Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202217Wednesday

വിശുദ്ധ ചാവറ അച്ചന്റെ കബറിടത്തിൽ പ്രാർത്ഥനയുമായി കാതോലിക്ക ബാവ; ക്രൈസ്തവസമൂഹത്തെ മുഴുവൻ പ്രചോദിപ്പിക്കുന്ന മാതൃകയാണ് ചാവറ അച്ചനെന്ന് ഓർമപ്പെടുത്തൽ; ഒരു കാതോലിക്ക ബാവ മാന്നാനം ആശ്രമം സന്ദർശിക്കുന്നത് ഇതാദ്യം

വിശുദ്ധ ചാവറ അച്ചന്റെ കബറിടത്തിൽ പ്രാർത്ഥനയുമായി കാതോലിക്ക ബാവ; ക്രൈസ്തവസമൂഹത്തെ മുഴുവൻ പ്രചോദിപ്പിക്കുന്ന മാതൃകയാണ് ചാവറ അച്ചനെന്ന് ഓർമപ്പെടുത്തൽ; ഒരു കാതോലിക്ക ബാവ മാന്നാനം ആശ്രമം സന്ദർശിക്കുന്നത് ഇതാദ്യം

മറുനാടൻ മലയാളി ബ്യൂറോ

മാന്നാനം: വിശുദ്ധ ചാവറയച്ചന്റെ കബറിടം മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ സന്ദർശിച്ച് പ്രാർത്ഥന നടത്തി. ഇന്നലെ രാത്രി ഏഴിന് പള്ളിയിലെത്തിയ കാതോലിക്ക ബാവാ കബറിടത്തിങ്കൽ പുഷ്പ ചക്രം അർപ്പിച്ചു. തുടർന്ന് കബറിടത്തിങ്കൽ പ്രാർത്ഥനാനിരതനായി.

ആശ്രമദേവാലയത്തിലെ മനോഹരമായ അൾത്താരയും ചുവർ ചിത്രപണികളും വിശുദ്ധ തിരുസ്വരൂപങ്ങളും സന്ദർശിച്ചശേഷം ആശ്രമത്തിലെത്തി ആശ്രമാധിപരുമായും സെമിനാരി വൈദിക വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തുകയും വിശുദ്ധ ചാവറയച്ചന്റെ ഓർമകൾ പങ്കുവയ്ക്കുകയും ചെയ്തു.

പള്ളിയിലെത്തിയ കാതോലിക്ക ബാവായെ ആശ്രമാധിപൻ ഫാ. മാത്യു ചക്കാലയ്ക്കൽ സിഎംഐ കത്തിച്ച മെഴുകുതിരി നൽകി സ്വീകരിച്ചു. ഇത് ആദ്യമായാണ് ഒരു കാതോലിക്കാ ബാവ മാന്നാനം ആശ്രമം സന്ദർശിക്കുന്നത്.

കെഇ കോളജ് പ്രിൻസിപ്പൽ ഫാ. ജയിംസ് മുല്ലശേരി, ഫാ. തോമസ് കല്ലുകുളം, ഫാ. മാത്യു പോളച്ചിറ, ഫാ.ആന്റണി കാഞ്ഞിരത്തിങ്കൽ എന്നിവരും സ്വീകരണത്തിനു നേതൃത്വം നൽകി. കാതോലിക്കാ ബാവയോടൊപ്പം ഫാ. തോമസ് മരോട്ടിപ്പുഴ, കെയർ ആൻഡ് ഷെയർ ഡയറക്്ടർ റോബർട്ട് കുര്യാക്കോസ് എന്നിവരുമുണ്ടായിരുന്നു.

ഏറെ കാലമായ ആഗ്രഹം സാധിച്ചെന്ന് കാതോലിക്ക ബാവ

ഫേസ്‌ബുക്ക് കുറിപ്പിൽ നിന്ന്:

കാത്തിരിപ്പു നാളുകളിലെ വെള്ളിയാഴ്ച ആയിരുന്നു. ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നു ചാവറയച്ചന്റെ കബറിടത്തിങ്കൽ എത്തി പ്രാർത്ഥിക്കുക എന്നത്. ഇന്നലെ അതിന് അവസരമുണ്ടായി. ആശ്രമദേവാലയത്തിന്റെ വിശുദ്ധിയിലേക്ക് പ്രവേശിച്ചപ്പോൾ സ്വാഗതമായി കിട്ടിയതായിരുന്നു കത്തിച്ച മെഴുകുതിരി.

ചാവറയച്ചന്റെ ചിത്രങ്ങൾക്ക് പിന്നിൽ കാണാനാകുന്ന പ്രകാശവലയത്തിന്റെ അതേ നിറമായിരുന്നു അതിന്. മനോഹരമായ അൾത്താരയിലും ചുവർ ചിത്രങ്ങളിലും തിരുസ്വരൂപങ്ങളിലും ചാവറയച്ചന്റെ വിശുദ്ധ സാന്നിധ്യം അനുഭവിക്കാനായി. കബറിടത്തിൽ പുഷ്പചക്രം അർപ്പിച്ച് അല്പനേരം ധ്യാനിച്ച് നിന്നപ്പോൾ കൈനകരി എന്ന കുട്ടനാടൻ ഗ്രാമത്തിൽ നിന്ന് സി.എം.ഐ സന്യാസസഭയുടെ നേതൃനിരയിലേക്കും വിശുദ്ധപദവിയിലേക്കും പ്രവൃത്തി കൊണ്ട് സഞ്ചരിച്ചെത്തിയ ശ്രേഷ്ഠന്റെ ഓർമകൾ ഉള്ളിൽ നിറഞ്ഞു.

മ്യൂസിയത്തിൽ അദ്ദേഹത്തിന്റെ വിരൽപ്പാടുകളുള്ള പുസ്തകസഞ്ചയമുണ്ട്. അതിൽ തൊടുമ്പോൾ കാലം നമ്മിലേക്ക് ചാവറയച്ചനെ തിരികെയെത്തിക്കും.ഒരു വലിയ മനസിന്റെ, ക്രിസ്തീയ സാക്ഷ്യത്തിന്റെ ഉടമയായിരുന്നു വിശുദ്ധ ചാവറയച്ചൻ. ക്രൈസ്തവസമൂഹത്തെ മുഴുവൻ പ്രചോദിപ്പിക്കുന്ന മാതൃക. അൾത്താരയിൽ നിന്ന് അശരണർക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു അദ്ദേഹം. സാമൂഹിക പരിഷ്‌കരണം എന്നത് വെല്ലുവിളിയായിരുന്ന കാലത്ത് ആ ദൗത്യം സധൈര്യം ഏറ്റെടുക്കാൻ അദ്ദേഹത്തിനായി. മനുഷ്യൻ മനുഷ്യനെ തൊടുന്നത് വലിയ കുറ്റമായി കണ്ടിരുന്ന നാളുകളിൽ അവർണരെന്ന് മുദ്രകുത്തപ്പെട്ടവരെ സംസ്‌കൃതം പഠിപ്പിക്കാനിറങ്ങി എന്നതിലുണ്ട് ചാവറയച്ചന്റെ ധീരത.

വിശന്നിരിക്കുന്നവന് മുന്നിൽ വേദപുസ്തകം വായിക്കുക അല്ല അദ്ദേഹം ചെയ്തത്. ഒട്ടിയ വയറുമായി വിദ്യാലയത്തിലെത്തിയിരുന്ന അനേകം കുട്ടികൾക്കായി അദ്ദേഹം ആവിഷ്‌കരിച്ചതാണ് പിടിയരി സമ്പ്രദായം. ഓരോ നേരവും ഭക്ഷണത്തിനുള്ള അരിയിടുമ്പോൾ വിശക്കുന്ന കുട്ടികൾക്കായി ഒരുപിടി മാറ്റിവയ്ക്കാൻ അദ്ദേഹം ജനങ്ങളെ പ്രേരിപ്പിച്ചു. ഇങ്ങനെ ശേഖരിക്കുന്ന അരി വിദ്യാലയങ്ങളിൽ വിതരണം ചെയ്തു.

പിൽക്കാലത്ത് സ്‌കൂളുകളിലെ ഉച്ചക്കഞ്ഞി വിതരണത്തിലേക്ക് സർക്കാരിനെ എത്തിച്ചത് ചാവറയച്ചൻ എന്ന മാതൃകയാണ്. പരിശുദ്ധ പിതാവ് എന്ന സ്ഥാനത്തേക്ക് അദ്ദേഹം ഉയർത്തപ്പെട്ടതിനുള്ള പ്രധാനസാക്ഷ്യങ്ങൾ സമൂഹത്തിനുവേണ്ടി ചെയ്ത ഇത്തരം ഒരുപാട് നന്മകൾ തന്നെയാണ്. ചാവറയച്ചന്റെ ക്രിസ്തീയസാക്ഷ്യത്തിലൂടെയും അതേ പന്ഥാവിലൂടെയുമാണ് നമുക്ക് നടക്കാനുള്ളത്. ആ വെളിച്ചം ഇനിയും വഴികാട്ടട്ടെ...

ബസേലിയോസ് മാർത്തോമ്മാ മാത്യൂസ്  തൃതീയ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP