Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

ഹിന്ദു ഐക്യം നിലനിർത്താൻ ആചാരപരമായ ഒരു നടപടി എന്ന നിലയിൽ രാമായണ മാസാചരണം മുമ്പോട്ട് വച്ചത് 1982ൽ ആർഎസ്എസ് താത്വികാചാര്യൻ; രാഷ്ട്രീയം പോലും മറന്ന് രാമായണത്തിന്റെ പ്രസക്തി കേരളം ഏറ്റെടുത്തിട്ട് മൂന്ന് പതിറ്റാണ്ട്; ഈ കൊറോണക്കാലത്ത് പഞ്ഞ കർക്കിടമെത്തുമ്പോൾ നിറയുന്നത് പരമേശ്വരന്റെ ഓർമ്മകൾ

ഹിന്ദു ഐക്യം നിലനിർത്താൻ ആചാരപരമായ ഒരു നടപടി എന്ന നിലയിൽ രാമായണ മാസാചരണം മുമ്പോട്ട് വച്ചത് 1982ൽ ആർഎസ്എസ് താത്വികാചാര്യൻ; രാഷ്ട്രീയം പോലും മറന്ന് രാമായണത്തിന്റെ പ്രസക്തി കേരളം ഏറ്റെടുത്തിട്ട് മൂന്ന് പതിറ്റാണ്ട്; ഈ കൊറോണക്കാലത്ത് പഞ്ഞ കർക്കിടമെത്തുമ്പോൾ നിറയുന്നത് പരമേശ്വരന്റെ ഓർമ്മകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കർക്കിടക മാസം രാമായണമാസമായി ആചരിച്ചുതുടങ്ങിയതിന്റെ കഥ ബിജെപി നേതാവ് ഒ രാജഗോപാൽ തന്റെ ആത്മകഥ(ജീവിതാമൃതം)യിൽ വിവരിക്കുന്നുണ്ട്. 1982ൽ എറണാകുളത്തുചേർന്ന വിശാല ഹിന്ദു സമ്മേളനത്തിൽ ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ പി പരമേശ്വരനാണ് ഇങ്ങനെയൊരു നിർദ്ദേശം മുന്നോട്ടുവച്ചത്.

ചെറിയ ചെറിയ കാര്യങ്ങളുടെ പേരിൽ തമ്മിലടിച്ചുകൊണ്ടിരുന്ന ഹിന്ദുജനതയിലെ വ്യത്യസ്ത ജാതിക്കാർ തമ്മിലുള്ള ഐക്യം നിലനിർത്താൻ ആചാരപരമായ ഒരു നടപടി എന്ന നിലയിലാണ് രാമായണ മാസാചരണം നിർദ്ദേശിക്കപ്പെട്ടത്. സമ്മേളനം അതംഗീകരിച്ചു. അങ്ങനെ അന്ന് എളിയ തോതിലാരംഭിച്ച രാമായണ മാസാചരണമാണ് ഇന്നൊരു ജനകീയോത്സവമായി വളർന്നിരിക്കുന്നത്. കൊറോണക്കാലത്ത് രാമയാണ മാസം വീണ്ടും എത്തുന്നു. ഇന്ന് രാമായണ മാസത്തിന് ആഹ്വാനം ചെയ്ത പി പരമേശ്വരൻ ഓർമ്മയും. പി പരമേശ്വരനില്ലാത്ത കർക്കിടക മാസാചരണമാണ് ഇത്തവണത്തേത്.

1982ൽ കൊച്ചിയിൽ ഒരു വിശാല ഹിന്ദു സമ്മേളനം സംഘടിപ്പിക്കുന്നതിൽ പി പരമേശ്വരൻ പ്രധാന പങ്കുവഹിച്ചു. മലയാള മാസമായ കർക്കിടകത്തിൽ ഉടനീളം രാമായണം പാരായണം ചെയ്യുകയെന്ന ആശയം മുന്നോട്ടുവെച്ചത് അദ്ദേഹമായിരുന്നു. ഹൈന്ദവ സമുദായ സംഘടനകളെല്ലാം ഇത് ഏറ്റെടുത്തതോടെ എഴുത്തച്ഛൻ എഴുതിയ രാമായണം സംസ്ഥാനത്ത് ഏറ്റവുമധികം വിൽപനയുള്ള പുസ്തകമായി മാറി. ശബിരമല മണ്ഡലകാലം പോലെ രാമായണമാസാചരണവും കേരളത്തിലെ പ്രധാന ആത്മീയ സീസണുകളിലൊന്നായി. ആർഎസ്എസ് താത്വികാരാചര്യനായ പരമേശ്വരൻ വിടവാങ്ങിയത് മാസങ്ങൾക്ക് മുമ്പാണ്. അതുകൊണ്ട് തന്നെ കൊറോണക്കാലത്തും ആവുന്ന തരത്തിൽ രാമായണ മാസം മുമ്പോട്ട് കൊണ്ടു പോകാൻ പരിവാർ സംഘടനകൾ സജീവമാണ്.

ഹൈന്ദവ ഐക്യത്തിന്റെ ഗംഗാപ്രവാഹം പോലെ എറണാകുളത്ത് നടന്ന വിശാലഹിന്ദുസമ്മേളനത്തിൽ. സ്വാമി ചിന്മയാനന്ദനും, സ്വാമി വിശ്വേശതീർത്ഥയും ഡോ.കരൺസിംഗും, ആർ. എസ്. എസ്. സർകാര്യവാഹ് രജുഭയ്യ യും പങ്കെടുത്തിരുന്നു. ഈ സമ്മേളനത്തിലാണ് രമായണ മാസത്തിന്റെ ആശയം അവതരിക്കപ്പെട്ടത്. വിശാലഹിന്ദു സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധിസമ്മേളന വേദിയിൽ നടന്ന മംഗളപൂജയിൽ ശ്രീനാരായണപരമ്പരയിലെ തന്ത്രി മുഖ്യനായ പറവൂർ ശ്രീധരൻ തന്ത്രിയായിരുന്നു കാർമികത്വം വഹിച്ചത്. പാരമ്പര്യ തന്ത്രി മുഖ്യരിൽ പ്രമുഖനായ സൂര്യ കാലടി സൂര്യഭട്ടതിരിപ്പാട് താൻ പരികർമ്മിയായിരിക്കുമെന്ന് പ്രഖ്യാപിച്ചു മുന്നോട്ടുവന്നു. തന്ത്രിമുഖ്യനായ പെരുവനം കെ.പി.സി.അനുജൻ ഭട്ടതിരിപ്പാട്ടും ഷർട്ട് ഊരിവെച്ച് താനും പരികർമ്മിയായിരിക്കുമെന്ന് പ്രഖ്യാപിച്ചു. അവിടെ രാമായണ മാസവും തുടങ്ങി.

അധികാര സ്ഥാനങ്ങളിൽ നിന്ന് അകന്നു നിന്ന നേതാവാണ് പി പരമേശ്വരൻ. പ്രധാനമന്ത്രിയായി ചുമലയേറ്റപ്പോൾ എബി വാജ്‌പേയിയും പരമേശ്വരനെ ഒപ്പം കൂട്ടാൻ ആഗ്രഹിച്ചു. രാജ്യസഭാ അംഗത്വവും കേന്ദ്രമന്ത്രി പദവും മുന്നോട്ട് വച്ചു. എന്നാൽ തനിക്ക് അധികാരത്തിന്റെ താക്കോൽ സ്ഥാനങ്ങൾ വേണ്ടെന്നായിരുന്നു വാജ്‌പേയിയോട് പരമേശ്വരൻ പറഞ്ഞത്. ഒ രാജഗോപാലാണ് അതിന് യോഗ്യനെന്ന് ചൂണ്ടിക്കാട്ടിയതും പരമേശ്വരനാണ്. കേരളത്തിലെ സംഘപരിവാർ പ്രസ്ഥാനം ആശയ പ്രശ്‌നങ്ങളിലെത്തുമ്പോൾ അവസാന വാക്കുമായി പരമേശ്വർജി എത്തും. പത്മനാഭ സ്വാമിക്ഷേത്രത്തിൽ ആർഎസ്എസ് നിലപാട് മയപ്പെടുത്തിയതും ഈ ഇടപെടലായിരുന്നു. ക്ഷേത്ര നിലവറകളെ തുറക്കാൻ അനുവദിക്കില്ലെന്നും സുപ്രീംകോടതി ഇടപെടൽ വേണ്ടെന്നുമായിരുന്നു ആർഎസ്എസിൽ ആദ്യം ഉയർന്ന വാദം.

എന്നാൽ ദേവപ്രശ്‌നം ഉയർത്തി സാമൂഹിക മുന്നേറ്റങ്ങളെ തടയരുതെന്നായിരുന്നു പരമേശ്വരന്റെ നിലപാട്. ദേവപ്രശ്‌നം നടത്തിയിരുന്നുവെങ്കിൽ ചിത്തര തിരുന്നാളിന്റെ ക്ഷേത്രപ്രവേശനം വിളംബരം പോലും നടക്കില്ലായിരുന്നുവെന്നായിരുന്നു അദ്ദേഹം വാദിച്ചത്. സുപ്രീംകോടതിയെ അംഗീകരിക്കണമെന്നും നിലവറ പരിശോധന വിശ്വാസത്തിന് എതിരല്ലെന്നും തുറന്നു പറഞ്ഞു. ക്ഷേത്ര നിലവറിയിലെ സ്വത്ത് സമൂഹത്തിന്റെ ഉന്നമനത്തിന് വിനിയോഗിക്കണമെന്നും തുറന്നു പറഞ്ഞ വ്യക്തിത്വമാണ് പരമേശ്വരന്റേത്. നിലയ്ക്കൽ സമരത്തിലെ പ്രധാന മാർഗ്ഗ നിർദ്ദേശിയും പരമേശ്വരനായിരുന്നു. ക്രൈസ്തവ സഭകളെ സംഘപരിവാരുമായി അടുപ്പിക്കാനും പരിശ്രമിച്ചു. മറാട് കലാപത്തെ തുടർന്ന് കുമ്മനം രാജശേഖരനെ അവിടേക്ക് നിയോഗിച്ചതും സമാധാന ഉടമ്പടി ഉണ്ടായതിന് പിന്നിലുമെല്ലാം പരമേശ്വരന്റെ ഇടപെടലുകളുണ്ടായിരുന്നു.

സംഘ പരിവാർ പ്രസ്ഥാനങ്ങളുടെ കേരളത്തിലെ ബൗദ്ധിക മുഖമാണയിരുന്നു പി പരമേശ്വരനെന്ന പരമേശ്വർജി. കഴിഞ്ഞ ആറുപതിറ്റാണ്ടുകളായി കേരളത്തിലെ സാംസ്‌കാരിക മണ്ഡലത്തിലെ സജീവ സാന്നിധ്യം. ഭാരതീയ ദർശനങ്ങളിൽ പഠനങ്ങൾ നടത്തിയതോടൊപ്പം കമ്മ്യൂണിസം പോലുള്ള വൈദേശിക പ്രത്യയ ശാസ്ത്രങ്ങളെ കുറിച്ചും ഗഹനമായ പാണ്ഡിത്യം. ഉജ്ജ്വല വാഗ്മി, എഴുത്തുകാരൻ, കവി ഇങ്ങനെ നീളുന്നു വിശേഷണങ്ങൾ. ഹൈന്ദവ ദർശനങ്ങളിൽ ചെറുപ്പം മുതലേ അവഗാഹമുണ്ടായിരുന്ന അദ്ദേഹം ആർ.എസ്സ്.എസ്സിന്റെ പ്രവർത്തനത്തിലൂടെ സാമൂഹിക ജീവിതം ആരംഭിച്ചു. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്. ഭാരതീയ ചിന്താധാരയുടെ ക്രിയാത്മകമായ വളർച്ചയ്ക്ക് സ്ഥാപിച്ച ഭാരതീയ വിചാര കേന്ദ്രം സ്ഥാപകൻ ,മേധാവി, കന്യാകുമാരിവിവേകാനന്ദ കേന്ദ്രം അധ്യക്ഷൻ എന്നീ ചുമതലകൾ അദ്ദേഹം നിർവ്വഹിച്ചു വരികെയാണ് മരണമെത്തുന്നത്.

1927ൽ ആലപ്പുഴ ജില്ലയിലെചേർത്തലയിൽ മുഹമ്മ, താമരശ്ശേരിൽ ഇല്ലത്ത് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ചങ്ങനാശ്ശേരി എസ്.ബി കോളേജിൽ നിന്നും പ്രീഡിഗ്രിയും , തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നും ചരിത്രത്തിൽ ബിരുദവും സ്വന്തമാക്കി. ബാല്യകാലത്തിൽ തന്നെ ആത്മീയതയിൽ വലിയ അഭിവാഞ്ജ അദ്ദേഹത്തിനുണ്ടായിരുന്നു. ചെറുപ്പകാലത്തു തന്നെ സംഘവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുകയും 1950ൽ അതിന്റെ മുഴുവൻ സമയ പ്രവർത്തകനാകുകയും (പ്രചാരക്) ചെയ്തു. 1957ൽ ഭാരതീയ ജനസംഘത്തിന്റെ സംഘടനാ സെക്രട്ടറിയായി ചുമതല വഹിച്ചിട്ടുണ്ട്. തുടർന്ന് ജനസംഘത്തിന്റെ ആൾ ഇന്ത്യാ ജനറൽ സെക്രട്ടറിയായും വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. കന്യാകുമാരി വിവേകാനന്ദ സ്മാരക നിർമ്മാണത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘതോടൊപ്പം ചേർന്ന് സജീവമായി പ്രവർത്തിച്ചു. 1970ൽ ആണ് പ്രസ്തുത സ്മാരകം ഉദ്ഘാടനം ചെയ്യപെട്ടത്. അടിയന്തരാവസ്ഥക്കാലത്ത് പ്രക്ഷോഭം നടത്തി ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.

ഗ്രന്ഥകാരനെന്ന നിലയ്ക്ക് അദ്വിതീയമാണ് പരമേശ്വർജിയുടെ സ്ഥാനം. ആശയസമരത്തിന്റെ ശക്തമായ ആയുധങ്ങളും മാറ്റത്തിന് വഴിമരുന്നിടുന്നവയുമാണ് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ. ഹിന്ദുധർമവും ഇന്ത്യൻ കമ്മ്യൂണിസവും, സ്വാമി വിവേകാനന്ദനും കാറൽ മാർക്സും, മാർക്സിൽനിന്ന് മഹർഷിയിലേക്ക് എന്നീ ഗ്രന്ഥത്രയങ്ങൾ മാർക്സിസത്തിന്റെ ജയാപജയങ്ങൾ പരിശോധിച്ച് ബദൽ നിർദ്ദേശിക്കുന്നു. ഭ്രാന്താലയത്തിൽനിന്ന് തീർത്ഥാലയത്തിലേക്ക്, ശ്രീനാരായണ ഗുരുദേവൻ നവോത്ഥാനത്തിന്റെ പ്രവാചകൻ എന്നിവ കേരളത്തിന്റെ സാമൂഹ്യപരിഷ്‌കരണങ്ങൾക്കു നേർക്കുപിടിച്ച കണ്ണാടിയാണ്. ഹാർട്ട്ബീറ്റ്സ് ഓഫ് ഹിന്ദു നേഷൻ, ഭാരതം ഗതിയും നിയതിയും എന്നിവ ഭാവിഭാരതത്തിന്റെ രൂപരേഖ വരച്ചുകാട്ടുന്നു. സ്വാമി വിവേകാനന്ദനെ സോഷ്യലിസ്റ്റാക്കാൻ ചിലർ ശ്രമിച്ചപ്പോഴാണ് വിവേകാനന്ദനും മാർക്സും എന്ന മാസ്റ്റർപീസ് (ഇംഗ്ലീഷിലും മലയാളത്തിലും) പിറവിയെടുത്തത്.

ആദർശങ്ങളിലും വിശ്വാസങ്ങളിലും അണുവിടപോലും വിട്ടുവീഴ്ച ചെയ്യാതെ ഇടതുപക്ഷാധിപത്യമുള്ള കേരളത്തിന്റെ ബൗദ്ധികമണ്ഡലത്തിൽ തന്റേതായ ഒരിടം കണ്ടെത്തിയ പരമേശ്വരൻ പ്രവർത്തിച്ച പ്രസ്ഥാനങ്ങളിൽ മാത്രമല്ല പൊതുസമൂഹത്തിന്റെ കൂടി ആദരവും അംഗീകാരവും അദ്ദേഹം സ്വന്തമാക്കി. അംഗീകാരങ്ങൾ നിരവധിയാണ് പരമേശ്വർജിയെ തേടിയെത്തിയിട്ടുള്ളത്. ഹനുമാൻ പൊദ്ദാർ പുരസ്‌കാരം, അമൃതകീർത്തി പുരസ്‌കാരം, ഹിന്ദു ഓഫ് ദ ഇയർ പുരസ്‌കാരം, വിദ്യാധിരാജ ദർശന പുരസ്‌കാരം, ജന്മാഷ്ടമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് അവാർഡ്, ആർഷസംസ്‌കാര പരമശ്രേഷ്ഠ പുരസ്‌കാരം എന്നിവ ഇവയിൽപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP