Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സീറോ മലബാർ സഭയിൽ മൂന്ന് പുതിയ സഹായമെത്രാന്മാർ; തീരുമാനം സീറോ മലബാർ സഭയുടെ 30-ാം സിനഡിന്റെ രണ്ടാം സമ്മേളനത്തിൽ; സ്ഥാനചിഹ്നങ്ങൾ അണിയിച്ച് മാർ ആലഞ്ചേരിയും, മാർ റാഫേൽ തട്ടിലും; മെത്രാഭിഷേക തീയ്യതി പിന്നീട്

സീറോ മലബാർ സഭയിൽ മൂന്ന് പുതിയ സഹായമെത്രാന്മാർ; തീരുമാനം സീറോ മലബാർ സഭയുടെ 30-ാം സിനഡിന്റെ രണ്ടാം സമ്മേളനത്തിൽ; സ്ഥാനചിഹ്നങ്ങൾ അണിയിച്ച്  മാർ ആലഞ്ചേരിയും, മാർ റാഫേൽ തട്ടിലും; മെത്രാഭിഷേക തീയ്യതി പിന്നീട്

മറുനാടൻ മലയാളി ബ്യൂറോ

കാക്കനാട്: സീറോ മലബാർസഭയിൽ മൂന്ന് പുതിയ സഹായമെത്രാന്മാർ കൂടി നിയമിതരായി. മാനന്തവാടി രൂപതയുടെ സഹായമെത്രാനായി ഫാ. അലക്‌സ് താരാമംഗലത്തിനെയും ഷംഷാബാദ് രൂപതയുടെ സഹായമെത്രാന്മാരായി ഫാ. ജോസഫ് കൊല്ലംപറമ്പിലിനെയും ഫാ. തോമസ് പാടിയത്തിനെയുമാണ് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിയമിച്ചത്.മെത്രാഭിഷേകത്തിന്റെ തീയതി പിന്നീട് നിശ്ചയിക്കും. ഇതോടെ സീറോമലബാർ സഭയിൽ ശുശ്രൂഷ ചെയ്യുന്നവരും വിരമിച്ചവരുമായി മെത്രാന്മാരുടെ എണ്ണം 65 ആയി.

സീറോ മലബാർ സഭയുടെ 30-ാം സിനഡിന്റെ രണ്ടാം സമ്മേളനത്തിലാണ് ഇവരെ മെത്രാന്മാരായി സിനഡ് പിതാക്കന്മാർ തെരഞ്ഞെടുത്തത്.ഫാ. ജോസഫ് കൊല്ലംപറമ്പിൽ, ഫാ. തോമസ് പാടിയത്ത് എന്നിവരെ മാർ ആലഞ്ചേരിയും ഷംഷാബാദ് രൂപതാധ്യക്ഷൻ മാർ റാഫേൽ തട്ടിലും ചേർന്ന് സ്ഥാനചിഹ്നങ്ങൾ അണിയിച്ചു.തെരഞ്ഞെടുപ്പിന് മുൻപായി ഇവരെ മെത്രാന്മാരായി നിയമിക്കുന്നതിനുള്ള മാർപാപ്പയുടെ സമ്മതം വത്തിക്കാൻ സ്ഥാനപതിവഴി ലഭിച്ചിരുന്നു.

മാനന്തവാടി രൂപതയുടെ സഹായ മെത്രാനായി നിയമിക്കപ്പെട്ടിരിക്കുന്ന ഫാ. അലക്‌സ് താരാമംഗലം തലശ്ശേരി അതിരൂപതാംഗമാണ്. 1958ൽ ജനിച്ച അദ്ദേഹം 1973 ൽ തലശ്ശേരി മൈനർ സെമിനാരിയിൽ വൈദികപരിശീലനം ആരംഭിച്ച് 1983 ജനുവരി ഒന്നിന് വൈദികനായി. തലശ്ശേരി അതിരൂപതയിലെ വിവിധ ഇടവകകളിൽ ശുശ്രൂഷ ചെയ്ത ഫാ. അലക്‌സ് റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്‌സിറ്റിയിൽനിന്ന് തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി.

കോട്ടയം വടവാതൂർ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയിൽ അദ്ധ്യാപകൻ, വൈസ് റെക്ടർ, റെക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു. 2016 മുതൽ 2022 വരെ തലശ്ശേരി അതിരൂപതയുടെ സിഞ്ചെല്ലൂസ് ആയിരുന്നു. അതിരൂപതയിലെ മാടത്തിൽ ഇടവകയുടെ വികാരിയായിരിക്കെയാണ് പുതിയ നിയമനം. തത്വശാസ്ത്ര സംബന്ധമായ പുസ്തകങ്ങളും നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുള്ള നിയുക്ത മെത്രാന് ഇംഗ്ലിഷ്, ഇറ്റാലിയൻ, ജർമൻ ഭാഷകളിലും പ്രാവീണ്യമുണ്ട്.

ഷംഷാബാദ് രൂപതയുടെ ഒന്നാമത്തെ സഹായമെത്രാനായി നിയമിക്കപ്പെട്ട പാലാ രൂപതാംഗമായ ഫാ. ജോസഫ് കൊല്ലംപറമ്പിൽ 1955 ൽ ജനിച്ചു. പാലാ രൂപതയുടെ മൈനർ സെമിനാരിയിൽ വൈദികപരിശീലനം ആരംഭിച്ച അദ്ദേഹം 1981 ഡിസംബർ 18ന് വൈദികനായി അഭിഷിക്തനായി. പാലാ രൂപതയിലെ വിവിധ ഇടവകകളിൽ സേവനം ചെയ്ത ഫാ. കൊല്ലംപറമ്പിൽ പാലാ സെന്റ് തോമസ് കോളജിൽനിന്ന് ബിരുദാനന്തര ബിരുദം നേടി. പാലാ സെന്റ് തോമസ് കോളജിൽ ലക്ചററായും ഹോസ്റ്റൽ വാർഡനായും ബർസാറായും സേവനം ചെയ്തു.

2003 മുതൽ 2011 വരെ അരുവിത്തുറ സെന്റ് ജോർജ് കോളജിൽ പ്രിൻസിപ്പലായിരുന്നു. മഹാത്മാ ഗാന്ധി സർവകലാശാലാ സെനറ്റ് അംഗം, സിൻഡിക്കേറ്റ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പാലാ രൂപതയുടെ വിവിധ കാനോനിക സമിതികളിൽ അംഗമായിരുന്ന അദ്ദേഹം രൂപതയുടെ സിഞ്ചെല്ലൂസായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ഷംഷാബാദ് രൂപതയിൽ ഗുജറാത്ത് മിഷൻ പ്രദേശത്തിന്റെ സിഞ്ചെല്ലൂസായി പ്രവർത്തിക്കുന്നു.

ഷംഷാബാദ് രൂപതയുടെ രണ്ടാമത്തെ സഹായമെത്രാനായി നിയമിക്കപ്പെട്ട ഫാ. തോമസ് പാടിയത്ത് ചങ്ങനാശ്ശേരി അതിരൂപതാംഗമാണ്. 1969ൽ ജനിച്ച അദ്ദേഹം 1984 ൽ വൈദിക പരിശീലനത്തിനായി ചങ്ങനാശ്ശേരി അതിരൂപതാ മൈനർ സെമിനാരിയിൽ പ്രവേശിച്ചു. 1994 ഡിസംബർ 29 ന് വൈദികനായി അഭിഷിക്തനായി. അതിരമ്പുഴ പള്ളിയിൽ അസി. വികാരിയായും മാർ ജോസഫ് പൗവ്വത്തിലിന്റെ സെക്രട്ടറിയായും പ്രവർത്തിച്ചു.

ബൽജിയത്തിലെ ലുവൈൻ സർവകലാശാലയിൽനിന്ന് ദൈവശാസ്ത്രത്തിൽ മാസ്റ്റർ ബിരുദവും തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റും നേടി. കുന്നോത്ത് ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരി അടക്കം മേജർ സെമിനാരികളിലും സ്ഥാപനങ്ങളിലും പഠിപ്പിച്ചിട്ടുണ്ട്. ഇംഗ്ലിഷ്, ജർമൻ ഭാഷകളിൽ പ്രാവീണ്യമുണ്ട്. നിലവിൽ ചങ്ങനാശ്ശേരി അതിരൂപതയിലെ സിഞ്ചെല്ലൂസാണ്

വിദേശത്തായിരുന്ന മാനന്തവാടി രൂപതയുടെ നിയുക്ത സഹായമെത്രാൻ ഫാ. അലക്‌സ് താരാമംഗലം ചടങ്ങിൽ സന്നിഹിതനായിരുന്നില്ല. മെത്രാൻ സിനഡിന്റെ സമാപനദിവസത്തിലാണ് നിയുക്ത മെത്രാന്മാരുടെ പ്രഖ്യാപനം നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP