Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202424Saturday

മാർ അപ്രേം, മാർ ഇവാനിയോസ്, മാർ സെറാഫിം; മാർത്തോമ്മാ സഭയിൽ മൂന്ന് എപ്പിസ്‌കോപ്പമാർ കൂടി അഭിഷിക്തരായി

മാർ അപ്രേം, മാർ ഇവാനിയോസ്, മാർ സെറാഫിം; മാർത്തോമ്മാ സഭയിൽ മൂന്ന് എപ്പിസ്‌കോപ്പമാർ കൂടി അഭിഷിക്തരായി

സ്വന്തം ലേഖകൻ

തിരുവല്ല: മാർത്തോമ്മാ സഭയിൽ മൂന്നു എപ്പിസ്‌കോപ്പമാർ കൂടി അഭിഷിക്തരായി. ശനിയാഴ്ച സഭാ ആസ്ഥാനത്തെ പ്രത്യേക പന്തലിൽ സഭാ അധ്യക്ഷൻ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. റമ്പാന്മാരായ സാജു സി.പാപ്പച്ചൻ, ജോസഫ് ഡാനിയേൽ, മാത്യു കെ.ചാണ്ടി എന്നിവരെയാണ് എപ്പിസ്‌കോപ്പാമാരാക്കിയത്. ഇതോടെ മാർത്തോമ്മാ സഭയിൽ മേൽപ്പട്ടസ്ഥാനത്ത് 12 പേരായി.

മേൽപ്പട്ട സ്ഥാനത്ത് എത്തിയതോടെ ഇവരുടെ പുതിയ പേരുകൾ മാർത്തോമ്മാ മെത്രാപ്പൊലീത്ത പ്രഖ്യാപിച്ചു. സജു സി.പാപ്പച്ചൻ സഖറിയാസ് മാർ അപ്രേം എന്ന പേരിൽ ഇനി അറിയപ്പെടും. ജോസഫ് ഡാനിയേൽ ജോസഫ് മാർ ഈവാനിയോസ് എന്നും മാത്യു കെ.ചാണ്ടി മാത്യൂസ് മാർ സെറാഫിം എന്നപേരിലും അറിയപ്പെടും. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ പ്രധാന കാർമികത്വത്തിലായിരുന്നു ശുശ്രൂഷകൾ.

എസ്സി സെമിനാരി ഗ്രൗണ്ടിലൊരുക്കിയ പ്രത്യേക മദ്ബഹായിലായിരുന്നു സ്ഥാനാഭിഷേകം. രാവിലെ 7.30-ന് റമ്പാന്മാരെ പ്രത്യേക മദ്ബഹയിലേക്ക് ആനയിച്ചു. തുടർന്നാണ് സ്ഥാനാഭിഷേക ശുശ്രൂഷകൾ തുടങ്ങിയത്. രാവിലെ 7ന് സെന്റ് തോമസ് പള്ളിയിലെ പ്രാർത്ഥന കഴിഞ്ഞു ഘോഷയാത്രയായാണ് മാർത്തോമ്മാ മെത്രാപ്പൊലീത്തയും സഫ്രഗൻ മെത്രാപ്പൊലീത്താമാരും എപ്പിസ്‌കോപ്പമാരും നിയുക്ത ബിഷപ്പുമാരും എത്തിയത്. കുർബാന മധ്യേയായിരുന്നു സ്ഥാനാഭിഷേക ശുശ്രൂഷ. ആരോഹണ ഗീതത്തിന്റെ പശ്ചാത്തലത്തിൽ അൾത്താരയിലേക്കു പ്രവേശിച്ചതോടെ ചടങ്ങുകൾ തുടങ്ങി.

'മലങ്കര ശ്ലീഹായ്ക്കടുത്ത സിംഹാസനത്തിന്റെ അധികാരത്തിലുള്ള വിശുദ്ധ സഭയുടെ എപ്പിസ്‌കോപ്പ സ്ഥാനത്തേക്കു പരിശുദ്ധ റൂഹാ റമ്പാന്മാരെ വിളിക്കുന്നു' എന്ന് റമ്പാന്മാരുടെ കൈപിടിച്ചു മാർത്തോമ്മാ മെത്രാപ്പൊലീത്ത നിയോഗ പ്രസ്താവന നടത്തിയപ്പോൾ 'അതു ഞാൻ സമ്മതിച്ചുകൊള്ളുന്നു' എന്നവർ പ്രതിവചിച്ചു. തുടർന്ന്, സത്യവിശ്വാസം കാത്തുസൂക്ഷിക്കുന്നതിനുള്ള സമ്മതപത്രമായ 'ശൽമൂസ' വായിച്ചശേഷം റമ്പാന്മാർ മുട്ടുകുത്തി ശിരോവസ്ത്രം മാറ്റി. മെത്രാപ്പൊലീത്ത ഓരോ റമ്പാന്റെയും തലയിൽ കൈവച്ചു പുതിയ പേര് അറിയിച്ച് എപ്പിസ്‌കോപ്പ പട്ടം നൽകുന്നതായി പ്രഖ്യാപിച്ചു.

തുടർന്ന് സ്ഥാനവസ്ത്രങ്ങൾ അണിയിച്ച് സിംഹാസനത്തിലിരുത്തി. വൈദികർ സിംഹാസനം ഉയർത്തിപ്പിടിച്ചപ്പോൾ മെത്രാപ്പൊലീത്ത 'എപ്പിസ്‌കോപ്പ യോഗ്യനും ഉത്തമനും ആകുന്നു' എന്നു പ്രസ്താവിച്ചു. എല്ലാവരുംകൂടി മൂന്നു തവണ അതേ അർഥമുള്ള 'ഓക്സിയോസ്' ചൊല്ലി. തുടർന്ന് പുതിയ ബിഷപ്പുമാർക്ക് അംശവടി നൽകി. മദ്ബഹയിലെത്തി ആശീർവാദം നൽകിയ അവർ മറ്റു ബിഷപ്പുമാരുടെ സ്നേഹചുംബനങ്ങൾ ഏറ്റുവാങ്ങി.

ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത, ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത എന്നിവർ സഹകാർമികത്വം വഹിച്ചു. 12 വർഷത്തിനു ശേഷമാണ് മാർത്തോമ്മാ സഭയിൽ ബിഷപ് സ്ഥാനാരോഹണം നടക്കുന്നത്. അനുമോദന സമ്മേളനത്തിൽ തിയഡോഷ്യസ് മെത്രാപ്പൊലീത്താ അധ്യക്ഷത വഹിച്ചു. ബസേലിയോസ് മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവാ അനുഗ്രഹപ്രഭാഷണവും കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവാ മുഖ്യപ്രഭാഷണവും നടത്തി.

ഓൾഡ് കാത്തലിക് കൗൺസിൽ പ്രതിനിധി ആർച്ച് ബിഷപ്പ് ജോറിസ് വെർകാമെൻ, യാക്കോബായ സഭ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രീഗോറിയോസ്, പാണക്കാട് സയ്ദ് സാദിഖ് അലി ശിഹാബ് തങ്ങൾ, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി, മാത്യു ടി.തോമസ് എംഎ‍ൽഎ., ശോശാമ്മ ഐപ്പ്, സഭാ സെക്രട്ടറി റവ. എബി ടി.മാമ്മൻ തുടങ്ങിയവർ പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP