Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വികാരിമാർക്കെതിരെ ലൈംഗികാരോപണം ഉണ്ടായാൽ സ്ഥലം മാറ്റി തടി തപ്പുന്ന മെത്രാന്മാർക്ക് ഇനി പണി തെറിക്കും; കൃത്യമായ അന്വേഷണവും നടപടിയും ഉണ്ടായില്ലെങ്കിൽ മെത്രാനെതിരെ നടപടിയെന്ന് വത്തിക്കാൻ

വികാരിമാർക്കെതിരെ ലൈംഗികാരോപണം ഉണ്ടായാൽ സ്ഥലം മാറ്റി തടി തപ്പുന്ന മെത്രാന്മാർക്ക് ഇനി പണി തെറിക്കും; കൃത്യമായ അന്വേഷണവും നടപടിയും ഉണ്ടായില്ലെങ്കിൽ മെത്രാനെതിരെ നടപടിയെന്ന് വത്തിക്കാൻ

വത്തിക്കാൻ സിറ്റി: വികാരിമാരുടെ പീഡനങ്ങൾ കത്തോലിക്കാ സഭയ്ക്ക് നിത്യ തലവേദനയാണ്. തെറ്റു ചെയ്യുന്നവർക്ക് യഥാവിധി ശിക്ഷ നൽകാത്തതാണ് ഇത് ആവർത്തിക്കപ്പെടാൻ കാരണമെന്നാണ് മാർപ്പാപ്പയുടെ വിലയിരുത്തൽ. ശക്തമായ സന്ദേശങ്ങൾ നൽകിയിട്ടും ഫലം കണ്ടില്ല. ഈ സാഹചര്യത്തിൽ കടുത്ത നടപടികളിലേക്ക് കടക്കുകയാണ് വത്തിക്കാൻ. വൈദികരുടെ ലൈംഗികാ പീഡനം വച്ചു പൊറുപ്പിക്കില്ലെന്ന സന്ദേശമാണ് മാർപ്പാപ്പ നൽകുന്നത്.

വൈദികരുടെ ലൈംഗികപീഡനക്കേസുകളിൽ കൃത്യമായി നടപടി എടുക്കാത്ത ബിഷപ്പുമാരെ തൽസ്ഥാനത്തുനിന്ന് ഒഴിവാക്കത്തക്കവിധം മാർപാപ്പ വത്തിക്കാനിലെ നിയമങ്ങളിൽ മാറ്റം വരുത്തി. ഒരു വൈദികനെതിരെ ഇത്തരം പരാതി വന്നാൽ അദ്ദേഹത്തെ നിയമത്തിനു മുൻപിൽ കൊണ്ടുവരാതെ ഒരു ഇടവകയിൽനിന്നു മറ്റൊന്നിലേക്കു മാറ്റി സംരക്ഷിക്കുന്ന നയമാണു ബിഷപ്പുമാർ പൊതുവെ കൈക്കൊള്ളുന്നതെന്ന പരാതിക്കു പരിഹാരം കാണാനാണു ഫ്രാൻസിസ് മാർപാപ്പ നിയമങ്ങളിൽ മാറ്റം വരുത്തിയതെന്നു വത്തിക്കാൻ അറിയിച്ചു. അതായത് കുറ്റകൃത്യത്തിൽപ്പെട്ടവരെ സംരക്ഷിക്കാൻ ശ്രമിച്ചാൽ അവർക്കെതിരെ നടപടിയെടുക്കുമെന്ന സൂചനയാണ് വത്തിക്കാൻ നൽകുന്നത്. ഇത്തരം വിവാദങ്ങൾ ഉണ്ടാകുമ്പോൾ ആരോപണ വിധേയരായവരെ സ്ഥലം മാറ്റും. അതിനപ്പുറത്തേക്ക് ഒന്നും സംഭവിക്കാറില്ല. ഇതാണ് പീഡനങ്ങൾ കൂടാൻ കാരണമെന്നാണ് വത്തിക്കാൻ വിലയിരുത്തുന്നത്.

കത്തോലിക്കാ സഭയിലെ പുരോഹിതരുടെ ലൈംഗിക പീഡനത്തിനിരയായവരോട് ഫ്രാൻസിസ് മാർപാപ്പ നേരത്തെ മാപ്പ് ചോദിച്ചു. ബാല്യകാലത്ത് പീഡനത്തിനിരയായവരുടെ ആറംഗ സംഘവുമായി വത്തിക്കാനിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് സഭ ചെയ്ത 'പാപ'ത്തിൽ സഭയുടെ ആത്മീയാചാര്യൻ ഖേദപ്രകടനം നടത്തിയത്. ദൗത്യത്തിൽ നിന്ന്! വ്യതിചലിച്ച് നിഷ്‌കളങ്കരെ പീഡിപ്പിച്ച തങ്ങളുടെ മക്കൾക്ക് വേണ്ടി കരഞ്ഞ് പ്രായശ്ചിത്തം ചെയ്യാൻ സഭയ്ക്ക് കഴിയണമെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞിരുന്നു. ദൈവത്തിലുള്ള വിശ്വാസവും പ്രതീക്ഷയും നശിപ്പിക്കുന്ന പുരോഹിതരുടെ ലൈംഗിക പീഡനം ദൈവനിന്ദ കൂടിയാണെന്ന് മാർപാപ്പ വിശദീകരിക്കുകയും ചെയ്തു.

ഇതിന്റെ തുടർച്ചയാണ് പീഡകരെ രക്ഷിക്കുന്ന മെത്രാന്മാർക്കെതിരെ നടപടിയെടുക്കാനുള്ള വത്തിക്കാന്റെ തീരുമാനം. ലൈംഗിക പീഡനം മറച്ചുവെക്കാൻ ശ്രമിച്ച പുരോഹിതരെ ശിക്ഷിക്കാൻ സഭ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് സന്നദ്ധസംഘടനകൾ ആവശ്യപ്പെട്ടിരുന്നു. വളരെ നാളുകളായി സഭയെ വേട്ടയാടുന്ന വിവാദമാണ് പുരോഹിത ലൈംഗിക പീഡനം. ഒരു ദശകക്കാലം മുൻപ് യു.എസിൽ ഇത് പ്രധാന വിഷയമായി മാറുകയും 250 കോടി ഡോളറോളം സഭ നഷ്ടപരിഹാരം നൽകുകയും ചെയ്തിരുന്നു. കഴിഞ്ഞ പത്ത് വർഷങ്ങളിൽ 3,420 വിശ്വസനീയമായ പരാതികൾ ലഭിക്കുകയും 824 പുരോഹിതരെ പുറത്താക്കുകയും ചെയ്തതായി വത്തിക്കാൻ അറിയിച്ചിട്ടുണ്ട്.

അതേസമയം, പുരോഹിതരുടെ ഭാഗത്ത് നിന്നുള്ള ലൈംഗിക പീഡനം സംബന്ധിച്ച പരാതികൾ ഇപ്പോഴും ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കൂടുതൽ നടപടികളുമായി വത്തിക്കാൻ മുന്നോട്ട് പോകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP