Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാന്റർബറി ആർച്ച് ബിഷപ്പിനെ വരവേൽക്കാനൊരുങ്ങി നാട്; സിഎസ്‌ഐ മധ്യകേരള മഹായിടവകയുടെ അതിഥിയായി എത്തുന്ന ആംഗ്ലിക്കൻ സഭാതലവനെ സ്വീകരിക്കുന്നത് ആറ് സിഎസ്‌ഐ മഹായിടവക അധ്യക്ഷന്മാരും സിനഡ് ഭാരവാഹികളും ചേർന്ന്; ബ്രിട്ടനിൽ രാജ്ഞി കഴിഞ്ഞാൽ ഏറ്റവും ഉന്നത പദവി വഹിക്കുന്ന ഡോ.ജസ്റ്റിൻ വെൽബി കേരളത്തിലെത്തുന്നത് പത്‌നിയോടൊപ്പം

കാന്റർബറി ആർച്ച് ബിഷപ്പിനെ വരവേൽക്കാനൊരുങ്ങി നാട്; സിഎസ്‌ഐ മധ്യകേരള മഹായിടവകയുടെ അതിഥിയായി എത്തുന്ന ആംഗ്ലിക്കൻ സഭാതലവനെ സ്വീകരിക്കുന്നത് ആറ് സിഎസ്‌ഐ മഹായിടവക അധ്യക്ഷന്മാരും സിനഡ് ഭാരവാഹികളും ചേർന്ന്; ബ്രിട്ടനിൽ രാജ്ഞി കഴിഞ്ഞാൽ ഏറ്റവും ഉന്നത പദവി വഹിക്കുന്ന ഡോ.ജസ്റ്റിൻ വെൽബി കേരളത്തിലെത്തുന്നത് പത്‌നിയോടൊപ്പം

മറുനാടൻ ഡെസ്‌ക്‌

കോട്ടയം; ഭാരത സന്ദർശനത്തിന്റെ ഭാഗമായി ഇന്ന് കോട്ടയത്ത് എത്തുന്ന ആംഗ്ലിക്കൻ സഭാതലവൻ കാന്റർബറി ആർച്ച് ബിഷപ് ഡോ.ജസ്റ്റിൻ വെൽബിയെ സ്വീകരിക്കാൻ വമ്പൻ ഒരുക്കങ്ങൾ. സിഎസ്‌ഐ മധ്യകേരള മഹായിടവകയുടെ അതിഥിയായി ഇന്ന് 10നു കൊച്ചി രാജ്യന്തര വിമാനത്താവളത്തിലെത്തുന്ന ആർച്ച് ബിഷപ്പിനെയും പത്‌നി കാരളിനെയും 6 സിഎസ്‌ഐ മഹായിടവക അധ്യക്ഷന്മാരും സിനഡ് ഭാരവാഹികളും ചേർന്ന് സ്വീകരിക്കും. 165 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ആംഗ്ലിക്കൻ സഭയുടെ ആത്മീയ തലവനാണ് കാന്റർബറി ആർച്ച്ബിഷപ്. ബ്രിട്ടനിൽ രാജ്ഞി കഴിഞ്ഞാൽ ഏറ്റവും ഉന്നത പദവി. ഇംഗ്ലണ്ടിന്റെ ചരിത്രവുമായി ഏറെ ബന്ധമുള്ള പദവിയാണിത്.

രാവിലെ കുമരകത്തേക്കു പോവുന്ന അദ്ദേഹം വൈകിട്ട് 5നു ബേക്കർ മൈതാനത്തു നടക്കുന്ന മഹാസംഗമത്തിൽ വിശിഷ്ടാതിഥിയാവും. ചടങ്ങിൽ സിഎസ്‌ഐ മോഡറേറ്റർ ബിഷപ് തോമസ് കെ.ഉമ്മൻ അധ്യക്ഷത വഹിക്കും.നാളെ 8.30ന് ചാലുകുന്ന് സിഎസ്‌ഐ ഹോളി ട്രിനിറ്റി കത്തീഡ്രലിൽ നടക്കുന്ന ശുശ്രൂഷയിൽ ആർച്ച് ബിഷപ് ഡോ.ജസ്റ്റിൻ വെൽബി മുഖ്യകാർമികത്വം വഹിക്കും.തുടർന്നു 11നു സിഎസ്‌ഐ മധ്യകേരള മഹായിടവക ബിഷപ്‌സ് ഹൗസ് ചാപ്പൽ പ്രതിഷ്ഠാ കർമം നടത്തും. ഉച്ചയ്ക്കു 1നു കുമരകത്ത് നിന്നു ജലഗതാഗത മാർഗം കാവാലത്തേക്കു പോവുന്ന ആർച്ച് ബിഷപ് സിഎസ്‌ഐ കാവാലം ഇടവക ഗ്രാമീണ സഭ സന്ദർശിക്കും.

2നു 9നു സിഎംഎസ് കോളജ് ഗ്രേറ്റ് ഹാളിൽ സിഎസ്‌ഐ വൈദിക സഭാശുശ്രൂഷക സമ്മേളനത്തിൽ പങ്കെടുക്കും. 10.30നു സിഎംഎസ് കോളജ് ഗ്രൗണ്ടിൽ കോളജിന്റെ ദ്വിശതാബ്ദി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. 12.30ന് ജറുസലം മാർത്തോമ്മാ പള്ളി സന്ദർശിച്ച ശേഷം ബെംഗളൂരുവിലേക്ക് പോകും.

ആർച്ച് ബിഷപ് ജസ്റ്റിൻ വെൽബി

ജസ്റ്റിൻ പോർടൽ വെൽബി 1956 ജനുവരി 6ന് ലണ്ടനിൽ ജനിച്ചു. അമ്മ ജെയ്ൻ ഗിലിയൻ പോർടൽ 1949 മുതൽ 1955 വരെ സർ വിൻസ്റ്റൺ ചർച്ചിലിന്റെ പഴ്‌സനൽ സെക്രട്ടറിയായിരുന്നു. കേംബ്രിജിൽ ചരിത്രവും നിയമവും പഠിച്ചു. 11 വർഷത്തോളം ഓയിൽ ബിസിനസുമായി ബന്ധപ്പെട്ട ജോലി ചെയ്തു. 1989 ജോലിയുപേക്ഷിച്ചു. 1993ൽ വൈദികപട്ടം. 2011ൽ ബിഷപ്പ്. ഭാര്യ: കാരളിൻ. മൂന്നു മക്കൾ.

ആഗോള ആംഗ്ലിക്കൻ സഭ

1534ൽ കത്തോലിക്ക സഭയിൽനിന്ന് വേർപെട്ട ചർച്ച് ഓഫ് ഇംഗ്ലണ്ടാണ് ആഗോള ആംഗ്ലിക്കൻ സഭയുടെ മാതൃസഭ. ഇതിൽ ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തലവൻ കാന്റർബറി ആർച്ച്ബിഷപ്പാണ് (ബ്രിട്ടീഷ് രാജാവ് അഥവാ രാജ്ഞിയാണ് സഭയുടെ സുപ്രീം ഗവർണർ). ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ആസ്ഥാനം അടങ്ങുന്ന കാന്റർബറി പ്രവിശ്യയുടെ ആസ്ഥാന ബിഷപും കാന്റർബറി പ്രവിശ്യയുടെ മെത്രാപ്പൊലീത്തൻ ആർച്ച് ബിഷപ്പും അദ്ദേഹമാണ്. ഇംഗ്ലീഷ് സഭയുടെ ഏറ്റവും പുരാതനമായ കേന്ദ്രമാണ് കാന്റർബറി. ഇംഗ്ലണ്ടിന്റെ ആത്മീയ ആചാര്യ സ്ഥാനവും അദ്ദേഹത്തിനുള്ളതാണ്. രാജ്ഞിക്കു വേണ്ടി ബ്രിട്ടനിലെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സഭാസമിതിയാണു കാന്റർബറി ആർച്ച്ബിഷപ്പിനെ തിരഞ്ഞെടുക്കുന്നത്. ബ്രിട്ടീഷ് പാർലമെന്റിന്റെ ഉപരിസഭയായ ഹൗസ് ഓഫ് ലോഡ്‌സിൽ അദ്ദേഹം അംഗമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP