Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കരുമാടിക്കുട്ടൻ എന്ന വല്യച്ഛൻ: ചരിത്രവും ഐതിഹ്യവും

കരുമാടിക്കുട്ടൻ എന്ന വല്യച്ഛൻ: ചരിത്രവും ഐതിഹ്യവും

ആലപ്പുഴ ജില്ലയിലെ തകഴിക്ക് പോകുന്ന വഴിക്കാണ് കരിമാടിക്കുട്ടൻ ക്ഷേത്രം. തോട്ടുവക്കത്ത് ധ്യാനനിമഗ്നനായി ഇരിക്കുന്ന പാതി പ്രതിമയാണ് കരിമാടിക്കുട്ടൻ. ഇത് ഒരു ബുദ്ധപ്രതിമയാണെന്നാണ് ചരിത്രകാരന്മാരുടെ ഭാഷ്യം. ശ്രീമൂലവാസം എന്ന പഴയകാല ബുദ്ധമതകേന്ദ്രം അമ്പലപ്പുഴയ്ക്ക് തെക്കുമാറി പുറക്കാട് ആയിരുന്നു എന്ന് പറയപ്പെടുന്നു. അങ്ങനെയാവണം നൂറ്റാണ്ടുകൾ പഴക്കമുള്ള ബുദ്ധവിഗ്രഹം അവിടെ എത്തിയത് എന്ന് കരുതപ്പെടുന്നു. കാലാന്തരത്തിൽ ബുദ്ധൻ കുട്ടനായി. ഇപ്പോൾ കുട്ടന് മതമില്ലാതെയായി.

പതിനൊന്നാം നൂറ്റാണ്ടിൽ കോലത്തുനാട് ഭരിച്ചിരുന്ന വിക്രമരാമൻ കടലാക്രമണത്തിൽ നഷ്ടമായിക്കൊണ്ടിരുന്ന ശ്രീമൂലവാസത്തെ കല്ലുകൾ അടുക്കി സംരക്ഷിച്ചിരുന്നതായി മൂഷികവംശ കാവ്യത്തിൽ പറയുന്നുണ്ട്.

ആധുനിക കൊച്ചിയുടെ ശിൽപി എന്ന് വിശേഷിപ്പിക്കുന്ന റോബർട്ട് ചാൾസ് ബ്രിസ്‌റ്റോ ആണ് കരുമാടിത്തോട്ടിൽ കിടന്ന ഈ പ്രതിമയെ കണ്ടെത്തി തോടിന്റെ കരയിൽ പ്രതിഷ്ഠിച്ചത്. പണ്ട് കുട്ടനെ ഒരു ആന കുത്തി. ശരീരത്തിന്റെ പകുതിഭാഗം അടർന്നുപോയി. ശരീരത്തിന്റെ പകുതിഭാഗം പോയെങ്കിലും മുഖത്തിന് ഒരു കുഴപ്പവും സംഭവിച്ചില്ല. എന്നാൽ ഇത് ബ്രിട്ടീഷുകാരുടെ ആക്രമണത്തിൽ സംഭവിച്ചതാണെന്നും അതല്ല ബ്രാഹ്മണാധിപത്യ കാലത്ത് വിഗ്രഹങ്ങൾ നശിപ്പിച്ച കൂട്ടത്തിൽ സംഭവിച്ചതാണെന്നും പറയപ്പെടുന്നു.

കരുമാടിക്കുട്ടന്റെ നഷ്ടപ്പെട്ട കൈ തലമുറകളായി ഒരു നിധിപോലെ കാത്തിരുന്നത് കരുമാടി പന്ത്രണ്ടിൽ വീട്ടുകാരാണ്. ഇവരിൽ ഇപ്പോഴത്തെ തലമുറക്കാരനായ രാജപ്പൻ പിള്ള ഇത് പുരാവസ്തു വിഭാഗത്തിന് കൈമാറുകയും ഇപ്പോൾ കൃഷ്ണപുരം കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുകയുമാണ്. ഈ കൈ തന്റെ അപ്പൂപ്പൻ നാരായണ പണിക്കരിൽ നിന്ന് അച്ഛൻ നാരായണ പിള്ളക്ക് ലഭിക്കുകയും പിന്നീട് രാജപ്പൻ പിള്ളയുടെ കൈകളിൽ എത്തുകയുമാണുണ്ടായത്. കുട്ടന്റെ കൈ അപ്പൂപ്പന് എങ്ങനെ കിട്ടി എന്ന് രാജപ്പൻ പിള്ളക്ക് ഇന്നും നിശ്ചയമില്ല.

ദലൈലാമ കുട്ടന്റെ പ്രതിമ സന്ദർശിക്കുകയും ഇതിന്റെ സംരക്ഷണത്തിനായി ഏർപ്പാട് ചെയ്യുകയും ചെയ്തിരുന്നു. കേരളത്തിൽ അപൂർവ്വം ബുദ്ധപ്രതിമകളിൽ ഒന്നായ കരുമാടിക്കുട്ടനെ പുരാവസ്തു വകുപ്പ് ചരിത്ര സ്മാരകമായി പ്രഖ്യാപിച്ചെങ്കിലും കാര്യമായ പരിഗണന ഒന്നും ലഭിക്കുന്നില്ല.

കരുമാടിക്കുട്ടന് നാട്ടുകാർ എണ്ണ നേരാറുണ്ട്. ഒരു വഴിപാടായാണ് എണ്ണ നേരുന്നത്. ഇഷ്ടകാര്യ ലബ്ധിക്കായും പ്രതിസന്ധികൾ തരണം ചെയ്യാനുമാണ് ഈ വഴിപാട്. കരുമാടിക്കുട്ടന്റെ പ്രതിമയ്ക്കടുത്തായി കാമപുരം ശങ്കരനാരായണ ക്ഷേത്രവും കാവിൽ ദേവീക്ഷേത്രവും ഉണ്ട്. എന്നാൽ വഴിപാടായി കരുമാടിക്കുട്ടന് മാത്രമാണ് എണ്ണ നേരുന്നത്. കരുമാടിക്കുട്ടന് എണ്ണ നേരുന്നത് പരമ്പരാഗതമായി നടന്നു വരുന്ന ചടങ്ങാണ്. വല്യച്ഛന് എണ്ണ നേരുക എന്നാണ് ജനങ്ങൾ ഇതിന് പറയുന്നത്. കുട്ടന് നിവേദിക്കപ്പെട്ട എണ്ണയ്ക്ക് ഔഷധഗുണമുണ്ടെന്ന് ജനങ്ങൾ വിശ്വസിക്കുന്നു. ഈ എണ്ണ രോഗനിവാരണത്തിന് ഉപയുക്തമാണെന്നാണ് നാട്ടുവിശ്വാസം.

ആദിചേര രാജാക്കന്മാരുടെ തലസ്ഥാനം കുട്ടനാട് ഉൾപ്പെടുന്ന ആലപ്പുഴ ആയിരുന്നു. അക്കാലത്തെ ചേരരാജാക്കന്മാരെ കുട്ടുവർ, കുട്ടുവൻ, കുട്ടൻ എന്നും വിശേഷിപ്പിച്ചിരുന്നു. ഇവർ മിക്കവരും വാർദ്ധക്യകാലത്ത് സന്യാസം സ്വീകരിക്കുകയോ ബുദ്ധഭിക്ഷുക്കളാകുകയോ ചെയ്തിരുന്നു. അങ്ങനെയാണ് കുട്ടൻ എന്ന പേരിൽ ബുദ്ധവിഗ്രഹം ഉണ്ടാകാൻ കാരണം എന്ന് ചരിത്രം പറയുന്നു.

എന്നാൽ കുട്ടനെ ചുറ്റിപ്പറ്റി മറ്റു ചില ഐതീഹ്യങ്ങളും പ്രചരിക്കുന്നുണ്ട്. വില്യമംഗലം സ്വാമിയാർ അതുവഴി പോകുമ്പോൾ ഒരു പുലയൻ അദ്ദേഹത്തെ തീണ്ടിയെന്നും അദ്ദേഹം ശപിച്ച് ശിലയാക്കിയതാണ് ഈ പ്രതിമ എന്നാണ് ഒരു കഥ. കാമപുരം ക്ഷേത്രത്തിലെ ഉത്സവകാലത്ത് അമ്പലത്തിലെ ഉരുളി മോഷ്ടിച്ച ഒരു പുലയനെ ദേവൻ കല്ലാക്കിയതാണെന്നും കഥകൾ ഉണ്ട്.

ആലപ്പുഴ കൊല്ലം ജലപാതയുടെ ഓരത്താണ് പത്മാസനത്തിൽ ധ്യാന നിമഗ്നനായ കുട്ടന്റെ ഇരുപ്പ്. കുട്ടന്റെ അരികിൽ ചെന്നാൽ ഒരു ശാന്തതയാണ്. ശരിക്കും ഒരു ബുദ്ധമൗനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP