Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പൊങ്കാലക്കലങ്ങൾ നിറഞ്ഞു തുളുമ്പി; നിവേദ്യമർപ്പിച്ച് ഭക്തലക്ഷങ്ങൾ ദേവീസന്നിധിയിൽ നിന്നും മടങ്ങി; ആറ്റുകാൽ പൊങ്കാലയിൽ തലസ്ഥാനം നിശ്ചലമായി; 12 കിലോമീറ്റർ ചുറ്റളവിൽ നിരന്ന് പൊങ്കാലയടുപ്പുകൾ

പൊങ്കാലക്കലങ്ങൾ നിറഞ്ഞു തുളുമ്പി; നിവേദ്യമർപ്പിച്ച് ഭക്തലക്ഷങ്ങൾ ദേവീസന്നിധിയിൽ നിന്നും മടങ്ങി; ആറ്റുകാൽ പൊങ്കാലയിൽ തലസ്ഥാനം നിശ്ചലമായി; 12 കിലോമീറ്റർ ചുറ്റളവിൽ നിരന്ന് പൊങ്കാലയടുപ്പുകൾ

തിരുവനന്തപുരം: ആറ്റുകാലമ്മയുടെ അനുഗ്രഹം തേടി ഭക്തലക്ഷങ്ങൾ അനന്തപുരിയിൽ പൊങ്കാല നൈവേദ്യത്തിന്റെ നിർവൃതിയിൽ. നഗരത്തിന്റെ നടവഴികളിലെല്ലാം പൊങ്കാലക്കലങ്ങൾ തിളച്ചുതൂവുന്നു. ഉച്ചയ്ക്ക് ഒന്നരയ്ക്ക് പൊങ്കാല നിവേദ്യം നടന്നു. രാവിലെ 9.15നു ശുദ്ധപുണ്യാഹത്തോടെയാണു പൊങ്കാലയ്ക്കുള്ള ചടങ്ങുകൾ തുടങ്ങിയത്. കുംഭമാസത്തിലെ പൂരംനാളും പൗർണമിയും ഒന്നിക്കുന്ന പുണ്യദിനംകൂടിയാണ് ആറ്റുകാലമ്മയുടെ പൊങ്കാല. ക്ഷേത്രം തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ നമ്പൂതിരിയുടെ സാന്നിധ്യത്തിൽ മേൽശാന്തി എസ്. അരുൺ കുമാർ നമ്പൂതിരി പണ്ടാരയടുപ്പിലേക്കു തീപകർന്നു. ഇവിടെനിന്നു ഭക്തരുടെ അടുപ്പുകളിലേക്കു കൈമാറിയ തീനാളം അനന്തപുരിയുടെ വീഥികളിൽ നിരന്ന ലക്ഷോപലക്ഷം പൊങ്കാലക്കലങ്ങളിലേക്കു കൈമാറി. ഉച്ചതിരിഞ്ഞ് 1.30നാണു പൊങ്കാല നിവേദ്യം സമർച്ചു. ഇതോടെ ഭക്തർ പൊങ്കാലയർപ്പിച്ചതിന്റെ നിർവൃതിയുമായി നാട്ടിലേക്ക് മടങ്ങി.


ഇന്നലെ രാത്രി മുതൽ നഗരത്തിന്റെ പ്രധാന വഴികളിലെല്ലാം അടുപ്പൂകൂട്ടി ഭക്തർ കാത്തിരിപ്പു തുടങ്ങിയിരുന്നു. രാവിലെതന്നെ ഭക്തരുടെ വൻ തിരക്കാണു ക്ഷേത്രത്തിലും പരിസരങ്ങളിലും. ക്ഷേത്രപരിസരത്തു പൊങ്കാലയിടാൻ ദിവസങ്ങൾക്കുമുൻപേ സ്ഥാനംപിടിച്ചവരുമുണ്ട്. പൊങ്കാല നിവേദ്യങ്ങളിൽ പുണ്യാഹമർപ്പിക്കാൻ 250 ശാന്തിക്കാരെ ക്ഷേത്രം അധികൃതർ നിയോഗിച്ചിട്ടുണ്ട്. ഇവർ നഗരത്തിന്റെ നാനാഭാഗങ്ങളിലുമെത്തി പുണ്യാഹമർപ്പിക്കും. ഇക്കുറി 40 ലക്ഷത്തിലധികം ഭക്തർക്ക് പൊങ്കാല ഇടാനുള്ള സംവിധാനമാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. ലോകത്ത് ഏറ്റവും അധികം സ്ത്രീകൾ ഒരുമിക്കുന്ന ഉൽസവമാണ് ഇത്. കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്ക് ഇടയാണ് പൊങ്കാല നടക്കുന്നത്. പ്ലാസ്റ്റിക് വിമുക്ത ആദ്യപൊങ്കാല എന്ന ഖ്യാതി ലഭിക്കാൻ തിരുവനന്തപുരം നഗരസഭ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നതും ഇത്തവണത്തെ വിശേഷതയാണ്.

ശർക്കരപ്പായസവും വെള്ളച്ചോറും മോദകവും പാൽപ്പായസവും മണ്ടപ്പുറ്റും തെരളിയുമൊക്കെ നിറയുന്ന കലങ്ങൾക്കു സമീപമെത്തി ആറ്റുകാലമ്മ അനുഗ്രഹിക്കുമെന്നാണു വിശ്വാസം. വൈകിട്ട് 6.45ന് ദീപാരാധനയ്ക്കു ശേഷം രാത്രി 7.20ന് കുത്തിയോട്ട ചൂരൽക്കുത്ത് നടത്തും. രാത്രി 11ന് പുറത്തെഴുന്നള്ളത്ത്. നാളെ 8.30ന് അകത്തെഴുന്നള്ളത്ത്. രാത്രി ഒന്നിന് കുരുതി തർപ്പണത്തോടെ ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല ഉത്സവത്തിനു സമാപനമാകും.

ഏകദേശം ക്ഷേത്രത്തിന്റെ 12 കിലോമീറ്റർ ചുറ്റളവിൽ പൊങ്കാല അടുപ്പുകൾ നിരന്നിരുന്നു. ആറ്റുകാലിൽ തുടങ്ങി കവടിയാറും കഴിഞ്ഞ ഇത്തവണ പേരൂർക്കട വരെ പൊങ്കാല ഇടാൻ സ്ത്രീകൾ നിരന്നു പൊങ്കല നിവേദിച്ചു. മൂവായിരത്തി അഞ്ചൂറോളം പൊലീസുകാരേയും സുരക്ഷാ ക്രമീകരണത്തിന് നിയോഗിച്ചിട്ടുണ്ട്. ഇന്നലെ ഉച്ച മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റിനെ കൂടാതെ കെഎസ്ഇബി, ആരോഗ്യവകുപ്പ്, വാട്ടർ അഥോറിറ്റി തുടങ്ങിയ വകുപ്പുകളും തിരുവനന്തപുരം നഗരസഭ, വിവിധ റസിഡൻസ് അസോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ, മറ്റ് ക്ഷേത്രട്രസ്റ്റുകൾ എന്നിവയും പൊങ്കാല അർപ്പിക്കാനെത്തുന്ന ഭക്തജനങ്ങൾക്ക് സഹായസഹകരണങ്ങൾ ലഭ്യമാക്കുന്നതിന് രംഗത്തെത്തി. പൊങ്കാലയിൽ പങ്കെടുക്കാനെത്തുന്നവരുടെ സൗകര്യാർത്ഥം കെ.എസ്.ആർ.ടി.സിയും റെയിൽവേയും ഇന്ന് പ്രത്യേക സർവീസുകൾ നടത്തി. തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ട്രെയിനുകളെല്ലാം കൊല്ലം വരെ എല്ലാ സ്‌റ്റേഷനിലും നിർത്തും.

ലോകത്ത് ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുകൂടുന്ന ഉത്സവം എന്ന പേരിലാണ് ഗിന്നസ് ബുക്കിൽ ആറ്റുകാൽ പൊങ്കാലയുടെ പേര് എഴുതിചേർത്തിട്ടുണ്ട്. അത് ഇത്തവണ തിരുത്തപ്പെടുമെന്നാണ് പ്രതീക്ഷ. 40 ലക്ഷം സ്ത്രീകളെയാണ് ഇത്തവണ പൊങ്കാലയിടാൻ പ്രതീക്ഷിക്കുന്നത്. 1997 ഫെബ്രുവരി 23ന് നടന്ന പൊങ്കാലയാണ് ആദ്യം ഗിന്നസ് ബുക്കിൽ കയറിയത്. 2009ൽ പുതുക്കിയ ഗിന്നസ് റെക്കോർഡ് അനുസരിച്ച് 25 ലക്ഷം പേർ ഈ ഉത്സവത്തിൽ പങ്കെടുത്തുവെന്നാണ് കണക്ക്. മകരംകുംഭം മാസങ്ങളിലായി നടക്കുന്ന ക്ഷേത്രോത്സവത്തിന്റെ ഒമ്പതാം ദിവസമാണ് ആറ്റുകാൽ പൊങ്കാല നടക്കുന്നത്. പൊങ്കാലയിടുന്ന ഓരോ സ്ത്രീയും പ്രപഞ്ചത്തിന്റെ പ്രതീകമായ മൺകലത്തെ ശരീരമായി സങ്കല്പിച്ച്, അതിൽ അരിയാകുന്ന മനസ്സ് തിളപ്പിച്ച് അതിന്റെ അഹംബോധത്തെ നശിപ്പിച്ച്, ശർക്കരയാകുന്ന പരമാനന്ദത്തിൽ ചേർന്ന് ആത്മസാക്ഷാത്കാരത്തിന്റെ പായസമായി മാറുന്നുവെന്നാണ് വിശ്വാസം.

കണ്ണകീ ചരിതം പാടി ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് ആറ്റുകാലിൽ പൊങ്കാല ഉൽസവം തുടങ്ങുക. ഇവിടെ പാടുന്ന തോറ്റം പാട്ടിൽ പാണ്ഡ്യരാജാവിന്റെ നിഗ്രഹം വരെയുണ്ട്. കണ്ണകിയുടെ കഥ തന്നെയാണ് തോറ്റം പാട്ട്. കൊടുങ്ങല്ലൂരമ്മയെ എഴുന്നള്ളിച്ച് ആറ്റുകാലിൽ എത്തിക്കുന്നത് മുതൽ പാണ്ഡ്യരാജാവിന്റെ നിഗ്രഹം വരെയുള്ള ഭാഗങ്ങൾ പൊങ്കാലയ്ക്ക് മുൻപായി പാടി തീർക്കുന്നു. ഒരു തെറ്റിദ്ധാരണയുടെ പേരിൽ തന്റെ ഭർത്താവിനെ വധിച്ച മധുരരാജാവിനെ പ്രതികാരമൂർത്തയായ കണ്ണകി ശപിച്ച്, മധുര നഗരം ചുട്ടെരിച്ചു പ്രതികാരം തീർത്ത കഥ. അങ്ങനെ ഒരു ധീരാംഗനയായി പഴമ വാഴ്‌ത്തിയ കണ്ണകിയുടെ വീര ചരിതമാണ് ആറ്റുകാൽ ഉൽസവത്തിൽ നിറയുന്നത്. ഈ സ്ത്രീചരിതത്തെ മനസ്സിലേറ്റി പെൺകൂട്ടായ്മയ്ക്കും ആറ്റുകാൽ പൊങ്കാല അരങ്ങൊരുക്കുന്നു.

സ്ത്രീകൾക്ക് മാത്രമായി സ്ത്രീകൾ മാത്രം ഒരുക്കുന്ന ഉൽസവമല്ല ആറ്റുകാൽ പൊങ്കാല. സ്ത്രീകൾക്കായി എന്തു സേവനവും ചെയ്യാൻ സന്നദ്ധരായ പുരുഷന്മാരുടെ കൂട്ടായ്മകളും നഗരത്തിൽ സജീവമാണ്. എന്നാലും ഒരു ഉൽസവത്തിനായി ഒത്തുചേരുന്ന ലക്ഷക്കണക്കിന് സ്ത്രീകൾ തന്നെയാണ് ഇവിടെ മുഖ്യ ഘടകം. മറ്റെല്ലാം മറന്ന് ഒരു മനസ്സോടെ പൊങ്കാലക്കലങ്ങളുമായി എത്തുന്ന സ്ത്രീകൾ ഈ ഉൽസവത്തെ ലോകത്തിന്റെ കണ്ണിൽ തന്നെ വ്യത്യസ്തതയുള്ളതാക്കി മാറ്റുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP