Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ഉച്ചത്തിൽ നമശിവായ വിളികൾ.. എങ്ങും ആത്മീയ ചൈതന്യത്തിന്റെ പ്രഭാവലയം; ഐശ്വര്യത്തിന്റെ നിറതേജസ്സുമായി ഏറ്റുമാനൂരിൽ ഏഴരപ്പൊന്നാന ദർശനം; മേളപ്പെരുമയുടെ അതുല്യാനുഭൂതി പകർന്ന് നടൻ ജയറാമിന്റെ പഞ്ചാരിമേളം; കൊടിമരച്ചുവട്ടിലും പൊന്നിൻകുടത്തിലും ഭഗവാന് കാണിക്കയർപ്പിച്ച് വിശ്വാസ സാഗരമായി ആയിരങ്ങൾ

ഉച്ചത്തിൽ നമശിവായ വിളികൾ.. എങ്ങും ആത്മീയ ചൈതന്യത്തിന്റെ പ്രഭാവലയം; ഐശ്വര്യത്തിന്റെ നിറതേജസ്സുമായി ഏറ്റുമാനൂരിൽ ഏഴരപ്പൊന്നാന ദർശനം; മേളപ്പെരുമയുടെ അതുല്യാനുഭൂതി പകർന്ന് നടൻ ജയറാമിന്റെ പഞ്ചാരിമേളം;  കൊടിമരച്ചുവട്ടിലും പൊന്നിൻകുടത്തിലും ഭഗവാന് കാണിക്കയർപ്പിച്ച് വിശ്വാസ സാഗരമായി ആയിരങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ഏറ്റുമാനൂർ :ചുറ്റും നമശിവായ വിളികളാൽ സമ്പൂർണ്ണം..ദീപപ്രഭയിൽ നിറതേജസ്സോടെ ഏഴരപ്പൊന്നാന ദർശനത്തിൽ നിർവൃതി ലഭിച്ച് ആയിരക്കണക്കിന് ഭക്തർ. ഇന്നലെ രാത്രി പന്ത്രണ്ടിന് നടന്ന ഏഴരപ്പൊന്നാന ദർശനത്തിനായി ആയിരങ്ങളാണ് ഏറ്റുമാനൂർ ക്ഷേത്രത്തിൽ എത്തിച്ചേർന്നത്. ദീപപ്രഭയാൽ ജ്വലിച്ച് നിൽക്കുന്ന ക്ഷേത്രത്തിൽ ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരൻ എന്നി ദേവന്മാരുടെ സാന്നിധ്യം നിറഞ്ഞു നിൽക്കുന്നുവെന്നാണ് വിശ്വാസം.

ക്ഷേത്രത്തിന്റെ ആസ്ഥാനമണ്ഡപത്തിൽ മഹാദേവന്റെ ഇടതുഭാഗത്തു നാലും വലതുഭാഗത്തു മൂന്നും പൊന്നാനകളെയും അരയാനയെ തിടമ്പിനു മുന്നിൽ താഴെയും ഉയർത്തിവച്ച് ഭക്തർക്കു പൂർണമായും ദർശിക്കാൻ കഴിയുംവിധമായിരുന്നു ക്രമീകരണം.സന്ധ്യയ്ക്കു ദീപാരാധന മുതൽ ക്ഷേത്രപരിസരം ഭക്തരെക്കൊണ്ടു നിറഞ്ഞിരുന്നു നട തുറന്നയുടൻ ആസ്ഥാനമണ്ഡപത്തിനു മുന്നിലെ പൊന്നിൻ കുടത്തിൽ ചെങ്ങന്നൂർ പൊന്നുരുട്ടുമഠത്തിലെ കാരണവർ കൃഷ്ണര് പണ്ടാരത്തിൽ ആദ്യകാണിക്ക അർപ്പിച്ചു.

ഭക്തർ കൊടിമരച്ചുവട്ടിലും പൊന്നിൻകുടത്തിലും കാണിക്ക അർപ്പിച്ചു ഭഗവാനെ വണങ്ങി. ഏഴരപ്പൊന്നാനകളെ കൊടിമരച്ചുവട്ടിൽ ഇറക്കി എഴുന്നള്ളിച്ചു. 9 ആനകളുടെ അകമ്പടിയോടെയായിരുന്നു എഴുന്നള്ളത്ത്. ഉത്സവത്തിന്റെ ഭാഗമായ പള്ളിവേട്ട ഇന്നാണ്. നാളെ ആറാട്ടോടെ ഉത്സവം സമാപിക്കും.

മേളപ്പെരുമയുമായി നടൻ ജയറാം

രാവിലത്തെ ശ്രീബലിക്ക് നടൻ ജയറാമിന്റെ പഞ്ചാരി മേളമാണ് ഏറെ ശ്രദ്ധ നേടിയത്. ഏറ്റുമാനുരപ്പന്റെ തിരുനടയിൽ വണങ്ങി കാണിക്കയിട്ട ശേഷമാണ് മേളത്തിന്റെ പെരുമയ്ക്ക് ജയറാം പൊന്നിൻ തിളക്കമേകി തുടങ്ങിയത്. രാവിലെ ഏഴിനായിരുന്നു ശ്രീബലി ചടങ്ങുകൾ ആരംഭിച്ചത്. മേളം ആരംഭിക്കുന്നതിന് മുൻപ് തന്നെ എത്തിയത് വൻ ജനസാഗരമാണ്.

രണ്ടര മണിക്കൂറോളം നീണ്ടുനിന്ന മേളത്തിൽ ഇടന്തലയിൽ ഇരുപുറമായി 15 പേരും വലന്തലയിൽ 45 പേരും അണിനിരന്നു. ഇലത്താളവും കുറുങ്കുഴലും കൊമ്പും മേളത്തിനു കൊഴുപ്പേകി. ആകെ 111 കലാകാരന്മാരാണു മേളത്തിന് അണിനിരന്നത്. നടന്മാരായ ടിനി ടോമും കലാഭവൻ പ്രശോഭും ജയറാമിന്റെ മേളം ആസ്വദിക്കാൻ ഒപ്പമെത്തിയിരുന്നു. ശ്രീബലിക്ക് ആനപ്രേമികളുടെ ഹരമായ ചിറക്കൽ കാളിദാസൻ തിടമ്പേറ്റി. രാത്രിയോടെ പാരിസ് ലക്ഷ്മിയുടെ നൃത്തവിസ്മയം അരങ്ങേറി.

പള്ളിവേട്ട ദിവസമായ ഇന്നു രാവിലെ 7ന് ശ്രീബലി. രാവിലെയും വൈകിട്ടും നടക്കുന്ന കുടമാറ്റത്തിനു മേളത്തിന്റെ കുലപതി മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ പഞ്ചാരിമേളം തീർക്കും. 11നു മഹാപ്രസാദമൂട്ട്, ഒന്നിനു ഉത്സവബലി ദർശനം, 5നു കാഴ്ചശ്രീബലി, വേല, സേവ. 6.30നു താലൂക്ക് യൂണിയൻ വിശ്വകർമസഭയുടെയും കേരള ഗണകസഭയുടെയും താലപ്പൊലി സമർപ്പണം, 9.30നു പിന്നണി ഗായിക ജ്യോത്സ്‌നയുടെ ഭക്തിഗാനമേള, രാത്രി 12നു പള്ളിവേട്ട.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP