Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202228Tuesday

ആളും ആരവവും വർണപ്പൊടികളും നിറഞ്ഞില്ല; ആചാരപ്പഴമ കൈവിടാതെ എരുമേലി പേട്ടതുള്ളൽ: ഇത്തവണ പേട്ട തുള്ളിയത് അമ്പലപ്പുഴ ആലങ്ങാട് സംഘങ്ങൾ മാത്രം: തിരുവാഭരണ ഘോഷയാത്ര ഇന്ന് പുറപ്പെടും

ആളും ആരവവും വർണപ്പൊടികളും നിറഞ്ഞില്ല; ആചാരപ്പഴമ കൈവിടാതെ എരുമേലി പേട്ടതുള്ളൽ: ഇത്തവണ പേട്ട തുള്ളിയത് അമ്പലപ്പുഴ ആലങ്ങാട് സംഘങ്ങൾ മാത്രം: തിരുവാഭരണ ഘോഷയാത്ര ഇന്ന് പുറപ്പെടും

സ്വന്തം ലേഖകൻ

എരുമേലി: മഹാമാരിയുടെ കാലത്തും ആചാരപ്പഴമ കാത്ത് എരുമേലി പേട്ട തുള്ളൽ. ആഘോഷങ്ങൾ ഒഴിവാക്കി ഇത്തവണ അമ്പലപ്പുഴ ആലങ്ങാട് സംഘങ്ങൾ മാത്രമാണ് പേട്ട തുള്ളലിന് എത്തിയത്. രാവിലെ പതിനൊന്നോടെയാണ് അമ്പലപ്പുഴ സംഘം കൊച്ചമ്പലത്തിൽ പേട്ടയ്ക്കായി എത്തി. അമ്പലപ്പുഴ കര പെരിയോൻ എൻ.ഗോപാലകൃഷ്ണപ്പിള്ളയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പേട്ടതുള്ളിയത്. അൻപതോളം പേരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ 50 പേർക്കായിരുന്നു പേട്ടതുള്ളലിന് അനുമതി.

ആകാശത്തു കൃഷ്ണപ്പരുന്തിനെ കണ്ടതോടെ സംഘം കൊച്ചമ്പലത്തിൽ നിന്നു പേട്ടതുള്ളലിനായി പുറപ്പെട്ടു. തിടമ്പേറ്റിയ ആന അകമ്പടിയേകി. അയ്യപ്പന്റെയും വാവരുടെയും സൗഹൃദത്തിന്റെ ഓർമ പുതുക്കി അമ്പലപ്പുഴ സംഘം നൈനാർ പള്ളിയിൽ എത്തിയപ്പോൾ ജമാ അത്ത് പ്രസിഡന്റ് പി.എച്ച്.ഷാജഹാന്റെ നേതൃത്വത്തിൽ പുഷ്പവൃഷ്ടിയോടെ സ്വീകരിച്ചു. നൈനാർ പള്ളിക്കു വലം വച്ച് സംഘം വലിയമ്പലത്തിലേക്കു നീങ്ങി. ജമാ അത്ത് ഭാരവാഹികളും ഇവർക്കൊപ്പമെത്തി.

ഉച്ചകഴിഞ്ഞു മൂന്നോടെയാണ് ആലങ്ങാട് സംഘം പേട്ടതുള്ളലിന് എത്തിയത്. ആലങ്ങാട് സംഘം സമൂഹ പെരിയോൻ എ.കെ. വിജയകുമാറിന്റെ നേതൃത്വത്തിലാണ് സംഘം കൊച്ചമ്പലത്തിൽ നിന്നു പേട്ട തുള്ളലിനായി നീങ്ങിയത്. ആകാശത്തു നക്ഷത്രം കണ്ട ശേഷമാണ് ആലങ്ങാട് സംഘം പേട്ടതുള്ളൽ ആരംഭിച്ചത്. അൻപതിൽത്താഴെ പേരാണ് ആലങ്ങാട്ട് സംഘത്തിലുണ്ടായിരുന്നത്. വാവർ സ്വാമി അമ്പലപ്പുഴ സംഘത്തിനൊപ്പം പോയി എന്ന വിശ്വാസം ഉള്ളതിനാൽ ആലങ്ങാട് സംഘം നൈനാർ പള്ളിയിൽ പ്രവേശിക്കാറില്ല.

വലിയമ്പലത്തിൽ അമ്പലപ്പുഴ, ആലങ്ങാട് സംഘത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭാരവാഹികൾ സ്വീകരിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ ഇരുസംഘങ്ങളും പരമ്പരാഗത പാതയിലൂടെ കാൽനടയായി പോകുന്നതിനു പകരം വാഹനത്തിലാണു പമ്പയിലേക്കു യാത്ര ചെയ്തത്.

തിരുവാഭരണ ഘോഷയാത്ര ഇന്ന്
പന്തളം: അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്ര ഇന്ന് പുറപ്പെടും. ഇന്ന് ഉച്ചയ്ക്ക് ഒന്നിനു വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് 120 പേർ അടങ്ങുന്ന സംഘമാണ് ഘോഷയാത്രയ്ക്ക് ഒപ്പം പോകുന്നത്.

തിരുവാഭരണങ്ങൾ സുരക്ഷിത മുറിയിൽനിന്നു പുറത്തെടുത്തു പ്രധാന പേടകം ശ്രീകോവിലിലെത്തിക്കും. പിന്നീട് ആചാരപരമായ ചടങ്ങുകൾ നടക്കും. ഉച്ചപ്പൂജയ്ക്ക് ശേഷം തിരുവാഭരണ പേടകം അടച്ചു മേൽശാന്തി നീരാജനമുഴിയും. കൊട്ടാരം കുടുംബാംഗങ്ങൾ കിഴക്കേ നടയിലെത്തിച്ചു ഗുരുസ്വാമിയുടെ ശിരസ്സിലേറ്റും. ശരണം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ തിരുവാഭരണ ഘോഷയാത്ര പുറപ്പെടും.

ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻപിള്ള തിരുവാഭരണങ്ങളടങ്ങുന്ന പ്രധാന പേടകവും മരുതമന ശിവൻപിള്ള പൂജാപാത്രങ്ങളടങ്ങുന്ന പെട്ടിയും കിഴക്കേതോട്ടത്തിൽ പ്രതാപചന്ദ്രൻനായർ കൊടിപ്പെട്ടിയും ശിരസ്സിലേറ്റും. 14നു വൈകിട്ട് 6നു ഘോഷയാത്ര സന്നിധാനത്തെത്തും. ശ്രീകോവിലിൽ തിരുവാഭരണങ്ങൾ ചാർത്തി ദീപാരാധനയ്ക്കായി നട തുറക്കുമ്പോഴാണു പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP