Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണ്ണും കാതും മനസ്സും സ്വാമി അയ്യപ്പനൊപ്പം; പൊന്നമ്പലവാസന്റെ മണ്ണിലും വിണ്ണിലും ഇന്നു മകരവിളക്ക്; പൊന്നമ്പലമേട്ടിലെ മകരജ്യോതി കാണാവുന്ന സ്ഥലങ്ങളെല്ലാം ഭക്തരെക്കൊണ്ടു നിറഞ്ഞു; തിരുവാഭരണഘോഷയാത്രയെ വരവേൽക്കാൻ സന്നിധാനം തയ്യാർ; മകരജ്യോതി കണ്ടു തൊഴാൻ ഭക്തലക്ഷങ്ങൾ; ശബരിമലയിൽ ശരണ മന്ത്രം മാത്രം

കണ്ണും കാതും മനസ്സും സ്വാമി അയ്യപ്പനൊപ്പം; പൊന്നമ്പലവാസന്റെ മണ്ണിലും വിണ്ണിലും ഇന്നു മകരവിളക്ക്; പൊന്നമ്പലമേട്ടിലെ മകരജ്യോതി കാണാവുന്ന സ്ഥലങ്ങളെല്ലാം ഭക്തരെക്കൊണ്ടു നിറഞ്ഞു; തിരുവാഭരണഘോഷയാത്രയെ വരവേൽക്കാൻ സന്നിധാനം തയ്യാർ; മകരജ്യോതി കണ്ടു തൊഴാൻ ഭക്തലക്ഷങ്ങൾ; ശബരിമലയിൽ ശരണ മന്ത്രം മാത്രം

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല: ശബരിമലയിലേക്ക് ഒഴുകുന്നത് പതിനായിരങ്ങളാണ്. കണ്ണും കാതും മനസ്സും സ്വാമി അയ്യപ്പനൊപ്പം. പൊന്നമ്പലവാസന്റെ മണ്ണിലും വിണ്ണിലും ഇന്നു മകരവിളക്ക്. മകരജ്യോതി കാണാവുന്ന സ്ഥലങ്ങളെല്ലാം ഭക്തരെക്കൊണ്ടു നിറഞ്ഞു. കോവിഡ് ഭീതി ഒഴിഞ്ഞ് ശേഷമുള്ള ആദ്യ മകരവിളക്ക്. സംക്രമ സന്ധ്യയിൽ അയ്യപ്പസ്വാമിക്കു ചാർത്താനുള്ള തിരുവാഭരണവുമായുള്ള ഘോഷയാത്ര ഇന്നു വൈകിട്ട് 6.20ന് ശേഷം സന്നിധാനത്തെത്തും. തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി എന്നിവർ ചേർന്നു ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങും.

അയ്യപ്പ വിഗ്രഹത്തിൽ ചാർത്തിയുള്ള ദീപാരാധനയ്ക്കു ശേഷം 6.30നും 6.50നും മധ്യേ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും. രാത്രി 8.45നാണ് മകരസംക്രമ മുഹൂർത്തം. അയ്യപ്പ വിഗ്രഹത്തിൽ നിന്നു തിരുവാഭരണങ്ങൾ മാറ്റിയശേഷം കവടിയാർ കൊട്ടാരത്തിൽ നിന്നു കൊടുത്തുവിട്ട അയ്യപ്പ മുദ്രയിലെ നെയ്യ് സംക്രമവേളയിൽ അഭിഷേകം ചെയ്യും. അത്താഴപൂജയ്ക്കു ശേഷം മാളികപ്പുറത്തുനിന്നുള്ള എഴുന്നള്ളത്തു തുടങ്ങും.

അപകടങ്ങൾ ഒഴിവാക്കാൻ പൊലീസിന്റെ നേതൃത്വത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. തീർത്ഥാടകരുടെ മടക്കയാത്രയ്ക്കായി 1000 ബസുകൾ കെഎസ്ആർടിസി ക്രമീകരിച്ചിട്ടുണ്ട്. തീർത്ഥാടകർക്ക് 19 വരെയാണ് ദർശനം. തീർത്ഥാടനത്തിനു സമാപനം കുറിച്ച് 20ന് രാവിലെ 6.30ന് ക്ഷേത്രനട അടയ്ക്കും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ശേഷം പമ്പയിൽ നിന്നും തീർത്ഥാടകരെ കയററി വിടില്ല. തിരുവാഭരണ ഘോഷയാത്ര വരുന്നതിനാലാണ് നിയന്ത്രണം.

മകരജ്യോതി ദർശന ശേഷം ഭക്തർ മറ്റുള്ളവർക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തിൽ, തിരക്കുകൂട്ടാതെ സാവധാനം തിരികെ മലയിറങ്ങണമെന്ന് ശബരിമല ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു. ശബരിമലയിൽനിന്നുള്ള മകരജ്യോതി, തിരുവാഭരണ ദർശനം കാത്ത് ഏതാനും ദിവസങ്ങളായി പർണശാലകൾ കെട്ടി സന്നിധാനത്ത് തമ്പടിച്ച ധാരാളം ഭക്തരുണ്ട്. അതിനാൽ അയ്യപ്പ ഭക്തർ ആചാര മര്യാദകൾ പാലിക്കുന്നതിനൊപ്പം അച്ചടക്കവും ഉറപ്പുവരുത്തണമെന്നും മകരജ്യോതി ദർശനത്തിനായി സന്നിധാനത്തേക്കെത്തുന്ന എല്ലാ അയ്യപ്പ ഭക്തന്മാരും പരസ്പരം സഹായത്തോടെ പ്രവർത്തിക്കണമെന്നും തന്ത്രി പറഞ്ഞു.

ശബരിമല മകരജ്യോതി ദർശനത്തിനായി തീർത്ഥാടകർ കൂടിച്ചേരുന്ന വ്യൂ പോയിന്റിൽ സുരക്ഷ ഉറപ്പാക്കിയതായി പത്തനംതിട്ട ജില്ലാ കളക്ടർ ഡോ ദിവ്യ എസ് അയ്യർ വ്യക്തമാക്കി. പഞ്ഞിപ്പാറ, ഇലവുങ്കൽ, അയ്യന്മല, നെല്ലിമല, അട്ടത്തോട് പടിഞ്ഞാറേക്കര, അട്ടത്തോട് കിഴക്കേക്കര എന്നിവിടങ്ങളിലെ കാഴ്ചയിടങ്ങൾ ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും സന്ദർശിച്ചു. ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻപ് തന്നെ എല്ലായിടങ്ങളിലും സൂക്ഷ്മ പരിശോധന നടത്തി വേണ്ട നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

ബാരിക്കേഡുകൾ, ശൗചാലയങ്ങൾ, കുടിവെള്ളം ഉൾപ്പെടെ ഭക്തർക്ക് വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ശുചീകരണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ദർശനം കഴിഞ്ഞ് തിരികെ ഇറങ്ങുമ്പോൾ തിരക്ക് കൂട്ടാതെ സാവകാശം ഇറങ്ങി വരുവാനും ഉദ്യോഗസ്ഥൻ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുവാനും ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

തിരക്ക് കൂടുതലായതിനാൽ തീർത്ഥാടകർക്ക് വാഹന പാർക്കിങ്ങിന് അധിക സൗകര്യം ഒരുക്കിയിട്ടുണ്ട്. പതിനഞ്ചോളം പാർക്കിങ് ഗ്രൗണ്ടുകൾ പത്തനംതിട്ട ജില്ലയിൽ മാത്രമായി ഒരുക്കിയിട്ടുണ്ട്. നിലയ്ക്കലിലുള്ള വാഹനങ്ങളുടെ പാർക്കിങ് സൗകര്യത്തിന് പുറമേ ഇടത്താവളങ്ങളിലും മകരവിളക്കിനായി പ്രത്യേകം കണ്ടെത്തിയിട്ടുള്ള പാർക്കിങ് ഗ്രൗണ്ടുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും അവിടെനിന്ന് മറ്റു വാഹനങ്ങൾ ലഭിക്കുന്നതിനുള്ള സൗകര്യവും ചെയ്തിട്ടുണ്ട്.

അതോടൊപ്പം തന്നെ കെഎസ്ആർടിസിയുടെ അധിക ബസ് സർവീസുകളും ഏർപ്പെടുത്തി. തദ്ദേശസ്വയംഭരണവകുപ്പും ആരോഗ്യ വകുപ്പും വൈദ്യുതി വകുപ്പും ആവശ്യമായ ക്രമീകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP