Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫ്രഞ്ചും റഷ്യനും ഇറ്റാലിയനും അടക്കം ഒമ്പത് ഭാഷകൾ അനായാസം സംസാരിക്കും; പാവങ്ങളുടെ വേദന തിരിച്ചറിയുന്ന ഹൃദയ ഭാഷ പണ്ടേ സ്വായത്തം; ഇന്ന് ചുമതലയേൽക്കുന്ന ഓർത്തഡോക്‌സ് സഭയുടെ പുതിയ കാതോലിക്കാ ബാവയെ അറിയാം

ഫ്രഞ്ചും റഷ്യനും ഇറ്റാലിയനും അടക്കം ഒമ്പത് ഭാഷകൾ അനായാസം സംസാരിക്കും; പാവങ്ങളുടെ വേദന തിരിച്ചറിയുന്ന ഹൃദയ ഭാഷ പണ്ടേ സ്വായത്തം; ഇന്ന് ചുമതലയേൽക്കുന്ന ഓർത്തഡോക്‌സ് സഭയുടെ പുതിയ കാതോലിക്കാ ബാവയെ അറിയാം

സ്വന്തം ലേഖകൻ

ർത്തഡോക്‌സ് സഭയുടെ പുതിയ കാതോലിക്കാ ബാവയായി ഡോ. മാത്യൂസ് മാർ സേവേറിയോസ് ഇന്ന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയാണ്. പരുമല സെമിനാരി അങ്കണത്തിലെ പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയൻ നഗറിൽ 14ന് ഒരുമണിക്ക് ചേരുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗത്തിലാണ് തിരഞ്ഞെടുപ്പ്. സഭയുടെ ഏറ്റവും വലിയ ജനാധിപത്യസമിതി വിഡിയോ കോൺഫറൻസിലൂടെ സമ്മേളിച്ചാണ് തിരഞ്ഞെടുപ്പ്. വിദേശ രാജ്യങ്ങളിലേതടക്കം 30 ഭദ്രാസനങ്ങളിലെ 1590 ഇടവകകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട വൈദികരും അൽമായരും സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളും മെത്രാപ്പൊലീത്തമാരും ഉൾപ്പെടെ 4007 ആളുകളാണ് കാതോലിക്കാ ബാവയെ തിരഞ്ഞെടുക്കുന്ന യോഗത്തിൽ പങ്കെടുക്കുന്നത്്.

മയാളം, ഇംഗ്ലിഷ്, ഹിന്ദി, സുറിയാനി, ലത്തീൻ, ജർമൻ, ഫ്രഞ്ച്, റഷ്യൻ, ഇറ്റാലിയൻ എന്നീ 9 ഭാഷകൾ എഴുതാനും വായിക്കാനും സംസാരിക്കാനുമറിയാം ഡോ. മാത്യൂസ് മാർ സേവേറിയോസിന്. പാവങ്ങളുടെ വേദന തിരിച്ചറിയുന്ന ഡോ. മാത്യൂസ് മാർ സേവേറിയോസ് എല്ലാവരുടേയും പ്രിയങ്കരനാണ്. വർഷം രണ്ടേകാൽ കോടി രൂപ ചെലവഴിക്കുന്ന വിവിധ സാമൂഹികക്ഷേമ പദ്ധതികൾക്കു നേതൃത്വം കൊടുത്തു മുന്നേറുന്ന സേവനമാണു ഹൃദയത്തിന്റെ അൾത്താരയിലെ മുഖ്യ ശുശ്രൂഷ. അതുകൊണ്ട് തന്നെ കാതോലിക്ക ബാവ സ്ഥാനത്തേക്ക് എന്തു കൊണ്ടും യോജിച്ച രൂപം.

സാമൂഹികസേവന രംഗത്ത് ഏറ്റവുമധികം സംഭാവനകൾ ചെയ്യുന്ന സഭയായി മലങ്കര ഓർത്തഡോക്‌സ് സഭയെ മാറ്റണം എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം. പാവങ്ങളെ സഹായിക്കണമെന്ന് പറയുന്ന അദ്ദേഹം പാവപ്പെട്ട അന്യമതസ്ഥരെയും സഹായിക്കണമെന്ന് പറയുന്നു. വീട്, വിദ്യാഭ്യാസം, വിവാഹം, ചികിത്സ, ഭക്ഷണം എന്നിവയ്ക്കു പ്രയാസം നേരിടുന്ന ഏതു മതസ്ഥരെയും സഹായിക്കാൻ നമ്മുടെ പള്ളികൾ രംഗത്തിറങ്ങണം. ആർഭാടമായി പെരുന്നാളുകൾ നടത്തുമ്പോൾ ഒരു വിഹിതം സേവനത്തിനും ചെലവാക്കാൻ മനസ് കാണിക്കണമെന്നും പറയുന്നു. അത് നമ്മുടെ നാട് നന്നാകാൻ ഉപകരിക്കുമെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം.

മെത്രാപ്പൊലീത്തയായി 30-ാം വർഷത്തിലേക്ക് കടക്കുന്ന അദ്ദേഹം മാനസിക വെല്ലുവിളികൾ നേരിടുന്നവർ, തെരുവിൽ അലയുന്നവർ, കിടപ്പുരോഗികൾ, ഒരു നേരത്തെ ആഹാരത്തിനു വകയില്ലാത്തവർ, ചികിത്സയ്ക്കു പണമില്ലാത്തവർ തുടങ്ങി വിവിധ കഷ്ടതകൾ നേരിടുന്നവർക്കായി 16 പദ്ധതികൾ നടത്തുന്നു. കുട്ടിക്കാലത്ത് നേരിൽ കണ്ട ജീവിതാനുഭവങ്ങളാണ് അദ്ദേഹത്തെ സേവനത്തിന്റെ പാതയിലേക്ക് നയിച്ചത്.

16 സ്ഥാപനങ്ങൾ ഒരു മുടക്കവും കൂടാതെ നടത്തുന്ന അദ്ദേഹം പുലർച്ചെ 3.30ന് എഴുന്നേൽക്കും. ഇതോടെ അദ്ദേഹത്തിന്റെ ഒരു ദിവസത്തിന്റെ ആരംഭമായി. മുറിക്കുള്ളിലോ വരാന്തയിലോ മുക്കാൽ മണിക്കൂർ നടത്തം പതിവാണ്. യോഗയും ചെയ്യും. പിന്നീടു പ്രാർത്ഥന, കുർബാന. മലയാളം, ഇംഗ്ലിഷ് പത്രങ്ങൾ രാവിലെ തന്നെ വായിക്കും. രാത്രി 10ന് ഉറക്കം. മാനസിക വെല്ലുവിളികൾ നേരിടുന്നവരെ പരിപാലിക്കുന്ന സൗത്ത് പിറമാടത്തെ പ്രത്യാശാഭവനിലാണു 2006 മുതൽ താമസം. ഉദാരമതികളായ സഭാമക്കൾ നൽകുന്ന പണമാണ് സ്ഥാപനങ്ങളുടെ നടത്തിപ്പിന് ചെലവാക്കുന്നത്. എല്ലാ പൈസയും ഭദ്രാസനത്തിന്റെ അക്കൗണ്ടിലേക്കാണു വരുന്നത്. അദ്ദേഹത്തിന്റെപേരിൽ ബാങ്ക് അക്കൗണ്ടോ സേവിങ്‌സ് ബാങ്ക് നിക്ഷേപമോ സ്ഥിര നിക്ഷേപമോ ഒന്നുമില്ലെന്നും അദ്ദേഹം പറയുന്നു.

രഷ്യയിലും റോമിലും പഠിച്ചതോടെയാണ് അദ്ദേഹം വിദേശ ഭാഷകളെ സ്‌നേഹിച്ചു തുടങ്ങിയത്. റഷ്യയിൽ 2 വർഷവും റോമിൽ 5 വർഷവും പഠനം നടത്തിയിരുന്നു. ക്രിസ്തുശാസ്ത്രത്തിൽ എന്റെ പിഎച്ച്ഡി പൂർത്തിയാക്കിയതു റോമിലെ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിലാണ്. 1984 മുതൽ ഞാൻ കോട്ടയം പഴയ സെമിനാരി അദ്ധ്യാപകനാണ്. അദ്ധ്യാപനം ഏറെ ഇഷ്ടപ്പെടുന്നതിനാല് പുതിയ ചുമതലയിലേക്കെത്തിയാലും ഇടയ്‌ക്കെങ്കിലും അദ്ധ്യാപനം തുടരണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം.
സഭകൾ തമ്മിലുള്ള ഐക്യത്തിന് പുതിയ കാലഘട്ടത്തിൽ എത്രത്തോളം പ്രസക്തിയുണ്ട്?

1949 ഫെബ്രുവരി 12ന് മറ്റത്തിൽ ചെറിയാൻ അന്ത്രയോസ്, പാമ്പാടി വാലേൽ വടക്കേകടുപ്പിൽ മറിയാമ്മ ദമ്പതികളുടെ മകനായാണ് ജനനം. സെന്റ് പീറ്റേഴ്‌സ് എൽപി സ്‌കൂൾ, സെന്റ് പോൾസ് ഹൈസ്‌കൂൾ, വാഴൂർ എസ് വി ആർവി എൻഎസ്എസ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലെ സ്‌കൂൾ പഠനത്തിന് ശേഷം വാഴൂർ എസ്വി ആർ എൻഎസ്എസ് കോളജിൽ നിന്നും പ്രീഡിഗ്രിയും കോട്ടയം സിഎംഎസ് കോളജിൽ നിന്നും ഡിഗ്രിയും പാസായി. തിയോളജി ഓർത്തഡോക്‌സ് വൈദിക സെമിനാരിയിൽ പഠിച്ച് സെറാംപൂർ യൂണിവേഴ്‌സിറ്റിയിൽനിന്ന് ദൈവശാസ്ത്രത്തിൽ ബിരുദം നേടി

ബിരുദാനന്തര പഠനം പിജി ഡിപ്ലോമ ഇൻ സെഞ്ചുറി ബൈസന്റൈൻ ഓർത്തഡോക്‌സ് തിയോളജി. തിയോളജിക്കൽ അക്കാദമി, ലെനിൻഗ്രാഡ്. ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് റോം. പിഎച്ച്ഡി മാബൂഗിലെ മാർ പീലക്‌സിനോസ് പിതാവിന്റെ ക്രിസ്തുശാസ്ത്രം ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട്, റോം. 1978 ജൂൺ 30ന് വൈദിക പട്ടം സ്വീകരിച്ചു. 1990 മാർച്ച് 31ന് റമ്പാനായി.1991 ഏപ്രിൽ 30ന് എപ്പിസ്‌കോപ്പാ സ്ഥാനാഭിഷേകം നടന്നു. 1993 സെപ്റ്റംബർ 22ന് മെത്രാപ്പൊലീത്തയായി സ്ഥാനമേറ്റു.

കണ്ടനാട് ഭദ്രാസന മെത്രാപ്പൊലീത്ത 1993 സെപ്റ്റംബർ 26ന്, കണ്ടനാട് വെസ്റ്റ് ഭദ്രാസന മെത്രാപ്പൊലീത്ത - 2002. കോട്ടയം സെൻട്രൽ, കണ്ടനാട്, ഇടുക്കി (രണ്ടു തവണ), മലബാർ ഭദ്രാസനങ്ങളുടെ സഹായ മെത്രാപ്പൊലീത്തായായിരുന്നു. എപ്പിസ്‌കോപ്പൽ സുന്നഹദോസ് സെക്രട്ടറി സ്ഥാനം 2 തവണ വഹിച്ചിട്ടുണ്ട്.

സ്ഥാനാരോഹണം; എതിരായ ഹർജി 20ലേക്ക് മാറ്റി

കൊച്ചി: പരിശുദ്ധ കാതോലിക്കാ ബാവായുടെ സ്ഥാനാരോഹണച്ചടങ്ങിൽ പരിശുദ്ധ അന്ത്യോക്യ പാത്രിയർക്കീസ് ബാവായെ സഭാചട്ടപ്രകാരം ക്ഷണിച്ചില്ലെന്നും ഇതു സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണെന്നും പറഞ്ഞു നൽകിയ ഹർജി ഹൈക്കോടതി 20നു പരിഗണിക്കാൻ മാറ്റി. പിറവം സെന്റ് മേരീസ് പള്ളി ഇടവകാംഗങ്ങളായ കെ.എ. ജോൺ, ബിജു കെ. വർഗീസ് എന്നിവരാണു ഹർജി നൽകിയത്.

പാത്രിയർക്കീസ് ബാവായെ സഭാചട്ട പ്രകാരം ക്ഷണിക്കാതെ നാളെ പരുമലയിൽ നടത്തുന്ന സ്ഥാനാരോഹണച്ചടങ്ങ് 1934 ലെ സഭാ ഭരണഘടനയ്ക്കു വിരുദ്ധമാണെന്നും ഹർജിയിലുണ്ട്. എന്നാൽ കോടതി നോട്ടിസിന് ഉത്തരവിട്ടിരുന്നെങ്കിലും മൂന്നും നാലും എതിർകക്ഷികളായ മലങ്കര സിറിയൻ ക്രിസ്ത്യൻ അസോസിയേഷൻ പ്രസിഡന്റ് കുര്യാക്കോസ് മാർ ക്ലീമീസ്, സിനഡ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്‌കോറസ് എന്നിവർക്കു നോട്ടിസ് നൽകാൻ കഴിഞ്ഞിട്ടില്ലെന്നും നോട്ടിസ് നടപടികൾ പൂർത്തിയാക്കിയശേഷം പരിഗണിക്കാമെന്നും ചൂണ്ടിക്കാട്ടിയാണു ജസ്റ്റിസ് മുരളി പുരുഷോത്തമൻ ഹർജി 20ലേക്കു മാറ്റിയത്.

സംസ്ഥാന ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരാണു മറ്റ് എതിർകക്ഷികൾ. 20നു മുൻപു ചടങ്ങു നടക്കുമെന്നതിനാൽ സ്ഥാനാരോഹണം ഹർജിയിലെ വിധിക്കു വിധേയമായിരിക്കുമെന്ന് ഉത്തരവിടണമെന്നു ഹർജിക്കാർ ആവശ്യപ്പെട്ടെങ്കിലും എതിർ കക്ഷികളുടെ വാദം കേൾക്കാതെ നിർദ്ദേശം നൽകാനാവില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP