Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യമനിൽ നിന്നും മലയാള നാട്ടിലെത്തി മതസൗഹാർദ്ദത്തിന്റെ ആചാര്യനായി മാറിയ മമ്പുറം തങ്ങളുടെ ആണ്ടുനേർച്ചക്ക് കൊടിയിറങ്ങി; 'കാലത്തിന്റെ അച്ചുതണ്ടി'ന്റെ അനുഗ്രഹം തേടി ഇക്കുറിയും ഒഴുകിയെത്തിയത് പതിനായിരങ്ങൾ; ഇന്നലെ മാത്രം അന്നദാനം നൽകിയത് ഒരു ലക്ഷത്തിൽ അധികം പേർക്ക്

യമനിൽ നിന്നും മലയാള നാട്ടിലെത്തി മതസൗഹാർദ്ദത്തിന്റെ ആചാര്യനായി മാറിയ മമ്പുറം തങ്ങളുടെ ആണ്ടുനേർച്ചക്ക് കൊടിയിറങ്ങി; 'കാലത്തിന്റെ അച്ചുതണ്ടി'ന്റെ അനുഗ്രഹം തേടി ഇക്കുറിയും ഒഴുകിയെത്തിയത് പതിനായിരങ്ങൾ; ഇന്നലെ മാത്രം അന്നദാനം നൽകിയത് ഒരു ലക്ഷത്തിൽ അധികം പേർക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരൂരങ്ങാടി: കേരളീയ സമൂഹത്തിന് ആത്മീയവും സാമൂഹികവുമായ നേതൃത്വം നൽകിയ ഖുതുബുസ്മാൻ മമ്പുറം സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ ആണ്ടുനേർച്ചക്ക് കൊടിയിറങ്ങി. ബ്രിട്ടിഷ് വിരുദ്ധ പോരാട്ടങ്ങളുടെ ഊർജവും ജാതി മതഭേദമെന്യേ പതിനായിരങ്ങൾക്ക് താങ്ങും തണലുമായി പ്രവർത്തിച്ച മമ്പുറം തങ്ങളുടെ 181ാമത് മമ്പുറം ആണ്ടുനേർച്ചയ്ക്ക് സ്ത്രീകളും കുട്ടികളുമടക്കം പതിനായിരങ്ങളാണ് ഇത്തവണയും എത്തിയത്. സമാപനദിവസമായ ഇന്നലെ ഒരുലക്ഷത്തിലേറെപേർക്കാണ് അന്നദാനം ഒരുക്കിയിരുന്നത്.

രാവിലെ എട്ടിന് ആരംഭിച്ച അന്നദാനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങൾ ഉദ്ഘാടനംചെയ്തു. സയ്യിദ് അബ്ദുറഹ്മാൻ ജിഫ്രി തങ്ങൾ അധ്യക്ഷനായി. സയ്യിദ് അഹമ്മദ് ജിഫ്രി തങ്ങൾ, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി, പി.കെ. കുഞ്ഞാലിക്കുട്ടി എംപി, ആബിദ് ഹുസൈൻ തങ്ങൾ എംഎ‍ൽഎ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്കൃഷ്ണൻ, കെ.എം. സൈതലവി ഹാജി, യു. ശാഫി ഹാജി, കെ.പി. ശംസുദ്ദീൻ ഹാജി, സി.കെ. മുഹമ്മദ് ഹാജി, ഹംസ ഹാജി മൂന്നിയൂർ തുടങ്ങിയവർ പങ്കെടുത്തു.

ഉച്ചയ്ക്ക് ളുഹർ നമസ്‌കാരാനന്തരം നടന്ന മൗലീദ്-ഖതമ്-ദുആ ചടങ്ങിന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ നേതൃത്വംനൽകി. ഒരാഴ്ച നീണ്ടുനിന്ന ആണ്ടുനേർച്ചയോടനുബന്ധിച്ച് മഖാം കൂട്ടസിയാറത്ത്, മതപ്രഭാഷണങ്ങൾ, മൗലീദ്-സ്വലാത്ത് സദസ്സുകൾ, മജ്ലിസുന്നൂർ ആത്മീയസദസ്സ്, പ്രാർത്ഥനാസംഗമം, അനുസ്മരണപ്രഭാഷണം തുടങ്ങിയ ചടങ്ങുകളും നടന്നു.

യമനിലെ ഹളർമൗത്തിലെ തരീം എന്ന പ്രദേശത്തു നിന്നും 17 -ാം വയസ്സിൽ മലബാറിലെത്തിയ സയ്യിദ് അലവി തങ്ങൾ പിന്നീട് നാട്ടുകാരുടെ ആശാകേന്ദ്രമായി മാറുകയായിരുന്നു. അമ്മാവൻ സയ്യിദ് ഹസൻ ജിഫ്രിയുടെ പാത പിന്തുടർന്നാണ് ഇദ്ദേഹം കേരളത്തിലെത്തിയത്. കുടുംബത്തോടൊപ്പം മമ്പുറത്ത് ജീവിച്ച അദ്ദേഹം നാടിന്റെ അനിഷേധ്യനായ അമരക്കാരനായി മാറി. കാലത്തിന്റെ അച്ചുതണ്ട്, നെടുംതൂൺ എന്നൊക്കെ അർഥം വരുന്ന 'ഖുതുബുസ്മാൻ' എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്.

ഒരു പുരുഷായുസ്സ് മുഴുവൻ കേരള മുസ്‌ലിംകളുടെ സാമൂഹികവും സാംസ്‌കാരികവുമായി ഉത്ഥാനത്തിന് വേണ്ടി ഉഴിഞ്ഞുവച്ച മമ്പുറം തങ്ങൾ, മതമൈത്രിയുടെ സന്ദേശവാഹകനും അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ മുന്നണി പോരാളിയുമായിരുന്നു. ഇദ്ദേഹത്തിന്റെ മരണ ശേഷവും ജാതി മതഭേദമെന്യേ ദേശത്തിന്റെ പലഭാഗങ്ങളിൽ നിന്നും സാന്ത്വനം തേടി മമ്പുറം മഖാമിലെത്തുന്നുണ്ട്. ആത്മീയ ജ്ഞാനി എന്നതിനൊപ്പം അധിനിവേശ വിരുദ്ധ നായകൻ, സാമൂഹികപ്രവർത്തകൻ, അവകാശ സംരക്ഷകൻ, മതസൗഹാർദത്തിന്റെ ആചാര്യൻ എന്നിങ്ങനെയും ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നു.

സമഗ്രമായ ജീവിത ദർശനങ്ങൾ കൊണ്ടും സമ്പന്നമായ വീക്ഷണങ്ങൾകൊണ്ടും ഇസ്‌ലാമിക സമുദായം എന്നതിലപ്പുറം മലയാളക്കരയെ തന്നെ മൊത്തമായി നിയന്ത്രിക്കാൻ തങ്ങൾക്ക് കഴിഞ്ഞിരുന്നു. ജനങ്ങൾ വിവിധ പ്രശ്‌നങ്ങൾക്ക് പരിഹാരം തേടി ഇദ്ദേഹത്തിനടുത്ത് വരാറുണ്ടായിരുന്നു. ചെമ്പായ കുടുംബാംഗമായ കോന്തുനായരായിരുന്നു കാര്യസ്ഥൻ. പ്രസിദ്ധമായ മൂന്നിയൂർ കോഴിക്കളിയാട്ടത്തിന് ദിവസം നിശ്ചയിച്ചു കൊടുത്തത് മമ്പുറം തങ്ങളാണെന്നാണ് പറയപ്പെടുന്നത്.

വെള്ളിയാഴ്ച നടക്കുന്ന കോഴിക്കളിയാട്ടത്തിന് മുന്നോടിയായി പൊയ്ക്കുതിര സംഘങ്ങൾ മമ്പുറം മഖാമിലെത്തി കാണിക്ക സമർപ്പിച്ചാണ് കാവിലേക്ക് പോകാറുള്ളത്. ബ്രിട്ടിഷ് ഭരണ കാലത്ത് മതസൗഹാർദം തകർക്കാനുള്ള ശ്രമങ്ങൾ നടന്നപ്പോഴെല്ലാം അതിനെ പ്രതിരോധിക്കാൻ തങ്ങൾ നേതൃത്വം നൽകിയിരുന്നു. മമ്പുറം മഖാമിൽ നടക്കുന്ന സ്വലാത്തിനും ആയിരങ്ങളാണ് എത്തുന്നത്. തങ്ങൾ തുടങ്ങിവച്ച സ്വലാത്ത് ഇന്നും എല്ലാ വ്യാഴാഴ്ച രാത്രികളിലും മഖാമിൽ മുടക്കമില്ലാതെ നടക്കുന്നു.

റമസാനിൽ സ്വലാത്തിനെത്തുന്നവർക്ക് വിതരണം ചെയ്യുന്ന ജീരക ക്കഞ്ഞിയും പ്രശസ്തമാണ്. 94ാം വയസ്സിൽ മരിക്കുന്നതുവരെയും സാന്ത്വനം തേടിയെത്തിയിരുന്ന നാട്ടുകാർ ഇദ്ദേഹത്തിന്റെ മരണശേഷവും മമ്പുറം മഖാമിലേക്ക് വന്നുകൊണ്ടിരിക്കുന്നു. ദക്ഷിണേന്ത്യയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമാണ് ഇന്ന് മമ്പുറം മഖാം. സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമായി നൂറുകണക്കിന് പേരാണ് ദിവസവും മമ്പുറം മഖാമിൽ ശാന്തിതേടിയെത്തുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP