Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

എങ്ങും തൽബിയത്ത് ധ്വനികൾ മാത്രം; നബിയുടെ ഓർമ്മയിൽ തീർത്ഥാടകലക്ഷങ്ങൾ ഒത്തുകൂടും; സ്‌നേഹത്തിന്റെ സാഹോദര്യത്തിന്റേയും ഒരുമയുടേയും സന്ദേശവുമായി ഇന്ന് അറഫാ സംഗമം

എങ്ങും തൽബിയത്ത് ധ്വനികൾ മാത്രം; നബിയുടെ ഓർമ്മയിൽ തീർത്ഥാടകലക്ഷങ്ങൾ ഒത്തുകൂടും; സ്‌നേഹത്തിന്റെ സാഹോദര്യത്തിന്റേയും ഒരുമയുടേയും സന്ദേശവുമായി ഇന്ന് അറഫാ സംഗമം

മക്ക : അറഫയിൽ ഇന്ന് സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും മഹാസംഗമം. 15 ലക്ഷത്തിലേറെ ഹജ് തീർത്ഥാടകർക്ക് ഇന്ന് അറഫാ സംഗമം. ഇന്നലെ മിനായിൽ ഒരുമിച്ചുകൂടിയ തീർത്ഥാടകർ ഇന്നു സുബഹി നമസ്‌ക്കാരത്തിനു ശേഷം അറഫയിലേക്കു തിരിക്കും. ളുഹർ, അസർ നമസ്‌കാരങ്ങൾ ഒരുമിച്ചു നിർവഹിച്ച ശേഷം അസ്തമയം വരെ അറഫയിൽ പ്രാർത്ഥനകളിൽ മുഴുകും. സൗദി ശൂറ കൗൺസിൽ മുൻ അധ്യക്ഷൻ ഷെയ്ഖ് സാലിഹ് ബിൻ ഹാമിദായിരിക്കും അറഫ പ്രസംഗം നടത്തുക. അറഫയിൽ പ്രവാചകൻ മുഹമ്മദ് നബി നടത്തിയ പ്രസംഗത്തെ അനുസ്മരിച്ചുള്ളതാണ് അറഫ പ്രസംഗം. സൂര്യാസ്തമനത്തിനു ശേഷം തീർത്ഥാടകർ മുസ്ദലിഫയിലേക്കു നീങ്ങും.

ശനിയാഴ്ച മിനായിൽ കഴിഞ്ഞ തീർത്ഥാടകലക്ഷങ്ങൾ ഉച്ചയോടെ അറഫയിൽ സംഗമിക്കും. അതോടെ അറഫ മൈതാനം ഇഹ്‌റാം വേഷധാരികളുടെ പാൽക്കടലായി മാറും. മഹാസംഗമത്തിന് മുന്നോടിയായി അറഫ അതിർത്തിയിലെ നമിറ പള്ളിയിൽ ഖുതുബ പ്രഭാഷണവും നിസ്‌കാരവും നടക്കുക. ഹജ്ജ് കർമത്തിനായി പുണ്യഭൂമിയിലെത്തിയവരെ മുഴുവൻ അറഫയിലെത്തിക്കാൻ അധികൃതർ ശ്രമിക്കുന്നുണ്ട്. രോഗികളെ ഹെലികോപ്റ്ററിലും ആംബുലൻസിലും എത്തിക്കാനാണ് ശ്രമം. സൂര്യാസ്തമയം വരെ അറഫ മൈതാനത്തും ടെന്റുകളിലും ജബലു റഹ്മ എന്ന മലഞ്ചെരിവിലുമായാണ് തീർത്ഥാടകർ കഴിച്ചുകൂട്ടുക.

ഹജ് ചടങ്ങുകൾക്കു ഇന്നലെയാണു തുടക്കമായത്. മക്ക ഹറം പള്ളിയിൽ പ്രാർത്ഥനയ്ക്കു ശേഷം വെള്ളിയാഴ്ച രാത്രി മുതൽ തന്നെ തീർത്ഥാടകർ മിനായിൽ എത്തിത്തുടങ്ങിയിരുന്നു. ഹജ്ജിന്റെ തൊട്ടുമുമ്പായി ഹറമിൽ നടന്ന ജുമുഅ നമസ്‌കാരത്തിൽ 15 ലക്ഷത്തിലധികം തീർത്ഥാടകരാണ് പങ്കെടുത്തത്. ഡോ. ഫൈസൽ ഖസാവിയാണ് ഹറമിൽ ജുമുഅക്കും ഖുതുബക്കും നേതൃത്വം നൽകിയത്. 'ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്' എന്നു തുടങ്ങുന്ന തൽബിയത്ത് ചൊല്ലി മസ്ജിദുൽ ഹറാമിനെ ചുറ്റി നിൽക്കുന്ന താമസസ്ഥലങ്ങളിൽ നിന്ന് ചെറുസംഘങ്ങളായി വെള്ളിയാഴ്ച രാത്രിയോടെയാണ് മിനായിലേക്ക് തീർത്ഥാടകർ തിരിച്ചത്. സൗദിയിൽ നിന്നുള്ള ഹാജിമാരും മദീനയിൽ നിന്നു വന്ന അവസാന സംഘങ്ങളും കഅ്ബയെ പ്രദക്ഷിണം ചെയ്താണ് മിനായിലേക്ക് നീങ്ങുക.

കൂടാര നഗരിയിലെങ്ങും തൽബിയത്ത് ധ്വനികൾ മുഴങ്ങിക്കൊണ്ടിരുന്നു. മുഴുവൻ ഇന്ത്യൻ തീർത്ഥാടകരെയും ഉച്ചയ്ക്കു മുൻപു തന്നെ മിനായിലെത്തിച്ചതായി ഹജ് മിഷൻ അറിയിച്ചു. വിവിധ സ്ഥലങ്ങളിൽ ചികിൽസയിലായിരുന്നവരെ ഇന്നലത്തെന്നെ അറഫയിലെ ആശുപത്രികളിൽ എത്തിച്ചു. 38 മുതവ്വിഫുമാർക്കു കീഴിലാണ് ഇന്ത്യൻ തീർത്ഥാടക സംഘം. ഓരോരുത്തർക്കും 3500 പേരുടെ ചുമതലയാണുള്ളത്. 65,000 ഇന്ത്യൻ തീർത്ഥാടകർക്കാണ് ഇക്കുറി മശാഇർ ട്രെയിൻ സൗകര്യം ലഭ്യമാകുന്നത്. മറ്റു തീർത്ഥാടകരുടെ യാത്ര പതിവുപോലെ ബസിലാണ്. ഹറമിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇക്കൊല്ലവും ആഭ്യന്ത തീർത്ഥാടകരുടെ എണ്ണത്തിൽ 50 ശതമാവും വിദേശ തീർത്ഥാടകരുടെ എണ്ണത്തിൽ 20 ശതമാനവും കുറവു വരുത്തിയിട്ടുണ്ട്.

ഹാജിമാർ ഞായറാഴ്ച വൈകീട്ട് മുസ്ദലിഫയിലെത്തി അവിടെ രാത്രി തങ്ങി വീണ്ടും മിനായിലെ കൂടാരത്തിൽ തിരിച്ചത്തെും. അറഫയിലെ നിൽപും മുസ്ദലിഫയിലെ രാത്രി തങ്ങലും കഴിഞ്ഞ് ജംറകളിൽ പിശാചിനെ കല്ലെറിഞ്ഞ് കഅ്ബ പ്രദക്ഷിണവും ബലിയുമൊക്കെ തീർത്ഥാടകർ നിർവഹിക്കുന്നത് മിനായിൽ താമസിച്ചാണ്. ദുൽഹജ്ജ് 12 വൈകീട്ടോടെയാണ് മിനായിൽനിന്നുള്ള മടക്കം ആരംഭിക്കുക. അനിഷ്ട സംഭവങ്ങളൊഴിവാക്കാൻ ദുൽഹജ്ജ് 13ന് കൂടി കുറച്ച് തീർത്ഥാടകരെ മിനായിൽ തന്നെ നിർത്താൻ ഇത്തവണ നിർദ്ദേശം നൽകിയിട്ടുണ്ട്.

1500 തീർത്ഥാടകരുള്ള കൂടാരങ്ങളിൽ ചുരുങ്ങിയത് മൂന്ന് സെക്യൂരിറ്റി ജീവനക്കാർ വേണമെന്ന് തമ്പുകളുടെ ചുമതല വഹിക്കുന്ന മുത്വവ്വിഫ് സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP