Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202306Monday

ത്യാഗ-സഹന സ്മരണയിൽ വിശ്വാസികൾ; ബലിപ്പെരുന്നാൾ ആഘോഷത്തിൽ കേരളം; ആശംസൾ നേർന്ന് മുഖ്യമന്ത്രി ഉൾപ്പടെയുള്ള പ്രമുഖർ

ത്യാഗ-സഹന സ്മരണയിൽ വിശ്വാസികൾ; ബലിപ്പെരുന്നാൾ ആഘോഷത്തിൽ കേരളം; ആശംസൾ നേർന്ന് മുഖ്യമന്ത്രി ഉൾപ്പടെയുള്ള പ്രമുഖർ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട് : ഇബ്രാഹിം നബിയുടെയും മകൻ ഇസ്മായിലിന്റെയും ത്യാഗസ്മരണ പുതുക്കി മുസ്ലിംകൾ ഇന്നു ബലിപ്പെരുന്നാൾ ആഘോഷിക്കുന്നു. ഗൾഫ് നാടുകളിൽ ഇന്നലെയായിരുന്നു പെരുന്നാൾ. കണ്ണീരു കൊണ്ടു സ്വയം ശുദ്ധമാക്കി, നാഥനു മുന്നിൽ സമർപ്പണത്തിന്റെ പൂർണതയുമായാണ് ഓരോ വിശ്വാസിയും പെരുന്നാൾ ആഘോഷിക്കുന്നത്.

ഇസ്ലാംമത വിശ്വാസികൾ നിർബന്ധമായും അനുഷ്ഠിക്കേണ്ട അഞ്ചുകാര്യങ്ങളിൽ ഉൾപ്പെട്ട ഹജ്ജ് കർമം നിർവഹിക്കുന്ന പുണ്യദിനമാണിത്. പ്രവാചകന്റെ ത്യാഗത്തെ വാഴ്‌ത്തുന്ന ദിവസം കൂടിയാണ്.കഴിഞ്ഞ രണ്ടുവർഷങ്ങളിലുണ്ടായ കോവിഡ് നിയന്ത്രണങ്ങളിൽനിന്ന് മാറി പെരുന്നാൾ നമസ്‌കാരത്തിനായി വിശ്വാസികൾ പള്ളികളിലും ഈദ്ഗാഹുകളിലും ഇത്തവണ ഒത്തുചേർന്നു.

ആത്മസമർപ്പണത്തിന്റെയും സഹനത്തിന്റെയും സന്ദേശവുമായ ബലിപ്പെരുന്നാളിൽ തക്‌ബീറുകൾ ചൊല്ലി പ്രാർത്ഥനകളിൽ സജീവമാകും. പെരുന്നാൾ നമസ്‌കാരാനന്തരം വിശ്വാസികൾ കൂട്ടായും ഒറ്റയ്ക്കും ബലികർമങ്ങളിൽ ഏർപ്പെടും.രാവിലെ പെരുന്നാൾ നമസ്‌കാരം. തുടർന്ന് സ്‌നേഹാശംകൾ കൈമാറി ഊഷ്മ ളമായ വലിയപെരുന്നാൾ ആഘോഷത്തിലേക്ക് വിശ്വാസികൾ കടക്കും.

പുതു വസ്ത്രമണിഞ്ഞുള്ള കുടംബാഗങ്ങളുടെ ഒത്തു ചേരലും മൈലാഞ്ചിയിടലിനും ഒപ്പം വിഭവ സമൃദ്ധമായ ഭക്ഷണവും ബന്ധു വീടുകളിലെ സമാഗമങ്ങളും ഈ ദിവസത്തെ ആഘോഷമാക്കി മാറ്റും.ഈ ആഘോഷങ്ങൾക്കിടയിലും ത്യാഗത്തിനും പരസ്പര സ്‌നേഹത്തിനും സഹാനുഭൂതിക്കും എല്ലാവരും ഊന്നൽ നൽകണമെന്ന വലിയ സന്ദേശമാണ് ലോകത്തോട് ബലിപ്പെരുന്നാൾ ആഹ്വാനം ചെയ്യുന്നത്.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ വിശ്വാസികൾക്ക് ആശംസ നേർന്ന് രംഗത്തെത്തി. മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ ആവിഷ്‌കാരം ത്യാഗമാണെന്ന് ഓർമിപ്പിക്കുന്ന ദിനമാണ് ബലി പെരുന്നാളെന്നാണ് മുഖ്യമന്ത്രി പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞത്. സ്വന്തം സുഖസന്തോഷങ്ങൾ ഉപേക്ഷിച്ച് മറ്റുള്ളവന്റെ നന്മയ്ക്കായി ആത്മാർപ്പണം ചെയ്ത മനുഷ്യരുടെ ത്യാഗമാണ് ലോകത്തെ പ്രകാശമാനമാക്കുന്നതെന്ന സന്ദേശമാണ് ഈ ദിനം പകരുന്നത്. അതുൾക്കൊള്ളാനും പങ്കുവയ്ക്കാനും ആ വിധം ബലി പെരുന്നാൾ ആഘോഷം സാർത്ഥകമാക്കാനും ഏവർക്കും സാധിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഒത്തു ചേരാനും സാഹോദര്യത്തിന്റെ മാധുര്യം നുണയാനുമുള്ള ഒരു അവസരം കൂടിയായി ഈ സുദിനം മാറട്ടെ. മനുഷ്യരെ പല കള്ളികളിലാക്കുന്ന സങ്കുചിതാശയങ്ങളുടെ അതിർവരമ്പുകൾ മായ്ച്ച് സന്തോഷം പരസ്പരം പങ്കുവയ്ക്കാനും വേദനകൾ മറന്ന് പുഞ്ചിരിക്കാനും ഏവർക്കും സാധിക്കട്ടെ. സമൃദ്ധവും സമത്വസുന്ദരവുമായ നാളേയ്ക്ക് വേണ്ടി ഒരുമിച്ച് നിൽക്കാൻ ഈ ആഘോഷം പ്രചോദനമാകട്ടെ. ഏവർക്കും ഹൃദയപൂർവ്വം ബലി പെരുന്നാൾ ആശംസകൾ നേരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും വെളിച്ചമാണ് വലിയ പെരുന്നാളിനെ സവിശേഷമാക്കുന്നതെന്ന് സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ബക്രീദ് ആശംസ നേർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP