Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബധിരനും മൂകനുമായ ജോസഫ് വൈദികനാകും; ആദ്യപടിയായ പ്രഥമ വ്രതവാഗ്ദാനം പൂർത്തിയാക്കിയ ജോസഫിന് വൈദിക പട്ടം ലഭിക്കാൻ നാലു വർഷം കൂടി കാത്തിരിക്കണം

ബധിരനും മൂകനുമായ ജോസഫ് വൈദികനാകും; ആദ്യപടിയായ പ്രഥമ വ്രതവാഗ്ദാനം പൂർത്തിയാക്കിയ ജോസഫിന് വൈദിക പട്ടം ലഭിക്കാൻ നാലു വർഷം കൂടി കാത്തിരിക്കണം

സ്വന്തം ലേഖകൻ

കൊച്ചി: ബധിരനും മൂകനുമായ ജോസഫ് വൈദികനാകാൻ ഒരുങ്ങുന്നു. രാജ്യത്താദ്യമായാണ് കേൾക്കാനും സംസാരിക്കാനും കഴിയാത്ത യുവാവ് വൈദികനാകാനൊരുങ്ങുന്നത്. തൃശ്ശൂർ പേരാമംഗലം സ്വദേശിയായ ബ്രദർ ജോസഫ് തേർമഠമാണ് ഹോളിക്രോസ് (സി.എസ്.എസ്.) എന്ന സന്ന്യാസസഭയിൽ ചേർന്ന് വൈദികനാകുന്നത്. ആദ്യപടിയായ പ്രഥമ വ്രതവാഗ്ദാനം കഴിഞ്ഞദിവസം തമിഴ്‌നാട്ടിലെ യേർക്കാട് നടന്നു. നാലുവർഷത്തിനുശേഷമുള്ള അന്തിമ വ്രതവാഗ്ദാനത്തിനുശേഷമാണ് വൈദികപട്ടം ലഭിക്കുക.

പൗരോഹിത്യം പഠനകാലത്തുതന്നെ ആഗ്രഹിച്ചിരുന്നെങ്കിലും പ്രായോഗികമാകുമോയെന്ന് സംശയിച്ചു. കാഴ്ചയില്ലാത്ത ഒരാൾ വൈദികനായ വാർത്തകേട്ടത് പ്രചോദനമായി. ഇതോടെയാണ് വൈദികനാകണമെന്നുള്ള ജോസഫിന്റെ മോഹം ആളി കത്തിയത്. തുടർന്ന് പൗരോഹിത്യം സ്വീകരിക്കുന്നതിന്റെ ഭാഗമായുള്ള പഠനത്തിന് ജോസഫ് അമേരിക്കയ്ക്ക് പോയി. അവിടെ ഡൊമിനിക്കൻ മിഷനറീസ് ഫോർ ദി ഡെഫ് അപ്പൊസ്തലേറ്റിന്റെ കീഴിൽ ദൈവശാസ്ത്രവും ഫിലോസഫിയും പഠിച്ചാണ് തിരിച്ചെത്തിയത്. ആംഗ്യഭാഷയിലൂടെ നന്നായി ആശയവിനിമയം നടത്താൻ കഴിയും.

ഹോളിക്രോസ് സന്ന്യാസസഭയ്ക്ക് ബധിര-മൂകർക്കായി പ്രത്യേകം മിനിസ്ട്രിയുണ്ട്. ഇതിന് നേതൃത്വം നൽകുന്ന ഫാ. ബിജു മൂലക്കരയെ ജോസഫ് തേർമഠം സമീപിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ അർപ്പണബോധം ബോധ്യമായതോടെ മിനിസ്ട്രിയിലേക്ക് താത്കാലികമായി ചേർത്തു. 2017-ലാണ് കോട്ടയം അയ്മനത്തുള്ള ഹോളിക്രോസ് ആസ്ഥാനത്ത് ചേർന്നത്. ഒരുവർഷം അവിടെയും ഒരുവർഷം പുണെയിലും പഠിച്ചു. തുടർന്ന് സന്ന്യാസഭയുടെ യേർക്കാട്ടുള്ള ആശ്രമത്തിൽ ഒരുവർഷത്തെ നൊവീഷ്യേറ്റ് (ഗുരുകുല സമ്പ്രദായത്തിന് സമാനമായ പഠനം) പൂർത്തിയാക്കി പ്രഥമ വ്രതവാഗ്ദാനം സ്വീകരിച്ച് ളോഹയിട്ടു.

വൈദികനാകുന്നതോടെ സന്ന്യാസസഭയുടെ ബധിര-മൂകർക്കായുള്ള മിനിസ്ട്രിയിൽ പ്രവർത്തിച്ചുതുടങ്ങുമെന്ന് ഫാ. ബിജു മൂലക്കര പറഞ്ഞു. പള്ളികളിൽ ബധിര-മൂകർക്കായുള്ള കുർബാനകൾ അർപ്പിക്കാം. ലോക്ഡൗണിന് ശേഷം യേർക്കാട്ടുനിന്ന് ബ്രദർ തേർമഠം കോട്ടയത്തേക്ക് മടങ്ങും. സഹോദരനും ബാങ്കുദ്യോഗസ്ഥനായ സ്റ്റാലിൻ തേർമഠവും ബധിര-മൂകനാണ്. ഇരുവരും മുംബൈയിലാണ് പഠിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP