Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

അഞ്ച് വയസുള്ളപ്പോൾ മുതൽ ആഗ്രഹിച്ചത് ദൈവത്തോട് ചേർന്ന് നിൽക്കാൻ; തെറ്റ് ചെയ്യുന്ന കൂട്ടുകാരെ ഉപദേശിച്ചപ്പോൾ കളിയാക്കി വിളിച്ചത് പുണ്യാളത്തി എന്ന്; ക്രിസ്തുവിന്റെ സഹനത്തിൽ പങ്ക് പറ്റാൻ ഉറങ്ങിയത് ചരൽ നിറച്ച തലയിണയിൽ; പായയ്ക്കടിയിൽ നിരത്തിയത് കല്ല്; ഭക്ഷണത്തിൽ കയ്പ് നീര് കലർത്തിയതും ശരീരത്തിൽ മുൾമുടിയും മുൾച്ചട്ടയും ധരിച്ചതും ക്രിസ്തു അനുഭവിച്ച വേദന അറിയാൻ; ത്രേസ്യയുടെ ശരീരത്തിലും കുരിശുമരണ സമയത്തുണ്ടായ പഞ്ചക്ഷതങ്ങൾ; വിശുദ്ധയായത് സഹനത്തിന്റെ പര്യായമായ മറിയം ത്രേസ്യ

അഞ്ച് വയസുള്ളപ്പോൾ മുതൽ ആഗ്രഹിച്ചത് ദൈവത്തോട് ചേർന്ന് നിൽക്കാൻ; തെറ്റ് ചെയ്യുന്ന കൂട്ടുകാരെ ഉപദേശിച്ചപ്പോൾ കളിയാക്കി വിളിച്ചത് പുണ്യാളത്തി എന്ന്; ക്രിസ്തുവിന്റെ സഹനത്തിൽ പങ്ക് പറ്റാൻ ഉറങ്ങിയത് ചരൽ നിറച്ച തലയിണയിൽ; പായയ്ക്കടിയിൽ നിരത്തിയത് കല്ല്; ഭക്ഷണത്തിൽ കയ്പ് നീര് കലർത്തിയതും ശരീരത്തിൽ മുൾമുടിയും മുൾച്ചട്ടയും ധരിച്ചതും ക്രിസ്തു അനുഭവിച്ച വേദന അറിയാൻ; ത്രേസ്യയുടെ ശരീരത്തിലും കുരിശുമരണ സമയത്തുണ്ടായ പഞ്ചക്ഷതങ്ങൾ; വിശുദ്ധയായത് സഹനത്തിന്റെ പര്യായമായ മറിയം ത്രേസ്യ

മറുനാടൻ മലയാളി ബ്യൂറോ

വത്തിക്കാൻ: ജീവിതം തന്നെ സന്ദേശമാക്കി വിശ്വാസി സമൂഹത്തിന് മാതൃക കാട്ടിയ വ്യക്തിത്വമാണ് മദർത്രേസ്യ. സ്ത്രീകൾ വീടിന് പുറത്തിറങ്ങാതിരുന്ന കാലഘട്ടത്തിൽ സാധാരണക്കാരുടെ യാതനകളും കഷ്ടപ്പാടുകളും തിരിച്ചറിഞ്ഞ് അവർക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുകയാണ് മദർ ത്രേസ്യ ചെയ്തത്. എല്ലാവരുടേയും വിഷമങ്ങൾ കേൾക്കുകയും സ്‌നേഹത്തോടെ ജനങ്ങളുടെ ഒപ്പം ഇരുന്ന് അവരിലൊരാളായി മാറുകയും ചെയ്തു അവർ. രോഗികളെ ശുശ്രൂഷിക്കുന്നതിലും പാപികളെ മാനസാന്തരപ്പെടുത്തുന്നതിലും സാധാരണക്കാർക്ക് അറിവ് പകരുന്നതിലും പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്ന ത്രേ്യസ്യയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെറിയ പ്രായത്തിലേ തുടങ്ങിയതാണ്.

എല്ലാവരും കളിച്ച് നടക്കുന്ന പ്രായത്തിൽ അഞ്ചുവയസ്സുള്ള ആ പെൺകുട്ടി ആഗ്രഹിച്ചത് ദൈവത്തിനോട് ചേർന്ന് നിൽക്കാനായിരുന്നു. തെറ്റ് ചെയ്യുന്നവരെ ഉപദേശിച്ചും ചീത്ത വാക്കുകൾ പറയുന്നവരെ ഗുണദോഷിച്ചും അവൾ സമപ്രായക്കാർക്കിടയിലെ പുണ്യാളത്തിയായി മാറി. കളിയാക്കി കൂടെ പഠിച്ചിരുന്നവർ വിളിച്ചെങ്കിലും കാലം അതിനെ യാഥാർത്ഥ്യമാക്കി മാറ്റി. ഇന്ന് മുതൽ ലോകം മറിയം ത്രേസ്യയെ പുണ്യാളത്തി എന്നാണ് വിളിക്കുക.

Stories you may Like

തൃശ്ശൂർ മാളയ്ക്കടുത്ത് പുത്തൻചിറ ഗ്രാമത്തിലെ ചിറമ്മൽ മങ്കിടിയാൻ വീട്ടിൽ കുഞ്ഞിത്തൊമ്മന്റെയും താണ്ടമ്മയുടെയും മൂന്നാമത്തെ കുട്ടിയായിരുന്നു ത്രേസ്യ. 1876 ഏപ്രിൽ 26നായിരുന്നു ജനനം. കുഞ്ഞുനാളിൽത്തന്നെ അമ്മ, ത്രേസ്യയെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചു. ബൈബിളിലെ കഥകളും വിശുദ്ധരുടെ ജീവചരിത്രങ്ങളുമെല്ലാം അവൾ കേട്ടിരുന്നു. ക്രിസ്തുവിന്റെ പീഡാനുഭവത്തെക്കുറിച്ചുള്ള വിവരണങ്ങൾ കേൾക്കുമ്പോൾ അവൾ വിങ്ങിപ്പൊട്ടി. ദിവസവും പള്ളിയിൽപ്പോയിരുന്ന അവൾ രാത്രി ദീർഘനേരം മുട്ടിൽനിന്ന് പ്രാർത്ഥിച്ചു. ഒമ്പതുവയസ്സുള്ളപ്പോൾതന്നെ അവൾ നിത്യകന്യകയായി ജീവിക്കാനാണ് ഇഷ്ടമെന്ന് അമ്മയോട് പറഞ്ഞു.

പ്രായത്തിനിണങ്ങാത്ത ആത്മീയചര്യകളായിരുന്നു കുഞ്ഞുത്രേസ്യ സ്വീകരിച്ചത്. ആഴ്ചയിൽ നാലുദിവസം ഉപവസിക്കും. ക്രിസ്തു സഹിച്ച വേദനകളിൽ പങ്കുപറ്റാൻ ചരൽനിറച്ച തലയിണയാണ് ഉപയോഗിച്ചിരുന്നത്, കിടക്കുമ്പോൾ പായയ്ക്കടിയിൽ കല്ലുകൾ നിരത്തിയതും വേദന അനുഭവിക്കാൻ. രുചിയുള്ള ഭക്ഷണത്തിൽ കയ്പുനീര് കലർത്തിയാണ് കഴിച്ചിരുന്നത്. ശരീരത്തിൽ എപ്പോഴും മുൾമുടിയും മുൾച്ചട്ടയും ധരിക്കുമായിരുന്നു.

ഇവ ശരീരത്തിൽ തുളച്ചുകയറി രക്തം പൊടിയുമ്പോഴും അവൾ ചിരിച്ചു. ക്രിസ്തുവിന്റെ ശരീരത്തിൽ കുരിശുമരണ സമയത്തുണ്ടായ പഞ്ചക്ഷതങ്ങൾ പിൽക്കാലത്ത് ത്രേസ്യയുടെ ശരീരത്തിലും പ്രത്യക്ഷപ്പെട്ടു. അവർ ധരിച്ചിരുന്ന ചട്ട പലപ്പോഴും രക്തത്തിൽ കുതിരും. കുഴിക്കാട്ടുശ്ശേരിയിലെ മ്യൂസിയത്തിൽ രക്തം കട്ടപിടിച്ച ചട്ട ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട്.

കുടുംബത്തിലുള്ളവർ തന്നെ ത്രേസ്യയ്ക്ക് ഭ്രാന്താണെന്ന് പറഞ്ഞു. കൂട്ടുകാർ പരിഹസിച്ചു. അപ്പോഴും കൂടെ നിന്നത് അമ്മ മാത്രം. പക്ഷേ ത്രേസ്യയ്ക്ക് 12 വയസ്സുള്ളപ്പോൾ അമ്മ മരിച്ചു. അതവൾക്ക് താങ്ങാനാവാത്ത ആഘാതമായി. തുടർന്ന് നിരന്തരമായി അവൾ തന്റെ സങ്കടങ്ങൾ കന്യകാ മറിയത്തോട് എണ്ണിപ്പറഞ്ഞു. 1902 മാർച്ചിൽ പുത്തൻചിറ പള്ളിയിൽനടന്ന ധ്യാനം അവളുടെ ജീവിതത്തിലെ വഴിത്തിരിവായി. അവിടെ കുമ്പസാരം കേൾക്കാൻവന്ന മാള പള്ളിവികാരിയായിരുന്ന ഫാ. ജോസഫ് വിതയത്തിലിനോട് അവൾ തന്റെ ആത്മീയാനുഭവങ്ങൾ തുറന്നുപറഞ്ഞു. അച്ചൻ അവളെ മനസ്സിലാക്കുകയും അന്നുമതൽ അച്ചൻ ത്രേസ്യയുടെ ആത്മീയ പിതാവായിമാറുകയും ചെയ്തു. ത്രേസ്യ ജീവിച്ചിരുന്നപ്പോൾത്തന്നെ ഒരു വിശുദ്ധയാണെന്ന് തിരിച്ചറിഞ്ഞ ആ വൈദികനാണ് പിന്നീടുള്ള അവളുടെ ജീവിതത്തെ ക്രമപ്പെടുത്തിയത്. സഹനവഴിയിൽ ത്രേസ്യയെ കൈപിടിച്ചുനടത്തിയ ആ വൈദികനും വിശുദ്ധപദവിയിലേക്കുള്ള പ്രയാണത്തിലാണ്.

രോഗികളായ നിരവധി പേരെ ശുശ്രൂഷിക്കാൻ ഇറങ്ങിയ ത്രേസ്യയ്ക്കും ഒടുവിൽ രോഗത്തിന്റെ വിഹിതവും വേദനകളും കിട്ടി. പക്ഷേ അവൾ സന്തോഷവതിയായിരുന്നു. സന്ന്യാസജീവിതം കൊതിച്ച ത്രേസ്യയെ വീട്ടുകാർ അന്നത്തെ തൃശ്ശൂർ മെത്രാൻ ജോൺ മേനാച്ചേരിയുടെ അനുമതിയോടെ ഒല്ലൂരിലെ കർമ്മലീത്താ മഠത്തിലാക്കി. എന്നാൽ താൻ ആഗ്രഹിക്കുന്ന ജീവിതത്തിനുള്ള ഇടം ഇതല്ലെന്ന് അവർ തിരിച്ചറിഞ്ഞു.പ്രാർത്ഥനാജീവിതം നയിക്കാൻ ഒരു ഭവനം അത്യാവശ്യമാണെന്ന് ആത്മീയപിതാവായ വിതയത്തിലച്ചൻ തിരിച്ചറിഞ്ഞു. അദ്ദേഹം മുൻകൈയെടുത്ത് നാട്ടിൽ ഒരു ചെറുഭവനം അവൾക്കായി പണിതു. ത്രേസ്യയും മൂന്നുകൂട്ടുകാരികളും ഈ വീട്ടിൽ താമസിച്ച് പ്രാർത്ഥനാജീവിതവും സമൂഹസേവനവും തുടർന്നു. ഉപദേശങ്ങൾക്കും പ്രാർത്ഥനയ്ക്കുമായി ദൂരദേശങ്ങളിൽനിന്നുപോലും ആളുകൾ ത്രേസ്യയെ തേടിവന്നു. മരണാസന്നരെ ശുശ്രൂഷിച്ചുകൊണ്ട് പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് തുടക്കമിടാനും അവർക്കായി.

1914 മെയ്‌ 13ന് മേനാച്ചേരി പിതാവ് പുത്തൻചിറയിലെ ഭവനത്തിലെത്തി ത്രേസ്യയുടെ ഭവനം ഒരു ആശ്രമമാക്കിമാറ്റാനുള്ള ആഗ്രഹം അദ്ദേഹം വിതയത്തിലച്ചനെ അറിയിച്ചു. ത്രേസ്യയ്ക്ക് മറിയം ത്രേസ്യ എന്ന് നാമകരണം ചെയ്ത് സഭാവസ്ത്രം നൽകുകയും സഭയിലെ ശ്രേഷ്ഠത്തിയായി നിശ്ചയിക്കുകയും ചെയ്തു. ഒരു ചടങ്ങിലെ തിരക്കിനിടയിൽ മുട്ടുകുത്തി പ്രാർത്ഥിച്ചുകൊണ്ടുനിന്ന മറിയം ത്രേസ്യയുടെ കാലിലേക്ക് ക്രാസിക്കാലുകളിലൊന്ന് ഒടിഞ്ഞുവീണു. മുറിവും ചതവും കാര്യമാക്കാതെ അവർ തന്റെ തിരക്കേറിയ ജോലികളിൽ വ്യാപൃതയായി. വൈകാതെ ഇത് പഴുക്കുകയും ഇൻഫെക്ഷൻ ശരീരത്തെ ബാധിക്കുകയും ചെയ്തു. ജൂൺ ആറിന് ചാലക്കുടിയിലെ ആശുപത്രിയിൽ ശസ്ത്രക്രിയ ചെയ്തെങ്കിലും ഗുണമുണ്ടായില്ല. ജൂൺ ഏഴിന് വിതയത്തിലച്ചനിൽനിന്നും അന്ത്യകൂദാശ കൈക്കൊണ്ട അവർ എട്ടാം തീയതി രാത്രി പത്തുമണിയോടെ യാത്രയായി. ഭാവിയിൽ വിശുദ്ധയാകുമെന്ന് മനസ്സിലാക്കിയവർ കൊന്തയും വെന്തീഞ്ഞയുമൊക്കെ ആ പുണ്യശരീരത്തിൽ തൊടുവിച്ച് തിരുശേഷിപ്പായി സൂക്ഷിക്കാൻ തിരക്കുകൂട്ടി. പുത്തൻചിറയിലെ പലവീടുകളിലും മറിയം ത്രേസ്യയുടെ പുണ്യസ്മരണയ്ക്കൊപ്പം ഈ തിരുശേഷിപ്പുകളും ഇന്നും സൂക്ഷിക്കപ്പെടുന്നു.

1964 ജൂൺ എട്ടിന് വിതയത്തിലച്ചൻ മരിക്കുന്നതിന് മുമ്പുതന്നെ മറിയം ത്രേസ്യയുമായി ബന്ധപ്പെട്ട രേഖകൾ അരമനയ്ക്ക് കൈമാറിയിരുന്നു. 1972 ജൂണിലാണ് ഔദ്യോഗികമായി വത്തിക്കാനിലേക്ക് അപേക്ഷനൽകിയത്. 1974 ഡിസംബർ മൂന്നിന് ഇത് സ്വീകരിക്കപ്പെടുകയും മറിയം ത്രേസ്യയെ ദൈവദാസിയായി പ്രഖ്യാപിക്കുകയും ചെയ്തു. 1981 ജനുവരി രണ്ടിന് അവരുടെ കല്ലറ തുറന്ന് പരിശോധിച്ചു. 1983 മെയ്‌ 14നാണ് നാമകരണ നടപടികൾക്കുള്ള ട്രിബ്യൂണൽ സ്ഥാപിതമായത്. ട്രിബ്യൂണൽ നൽകിയ റിപ്പോർട്ട് പരിശോധിച്ച് 1985 നവംബർ എട്ടിന് നാമകരണ നടപടികൾ അംഗീകരിച്ചു. തുടർന്ന് 1999 ജൂൺ 28ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ അവരെ ധന്യയായി ഉയർത്തി. 2000 ഏപ്രിൽ ഒമ്പതിന് ജോൺ പോൾ രണ്ടാമൻ പാപ്പതന്നെ അവരെ വാഴ്‌ത്തപ്പെട്ടവളായി ഉയർത്തുകയും ചെയ്തു. തുടർന്ന് ക്രിസ്റ്റഫർ ജോഷ്വ എന്ന ബാലനുണ്ടായ രോഗശാന്തിയാണ് വിശുദ്ധപദവി പ്രഖ്യാപനത്തിലേക്ക് വഴിതെളിച്ചത്. 2019 ഏപ്രിൽ ഒമ്പതിനാണ് വത്തിക്കാൻ ഇത് അദ്ഭുത രോഗശാന്തിയായി അംഗീകരിച്ചത്. അൽഫോൻസാമ്മയ്ക്കും ചാവറയച്ചനും ഏവുപ്രാസ്യാമ്മയ്ക്കും ശേഷം കേരളത്തിൽ നിന്ന് ഒരു പുണ്യവതി കൂടി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP