവസാന ദിനങ്ങളിൽ ജനപ്രവാഹം ഏറുകയാണ്. മന്ത്രി കടന്നപിള്ളി രാമചന്ദ്രൻ, മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, സിനിമാ താരങ്ങളായ സുരാജ് വെഞ്ഞറമൂട്, മണിക്കുട്ടൻ തുടങ്ങിയവരും ദർശനം നടത്തി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP