Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കൊട്ടിക്കയറി ഇലഞ്ഞിത്തറ മേളം; നിറക്കാഴ്‌ച്ചകളുടെ സംഗമമൊരുക്കി കുടമാറ്റവും; ശക്തന്റെ മണ്ണിൽ ആവേശപ്പൂരത്തിൽ അലിഞ്ഞ് ജനമഹാസാഗരം; കണ്ണും മനസ്സും നിറച്ച് മഴയിലും ചോരാത്ത ആവേശമായി തൃശ്ശുർ പൂരം

കൊട്ടിക്കയറി ഇലഞ്ഞിത്തറ മേളം; നിറക്കാഴ്‌ച്ചകളുടെ സംഗമമൊരുക്കി കുടമാറ്റവും; ശക്തന്റെ മണ്ണിൽ ആവേശപ്പൂരത്തിൽ അലിഞ്ഞ് ജനമഹാസാഗരം; കണ്ണും മനസ്സും നിറച്ച് മഴയിലും ചോരാത്ത ആവേശമായി തൃശ്ശുർ പൂരം

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓർക്കസ്ട്ര എന്നറിയപ്പെടുന്ന കേരളത്തിന്റെ സ്വന്തം ഇലഞ്ഞത്തറമേളം കൊട്ടിക്കയറിയപ്പോൾ തൃശ്ശൂർ പുരം അതിന്റെ പാരമ്യതയിൽ. ശ്രീമുലസ്ഥാനത്തിന് സമീപത്തെ ഇലഞ്ഞിത്തറയിൽ പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തിൽ കലാകാരന്മാർ കൊട്ടിക്കയറിയപ്പോൾ ഇലഞ്ഞി ഇലകൾക്കൊപ്പം തടിച്ചുകൂടിയ ജനസ്ഞ്ചയവും താളം പിടിച്ചു.രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം അതിന്റെ പൂർണ്ണതയിൽ നടക്കുന് പൂരത്തെ അക്ഷരാർത്ഥത്തിൽ പൂരപ്രേമികൾ നെഞ്ചേറ്റുകയായിരുന്നു. മണിക്കൂറുകൾ നീണ്ട അസുരവാദ്യത്തിന്റെ വിഭിന്ന താളങ്ങൾക്ക് പിന്നാലെയാണ് ലോകപ്രസിദ്ധമായ കുടമാറ്റത്തിന് അരങ്ങൊരുങ്ങിയത്.

നയനമനോഹരമായ വർണ്ണങ്ങളുടെ സംഗമവേദിയാവുകയായിരുന്നു തെക്കേഗോപുര നട.വിവിധങ്ങളായ വർണ്ണങ്ങളിൽ തിരുവമ്പാടിയും പാറമേക്കാവും വാശിയോടെ കുടകൾ മാറ്റിയപ്പോൾ മേളപ്പെരുക്കത്തിനൊപ്പം ആർപ്പുവിളികളോടെയാണ് ജനങ്ങൾ വരവേറ്റത്. ചരിത്രപ്രസിദ്ധമായ കുടമാറ്റത്തിന് പിന്നിലും രസകരമായ കഥയുണ്ട്. അതിങ്ങനെ..ശക്തൻ തമ്പുരാൻ മഹാരാജാവ് രണ്ട് നൂറ്റാണ്ടു മുൻപ് തുടക്കംകുറിച്ച തൃശൂർ പൂരത്തിൽ കുടമാറ്റത്തിന്റെ വർണവരവിന് ഏകദേശം നൂറുവർഷത്തെ പഴക്കമേയുള്ളൂവെന്ന് പഴയതലമുറക്കാർ പറയുന്നു.പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാർ തെക്കോട്ടിറക്കത്തിനുശേഷം അഭിമുഖമായി നിന്നു.

ഇരു ദേവസ്വത്തിന്റെയും ആനപ്പുറത്ത് പതിവുപോലെ കുടകളുണ്ട്. പെട്ടെന്നാണ് ഒരുവിഭാഗം മറ്റേ വിഭാഗത്തെ അമ്പരപ്പിച്ചത്. ആനപ്പുറത്തെ കുടയിറക്കി മറ്റൊരു സെറ്റ് കുട ആനപ്പുറമേറി. അപ്രതീക്ഷിതമായ ഈ നീക്കത്തിൽ മറുവിഭാഗം അന്തംവിട്ടു. എന്തുചെയ്യും..? പൂരം കാണാൻ വന്നവരുടെ കുടകൾ വാങ്ങി ആനപ്പുറത്തേറ്റി അവർ മറുപടി കൊടുത്തു. ഇതിൽ ഓലക്കുടയും ശീലക്കുടയുമെല്ലാം ഉണ്ടായിരുന്നു. ഒരു നൂറ്റാണ്ടു മുൻപ് നടന്ന ഈ സംഭവമാണ് പ്രസിദ്ധമായ കുടമാറ്റത്തിലേക്ക് വഴിതെളിച്ചത്.പിറ്റേവർഷം മുതൽ ഇരുവിഭാഗവും കരുതിത്തന്നെയാണ് പൂരത്തിനെത്തിയത്. തുടർന്ന് വർഷംചെല്ലുംതോറും ഈ വർണക്കുട നിവർത്തൽ പൂരത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകമാകുകയും തൃശൂർ പൂരത്തിന്റെ പ്രതീകമായി മാറുകയും ചെയ്തു.

ഏകദേശം അൻപത് സെറ്റ് കുടകളാണ് ഇരുവരും ഇത്തവണ ഉപയോഗിക്കുന്നത്. ഇതിലെ വൈവിധ്യമാണ് ജനലക്ഷങ്ങളുടെ ആർപ്പുവിളിയായി പൂരം ദിനത്തിൽ നഗരത്തിൽ മുഴങ്ങുക.രാവിലെ ഏഴുമണിയോടെ കണിമംഗലം ശാസ്താവ് പൂരപ്പറമ്പിലെഴുന്നള്ളി. ഇതോടെ ഘടകപൂരങ്ങളുടെ വരവായി. 11നു പഴയനടക്കാവിൽ മഠത്തിൽ വരവ് പഞ്ചവാദ്യത്തിനു തുടക്കമായി. കോങ്ങാട് മധുവായിരുന്നു പ്രമാണി. 12.30നു പാറമേക്കാവ് അമ്പലത്തിനു മുന്നിൽ ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിച്ച ചടങ്ങിനൊപ്പം പെരുവനം കുട്ടന്മാരാരുടെ ചെമ്പടമേളം അരങ്ങേറി.

രണ്ടുമണിയോടെ വടക്കുന്നാഥക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയിലെ ഇലഞ്ഞിത്തറയിൽ ലോകപ്രശസ്തമായ ഇലഞ്ഞിത്തറമേളം നടന്നു. 2.45നു ശ്രീമൂലസ്ഥാനത്തു കിഴക്കൂട്ട് അനിയന്മാരാരുടെ പ്രമാണത്തിൽ തിരുവമ്പാടിയുടെ പാണ്ടിമേളത്തിനു തുടക്കമായി. മേളങ്ങൾ കലാശിച്ചു തെക്കേഗോപുരനടയിൽ വിശ്വപ്രസിദ്ധമായ കുടമാറ്റം ആരംഭിച്ചു.രാത്രി 11നു പരയ്ക്കാട് തങ്കപ്പൻ മാരാരുടെ പ്രാമാണ്യത്തിൽ പാറമേക്കാവ് വിഭാഗത്തിന്റെ പഞ്ചവാദ്യ വിരുന്ന്. തുടർന്നു പുലർച്ചെ മൂന്നിനു പൂരവെടിക്കെട്ട്. ബുധനാഴ്ച രാവിലെ ഒൻപതിനു ശ്രീമൂലസ്ഥാനത്ത് പൂരം വിടചൊല്ലിപ്പിരിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP