Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചുറ്റുപാടുകൾക്കൊപ്പം മനുഷ്യമനസുകളിലും നിറയുന്ന മാലിന്യത്തെ നിർമ്മാർജനം ചെയ്യണം; അതിലൂടെ സുവിശേഷത്തിന്റെ കൃപ അനുഭവിക്കാമെന്ന് ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത; മാരാമൺ കൺവെൻഷന് ഉജ്ജ്വല തുടക്കം

ചുറ്റുപാടുകൾക്കൊപ്പം മനുഷ്യമനസുകളിലും നിറയുന്ന മാലിന്യത്തെ നിർമ്മാർജനം ചെയ്യണം; അതിലൂടെ സുവിശേഷത്തിന്റെ കൃപ അനുഭവിക്കാമെന്ന് ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത; മാരാമൺ കൺവെൻഷന് ഉജ്ജ്വല തുടക്കം

മാരാമൺ: പ്രത്യാശയുടെ വാക്കുകളുമായി 121-ാം മാരാമൺ കൺവൻഷന് പമ്പാ മണൽപ്പുറത്ത് തുടക്കമായി. ചുറ്റുപാടുകൾക്കൊപ്പം മനുഷ്യമനസുകളിലും നിറയുന്ന മാലിന്യത്തെ നിർമ്മാർജനം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത് ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത പ്രാരംഭ പ്രാർത്ഥനയ്ക്ക് തുടക്കം കുറിച്ചു. മാർത്തോമ്മാ സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. തോമസ് മാർ തിമോത്തിയോസ് അധ്യക്ഷനായിരുന്നു.

പരിസ്ഥിതി മലിനീകരണമാണ് നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. ജീവിക്കുന്ന ചുറ്റുപാടുകളിൽ നിറയുന്ന മാലിന്യത്തേക്കാൾ അധികമായി മനുഷ്യ മനസുകൾ മലിനപ്പെടുകയാണ്. വ്യക്തിഹത്യ അനുദിനം വർധിക്കുന്നു. രാഷ്ട്രീയ, സാമുദായിക, സഭാ തലങ്ങളിൽ അസുഖകരമായ പ്രവണതകളാണ് അനുദിനം കണ്ടുകൊണ്ടിരിക്കുന്നത്. ഈ സാമൂഹിക മാലിന്യ നിർമ്മാർജനത്തിന് സമസ്തജനസമൂഹവും ഒത്തൊരുമിച്ചു നീങ്ങണമെന്ന് ജോസഫ് മാർത്തോമ്മാ ആഹ്വാനം ചെയ്തു. സഭാപരമായ പ്രവർത്തികളിലും സങ്കടകരമായ വാർത്തകൾ കേൾക്കേണ്ടിവരുന്നത് ദുഃഖകരമാണ്. ഭാരത്തിന്റെ സഹിഷ്ണുതയ്ക്ക് ഒറ്റമനസ്സായി മുന്നേറാൻ എല്ലാവർക്കും കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

സാക്ഷ്യമാണ് ക്രൈസ്തവ വിശ്വാസിയുടെ ഉത്തരവാദിത്തം. മനുഷ്യമനസുകളിലെ മാലിന്യം നിർമ്മാർജനം ചെയ്യാനുള്ള പ്രവർത്തനങ്ങളിലൂടെ ക്രിസ്തുവിന്റെ സാക്ഷികളാകാൻ വിശ്വാസികൾക്കു കഴിയണം. അതിലൂടെ സുവിശേഷത്തിന്റെ കൃപ അനുഭവിക്കാനും ദൈവത്തിന്റെ മനുഷ്യമുഖം ദർശിക്കാനും സഭ ഉത്സുകമാകണം. അതിലൂടെ നമ്മുടെ ദേശത്തിന് സുസ്ഥിതി കൈവരണം. അസഹിഷ്ണുത മാറി സഹിഷ്ണുതയുടെ സമൂഹമായി മാറാൻ കൺവൻഷൻ ദൂതുകൾ ഉപകരിക്കട്ടെ എന്ന് മെത്രാപ്പൊലീത്ത ആഹ്വാനം ചെയ്തു.

കാലം ചെയ്ത ഡോ. സഖറിയാസ് മാർ തെയോഫിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത സഭയ്ക്കും സമൂഹത്തിനും മാരാമൺ കൺവൻഷനും വേണ്ടി ചെയ്ത സേവനങ്ങൾ കൺവെൻഷൻ അനുസ്മരിച്ചു. മാർത്തോമ്മാ സഭയുടെ സംഗീത വിഭാഗമായ ഡിപ്പാർട്ട്‌മെന്റ് ഓഫ് സേക്രഡ് മ്യൂസിക് ആൻഡ് കമ്യൂണിക്കേഷൻസിന്റെ നേതൃത്വത്തിലുള്ള 101 അംഗ ഗായകസംഘം മണൽപ്പുറത്തെ സംഗീതസാന്ദ്രമാക്കി. നാൽപത്തഞ്ചു വർഷത്തോളം കൺവൻഷനിലെ മുഖ്യപ്രസംഗകനായിരുന്ന ഇ. സ്റ്റാൻലി ജോൺസിന്റെ കൊച്ചുമകൾ ഡോ. ആൻ മാത്യൂസ് കൺവൻഷനും സഭാസമൂഹത്തിനും ആശംസ അർപ്പിച്ചു. ആദ്യ യോഗത്തിൽ സിംഗപ്പൂരിൽനിന്നുള്ള റവ. മാൽക്കം ടാൻ വചനസന്ദേശം നൽകി.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രാജ്യസഭ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ, മാർത്തോമ്മാ സഭയിലെ എപ്പിസ്‌കോപ്പമാരായ ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ്, ഡോ. യുയാക്കിം മാർ കൂറിലോസ്, ജോസഫ് മാർ ബർണബാസ്, ഡോ. ഐസക് മാർ പീലക്‌സിനോസ്, ഡോ. ഏബ്രഹാം മാർ പൗലോസ്, ഡോ. മാത്യൂസ് മാർ മക്കാറിയോസ്, ഗ്രീഗോറിയോസ് മാർ സ്‌തേഫാനോസ്, ഡോ. തോമസ് മാർ തീത്തോസ്, യാക്കോബായ സഭയിലെ ഡോ. ഗീവർഗീസ് മാർ കൂറിലോസ്, ഡോ. കെ.പി. യോഹന്നാൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP