Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രളയക്കെടുതിക്കിടെ നാളെ ബലിപ്പെരുന്നാൾ; ആഘോഷം മാറ്റിവെച്ച് ദുരിതാശ്വാസത്തിനു സമർപ്പിക്കണമെന്ന് പാണക്കാട് ഹൈദരലി തങ്ങൾ; നിസ്സഹായരായി നിൽക്കുന്നവർക്കു നേരെ ആശ്വാസത്തിന്റെ കൈകൾ നീട്ടുന്നതാണ് ഏറ്റവും വലിയ ത്യാഗമെന്നും തങ്ങൾ

പ്രളയക്കെടുതിക്കിടെ നാളെ ബലിപ്പെരുന്നാൾ; ആഘോഷം മാറ്റിവെച്ച് ദുരിതാശ്വാസത്തിനു സമർപ്പിക്കണമെന്ന് പാണക്കാട് ഹൈദരലി തങ്ങൾ;  നിസ്സഹായരായി നിൽക്കുന്നവർക്കു നേരെ ആശ്വാസത്തിന്റെ കൈകൾ നീട്ടുന്നതാണ് ഏറ്റവും വലിയ ത്യാഗമെന്നും തങ്ങൾ

ജംഷാദ് മലപ്പുറം

മലപ്പുറം: പ്രളയക്കെടുതിക്കിടെ നാളെ ബലിപ്പെരുന്നാൾ. ത്യാഗ സ്മരണയായ ബലിപ്പെരുന്നാൾ ദിനം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സമർപ്പിക്കാൻ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഈദ് സന്ദേശത്തിൽ ആഹ്വാനം ചെയ്തു.
കനത്ത മഴയും പ്രളയവും ദുരിതം വിതച്ച മണ്ണിൽ ജീവൻ രക്ഷിക്കാൻ അപേക്ഷിച്ചു കൊണ്ടു നിസ്സഹായരായി നിൽക്കുന്നവർക്കു നേരെ ആശ്വാസത്തിന്റെ കൈകൾ നീട്ടുന്നത് തന്നെയാണ് ഏറ്റവും വലിയ ത്യാഗം.

ബലിപ്പെരുന്നാളിന്റെ വിശ്വാസപരമായ കർമങ്ങൾ പൂർത്തിയാക്കിയാലുടൻ ദുരിതബാധിതരെ സഹായിക്കാനും രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും ഓരോരുത്തരും ഇറങ്ങിത്തിരിക്കണം. എല്ലാവരും കൈകോർത്തിറങ്ങിയാൽ ദുരന്ത ഭൂമികളിൽ നേരത്തെ മറഞ്ഞുപോയ ജീവനുകളൊഴികെ മറ്റുനഷ്ടങ്ങൾ പലതും പരിഹരിച്ചു കൊടുക്കാൻ കഴിയും. ആ മഹത്തായ ലക്ഷ്യത്തിൽ ഒരൊറ്റ വീട്ടിലെ അംഗങ്ങളെ പോലെ എല്ലാ മലയാളികളും ഒരുമിച്ചു നിൽക്കുന്നതാണ് നമുക്ക് ഏറ്റവും വലിയ പെരുന്നാൾ.

ജില്ലാ അധികൃതർ നടത്തുന്ന രക്ഷാ, ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി എല്ലാവരും സഹകരിക്കണം.ജനപ്രതിനിധികളും സംഘടനാ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരുമെല്ലാം ഏകോപിച്ചു പ്രവർത്തിക്കുന്നതാണ് കൂടുതൽ ഫലപ്രദമാവുക.കാലവർഷക്കെടുതിയിൽ ഉപജീവനമാർഗം നഷ്ടപ്പെട്ട് ദുരിതത്തിലായ കുടുംബങ്ങളിലേക്കും ആശ്വാസമെത്തിക്കണം. കഴിഞ്ഞകാല പ്രളയത്തെ ഐക്യം കൊണ്ട് അതിജീവിച്ചപാഠം നമുക്ക് മുമ്പിലുണ്ട്. തങ്ങൾ പറഞ്ഞു.

ദൈവിക മഹത്വം ഉയർത്തിപ്പിടിക്കാനുള്ള അവകാശത്തിനായി നിലകൊണ്ടതിന് ഭരണാധികാരിയുടെ അഗ്‌നി പരീക്ഷണത്തെ അഭിമുഖീകരിക്കേണ്ടിവന്ന ഹസ്രത്ത് ഇബ്രാഹീം നബി (അ) യുടെ ജീവിതയാത്രത്തിലെ എണ്ണമറ്റ ത്യാഗങ്ങളുടെ സ്മരണ പുതുക്കുകയാണ് ഈദുൽ അസ്ഹ. ഇസ്ലാമിലെ പാവന കർമ്മമായ പരിശുദ്ധ ഹജ്ജിന്റെ അനുബന്ധമായി അല്ലാഹുവിനെ സ്തുതിക്കുന്ന സന്തോഷം.അല്ലാഹുവിൽ അചഞ്ചലമായി വിശ്വസിക്കുകയും അടിച്ചമർത്തപ്പെട്ട ജനതയുടെ നീതിക്കായി നിലകൊള്ളുകയും വേണമെന്ന അന്ത്യപ്രവാചകൻ മുഹമ്മദ് നബി (സ)യുടെ വിഖ്യാതമായ അറഫാ പ്രസംഗത്തിന്റെ സ്മരണ കൂടിയാണിത്.

പ്രളയ ദുരിതത്തിന്റെ അത്യന്തം ആശങ്കാജനകമായ സാഹചര്യത്തിലാണ് കേരളം ബലിപ്പെരുന്നാളിലേക്കു പ്രവേശിക്കുന്നത്. അതോടൊപ്പം ലോകമെങ്ങും വിശ്വാസികൾക്കു മുന്നിൽ സങ്കീർണമായ സാഹചര്യങ്ങൾ വന്നുനിൽക്കുന്നു.ന്യൂനപക്ഷങ്ങളിൽ ഭയാശങ്കകൾ വിതറും വിധം മഹത്തായ ഭരണഘടനാതത്വങ്ങളെ നിഷ്ഫലമാക്കുന്ന തരത്തിൽ രാജ്യത്ത് പല നിയമനിർമ്മാണങ്ങളുമുണ്ടാകുന്നു. വിശ്വാസത്തിന്റെയും ജാതിയുടെയും പേരിൽ മനുഷ്യജീവൻ ഹനിക്കപ്പെടുന്ന സംഭവങ്ങൾ വർധിക്കുന്നു.

ലോകത്തിന്റെ ശാന്തി കെടുത്തുന്ന അക്രമപ്രവർത്തനങ്ങൾ അരങ്ങേറുന്നു. ഇതിനെയെല്ലാം സാഹോദര്യം കൊണ്ടും പ്രാർത്ഥന കൊണ്ടും അതിജയിക്കാനാവണം. നീതി നിഷേധിക്കപ്പെടുന്നവർക്ക് അതു നേടികൊടുക്കണം. കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പണം. നാട്ടിൽ ശാന്തി വളർത്തണം. ജീവിത യാത്രയിൽ വിട്ടുപിരിഞ്ഞവരെ ഓർക്കുക. മനുഷ്യരെല്ലാം ഒന്നാണ് എന്ന മാനവിക ഏകതയുടെ സന്ദേശം മുറുകെപ്പിടിച്ചു മുന്നോട്ടുപോവുക.എല്ലാവർക്കും പ്രാർത്ഥനകൾ നിറഞ്ഞ ഈദാശംസകൾ
അല്ലാഹു അക്‌ബർ ...... വലില്ലാഹിൽ ഹംദ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP