Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202030Wednesday

മറിയം ത്രേസ്യ ഇനി വിശുദ്ധ; കേരളക്കര കാത്തിരുന്ന പ്രഖ്യാപനം വത്തിക്കാനിൽ വെച്ചു നടത്തി ഫ്രാൻസിസ് മാർപ്പാപ്പ; കേരളത്തിൽ നിന്നുള്ള നാലാമത്തെ വിശുദ്ധ പിറന്ന ചടങ്ങിന് സാക്ഷിയായി കേന്ദ്രമന്ത്രി വി മുരളീധരന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം; ഭാരത സഭയ്ക്ക് ഇത് ധന്യ നിമിഷം; വിശുദ്ധ ത്രേസ്യയുടെ പ്രഖ്യാപനം ആഘോഷമാക്കി ജന്മനാടായ തൃശൂർ പുത്തൻചിറ ഗ്രാമം

മറിയം ത്രേസ്യ ഇനി വിശുദ്ധ; കേരളക്കര കാത്തിരുന്ന പ്രഖ്യാപനം വത്തിക്കാനിൽ വെച്ചു നടത്തി ഫ്രാൻസിസ് മാർപ്പാപ്പ; കേരളത്തിൽ നിന്നുള്ള നാലാമത്തെ വിശുദ്ധ പിറന്ന ചടങ്ങിന് സാക്ഷിയായി കേന്ദ്രമന്ത്രി വി മുരളീധരന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം; ഭാരത സഭയ്ക്ക് ഇത് ധന്യ നിമിഷം; വിശുദ്ധ ത്രേസ്യയുടെ പ്രഖ്യാപനം ആഘോഷമാക്കി ജന്മനാടായ തൃശൂർ പുത്തൻചിറ ഗ്രാമം

മറുനാടൻ ഡെസ്‌ക്‌

വത്തിക്കാൻ; വാഴ്‌ത്തപ്പെട്ട മദർ മറിയം ത്രേസ്യ ഇന്ന് വിശുദ്ധ. മദർ മറിയംത്രേസ്യയും കർദിനാൾ ജോൺ ഹെന്റി ന്യൂമാനും ഉൾപ്പെടെ നാലുപേരെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിനുള്ള ശുശ്രൂഷുകൾക്ക് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്നു. ഇന്ത്യൻ സമയം ഉച്ച യ്ക്ക് ഒന്നരയ്ക്കായിരുന്നു ചടങ്ങുകൾ.

Stories you may Like

മദർ മറിയം ത്രേസ്യ ജീവിതവഴിയിൽ സ്വയം വരിച്ച ത്യാഗവും സഹനവും വീണ്ടും അംഗീകരിക്കപ്പെടുകയാണ്. ഭാരതസഭ ഒരിക്കൽക്കൂടി ധന്യതയടയുന്ന ശുഭമുഹൂർത്തമായിരുന്നു പ്രഖ്യാപന നിമിഷം. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ നടക്കുന്ന ദിവ്യബലിമധ്യെ ഫ്രാൻസിസ് മാർപ്പാപ്പ വിശുദ്ധ പ്രഖ്യാപനം നടത്തി. സീറോ മലബാർ സഭ മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, മാർ ജേക്കബ് മനത്തോടത്ത്, മാർ പോളി കണ്ണൂക്കാടൻ, എന്നിവരും കേന്ദ്രമന്ത്രി വി.മുരളീധരൻ, ടി.എൻ.പ്രതാപൻ എംപി എന്നിവരും ചടങ്ങിൽ പങ്കെടത്തു.

മദർ മറിയം ത്രേസ്യയ്‌ക്കൊപ്പം ബ്രിട്ടനിൽ നിന്നുള്ള കർദിനാൾ ജോൺ ഹെന്റി ന്യുമാൻ, ഇറ്റാലിയൻ സന്ന്യാസസഭാംഗം ജുസെപ്പീന വന്നീനി , ബ്രസീലിയൻ സന്ന്യാസസഭാംഗം ദുൾചെ ലോപസ് പോന്തെസ് , സ്വിറ്റ്‌സർലൻഡിലെ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ മൂന്നാം സഭാംഗം മാർഗരീത്ത ബെയ് എന്നിവരും വിശുദ്ധിയുടെ പടവുകളേറി. മദർ മറിയം ത്രേസ്യയുടെ ജന്മനാടായ തൃശൂർ പുത്തൻചിറ ഗ്രാമവും വിശുദ്ധനിമിഷത്തെ ആഘോഷത്തോടെ വരവേറ്റു. വാഴ്‌ത്തപ്പെട്ടവർ വിശുദ്ധ പദവിയേറുമ്പോൾ ധരിപ്പിക്കുന്ന കിരീടം മറിയം ത്രേസ്യയുടെ തിരുരൂപത്തിന്റെ ശിരസ്സിൽ അണിയിച്ചു. തുടർന്ന് സ്വരൂപം വഹിച്ചുകൊണ്ട് പ്രദക്ഷിണവും. ഇതെല്ലാം ആഘോഷമാക്കുകയാണ് നാട്ടുകാർ.

മറിയം ത്രേസ്യ കൂടി വിശുദ്ധയായി പ്രഖ്യാപിച്ചതോടെ തൃശൂർ ജില്ലയിൽ നിന്നു രണ്ടുപേർ വിശുദ്ധ പദവിയിൽ എത്തിം. ഒല്ലൂരിലെ എവുപ്രാസ്യമ്മയാണ് ജില്ലയിൽ നിന്നുള്ള ആദ്യ വിശുദ്ധ. കേരളത്തിൽ നിന്നു കത്തോലിക്കാ സഭയിലെ നാലാമത്തെ വിശുദ്ധ കൂടിയാണ് മറിയം ത്രേസ്യ. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ, വിശുദ്ധ അൽഫോൻസാമ്മ, വിശുദ്ധ എവുപ്രാസ്യമ്മ എന്നിവരാണു മറ്റു മൂന്നുപേർ.
വാഴ്‌ത്തപ്പെട്ട മദർ മറിയം ത്രേസ്യ വിശുദ്ധപദവിയിലേക്കുയരുന്നത് പ്രാർത്ഥനകളോടെയാണ് ജന്മനാട് സ്വീകരിച്ചത്. കുഴിക്കാട്ടുശേരി മറിയം ത്രേസ്യ തീർത്ഥാടനകേന്ദ്രവും പ്രാർത്ഥനാമുഖരിതമായിരുന്നു

മാർപ്പാപ്പയുടെ പ്രഖ്യാപനത്തിന് സാക്ഷിയാകൻ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ വത്തിക്കാനിൽ എത്തിയരുന്നു. ചടങ്ങിന് നേരിട്ട് സാക്ഷ്യം വഹിക്കാൻ ഭാരത കത്തോലിക്കാ സഭയിലെ വൈദികരും സന്യസ്ഥരും വിശ്വാസികളും ,ചിറമ്മൽ മങ്കിടിയാൻ കുടുംബാംഗങ്ങളും വത്തിക്കാനിൽ ഉണ്ടായിരുന്നു. മറിയം ത്രേസ്യയുടെ തിരുശ്ശേഷിപ്പുകൾ പ്രത്യേകം തയ്യാറാക്കിയ അരുളിക്കയിലാക്കി അൾത്താരയിൽ പ്രതിഷ്ഠിച്ചു. പിന്നീട് ഫ്രാൻസിസ് മാർപാപ്പയുടെ കാർമ്മികത്വത്തിൽ മറിയം ത്രേസ്യയുൾപ്പെടെ അഞ്ച് വാഴ്‌ത്തപ്പെട്ടവരെ വിശുദ്ധരാക്കി. വിശുദ്ധ പദവി പ്രഖ്യാപനം തൽസമയം കാണാൻ വിപുലമായ സൗകര്യമാണ് തൃശൂരിലെ കുഴിക്കാട്ടുശ്ശേരിയിലും ഒരുക്കിയിരുന്നത്. നൂറ് കണക്കിന് വിശ്വാസികളാണ് ദിവസവും തീർത്ഥകേന്ദ്രത്തിലെ മറിയം ത്രേസ്യയുടെ കബറിടം സന്ദർശിക്കാൻ എത്തുന്നത്.

1876 ഏപ്രിൽ 26 -ന് തൃശൂർ ജില്ലയിലെ പുത്തൻചിറയിൽ ചിറമ്മേൽ മങ്കിടിയാൻ തോമായുടേയും താണ്ടയുടേയും മൂന്നാമത്തെ മകളായിട്ടാണ് ത്രേസ്യയുടെ ജനനം. പുണ്യാളത്തി എന്ന് കുട്ടിക്കാലത്ത് തന്നെ ഇരട്ടപ്പേരായി വിളിക്കപ്പെട്ടവളായിരുന്നു ത്രേസ്യ. കാരണമുണ്ടായിരുന്നു, പ്രായത്തിന്റേത് എന്നു വിളിക്കാവുന്ന കുറുമ്പുകളോ കുരുത്തക്കേടുകളോ പോലും ഇല്ലായിരുന്നു കുഞ്ഞുത്രേസ്യക്ക്. മാത്രവുമല്ല. കൂട്ടുകാരിലാരെങ്കിലും എന്തെങ്കിലുമൊപ്പിച്ചാൽ അവരെ ശാസിക്കുമായിരുന്നു അന്നേ അവൾ. ഇങ്ങനെയൊന്നും കാണിക്കരുതേയെന്ന് സ്‌നേഹപൂർവ്വം പറയും. അതുകൊണ്ടുതന്നെ അവർക്കിടയിലവൾ പുണ്യാളത്തിയായി. ഈ കുട്ടിക്കാലത്തെ പുണ്യാളത്തിയാണ് ഇപ്പോൾ വിശുദ്ധയാകുന്നത്. താൻ ജീവിച്ച കാലത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് ക്രിസ്തുവിന് സാക്ഷ്യംവഹിക്കുക വഴിയാണ് മറിയം ത്രേസ്യയുടെ ജീവിതം അസാധാരണതലത്തിലേക്ക് ഉയരുന്നത്.

തൃശ്ശൂർ മാളയ്ക്കടുത്ത് പുത്തൻചിറ ഗ്രാമത്തിലെ ചിറമ്മൽ മങ്കിടിയാൻ വീട്ടിൽ കുഞ്ഞിത്തൊമ്മന്റെയും താണ്ടമ്മയുടെയും മൂന്നാമത്തെ സന്താനമായിരുന്നു ത്രേസ്യ. 1876 ഏപ്രിൽ 26നായിരുന്നു ജനനം. കുഞ്ഞുനാളിൽത്തന്നെ അമ്മ, ത്രേസ്യയെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചു. ബൈബിളിലെ കഥകളും വിശുദ്ധരുടെ ജീവചരിത്രങ്ങളുമെല്ലാം വിടർന്നകണ്ണുകളോടെ അവൾ കേട്ടിരുന്നു. ക്രിസ്തുവിന്റെ പീഡാനുഭവത്തെക്കുറിച്ചുള്ള വിവരണങ്ങൾ കേൾക്കുമ്പോൾ അവൾ വിങ്ങിപ്പൊട്ടുമായിരുന്നു. ദിവസവും പള്ളിയിൽപ്പോയിരുന്ന അവൾ രാത്രി ദീർഘനേരം മുട്ടിൽനിന്ന് പ്രാർത്ഥിച്ചു. ഒമ്പതുവയസ്സുള്ളപ്പോൾതന്നെ അവൾ നിത്യകന്യകയായി ജീവിക്കാനാണ് ഇഷ്ടമെന്ന് അമ്മയോട് തറപ്പിച്ചുപറഞ്ഞു.

ക്രിസ്തു സഹിച്ച വേദനകളിൽ പങ്കുപറ്റാൻ ചരൽനിറച്ച തലയിണയാണ് ഉപയോഗിച്ചിരുന്നത്, കിടക്കുമ്പോൾ പായയ്ക്കടിയിൽ കല്ലുകൾ നിരത്തി...രുചിയുള്ള ഭക്ഷണത്തിൽ കയ്പുനീര് കലർത്തിയാണ് കഴിച്ചിരുന്നത്. ശരീരത്തിൽ സദാ മുൾമുടിയും മുൾച്ചട്ടയും ധരിക്കുമായിരുന്നു. ഇവ ശരീരത്തിൽ തുളച്ചുകയറി രക്തം പൊടിയുമ്പോഴും അവൾ ചിരിച്ചു. ലൗകികസുഖങ്ങൾക്ക് താൻ അടിമയാകരുതെന്ന വാശിയിലായിരുന്നു അവൾ. ക്രിസ്തുവിന്റെ ശരീരത്തിൽ കുരിശുമരണ സമയത്തുണ്ടായ പഞ്ചക്ഷതങ്ങൾ പിൽക്കാലത്ത് ത്രേസ്യയുടെ ശരീരത്തിലും പ്രത്യക്ഷപ്പെട്ടു. അവർ ധരിച്ചിരുന്ന ചട്ട പലപ്പോഴും രക്തത്തിൽ കുതിരും. കുഴിക്കാട്ടുശ്ശേരിയിലെ മ്യൂസിയത്തിൽ രക്തം കട്ടപിടിച്ച ചട്ട സൂക്ഷിച്ചിട്ടുണ്ട്.

1963ൽ ബിഷപ്പ് ജോർജ് ആലപ്പാട്ടാണ് മറിയം ത്രേസ്യയെ വിശുദ്ധയാക്കുന്ന നടപടികൾക്ക് തുടക്കമിടുന്നത്. 1964 ജൂൺ എട്ടിന് വിതയത്തിലച്ചൻ മരിക്കുന്നതിന് മുമ്പുതന്നെ മറിയം ത്രേസ്യയുമായി ബന്ധപ്പെട്ട രേഖകൾ അരമനയ്ക്ക് കൈമാറിയിരുന്നു. 1972 ജൂണിലാണ് ഔദ്യോഗികമായി വത്തിക്കാനിലേക്ക് അപേക്ഷനൽകിയത്. 1974 ഡിസംബർ മൂന്നിന് ഇത് സ്വീകരിക്കപ്പെടുകയും മറിയം ത്രേസ്യയെ ദൈവദാസിയായി പ്രഖ്യാപിക്കുകയും ചെയ്തു. 1981 ജനുവരി രണ്ടിന് അവരുടെ കല്ലറ തുറന്ന് പരിശോധിച്ചു. 1983 മെയ്‌ 14നാണ് നാമകരണ നടപടികൾക്കുള്ള ട്രിബ്യൂണൽ സ്ഥാപിതമായത്. ട്രിബ്യൂണൽ നൽകിയ റിപ്പോർട്ട് പരിശോധിച്ച് 1985 നവംബർ എട്ടിന് നാമകരണ നടപടികൾ അംഗീകരിച്ചു. തുടർന്ന് 1999 ജൂൺ 28ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ അവരെ ധന്യയായി ഉയർത്തി.

മറിയം ത്രേസ്യയുടെ പ്രാർത്ഥനാ മധ്യസ്ഥതയിൽ പി.ഡി. മാത്യു എന്നയാൾക്ക് ലഭിച്ച രോഗശാന്തി വത്തിക്കാൻ അംഗീകരിക്കുകയും 2000 ഏപ്രിൽ ഒമ്പതിന് ജോൺ പോൾ രണ്ടാമൻ പാപ്പതന്നെ അവരെ വാഴ്‌ത്തപ്പെട്ടവളായി ഉയർത്തുകയും ചെയ്തു. തുടർന്ന് ക്രിസ്റ്റഫർ ജോഷ്വ എന്ന ബാലനുണ്ടായ രോഗശാന്തിയാണ് വിശുദ്ധപദവി പ്രഖ്യാപനത്തിലേക്ക് വഴിതെളിച്ചത്. 2019 ഏപ്രിൽ ഒമ്പതിനാണ് വത്തിക്കാൻ ഇത് അദ്ഭുത രോഗശാന്തിയായി അംഗീകരിച്ചത്. മറിയം ത്രേസ്യ സ്ഥാപകയും ഫാ. ജോസഫ് വിതയത്തിൽ സഹസ്ഥാപകനുമായ ഹോളി ഫാമിലി കോൺഗ്രിഗേഷൻ ഇന്ന് ഇന്ത്യകൂടാതെ ഇറ്റലി, ജർമനി, അമേരിക്ക, ഘാന, കെനിയ, സൗത്ത് സുഡാൻ, കാനഡ, ഇക്വഡോർ തുടങ്ങിയ രാജ്യങ്ങളിലും തങ്ങളുടെ സേവനദൗത്യം തുടരുന്നു. 62 രൂപതകളിലായി 248 ഭവനങ്ങളും 1990 അംഗങ്ങളുമുണ്ട്. കൂടാതെ സന്ന്യാസാർഥിനികളായി 200 പേരുമുണ്ട്. തൃശ്ശൂർ മണ്ണുത്തിയാണ് ആസ്ഥാനം. കോളേജുകളടക്കം 200ലധികം വിദ്യാഭ്യാസസ്ഥാപനങ്ങളും മൂന്ന് ആശുപത്രികൾ ഉൾപ്പെടെ 25ഓളം ആതുരശുശ്രൂഷാലയങ്ങളും സഭയ്ക്കുണ്ട്. കൂടാതെ അനാഥർക്കും അംഗപരിമിതർക്കും വയോജനങ്ങൾക്കുമായി 50ഓളം സ്ഥാപനങ്ങളും നടത്തുന്നു.

കൃത്യമായ മാർഗരേഖകൾ പ്രകാരം വിവിധ ഘട്ടങ്ങളായാണ് ഒരാളെ വിശുദ്ധനായി പ്രഖ്യാപിക്കുന്നത്. ഒരാൾ മരിച്ച് അഞ്ചുവർഷങ്ങൾക്ക് ശേഷമാണ് നാമകരണ നടപടികൾ തുടങ്ങുക. എന്നാലിതിൽ പോപ്പിന് ഇളവുകൾ നൽകാം. മദർ തെരേസ, ജോൺപോൾ രണ്ടാമൻ മാർപ്പാപ്പ തുടങ്ങിയവരെ വിശുദ്ധരാക്കിയപ്പോൾ ഇളവുകൾ നൽകിയിരുന്നു. വ്യക്തിയുടെ ജീവിതവും പുണ്യങ്ങളും പരിശോധിച്ച് വിശുദ്ധപദവിയിലേക്ക് ഉയർത്താമെന്ന് കണ്ടെത്തിയാൽ അയാളെ ആദ്യം ദൈവദാസനായി പ്രഖ്യാപിക്കും. നാമകരണ നടപടിയിലെ ആദ്യ പടിയാണിത്. രണ്ടാമത്തെ പടിയായി ധന്യൻ എന്ന പദവിയിലേക്ക് ഉയർത്തും. ധന്യനായി പ്രഖ്യാപിച്ചാൽ ആ വ്യക്തിയുടെ ചിത്രങ്ങളും പ്രാർത്ഥനകളും അച്ചടിക്കാം. തുടർന്ന് ഈ വ്യക്തിയുടെ മധ്യസ്ഥതയിൽ ഒരു അദ്ഭുതം നടന്നതായി തെളിയിക്കപ്പെട്ടാൽ വാഴ്‌ത്തപ്പെട്ടവരുടെ പദവിയിലേക്ക് ഉയർത്തും. വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പുള്ള ഘട്ടമാണിത്.

വാഴ്‌ത്തപെടുത്തിയാൽ പ്രാദേശികമായി തിരുനാളുകൾ ആഘോഷിക്കാനും അൾത്താരയിൽ വണങ്ങുവാനും അനുമതിയാകും. തുടർന്ന് ഈ വ്യക്തിയുടെ മധ്യസ്ഥതയിൽ വീണ്ടും ഒരു അദ്ഭുതം നടന്നതായി തെളിയിക്കപ്പെട്ടാൽ മാത്രമാണ് വിശുദ്ധനായി പ്രഖ്യാപിക്കുകയുള്ളൂ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP